17 September Tuesday

കരുതലോടെ
 കാക്കാം കുട്ടികളെ

ഡോ. അരുൺ ബി നായർUpdated: Friday Aug 23, 2024

 

കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന്‌ വീടുവിട്ടിറങ്ങിയ കുട്ടിയെ 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയ സംഭവം നാം വാർത്തയിലൂടെ അറിഞ്ഞല്ലോ. എന്തുകൊണ്ടായിരിക്കാം സാമൂഹ്യ –-സാമ്പത്തിക  ഭേദമന്യേ കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന സാഹചര്യം സംജാതമാകുന്നത്. മാറിയ സാഹചര്യത്തിൽ കുടുംബ പശ്ചാത്തലത്തിൽ വന്ന ഗണ്യമായ മാറ്റം ഇതിലെ പ്രധാനപ്പെട്ട കാരണമായി മാറുന്നുണ്ട്.

പലവിധ തിരക്കുകൾമൂലം അച്ഛനമ്മമാർക്ക്‌ കുട്ടികളോട് ആശയവിനിമയം നടത്താൻ സമയം തികയാതെ വരുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽതന്നെ കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ പോകുന്നു. കുട്ടി ഏതൊക്കെ ആളുകളുമായി ഇടപെടുന്നുണ്ട്, ആരെങ്കിലും കുട്ടിയെ സ്വാധീനിക്കുന്നുണ്ടോ, ഓൺലൈൻ മാധ്യമത്തിലൂടെ കുട്ടി ആരെങ്കിലുമായി ആശയവിനിമയം നടത്തുന്നുണ്ടോ, അവർ എന്തൊക്കെയാണ് കുട്ടിയോട് സംസാരിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങളിൽ അച്ഛനമ്മമാർ പൂർണ അജ്ഞത പുലർത്തുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്‌. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കുട്ടികളെ വിസ്‌മരിച്ചുപോകുന്നത് പലപ്പോഴും അവരുടെ മാനസിക ആരോഗ്യത്തിനും സാമൂഹ്യ വളർച്ചയ്ക്കും വലിയ തടസ്സമായി മാറുന്നു.
അച്ഛനമ്മമാരിൽനിന്ന് വേണ്ടത്ര സ്‌നേഹവും കരുതലും ലഭിക്കാത്ത കുട്ടികൾ സ്‌നേഹത്തിനുവേണ്ടി വീടിനുപുറത്ത് പലരെയും തേടിച്ചെല്ലുക സ്വാഭാവികമാണ്‌. അങ്ങനെ പരിചയപ്പെടുന്ന വ്യക്തികൾ എല്ലാവരും കുട്ടിയുടെ ഉത്തമതാൽപ്പര്യം സംരക്ഷിക്കുന്നവർ ആകണമെന്നില്ല. പലപ്പോഴുമത് ചൂഷണത്തിലേക്ക്‌ വഴിതെളിക്കും. ഇങ്ങനെ മറ്റൊരു വ്യക്തിയുമായി സംസാരിക്കുന്ന കാര്യംപോലും കുട്ടി അച്ഛനമ്മമാരോട് പങ്കുവയ്ക്കണമെന്നില്ല. ഈ സാഹചര്യത്തിലുള്ള ഏറ്റവും ശക്തമായ പ്രതിരോധം ദിവസേന ഒരുമണിക്കൂറെങ്കിലും അച്ഛനമ്മമാർ കുട്ടിയോടൊപ്പം ചെലവഴിക്കുക എന്നതാണ്. ഈ സമയത്തെ നമുക്ക് ക്വാളിറ്റി ടൈം (ഗുണനിലവാരമുള്ള സമയം) എന്ന്‌ വിലയിരുത്താം.

ഈ സമയം കുട്ടിയെ ശാസിക്കാനോ തിരുത്താനോ ഉള്ളതല്ല. മറിച്ച് കുട്ടിക്ക്‌ പറയാനുള്ള കാര്യം ക്ഷമയോടെ കേൾക്കാനുള്ള സമയമാണിത്‌. കുട്ടി വീടുവിട്ട്‌ പുറത്തേക്കു പോകുന്ന ആദ്യഘട്ടത്തിൽതന്നെ ഈ സമയം വീട്ടിൽ ഉറപ്പുവരുത്തണം. അതായത് കെജി ക്ലാസിൽ പോകുന്ന മൂന്നുവയസ്സുമുതൽ ദിവസേന കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ അച്ഛനമ്മമാർ ശ്രമിക്കണം. ഇതിലൂടെ കുട്ടിയുടെ ആശയവിനിമയശേഷി മെച്ചപ്പെടുന്നു. എന്തുകാര്യവും തുറന്നുപറയാനുള്ള സങ്കോചം ഇല്ലാതാക്കാൻ ഇത്തരം വേദി സഹായിക്കും. അതോടൊപ്പംതന്നെ കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും ചെറിയ കാര്യംപോലും തുടക്കത്തിൽതന്നെ മനസ്സിലാക്കാൻ അച്ഛനമ്മമാർക്ക്‌ സാധിക്കും. ഏതെങ്കിലും വ്യക്തി വീടിനുപുറത്ത് കുട്ടിയുടെമേൽ അനാരോഗ്യകരമായ സ്വാധീനം ചെലുത്തിയാൽ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സാധിക്കും.

കളിയിൽ തോൽവിയും ജയവും സാധാരണയാണ്‌. തോറ്റു കഴിഞ്ഞാൽ വിഷമിക്കാതെ അടുത്ത കളിയിലേക്ക് പോകുമ്പോൾ വിജയിക്കാനുള്ള സാധ്യത വരുന്നു. വിജയവും തോൽവിയും താൽക്കാലികമാണെന്നും അടുത്ത പരിശ്രമത്തിൽ തോൽവിയെ മറികടക്കാമെന്നും കുട്ടിയെ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.

തങ്ങൾക്ക് പറയാനുള്ളത് അച്ഛനമ്മമാർ കേൾക്കുന്നില്ല എന്നതാണ്‌ കുട്ടികളുടെ പ്രധാന പരാതി. തങ്ങളെ കേൾക്കാതെ അച്ഛനമ്മമാർ ഉപദേശിക്കുന്നുവെന്നത്‌ കുട്ടികളുടെ വ്യാപകമായ സങ്കടമാണ്. എന്നാൽ, കുട്ടിക്ക്‌ പറയാനുള്ളത്‌ ക്ഷമാപൂർവം കേട്ടശേഷം നൽകുന്ന നിർദേശങ്ങൾ കുട്ടി പൂർണമനസ്സോടെ സ്വീകരിക്കാൻ സാധ്യത ഏറെയാണ്. കുട്ടിയോട് സംസാരിക്കുന്ന വിഷയത്തിൽ പ്രായത്തിന് അനുസൃതമായി വ്യത്യാസം വരുത്താൻ ശ്രമിക്കാം. തീരെ ചെറിയ പ്രായത്തിൽ കുട്ടിയോടൊപ്പം ഇരുന്ന് കളിക്കാൻ വേണ്ടി സമയം ചെലവഴിക്കണം. ഈ കളികളിലൂടെ ചില ജീവിത നിപുണതകൾ കുട്ടിയിലേക്ക് വിനിമയം ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന് കളിയിൽ തോൽവിയും ജയവും സാധാരണയാണ്‌. തോറ്റു കഴിഞ്ഞാൽ വിഷമിക്കാതെ അടുത്ത കളിയിലേക്ക് പോകുമ്പോൾ വിജയിക്കാനുള്ള സാധ്യത വരുന്നു. വിജയവും തോൽവിയും താൽക്കാലികമാണെന്നും അടുത്ത പരിശ്രമത്തിൽ തോൽവിയെ മറികടക്കാമെന്നും കുട്ടിയെ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഇതോടൊപ്പം സമപ്രായക്കാരായ കുട്ടികളോടൊത്ത് ഇടപെടാനുള്ള അവസരവും ഒരുക്കി കൊടുക്കണം. അതുവഴി ജീവിത നിപുണതകൾ സ്വായത്തമാക്കാൻ കുട്ടിക്ക്‌ അവസരമൊരുങ്ങും.

അന്യവ്യക്തിയിൽനിന്ന് ഭക്ഷ്യവസ്തുവോ ലഹരിവസ്തുവോ സ്വീകരിക്കുന്നതിന് എതിരായ ബോധവൽക്കരണവും ചെറുപ്രായത്തിൽതന്നെ കുട്ടികൾക്ക് നൽകണം. അച്ഛനമ്മമാരുടെ സാന്നിധ്യമില്ലാതെ മറ്റുള്ളവരിൽനിന്ന് ഒരു സമ്മാനവും വാങ്ങരുതെന്നും വ്യക്തമായി പറഞ്ഞു കൊടുക്കണം. ലഹരി ഉപയോഗത്തിന്റെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്തണം. കൂടാതെ, വിദ്യാലയങ്ങളിൽ ജീവിത നിപുണത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതും അത്യാവശ്യമാണ്. ജീവിതത്തിലെ പുതിയ സാഹചര്യവും പ്രയാസമുള്ള ഘട്ടവും തരണംചെയ്യാൻ ഒരു വ്യക്തി ആർജിച്ചിരിക്കേണ്ട കഴിവിനെയാണ്‌ ജീവിത നിപുണത എന്ന് പറയുന്നത്. യൂണിസെഫ് മുന്നോട്ടുവച്ച ഈ ആശയം ലോകാരോഗ്യ സംഘടനയും അംഗീകരിച്ചിട്ടുണ്ട്. ആശയവിനിമയശേഷി മുതൽ ആത്മാവബോധം വരെയുള്ള 10 ജീവിത നിപുണതകൾ കുട്ടികളിലെത്തിക്കാൻ കഴിഞ്ഞാൽ ജീവിതത്തിലെ ഏത്‌ പ്രതിസന്ധിയും മറികടക്കാനും അവർക്ക്‌ അനായാസം സാധിക്കും.

(തിരുവനന്തപുരം മെഡി. കോളേജ് സൈക്യാട്രി 
വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top