22 December Sunday

ബിജെപി ഭരണത്തിലെ അധോലോകം

സാജൻ എവുജിൻUpdated: Tuesday Oct 22, 2024

ബിജെപി ഭരണത്തിൽ ക്രമസമാധാന പാലനവും നീതിനിർവഹണവും  എത്രമാത്രം അപഹാസ്യമായി മാറുന്നുവെന്നതിന്‌  ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. ഗുജറാത്ത്‌ വംശഹത്യമുതൽ ഗോരക്ഷാ കൊലപാതകങ്ങൾവരെയും  ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകളും ബുൾഡോസർരാജും ഇതിൽപ്പെടുത്താം. ഈ ഗണത്തിൽ ഏറ്റവും ഒടുവിലത്തേതാണ്‌‘ലോറൻസ്‌ ബിഷ്‌ണോയ്‌ ആൻഡ്‌ കമ്പനി’യെക്കുറിച്ച്‌ പുറത്തുവരുന്ന വിവരങ്ങൾ. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ, അഹമ്മദാബാദ്‌ സബർമതി സെൻട്രൽ ജയിലിൽ 2014 മുതൽ കഴിയുന്ന ബിഷ്‌ണോയ്‌ രാജ്യത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം വഹിക്കുന്നുവെന്നാണ്‌ വിവിധ അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച്‌  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

ഉന്നംതെറ്റാതെ വെടിവയ്‌ക്കാൻ കഴിവുള്ള എണ്ണൂറോളം പേരെ നയിക്കുന്ന ഈ അധോലോക നായകൻ ദാവൂദ്‌ ഇബ്രാഹിമിന്റെ തലത്തിലേക്ക്‌ എത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 31കാരനായ ബിഷ്‌ണോയിയെ പ്രകീർത്തിച്ച്‌ ദേശീയ മാധ്യമങ്ങൾ മുഴുവൻപേജ്‌ ഫീച്ചറുകൾ പ്രസിദ്ധീകരിക്കുകയാണ്‌. ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകാൻ ഇടയാക്കിയ ഹർദീപ്‌ സിങ്‌ നിജ്ജാർ വധക്കേസിൽ ബിഷ്‌ണോയ്‌ സംഘത്തിന്റെ പങ്ക്‌ പരാമർശിക്കപ്പെട്ടതോടെ ഇവരുടെ രാഷ്‌ട്രീയബന്ധം ചർച്ചകളിലേക്ക്‌ കടന്നുവരുന്നു. പഞ്ചാബ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുകളുമായി  ബന്ധപ്പെട്ട്‌ 2010–-2013 കാലത്തുണ്ടായ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലാണ്‌ ബിഷ്‌ണോയ്‌ 2014ൽ പൊലീസിന്റെ പിടിയിലായത്‌. എൽഎൽബി വിദ്യാർഥിയായിരിക്കെ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബിഷ്‌ണോയ്‌ ജയിലിൽ എത്തിയശേഷമാണ്‌ അധോലോക ശൃംഖല വിപുലീകരിച്ചതെന്ന്‌ കഴിഞ്ഞവർഷം എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2007–-2017 ൽ പഞ്ചാബിൽ എൻഡിഎ ഭരണമായിരുന്നു;  കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഗുജറാത്തിന്റെ കാര്യം പറയേണ്ടതില്ല. ബിഷ്‌ണോയ്‌ സംഘം നടത്തിയതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഏറിയപങ്കും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ്‌. ഇക്കഴിഞ്ഞ 12ന്‌ മുംബൈയിൽ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ വധിച്ചതും ബിഷ്‌ണോയ്‌ സംഘമാണെന്ന്‌ മഹാരാഷ്‌ട്ര പൊലീസ്‌ വ്യക്തമാക്കി.


 

ബിഷ്‌ണോയിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊലീസിന്റെ ആരോപണങ്ങൾ നിഷേധിക്കുകയാണ്‌. ബിഷ്‌ണോയിയുടെ അച്ഛൻ ഹരിയാനയിൽ പൊലീസ്‌ കോൺസ്‌റ്റബിളായിരുന്നു. 110 ഏക്കർ സ്ഥലം സ്വന്തമായുള്ള സമ്പന്ന കുടുംബമാണ്‌. ബിഷ്‌ണോയ്‌ ജയിലിൽ ആർഭാടജീവിതം നയിക്കുന്നതായി ആരോപണമുണ്ട്‌. ഇതിനായി വർഷം തോറും 35–-40 ലക്ഷം രൂപയാണ്‌ കുടുംബം സബർമതി ജയിൽ അധികൃതർക്ക്‌ നൽകുന്നതെന്ന്‌ ബിഷ്‌ണോയിയുടെ ചങ്ങാതിമാർ പറയുന്നു. കൊടുംകുറ്റവാളിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരാൾക്ക്‌ ജയിലിൽ ഇത്രയും പരിപാലനം ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലുകളോട്‌ അധികൃതർ പ്രതികരിച്ചിട്ടില്ല. ജയിലിൽകിടന്ന്‌ ബിഷ്‌ണോയ്‌ അധോലോകത്തെ നിയന്ത്രിക്കുന്നുവെന്ന്‌ എൻഐഎ കുറ്റപത്രം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ബിഷ്‌ണോയ്‌ ജയിലിലായശേഷം സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌  ഗോൾഡി ബ്രാർ എന്ന സത്‌വീന്ദർജിത്‌ സിങ്ങാണ്‌.   2017 ആഗസ്‌ത്‌ 15ന്‌ കാനഡയിലേക്ക്‌ പോയ  ഗോൾഡി ബ്രാർ ഇപ്പോൾ അമേരിക്കയിൽ ഒളിവിൽ കഴിയുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. 2022 മെയ്‌ 29ന്‌ പഞ്ചാബി ഗായകൻ സിദ്ദു മുസെവാലയെ വധിച്ചതിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ ഏറ്റെടുത്തു. അക്കൊല്ലം ജൂണിൽ ഇന്ത്യ ഇന്റർപോൾ വഴി ഗോൾഡി ബ്രാറിനെതിരെ റെഡ്‌ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഇയാളെ ഇന്ത്യക്ക്‌ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഇത്തരം സംഘങ്ങൾ വഴി കാനഡയിൽ ഇന്ത്യ ഇടപെടുന്നതായാണ്‌ അവരുടെ ആരോപണം. സിഖ്‌സ്‌ ഫോർ ജസ്‌റ്റിസ്‌ സ്ഥാപകൻ  ഗുർപട്‌വന്ത്‌ സിങ്‌ പന്നു വധശ്രമക്കേസിൽ അമേരിക്ക അറസ്‌റ്റ്‌വാറന്റ്‌ പുറപ്പെടുവിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥൻ വികാസ്‌ യാദവും ഡൽഹിയിൽ ബിഷ്‌ണോയ്‌ സംഘത്തിന്റെ ആളാണെന്ന പേരിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതായി കേസുണ്ട്‌. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ഡിസംബറിൽ യാദവിനെ ഡൽഹി പൊലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങി. സിആർപിഎഫ്‌ ഉദ്യോഗസ്ഥനായിരുന്ന യാദവിനെക്കുറിച്ച്‌ ഒരു വർഷമായി വിവരമൊന്നുമില്ലെന്നാണ്‌ കുടുംബം പറയുന്നത്‌. ഇത്തരത്തിൽ അധോലോകം വാഴുന്ന സംവിധാനമായി ഉത്തരേന്ത്യ മാറിയിരിക്കുകയാണ്‌. ഇതിനൊന്നും മറുപടി നൽകാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ തയ്യാറാകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top