21 September Saturday

മലബാര്‍ കലാപവും സ്മാരകങ്ങളും

പിണറായി വിജയന്Updated: Saturday Oct 5, 2013

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

 

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍
ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

 

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

 

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

 

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍
ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

 

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും
ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്. (അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top