06 November Wednesday

കടമുറി വാടകയ്‌ക്കും ജിഎസ്‌ടി ; ചെറുകിട വ്യാപാരമേഖലയ്‌ക്ക്‌ ഭീഷണി

ഇ എസ് ബിജുUpdated: Wednesday Nov 6, 2024

 

രാജ്യത്തെ കടുത്ത സാമ്പത്തികമാന്ദ്യം ചെറുകിട വ്യാപാര വ്യവസായമേഖലയിൽ വലിയ പ്രതിസന്ധി  സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കായ ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന സുപ്രധാനമായ മേഖലയാണ് കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടുമൂലം തകർച്ചയെ അഭിമുഖീകരിക്കുന്നത്. ‘ഒരു രാജ്യം, ഒരു കമ്പോളം, ഒറ്റ നികുതി’ എന്ന പ്രഖ്യാപനത്തോടെയാണ് 2017 ജൂലൈ ഒന്നുമുതൽ രാജ്യത്ത് ഗുഡ്സ് സർവീസ് ടാക്സ് നടപ്പാക്കിയത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്നതും ചെറുകിട വ്യാപാരമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്നതുമാകും പുതിയ പരിഷ്കാരങ്ങളെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. രാജ്യത്തിനുള്ളിലും വിദേശത്തുമുള്ള വൻകിട കോർപറേറ്റ് കുത്തകകൾക്കും ധനമൂലധന ശക്തികൾക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതും സമ്പദ്ഘടനയുടെ കുതിപ്പിനെ പരിമിതപ്പെടുത്തുന്നതുമായിരുന്നു തുടർച്ചയായി നടത്തിയ പരിഷ്‌കരണ നടപടികൾ.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽമാത്രം രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കുത്തകകളുടെ ഔട്ട്‌ലെറ്റുകൾ ഒരു നിയന്ത്രണവുമില്ലാതെ വിപുലപ്പെടുത്തുകയും ഓൺലൈൻ വ്യാപാരം വിപണിയെ കീഴടക്കുകയും ചെയ്യുമ്പോൾ ചില്ലറ വ്യാപാരമേഖല തകരുന്നതാണ് ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനത്തിൽനിന്നും കോവിഡ് മഹാമാരി ഏൽപ്പിച്ച ദുരിതത്തിൽനിന്നും വ്യാപാരമേഖല കരകയറി വരുന്ന സന്ദർഭത്തിലാണ് സാമ്പത്തികമാന്ദ്യത്തിന്റെ  ദുരന്തംകൂടി ഏൽക്കേണ്ടിവരുന്നത്. വിലക്കയറ്റം നിയന്ത്രിച്ച് വിപണി ഇടപെടൽ ഫലപ്രദമായി നടത്തേണ്ട സർക്കാർ പൂഴ്‌ത്തിവയ്‌പുകാരെയും കരിഞ്ചന്തക്കാരെയും വൻകിടക്കാരെയും സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. വ്യാപാരികളും വ്യവസായികളും നൽകേണ്ട എല്ലാ ഫീസുകളും കുത്തനെ വർധിപ്പിക്കുന്നു.

വ്യാപാരമേഖലയുടെ പ്രധാനപ്പെട്ട പ്രത്യേകത ഭൂരിപക്ഷം വരുന്ന സംരംഭകരും വാടകക്കാരാണെന്നുള്ളതാണ്. ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനപ്രകാരം വാടകയ്ക്ക് കെട്ടിടങ്ങളോ ഭൂമിയോ എടുത്തിട്ടുള്ളവർ നൽകുന്ന വാടകയ്ക്കുമേൽ 18 ശതമാനം നികുതികൂടി ചുമത്തിയിരിക്കുന്നു. ഒക്ടോബർ 10 മുതൽ പ്രാബല്യത്തിലാക്കിയ നിലയിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് വാടകക്കാരായ വ്യാപാരികൾക്ക് അധിക ബാധ്യതയാണ് വന്നുചേരുന്നത്. ജിഎസ്ടിയുടെ ആരംഭഘട്ടത്തിൽത്തന്നെ ഇത്തരമൊരു വ്യവസ്ഥ ആലോചിച്ചിരുന്നെങ്കിലും വ്യാപകമായ എതിർപ്പിനെത്തുടർന്ന് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. 20 ലക്ഷം രൂപയിൽ കൂടുതൽ വാടക ലഭിക്കുന്ന കെട്ടിട ഉടമകളാണ് രജിസ്ട്രേഷൻ എടുക്കേണ്ടത്‌. കെട്ടിട ഉടമയും വ്യാപാരിയും രജിസ്ട്രേഷൻ എടുത്തവരായാൽ ചെറിയ ബാധ്യത മാത്രമാണ് വരുന്നത്. എന്നാൽ, കെട്ടിട ഉടമയും വാടകക്കാരനായ വ്യാപാരിയും രജിസ്ട്രേഷൻ എടുക്കാത്തവരാണെങ്കിലും, ഇവരിൽ ആരെങ്കിലും ഒരാൾ രജിസ്ട്രേഷൻ പരിധിക്ക് പുറത്താണെങ്കിലും വാടകക്കാരനുമേൽ 18 ശതമാനം അധിക ബാധ്യത വരുന്നതാണ് പുതിയ തീരുമാനം. കോമ്പോസിഷൻ സ്കീമിൽ രജിസ്ട്രേഷൻ ചെയ്ത് കച്ചവടം നടത്തിവരുന്ന വ്യാപാരികൾക്കും 18 ശതമാനം ജിഎസ്ടി അടയ്ക്കേണ്ടി വരും. ഹോട്ടലുകൾ, ജ്വല്ലറികൾ തുടങ്ങിയവ നടത്തുന്ന കോമ്പോസിഷൻ വ്യാപാരികൾക്കാണ് ഏറ്റവും വലിയ ബാധ്യത. വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ വ്യാപാരം നടത്തിവരുന്നവർ വാടകക്കരാറോ എഗ്രിമെന്റോ പുതുക്കേണ്ടി വരുമ്പോൾ ആയത് ജിഎസ്ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കുടുംബാംഗങ്ങൾ സൗജന്യമായി കെട്ടിടം നൽകിയാലും വാടകക്കാരൻ നികുതി നൽകേണ്ടതായും വരും. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്ന ജിഎസ്ടി കൗൺസിൽ തീരുമാനം വാടകക്കാർക്കുമേൽ അധിക ബാധ്യത വരുത്തുമെന്നു മാത്രമല്ല, കെട്ടിട ഉടമയും കരാറുകാരനും തമ്മിൽ നിരന്തര തർക്കങ്ങൾ രൂപപ്പെടാനും ഇടവരും. വ്യാപാര വ്യവസായ മേഖലയിലെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഇത്തരം നിലപാടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. പരിമിതപ്പെട്ടു വരുന്ന ചില്ലറ വ്യാപാര ശൃംഖലയെ സംരക്ഷിക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. 

(വ്യാപാരി വ്യവസായി സമിതി സംസ്ഥാന 
സെക്രട്ടറിയാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top