19 December Thursday

ഇന്ത്യക്ക് വിശക്കുന്നു

മധു നീലകണ്ഠൻUpdated: Thursday Oct 17, 2024

 

സാമ്പത്തിക വിദഗ്ധനായ പ്രൊഫ. എം എ ഉമ്മൻ 2004ൽ എഴുതിയ ‘ഇക്കണോമിക് ജസ്റ്റീസ്, ഗ്ലോബലൈസേഷൻ ആൻഡ് ദ ക്വസ്റ്റ് ഫോർ ആൾട്ടർനേറ്റീവ്സ്’ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്." ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെയും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെയും നിർണായക പ്രമാണം സമ്പത്ത് സൃഷ്ടിക്കലാണ്, തീർച്ചയായും ജീവന്റെ സംരക്ഷണവും മഹത്വവൽക്കരണവുമല്ല. ജീവൻ സംരക്ഷിക്കുകയെന്ന അടിസ്ഥാന ആവശ്യത്തിൽനിന്നാണ് സാമ്പത്തികമായ പ്രവൃത്തികളും സമ്പദ്‌വ്യവസ്ഥ തന്നെയും രൂപം കൊള്ളേണ്ടത്. അവിടെനിന്നാണ് സ്വാതന്ത്ര്യം, നീതി, പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളിലേക്ക് നാം എത്തുന്നത്’. ദാരിദ്ര്യവും പോഷകാഹാരക്കുറവും നിരക്ഷരതയുമടക്കമുള്ള ദുരിതങ്ങളിൽനിന്ന് സാധാരണ ജനങ്ങളുടെ മോചനമാണ് യഥാർഥ വികസനമെന്ന് ഇന്ത്യയുടെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ പറഞ്ഞതും ഇതോടൊപ്പം ചേർത്തു വായിക്കാം. (Development as Freedom).

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള വിശപ്പ്  സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അറിയുമ്പോൾ പ്രൊഫ. ഉമ്മനും അമർത്യ സെന്നും പറയുന്നതിന്റെ അർഥം ആർക്കും മനസ്സിലാകും.  127 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന  സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105. അതായത്, ഒരുനേരത്തെ വിശപ്പടക്കാൻ വഴിയില്ലാതെ ജനകോടികൾ പരക്കം പായുന്ന രാജ്യമാണ് ഇന്ത്യ. പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ 104 രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യയെന്ന് അർഥം. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം, ശരാശരി ഏഴു ശതമാനത്തിലേറെ വളർച്ച നിരക്ക് എന്നൊക്കെ മോദി ഭരണം ദിവസേന പെരുമ്പറകൊട്ടുമ്പോൾ ഇന്ത്യയിലെ യാഥാർഥ്യം എന്തെന്ന് സൂചികയിലെ നമ്മുടെ സ്ഥാനം വെളിപ്പെടുത്തുന്നുണ്ട്.  ജീവനും ജീവിതവും സംരക്ഷിക്കലാണ് അടിസ്ഥാന ചുമതലയെന്നതും ദുരിതങ്ങളിൽനിന്നുള്ള സാധാരണ ജനങ്ങളുടെ മോചനമാണ് യഥാർഥ സ്വാതന്ത്ര്യമെന്നതും രാജ്യത്തിന്റെ ഭരണാധികാരികൾ വിസ്മരിക്കുന്നു. സാമ്പത്തിക വളർച്ചയെന്നാൽ കേവലം ഗണിത ശാസ്ത്രത്തിന്റെ കളിയല്ലെന്നും ജനങ്ങളുടെ ജീവിതത്തിൽ അവർ അനുഭവിച്ചറിയേണ്ട അർഥവത്തായ പുരോഗതിയാണെന്നും നവഉദാര സാമ്പത്തിക നയത്തിന്റെ വക്താക്കൾക്ക് അറിയില്ലല്ലോ. തെക്കനേഷ്യയിൽ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും മാത്രമാണ്‌ ഇന്ത്യക്ക്‌ പിന്നിൽ. ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാൾ എന്നിവയൊക്കെ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ്‌.

ഐക്യരാഷ്ട്രസംഘടന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി 75 വർഷം പിന്നിട്ടിട്ടും ഒട്ടേറെ രാജ്യങ്ങളിൽ ഈ അടിസ്ഥാന പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ലോകത്താകെ 74 കോടിയോളം ആളുകൾ പട്ടിണിയിൽ കഴിയുന്നു.

മനുഷ്യാവകാശങ്ങളിൽ അഥവാ മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഏറ്റവും പ്രധാനമാണ് ജീവിക്കാനുള്ള അവകാശം. ഈ അവകാശത്തെക്കുറിച്ച്  പറയുമ്പോൾ സോക്രട്ടീസ് പണ്ട് ഉന്നയിച്ച ഒരു ചോദ്യം ഇപ്പോഴും മുഴങ്ങിക്കേൾക്കാം. ഒരാൾ എങ്ങനെ ജീവിക്കണം?  ഇതിന്റെ ഒന്നാമത്തെ ഉത്തരം അയാൾക്ക് ഭക്ഷണം കിട്ടണം എന്നുതന്നെയാണ്. പിന്നെ, വസ്ത്രം, പാർപ്പിടം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവയും വേണം.  ഐക്യരാഷ്ട്രസംഘടന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി 75 വർഷം പിന്നിട്ടിട്ടും ഒട്ടേറെ രാജ്യങ്ങളിൽ ഈ അടിസ്ഥാന പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ലോകത്താകെ 74 കോടിയോളം ആളുകൾ പട്ടിണിയിൽ കഴിയുന്നു. ഈ ദരിദ്രരിൽ 15 കോടി ഇന്ത്യയിൽ. സാർവത്രിക മനുഷ്യാവകാശത്തിൽ ഭക്ഷണത്തിനുള്ള അവകാശം പരമപ്രധാനമാണ്‌. ആ അവകാശം നിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ.

ഐറിഷ് സന്നദ്ധ സംഘടനയായ വേൾഡ് വൈഡ് കൺസേൺ,  ജർമൻ സംഘടന വെൽത്ത് ഹംഗർ ഹിൽഫ് എന്നിവ ചേർന്ന് തയ്യാറാക്കുന്ന പട്ടിണി സൂചിക ലോകരാജ്യങ്ങൾ ആധികാരികമായി അംഗീകരിക്കുന്ന ഒന്നാണ്. ജനങ്ങളുടെ പോഷകാഹാരക്കുറവ്, അഞ്ചു വയസ്സിൽ താഴെയുള്ള  കുട്ടികളുടെ മരണനിരക്ക്,  ഭാരക്കുറവ്, ഉയരക്കുറവ് തുടങ്ങി നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികയിൽ പൂജ്യംമുതൽ 100വരെ പോയിന്റുണ്ട്. പൂജ്യം പോയിന്റ് ലഭിക്കുന്ന രാജ്യത്ത് പട്ടിണി തീരെയില്ല. ചൈനയടക്കം  ഏതാനും രാജ്യങ്ങൾ പൂജ്യത്തിനും അഞ്ചിനും ഇടയിലാണ്. ഇക്കൊല്ലം ഇന്ത്യയുടെ പോയിന്റ് 27.3 . ഗുരുതരമായ  വിഭാഗത്തിലാണ് നമ്മുടെ രാജ്യം. ഇന്ത്യയടക്കം 42 രാജ്യങ്ങൾ ഈ ഗണത്തിൽപ്പെടും. നമ്മുടെ  ജനസംഖ്യയുടെ  13.7 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്‌. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ 35.5 ശതമാനത്തിനും  ഉയരക്കുറവുണ്ട്‌,  18.7 ശതമാനത്തിന്‌  ഭാരക്കുറവുണ്ട്‌.  2.5 ശതമാനം കുഞ്ഞുങ്ങൾ അഞ്ചാം പിറന്നാളെത്തും മുന്നേ മരിച്ചുവീഴുന്നു.

യഥാർഥത്തിൽ, പട്ടിണിയും വിശപ്പുമൊക്കെ തിരിച്ചറിയാൻ ഏറെ അക്കാദമിക് പഠനമൊന്നും ആവശ്യമില്ല. തീവ്രമായ പട്ടിണിയും അതിന്റെ കാരണങ്ങളും  അറിയാൻ പ്രത്യേക മാനദണ്ഡമോ അളവുകോലോ അപഗ്രഥനമോ ഒന്നും വേണ്ട. അതറിയാൻ ഭരണാധികാരികൾ സമൂഹത്തിലേക്ക് ഒന്നു നോക്കിയാൽ മതി. പട്ടിണി അത്രമേൽ തൊട്ടറിയാവുന്ന കാര്യമാണ്. വിവിധ തരത്തിലുള്ള ദാരിദ്ര്യത്തിന്റെ വിശദാംശങ്ങൾ അറിയാൻ പഠനങ്ങളും സർവേകളുമൊക്കെ വേണ്ടി വരും. പക്ഷേ, ഒരാൾ കഞ്ഞി കുടിച്ചാണോ കുടിക്കാതെയാണോ കഴിയുന്നതെന്നറിയാൻ അതിന്റെയൊന്നും ആവശ്യമില്ല.  ഷേക്സ്പിയറുടെ ‘കിങ്‌ ലിയർ' നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്."കാഴ്ചയില്ലെങ്കിലും ഒരാൾക്ക്, ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാനാകും'.  ഇന്ത്യ ഭരിക്കുന്നവർക്ക് പക്ഷേ, കണ്ണുണ്ടായിട്ടും ഈ നാട് എങ്ങനെ ജീവിക്കുന്നുവെന്ന് കാണാൻ കഴിയുന്നില്ല.

അസമത്വത്തിന്റെ കൂടാരം
ഇങ്ങനെ ഒരു വശത്ത്‌ പട്ടിണിയും ദുരിതവും വർധിക്കുമ്പോൾ,  നമ്മുടെ രാജ്യം കുറേ മുതലാളിമാരും അവരുടെ പണപ്പെട്ടിക്ക് കാവൽ നിൽക്കുന്ന ഭരണക്കാരും എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. 144 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ സമൂഹത്തിന്റെ അധ്വാനം മുഴുവൻ അതിസമ്പന്നർ കൊള്ളയടിക്കുന്നു.  വിദേശനാണ്യ പ്രതിസന്ധിയുടെ മറവിൽ, 1991ൽ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ‘ നവ ഉദാര സാമ്പത്തിക നയം' ബിജെപി അതിതീവ്രമായി നടപ്പാക്കി. ഇപ്പോൾ, രാജ്യത്തിന്റെ വരുമാനവും സ്വത്തും ഒരുപിടി അതിസമ്പന്നരുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഇന്ത്യ അതിഭീകരമായ അസമത്വത്തിന്റെ കൂടാരമായി മാറി. 2024 മാർച്ച് 18 ന് ‘വേൾഡ് ഇൻക്വാളിറ്റി ലാബ്’ പ്രസിദ്ധീകരിച്ച അസമത്വ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്.


 

2022ൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 22. 6 ശതമാനവും ഏറ്റവും മുകൾത്തട്ടിലുള്ള ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലായി. 1951ൽ ഇത് 11.5 ശതമാനമായിരുന്നു. ഇപ്പോൾ, സ്വത്തിന്റെ 40.10 ശതമാനവും  ഇവരുടെ കൈയിലെത്തി. അതിസമ്പന്നരിൽത്തന്നെ 0.1 ശതമാനത്തിന്റെ  ദേശീയ വരുമാനത്തിലെ പങ്കാളിത്തം 10 ശതമാനമാണ്. 1947ൽ സ്വാതന്ത്ര്യം കിട്ടിയശേഷം 1980 വരെ അസമത്വം കുറഞ്ഞു വരികയായിരുന്നു. എന്നാൽ, നവഉദാര നയം നടപ്പാക്കിയതോടെ അസമത്വം റോക്കറ്റ് വേഗത്തിൽ കുതിച്ചു. നരേന്ദ്ര മോദിയുടെ ഭരണക്കാലയളവിൽ 2014–--15നും 2022–-- 23നും ഇടയിൽ സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണമാണ് സംഭവിച്ചത്. 2022ൽ ദേശീയ വരുമാനത്തിന്റെ 57.7 ശതമാനവും മുകൾത്തട്ടിലെ 10 ശതമാനം സമ്പന്നരുടെ  കൈയിലായി.  1951ൽ ഈ പത്തുശതമാനത്തിന്റെ കൈയിലുണ്ടായിരുന്നത് 36.7 ശതമാനമായിരുന്നു. ഇതേസമയം, 2022ൽ അടിത്തട്ടിലെ 50 ശതമാനം പേരുടെ  ദേശീയ വരുമാനത്തിലെ പങ്കാളിത്തം 15 ശതമാനം മാത്രം. 1951ലെ 20.6 ശതമാനത്തിൽനിന്ന് ഇവരുടെ വരുമാനം ഇടിഞ്ഞു. മധ്യവിഭാഗത്തിലെ 40 ശതമാനം ആളുകളുടെ വരുമാനത്തിലെ പങ്കാളിത്തവും ഇക്കാലയളവിൽ ഇടിഞ്ഞു. അത് 42. 8 ശതമാനമായിരുന്നത്  27.3 ശതമാനമായി. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ ദേശീയ വരുമാനത്തിലെ പങ്ക് അമേരിക്കയിലെയും യുകെയിലെയും തോതിനേക്കാൾ കൂടുതലാണ്.

വിണ്ടുകീറിയ വയലേലകളിൽ കോടിക്കണക്കിന് കൃഷിക്കാർ ഉരുകിത്തീരുമ്പോൾ, 15 കോടിയോളം പരമദരിദ്രർ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി  അലയുമ്പോൾ,  അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരുടെ കൈകൾ അതിസമ്പന്നർക്കുവേണ്ടി മാത്രമാണ് ചലിച്ചത്. വാസ്തവത്തിൽ, ഭരണക്കാർ ഇന്ത്യൻ ജനതയുടെ ആരാച്ചാർമാരായി. അവർ കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടു. പാവങ്ങളെ പട്ടിണി മരണത്തിന് എറിഞ്ഞുകൊടുത്തു. 2024ലെ ആഗോള വിശപ്പ്‌ സൂചികയും ഇത്‌ വെളിപ്പെടുത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top