മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന് ഞായറാഴ്ച അറുപതു വയസ്സാകുന്നു. സഖാക്കള്‍ സെയ്തും സെയ്താലിയും ആന്റണിയും രക്തസാക്ഷികളായ മട്ടാഞ്ചേരിയിലെ വെടിവയ്പും തൊഴിലാളികളുടെ പോരാട്ടവും സമരചരിത്രത്തിലെ ഉജ്വല ഏടാണ്. 1953 സെപ്തംബര്‍ 15നാണ് പണിയെടുക്കുന്നവന്റെ ഉരുക്കുമുഷ്ടികളെ തകര്‍ക്കാന്‍ പൊലീസും പട്ടാളവും മട്ടാഞ്ചേരിയിലെ തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയത്. മൂന്ന് തൊഴിലാളികള്‍ രക്തസാക്ഷികളായി. നൂറുകണക്കിനു പേര്‍ ക്രൂരമര്‍ദനത്തിനിരയായി.
കൊച്ചി തുറുമുഖം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത കാലം. വില്ലിങ്ടണ്‍ ഐലന്റ് തുറമുഖം പ്രാമുഖ്യം നേടിവരുന്നു. വിദേശ ചരക്കുകളുമായി കപ്പലുകള്‍ പുറംകടലിലെത്തും. വലിയ തോണിയില്‍ കപ്പലില്‍നിന്ന് ചരക്കിറക്കി തുറമുഖത്തെ പണ്ടികശാലകളിലെത്തിക്കും. കയറ്റുമതി ചരക്കുകളും തോണിയില്‍ കയറ്റി കപ്പലിലെത്തിക്കും. ആയിരക്കണക്കിന് തൊഴിലാളികളാണ് തുറമുഖത്തും മട്ടാഞ്ചേരിയിലും പണിയെടുത്തിരുന്നത്. മട്ടാഞ്ചേരി അന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു. കിഴക്കന്‍മേഖലകളില്‍നിന്ന് മലഞ്ചരക്കുകളും ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍നിന്ന് കയറുല്‍പ്പന്നങ്ങളും കശുവണ്ടിയും കയറ്റുമതിചെയ്യാന്‍ മട്ടാഞ്ചേരിയിലും ചുറ്റുപാടുമുള്ള പണ്ടികശാലകളിലെത്തിക്കുന്നതും ബസാറിലെത്തുന്ന അവശ്യവസ്തുക്കള്‍ കയറ്റിറക്കുന്നതുമെല്ലാം തൊഴിലാളികളായിരുന്നു. കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ തൊഴില്‍തേടി ഇവിടെയെത്തി.
കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. ഇവര്‍ക്കുവേണ്ടി തൊഴിലാളികളെ എത്തിച്ചിരുന്നത് മൂപ്പന്മാര്‍ എന്നറിയപ്പെട്ട കങ്കാണിമാരും. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്തവരായിരുന്നു മൂപ്പന്മാര്‍. കോണ്‍ട്രാക്ടര്‍മാര്‍ക്കാവശ്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ മൂപ്പന്മാര്‍ സ്വീകരിച്ചിരുന്നത് ചാപ്പ ഏറാണ്. നാകത്തിലോ ചെമ്പിലോ നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മുദ്രപതിപ്പിച്ച തുട്ടാണ് ചാപ്പ. പത്തുപേര്‍ ആവശ്യമുള്ള ജോലിയാണെങ്കില്‍ എത്തുന്നത് നൂറുകണക്കിനുപേരാകും. തന്റെ കൈവശമുള്ള ചാപ്പയില്‍ ചിലത് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി ബാക്കിയാണ് മൂപ്പന്‍ തൊഴിലാളികള്‍ക്ക് വീതിക്കുന്നത്. മൂപ്പന്‍ കൈവശമുള്ള ചാപ്പകള്‍ ദൂരത്തെറിയും. ഈ ചാപ്പകള്‍ക്കായി തൊഴിലാളികള്‍ പരസ്പരം മത്സരിക്കും. ചാപ്പ ലഭിച്ചവന് അന്ന് ജോലികിട്ടും. തികച്ചും പ്രാകൃതമായ ഈ സമ്പ്രദായമാണ് കൊച്ചിയില്‍ നിലനിന്നത്. സ്വാതന്ത്ര്യ സമരകാലത്തുതന്നെ കൊച്ചിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിക്കുകയും തൊഴില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതില്‍ ആദ്യസമരമായിരുന്നു ടിന്‍ ഫാക്ടറി സമരം.
ആലാട്ടുപിരി (കപ്പലില്‍ കെട്ടുന്ന വലിയ കയറുവടം പിരിച്ചുണ്ടാക്കുന്നത്) തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ ഒക്കെ സമരപ്രസ്ഥാനത്തില്‍ അണിനിരന്നു. തുറമുഖത്തും ചുറ്റുപാടും തൊഴിലാളികള്‍ സംഘടിച്ചിരുന്നു. പി ഗംഗാധരന്‍, എം ബി കെ മേനോന്‍, ജോര്‍ജ് ചടയംമുറി, പി എ എസ് നമ്പൂതിരി, ടി എം അബു, എ ജി വേലായുധന്‍, സി ഒ പോള്‍, സാന്റോ ഗോപാലന്‍, എം എന്‍ താച്ചോ, എം എം ലോറന്‍സ്, പി കെ ധീവര്‍, ധാരാസിങ്, ചൊവ്വര പരമേശ്വരന്‍, മത്തായി മാഞ്ഞൂരാന്‍, ടി വി ദിവാകരന്‍ തുടങ്ങിയവരായിരുന്നു പ്രധാന തൊഴിലാളി പ്രവര്‍ത്തകര്‍. ഇ കെ നാരായണന്‍, ടി എം മുഹമ്മദ് തുടങ്ങിയവര്‍ ഇവിടത്തെ തൊഴിലാളിപ്രസ്ഥാനങ്ങളെ സംഘടിപ്പിച്ചവരും നയിച്ചവരുമാണ്. അര്‍ഹരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാതെ വന്നത് തൊഴിലാളികളില്‍ പ്രതിഷേധം ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനവും ഒപ്പം എഐടിയുസിയിലേക്ക് തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനവും സജീവമാകുന്നത്. പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധന വേണമെന്നുമുള്ള ആവശ്യം തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തി. തോണിത്തൊഴിലാളികളാണ് ആദ്യം സമരമുഖത്ത് അണിനിരന്നത്. സാഗര്‍വീണ കപ്പല്‍ നങ്കൂരമിട്ടപ്പോള്‍ അതില്‍ പണിചെയ്ത തൊഴിലാളികള്‍ സമരംചെയ്തു. പണിമുടക്ക് ഏത് വിധത്തിലും പൊളിക്കണമെന്ന തീരുമാനം സ്റ്റീവ്ഡോര്‍മാരും സ്റ്റീമര്‍ ഏജന്‍സികളും കൈക്കൊണ്ടു. അതിനു കൂട്ടായി തിരുകൊച്ചി സര്‍ക്കാരും നിലപാടെടുത്തു. പൊലീസുകാര്‍ അക്രമം അഴിച്ചുവിട്ട് സമരം പൊളിക്കാന്‍ തീവ്രശ്രമം നടത്തി. സമരം ശക്തമായി മുന്നോട്ടുപോകവെ ചര്‍ച്ചക്കെന്നു പറഞ്ഞ് നേതാക്കളെ ക്ഷണിച്ചുവരുത്തി അറസ്റ്റുചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി കമ്പനിക്കുമുന്നിലേക്ക് നീങ്ങി. ഇവര്‍ക്കു നേരെയാണ് പൊലീസും പട്ടാളവും ലാത്തിച്ചാര്‍ജും പിന്നെ വെടിവയ്പും നടത്തിയത്. പൊലീസിന്റെ ഇടിവണ്ടികള്‍ പലയിടത്തും തൊഴിലാളികള്‍ തടഞ്ഞു. വെടിവയ്പ് നടത്തിയ പൊലീസിനുനേരെയും പട്ടാളത്തിനുനേരെയും തൊഴിലാളികള്‍മാത്രമല്ല ആ പ്രദേശമാകെ പ്രതിരോധം തീര്‍ത്തു. പച്ചമാംസവും തീതുപ്പുന്ന തോക്കുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കൈയില്‍കിട്ടിയവ ഉപയോഗിച്ച് തൊഴിലാളികള്‍ ചെറുത്തുനിന്നു. നിരവധിപേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പൊലീസ് വണ്ടിതടഞ്ഞ ഇമ്പിച്ചിബാവയെയും മുഹമ്മദ് ബാവയെയും തെരുവിലിട്ടു മര്‍ദിച്ചു. ഈ നരനായാട്ടിലാണ് തൊഴിലാളികളായ സെയ്തും സെയ്താലിയും വെടിയേറ്റു മരിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ടി അംഗവും കപ്പലിലെ ബീഞ്ച് ഡ്രൈവറുമായ ആന്റണി തുടര്‍ന്ന് മരണപ്പെട്ടു. ക്രൂരമായ മര്‍ദനത്തെതുടര്‍ന്നാണ് ആന്റണി രക്തസാക്ഷിയായത്. ഈ പൊലീസ് നായാട്ടിനെതിരെ അതിശക്തമായ ബഹുജനരോഷം ഉയര്‍ന്നുവന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് താമസിക്കുന്ന മട്ടാഞ്ചേരി, കൊച്ചി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഐക്യത്തിന്റെ പുതിയ പാത തെളിച്ചു. സഹവര്‍ത്തിത്വത്തിന്റെ പാതയില്‍ ഈ മേഖലയെ നിലനിര്‍ത്തിയത് തൊഴിലാളികളുടെ പ്രക്ഷോഭങ്ങളാണ്.
മട്ടാഞ്ചേരി വെടിവയ്പിനെത്തുടര്‍ന്ന് ചാപ്പ സമ്പ്രദായം അവസാനിച്ചു. കങ്കാണിമാരുടെയും മൂപ്പന്മാരുടെയും വംശം കുറ്റിയറ്റു. പക്ഷേ, ഇന്ന് മട്ടാഞ്ചേരി- കൊച്ചി തൊഴില്‍മേഖല പ്രശ്നസങ്കീര്‍ണമാണ്. ആഗോളമൂലധന ശക്തികള്‍ക്ക് സര്‍വതും അടിയറവയ്ക്കുന്ന കേന്ദ്രഭരണാധികാരികള്‍ കൊച്ചി തുറമുഖത്തെയും പണയപ്പെടുത്തുന്നു. മട്ടാഞ്ചേരി, കൊച്ചി പ്രദേശം ഇന്ന് ടൂറിസം കേന്ദ്രംമാത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ തൊഴിലിനായി അന്യപ്രദേശങ്ങളെ ആശ്രയിക്കുന്നു. പുതിയ കങ്കാണിമാരെ പ്രതിഷ്ഠിക്കുകയാണ് വലതുപക്ഷ തൊഴിലാളി സംഘടനകള്‍. മട്ടാഞ്ചേരി സമരമുഖത്ത് ധീരനേതൃത്വം വഹിച്ച സമരനേതൃനിര ഓരോരുത്തരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇടപ്പള്ളി പൊലീസ് ആക്രമണക്കേസില്‍ പ്രതിയാക്കപ്പെട്ട് പീഡനങ്ങള്‍ക്കിരയായ എം എം ലോറന്‍സിനെപ്പോലുള്ളവരുടെ ഓര്‍മകളിലാണ് ഇന്ന് മട്ടാഞ്ചേരിയിലെ തൊഴിലാളി സമരം ഒളിമങ്ങാതെ കിടക്കുന്നത്. കൂടുതല്‍ കരുത്തോടെ സമരമുഖത്ത് അണിനിരക്കാന്‍ മട്ടാഞ്ചേരി രക്തസാക്ഷിസ്മരണ കരുത്തുപകരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..