26 December Thursday

ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാകട്ടെ - 
പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

 

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വിവിധങ്ങളായ പദ്ധതികളും തുടർപ്രവർത്തനങ്ങളും നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സ്‌കൂൾ പ്രായത്തിലുള്ള എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിൽ വർഷങ്ങൾക്കു മുമ്പേ വിജയിച്ചതിന്റെ ചരിത്രം മുന്നിലുണ്ട്. അന്തർദേശീയ തലങ്ങളിൽ ‘ഏവർക്കും വിദ്യാഭ്യാസം' എന്ന ആശയം ചർച്ച ചെയ്യുന്നതിനു മുമ്പേ കേരളം ഇത് ഏറ്റെടുക്കുകയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ജനകീയസമരങ്ങളുടെയും പിൻബലത്തോടെ വിജയിപ്പിക്കുകയും ചെയ്തു. എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിച്ചതിന്റെകൂടി ഫലമായി രൂപപ്പെട്ടതാണ് ‘കേരള വികസന മാതൃക'. ലോകത്തിലെ വികസിതജനത വൈജ്ഞാനികസമൂഹത്തിലേക്ക് മാറിക്കഴിഞ്ഞു. നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി രൂപപ്പെടേണ്ട ഒന്നുകൂടിയാണ് വിദ്യാഭ്യാസം എന്നുള്ളതിനാൽ ഈ മേഖലയിലും കാലികമായ മാറ്റങ്ങൾ അനിവാര്യമാണ്.

പൊതുവിദ്യാഭ്യാസമേഖലയിലെ നമ്മുടെ നേട്ടങ്ങൾ വർഷങ്ങളായുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഉണ്ടായിവന്നതാണ്. കഴിഞ്ഞ എട്ടു വർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ഭൗതികസാഹചര്യവികസനങ്ങളെ അക്കാദമിക മികവിലേക്ക് ഉപയോഗപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്.

പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പാഠ്യപദ്ധതി പരിഷ്‌കരണപ്രവർത്തനങ്ങളെ  ഗുണമേന്മ വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കാണാം. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവച്ച വിമർശാത്മക ബോധനശാസ്ത്രവും അതിന്റെ തുടർച്ചയായി സംഭവിച്ച ക്ലാസ്‌റൂം ബോധന സമീപനങ്ങളും ഈ പരിഷ്‌കരണത്തിന്റെയും ഭാഗമായി വന്നിട്ടുണ്ട്. കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ഏറെ വിപ്ലവകരമായ രീതിശാസ്ത്രത്തെ അതിന്റെ ശരിയായ അർഥത്തിൽ ഉൾക്കൊണ്ട് ക്ലാസ് മുറികളിൽ എത്തിക്കുകയെന്ന  ദൗത്യം അധ്യാപകർ ഏറ്റെടുത്തെങ്കിൽ മാത്രമേ പരിഷ്‌കാരം വിജയത്തിലെത്തൂ.
പാഠ്യപദ്ധതി എന്നത് കേവലം പാഠപുസ്തകങ്ങൾ മാത്രമല്ല. ഓരോ കുട്ടിക്കും ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണത്. ആയതിനാൽത്തന്നെ എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ച് പരിഷ്‌കരിച്ചാൽ മാത്രമേ ഗുണമേന്മ സാധ്യമാകൂ. ആധുനിക വിദ്യാഭ്യാസപ്രക്രിയയിൽ ഗുണമേന്മയുടെ അടിസ്ഥാനഘടകമായി കണക്കാക്കുന്നത് കുട്ടികളുടെ പ്രകടനമികവാണെന്ന് യുനെസ്‌കോ പ്രസിദ്ധീകരിച്ച ഗ്ലോബൽ മോണിറ്ററിങ് റിപ്പോർട്ട് പറയുന്നു. കൂടാതെ നൂതനമായ ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പൊതുനിക്ഷേപങ്ങളുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും  മികവിലേക്ക് നയിക്കുന്നു. വിദ്യാഭ്യാസമേഖലയിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം.


 

അധ്യാപക പരിശീലനപരിപാടികളും മൂല്യനിർണയ രീതിശാസ്ത്രവും ശക്തമായ മോണിറ്ററിങ് സംവിധാനവും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ശേഖരണവും വിശകലനവും എല്ലാം ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതുണ്ട്. ഇതിന്‌ ഖാദർ കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രായോഗികമാണെങ്കിൽ സർക്കാർ പരിഗണിക്കും. ഗുണമേന്മ വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണപ്രവർത്തനങ്ങളുടെ തുടർച്ചയായി മൂല്യനിർണയപരിഷ്‌കരണ രീതിശാസ്ത്രവും അധ്യാപകപരിശീലനവും അടിയന്തര പ്രാധാന്യത്തോടുകൂടി നടപ്പാക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മൂല്യനിർണയ സംവിധാനങ്ങൾ ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

മൂല്യനിർണയരീതിശാസ്ത്രം പരിഷ്‌കരിക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യംകൂടി പരിഗണിക്കേണ്ടതായുണ്ട്. അതിൽ പ്രഥമസ്ഥാനത്തുള്ളത് നിരന്തരമൂല്യനിർണയ രീതിശാസ്ത്രത്തിന്റെ കാലോചിതമായ പരിഷ്‌കരണമാണ്. രണ്ടാമതായി പരീക്ഷാരീതിയുടെ പരിഷ്‌കരണമാണ്. മൂന്നാമതായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പരീക്ഷാ നടപടികൾ വിദ്യാർഥിസൗഹൃദമായി മാറ്റേണ്ടതിന്റെ ആവശ്യകതയാണ്. പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ് മൂല്യനിർണയം. നിരന്തരമായും സൂക്ഷ്മമായും നടത്തേണ്ട ഒന്നുകൂടിയാണിത്. തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പഠനമികവുണ്ടാകുമെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ഏറ്റവും സഹായകരമാകുന്നത് ഇത്തരം വിലയിരുത്തലാണ്. ക്ലാസ്‌ മുറികളിൽ ഓരോ ഘട്ടത്തിലും അവശ്യം വേണ്ട പിന്തുണ നൽകി കുട്ടികളെ പഠനലക്ഷ്യങ്ങളിലേക്ക് നയിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം.

നിരന്തര മൂല്യനിർണയ രീതിശാസ്ത്രം കൃത്യമായി ഓരോ സ്‌കൂളിലും നടക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന് ഉത്തരം കണ്ടെത്തി എല്ലാ കുട്ടികളെയും വിലയിരുത്തുന്നെന്നും പഠനപിന്തുണ ആവശ്യമുള്ളവർക്ക് അത് നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന സംവിധാനം അധ്യാപകരെയും രക്ഷിതാക്കളെയുംകൂടി വിശ്വാസത്തിലെടുത്ത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. കൂടാതെ നിരന്തര മൂല്യനിർണയപ്രക്രിയയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകണം.


 

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ സുതാര്യമായും രഹസ്യ സ്വഭാവം നിലനിർത്തിയുമാണ് നടത്തപ്പെടുന്നത്.  ചോദ്യപേപ്പർ നിർമാണത്തിലെ അക്കാദമികപരമായ ഭാഗമാണ് നാം ഇവിടെ പരിഗണിക്കുന്നത്. വ്യത്യസ്ത പഠന നിലവാരത്തിലുള്ള കുട്ടികളെ പരിഗണിക്കുന്നതും എല്ലാവരും തോൽക്കുകയോ എല്ലാവരും ജയിക്കുകയോ ചെയ്യാത്ത പരീക്ഷാ ചോദ്യപേപ്പറുകൾ നിർമിക്കുമ്പോൾ കുട്ടികളുടെ വിവിധങ്ങളായ ചിന്താശേഷികളെ അളക്കാൻ ഉപയുക്തമാകുന്ന ചോദ്യങ്ങൾ അനിവാര്യമാണ്. വിമർശചിന്തയും വിശകലന നൈപുണിയും പ്രശ്‌ന പരിഹരണശേഷിയും ക്രിയേറ്റിവിറ്റിയും പഠിച്ച കാര്യങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ എങ്ങനെ ഉപയോഗപ്പെടുത്തുന്നെന്ന കാര്യവും പരിശോധിക്കുന്ന ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. പാഠഭാഗങ്ങളെ സംബന്ധിച്ച് ആനുകാലിക വാർത്താമാധ്യമങ്ങളിൽ വരുന്ന വിവിധ വാർത്തകളെക്കുറിച്ചുള്ള തുറന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയാൽ അനുനിമിഷം പുതിയ അറിവുകൾ വളർത്തിയെടുക്കാൻ സഹായകരമാകും. ലോകത്താകമാനം പരീക്ഷാരീതിശാസ്ത്രങ്ങളിൽ വരുന്ന മാറ്റങ്ങളോട് നമ്മളും പോസിറ്റീവായി സമീപിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ചും നിർമിതബുദ്ധിയുടെ സഹായത്തോടെ പരീക്ഷാ നടപടി സുതാര്യമാക്കാൻ കഴിയുമോയെന്ന പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ തുറന്ന പുസ്തക പരീക്ഷ, ഓൺലൈൻ പരീക്ഷകൾ എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. പരീക്ഷാ ചോദ്യപേപ്പർ നിർമാണത്തിന്റെ വികേന്ദ്രീകൃതമാതൃക കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ അധ്യാപകർക്കും പ്രത്യേക പരിശീലനവും നൽകുന്നതിനോടൊപ്പം മാർഗരേഖയും വികസിപ്പിക്കും.

സർക്കാർ പ്രഖ്യാപിച്ച എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഒരു കുട്ടിയുടെയും പ്രതീക്ഷ തല്ലിക്കെടുത്താനല്ല, മറിച്ച് കുട്ടികളുടെ നല്ല ഭാവി മുന്നിൽ കണ്ടുകൊണ്ടുമാത്രമാണ്. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അവരുടെ കഴിവുകൾക്കനുസരിച്ച് ‘പഠിക്കാനും വളരാനും' കഴിയുന്ന അക്കാദമിക അന്തരീക്ഷം ഒരുക്കിയതിനു ശേഷമാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളത്. ഓരോ വർഷവും ഓരോ ക്ലാസിലും ചുരുങ്ങിയത് മൂന്ന് പരീക്ഷ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തുന്നുണ്ട്. പാദ, അർധ, വാർഷിക പരീക്ഷകൾ പൊതുപരീക്ഷകളുടെ ഗൗരവത്തിൽ തന്നെയാണ് നടത്തുന്നത്.

എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പരീക്ഷകളിൽ മിനിമം മാർക്ക് നിശ്ചയിക്കുന്നതിലൂടെ കുട്ടികളെ തോൽപ്പിക്കാൻ പോകുകയാണെന്ന പ്രചാരണം നടത്തുന്നത് ശരിയല്ല. ഓരോ പരീക്ഷയ്ക്കുശേഷവും  സ്‌കൂൾ എസ്ആർജികൾ ചേർന്ന് പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മികവിലേക്ക് ഉയർത്തണം. എട്ടിലും ഒമ്പതിലും ഈ പ്രക്രിയ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയും ഈ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുകയും ഈ  ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. നമ്മുടെ കുട്ടികൾ ജീവിക്കുന്ന ലോകക്രമം മത്സാരാധിഷ്ഠിതമാണ്. ഓരോ ശേഷിയും നേടാൻ കുട്ടികളെ സജ്ജമാക്കുന്ന പ്രക്രിയയായി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.


 

അക്കാദമികപ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുകയെന്ന പ്രാഥമിക കടമ വിദ്യാഭ്യാസ വകുപ്പിലെ ഓരോരുത്തരും നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പാഠ്യപദ്ധതി നിശ്ചയിക്കുന്ന ശേഷികൾ  കുട്ടികൾ നേടണം. ഇതിനായി അക്കാദമിക കലണ്ടർ പ്രകാരം നിശ്ചയിക്കുന്ന ദിനങ്ങളിൽ ക്ലാസ്‌റൂം മുഖാമുഖ പഠനത്തിന് സമയം ലഭിക്കുന്നുണ്ടെന്നും ഓരോ ആഴ്ചയിലും സ്‌കൂൾ എസ്ആർജികൾ ചേർന്ന് പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തലും അടുത്ത ആഴ്ചയിലേക്കുള്ള അക്കാദമിക പ്ലാനിങ്ങും നടത്തേണ്ടതുണ്ട്.  ഈ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഓഫീസർമാരെയും ശാക്തീകരിക്കും. ഇതിനായി  പ്രത്യേക പരിശീലനപരിപാടിയും നടപ്പാക്കും. മോണിറ്ററിങ്ങിനായി കമ്മിറ്റികളും രൂപീകരിക്കും. വിദ്യാലയസന്ദർശന റിപ്പോർട്ട് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി മാറ്റും.

ജനകീയപിന്തുണയോടെ അക്കാദമികമികവ് ഉയർത്തുകയെന്ന ലക്ഷ്യം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി പിടിഎകളെയും എസ്എംസികളെയും ശാക്തീകരിക്കും. രക്ഷാകർത്താക്കൾക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രകാശിപ്പിക്കും. പിടിഎ അംഗങ്ങൾക്കായി ബോധവൽക്കരണം സംഘടിപ്പിക്കും. വിദ്യാഭ്യാസപ്രക്രിയയിൽ ഓരോ രക്ഷാകർത്താവും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ബോധവൽക്കരണമാണ് പ്രധാനലക്ഷ്യം. നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിലും ആസൂത്രണം ചെയ്തു വന്നാൽ മാത്രമേ ആധുനിക വിദ്യാഭ്യാസപ്രക്രിയ വിജയകരമായി നടപ്പാക്കാൻ കഴിയൂ.

രക്ഷകർത്താക്കളെയും പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന മുഴുവൻ ആൾക്കാരെയും ചേർത്തുനിർത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അക്കാദമിക ഗുണമേന്മാ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top