‘ദ ഹിന്ദു’വിന്റെ സോഷ്യൽ അഫേഴ്‌സ് എഡിറ്ററും ഓട്ടോ പ്ലേ, ഹൗ ടു മെയ്‌ക്ക് എനിമീസ് ആൻഡ് ഒഫെൻഡ് പീപ്പിൾ തുടങ്ങിയ കൃതികളുടെ കർത്താവുമായ ജി സമ്പത്തിന്റെ ‘കാൻ ജേണലിസ്റ്റ്സ് ഹാവ് ഫാൻതം സ്പൈൻ' എന്ന കുറിപ്പ് ഉൾക്കാഴ്ച നിറഞ്ഞതാണ്. മൂന്നുമാസം പുറംവേദന വലച്ച പത്രപ്രവർത്തകൻ എല്ലുരോഗ വിദഗ്ധനെ കണ്ടു. മാധ്യമപ്രവർത്തകർക്ക് ഇളവ് കൊടുക്കാറുള്ള അദ്ദേഹം എക്സ്റേ നോക്കി പൊട്ടിത്തെറിച്ചു. അയാൾ പത്രപ്രവർത്തകനാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ച് ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. പരിഭ്രാന്തനായ അയാൾ പ്രസ് കാർഡ് നീട്ടി. അത് ഫോട്ടോഷോപ് ആണെന്നായി ഡോക്ടർ. ഗൂഗിൾ തെരഞ്ഞ് താനെഴുതിയ റിപ്പോർട്ടുകൾ എടുത്തിട്ടു. അതിലും വിശ്വാസം വരാത്ത ഡോക്ടർക്കു മുന്നിൽ താൻ മാധ്യമപ്രവർത്തകനാണെന്നതിന് കേന്ദ്രമന്ത്രി നൽകിയ അതിപ്രഗത്ഭനാണെന്ന സാക്ഷ്യപത്രവും നിരത്തി. പത്രപ്രവർത്തകന് ജോലിയിലെ പകുതി വർഷത്തിൽത്തന്നെ നട്ടെല്ല് ഇല്ലാതാകുമെന്നും അതിനാൽ അയാളൊരു മാധ്യമപ്രവർത്തകനല്ലെന്നും ഇളവ് ലക്ഷ്യമാക്കി വന്നയാളാണെന്നും ഡോക്ടർ വിശദീകരിക്കുകയുണ്ടായി. നട്ടെല്ലില്ലാത്ത മാധ്യമപ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ് പുസ്‌തകത്തിലെ ഈ ഉദാഹരണം.
മരണസ്ഥലത്തും കൂട്ടആത്മഹത്യ നടന്ന കുടുംബങ്ങളിലും പ്രണയപ്പക ജീവനപഹരിച്ച പെൺകുട്ടികളുടെ വീടുകളിലും ഹതാശരായും മൗനികളായും ഉൾവലിഞ്ഞു നിൽക്കുന്നവരുടെ വായിലേക്ക് കോൽ (മൈക്ക്) കടത്തി തരിമ്പും ഔചിത്യമില്ലാതെ പെരുമാറുന്ന ചാനൽ പെരുമാറ്റം അപകടകരവും അശ്ലീലവുമായിട്ടുണ്ട്. അത്തരം നിരുത്തരവാദത്തെ ശക്തമായി അപലപിക്കുകയും രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. ഇസ്രയേൽ അധിനിവേശം മൂവായിരം പേരുടെ ജീവനെങ്കിലും ഇരുവശത്തുമായി അപഹരിച്ചിട്ടുണ്ട്. എന്നാൽ, ചില മാധ്യമങ്ങളിൽ പലസ്തീനിലെ ആളുകൾ ‘മരിച്ചു’, ഇസ്രയേലിലെ ആളുകൾ ‘കൊല്ലപ്പെട്ടു’ എന്നമട്ടിലാണ്. മാധ്യമപ്രവർത്തകർ അക്രമം റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയെന്നതിന് ആഗോളനിയമം ഇല്ലെങ്കിലും, തൊഴിൽ സമയത്ത് പഠിപ്പിക്കുന്ന അടിസ്ഥാന ധാർമികതകളും രാഷ്ട്രീയ അക്രമങ്ങളും ഉച്ചരിക്കുമ്പോൾ ഭാഷയുടെ പ്രാധാന്യവും അടിവരയിടുന്നു. 2018-ൽ, ഒരു ജനപ്രിയ മാധ്യമസ്ഥാപനം ഇസ്രയേൽ സേനയുടെ ആക്രമണത്തെ വിവരിച്ചത്, "യുഎസ് ജറുസലേം എംബസി തുറക്കാൻ തയ്യാറെടുക്കുമ്പോൾ ഡസൻ കണക്കിന് പലസ്തീനികൾ പ്രതിഷേധത്തിൽ മരിച്ചു’വെന്നാണ്. പിന്നീട് ട്വിറ്ററിൽ, വിവരണം പുനക്രമീകരിച്ചു: "ജറുസലേം എംബസി യുഎസ് തുറന്നതിൽ പ്രതിഷേധിക്കുന്നതിനിടെ ഡസൻ കണക്കിന് പലസ്തീനികൾ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് മരിച്ചു. "ഒരു' ആക്രമണ'ത്തിന് പകരമായി ‘ഓപ്പറേഷൻ' അല്ലെങ്കിൽ ‘ക്യാമ്പയ്ൻ' പോലുള്ള നിഷ്പക്ഷ പദങ്ങളാണ് പ്രയോഗിക്കുക.
പത്രപ്രവർത്തകനും മാർക്‌സിസ്റ്റുമായ ഗസാൻ കനാഫാനിയെ 1972 ജൂലൈ എട്ടിന് മൊസാദ് വധിച്ചു. 1948- മേയിലെ അറബ്-‐ ഇസ്രയേൽ യുദ്ധത്തിനിടെ കുടുംബത്തിനൊപ്പം പതിനൊന്നുകാരൻ കനാഫാനിയെയും നാടുകടത്തി. അദ്ദേഹം അഭയാർഥി ക്യാമ്പിലെ 1200 പലസ്തീൻ കുട്ടികളുടെ ചിത്രകല അധ്യാപകനായി. എഴുത്തിന്റെ ആരംഭവും അക്കാലത്താണ്.
ക്യാമ്പിൽ അനുഭവിച്ച വൈകാരികതയിലൂടെ പലസ്തീൻ പ്രശ്നങ്ങൾ ബോധ്യമായ അദ്ദേഹം പ്രതികരിച്ചത്, ചരിത്രമില്ലാത്ത വ്യക്തി വേരുനഷ്ടമായ മരം പോലെയാണെന്നാണ്. ക്ലാസിൽ കുട്ടികൾ ഉറക്കംതൂങ്ങും. അവർ രാത്രി സിനിമാകോട്ടകളിലും തെരുവുകളിലും മധുരപലഹാരങ്ങൾ വിറ്റ് ക്ഷീണിതരായാണ് ക്ലാസിലെത്തുക. ഒരു ദിവസം, സിലബസ് അനുസരിച്ച് ആപ്പിളും വാഴപ്പഴവും വരയ്ക്കാൻ പഠിപ്പിച്ചു. അവർ അവ രണ്ടും കണ്ടിട്ടില്ലെന്ന് മനസ്സിലാക്കി. ബോർഡ് മായ്‌ക്കുകയും ക്യാമ്പ് വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വയം പ്രതിരോധം പലസ്തീൻ ലക്ഷ്യത്തിലേക്ക് തന്നെ നയിച്ചതായാണ് കനാഫാനി കുറിച്ചത്.
വാളും കഴുത്തും
തമ്മിലെ സംഭാഷണം
പല രചനകളിലും പലസ്തീൻ പ്രതിസന്ധി വരച്ചുകാട്ടിയ കനാഫാനിയാണ് ‘പ്രതിരോധ’ സാഹിത്യം ആദ്യം ഉയർത്തിയത്. 1970-ൽ റിച്ചാർഡ് കാൾട്ടണുമായുള്ള അഭിമുഖത്തിൽ, ലോകചരിത്രം എപ്പോഴും ശക്തരോട് പോരാടുന്ന ദുർബലരുടേതാണെന്നായിരുന്നു തുടക്കം. പലസ്തീൻ ജനതയ്‌ക്ക് ന്യായമായ കാര്യങ്ങൾക്കായി മരിക്കാനാണ് ഇഷ്ടം. രാജാവ് തെറ്റുകാരനാണെന്ന് തെളിയിച്ചു. ജനങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം നേടി. അവസാന തുള്ളി ചോരവരെ പോരാടാൻ തയ്യാറായ കൊച്ചു ധീര രാഷ്ട്രമാണെന്ന് ലോകത്തെ പഠിപ്പിച്ചു. ആഭ്യന്തരയുദ്ധമല്ല, വിമോചനപ്രസ്ഥാനമാണത്. എന്തുകൊണ്ട് ഇസ്രയേലുമായി ചർച്ചയില്ലെന്ന ചോദ്യം കനാഫാനിയെ പ്രകോപിപ്പിച്ചു. താങ്കൾ അർഥമാക്കുന്നത് സമാധാന ചർച്ചകളല്ല, കീഴടങ്ങലാണ്. വാളും കഴുത്തും തമ്മിലുള്ള സംഭാഷണം. വേരോടെ പിഴുതെറിയപ്പെടുകയും ക്യാമ്പുകളിൽ തള്ളപ്പെടുകയും പട്ടിണിയിൽ കഴിയുകയും പലസ്തീൻ എന്നുപോലും ഉപയോഗിക്കാൻ കഴിയാത്തതുമായ ജനത.
നെതന്യാഹുവിന്റെ ആഹ്വാനങ്ങളാണ് ഹമാസിന്റെ പ്രകോപനത്തിന് കാരണമെന്ന ഇസ്രയേൽ പത്രം ഹാരെറ്റ്‌സിന്റെ തുറന്നടിക്കൽ ധീരമാണ്. വിലയ്‌ക്കുവാങ്ങിയ യുദ്ധമാണ് മേഖലയിൽ. കെടുതികൾ അധിനിവേശ ഇരകൾക്കാണെന്നും മുഖപ്രസംഗത്തിൽ ഊന്നി. ദശാബ്ദങ്ങളായി ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്രയേൽ, പലസ്തീനികളെ ആട്ടിപ്പായിക്കുകയാണ്. അത് ഹമാസിന് ശക്തി പകർന്നു. യുദ്ധത്തിന് ന്യായീകരണമില്ല. പലസ്തീനികളുടെ മുന്നിൽ മരണമോ രക്തസാക്ഷിത്വമോ ആണ് സമസ്യ. പൊരുതി മരിക്കാനാകും തീരുമാനിച്ചിട്ടുണ്ടാകുക. ഒരു കൈയിൽ ഒലീവ് ഇലയും മറ്റേതിൽ തോക്കുമായിട്ടാണ് നിൽക്കുന്നത്. കൈയിൽനിന്ന് ഇല താഴെയിടാതാക്കുക എന്നാണ് അറാഫത്ത് യുഎന്നിൽ പ്രസംഗിച്ചത്. അഴിമതി ആരോപണത്തിന്റെയും മറ്റും കറപുരണ്ടിരിക്കുകയാണ് നെതന്യാഹുവിന്. ചില ഇസ്ലാമിക രാജ്യങ്ങൾക്ക് ഇസ്രയേലുമായി വാണിജ്യ കരാറുകളുണ്ട്. അവ തരപ്പെടുത്തിയത് അമേരിക്ക. പലസ്തീൻ സമാധാനത്തിൽ അരനൂറ്റാണ്ടിനിടെ അറുപതിലധികം പ്രമേയങ്ങൾ യുഎൻ പാസാക്കിയെങ്കിലും അമേരിക്ക വീറ്റോ ചെയ്തു. ഗാസ കൊടിയ ദുരിതത്തിലാണ്. വെള്ളം, ഭക്ഷണം, മരുന്ന്, വൈദ്യുതി‐ ഒന്നുമില്ല.
മുക്കാൽ നൂറ്റാണ്ടായി ബിബിസിയും ഇതര മാധ്യമങ്ങളും ഇസ്രയേൽ തിരിച്ചടി നേരിടുമ്പോൾ മാത്രമാണ് പത്രപ്രവർത്തകരെ സ്വീകരിക്കുന്നത്. ഇരുന്നൂറിലേറെ പലസ്തീനികളെ ചതച്ചരച്ചപ്പോൾ ഒരു വിളിയും വന്നില്ല. ബ്രിട്ടനിലെ പലസ്തീൻ അംബാസഡർ ഹസം സെയ്ദ് സാംലോട്ട് ബിബിസിയിൽ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഒരു വിഷയം കുറഞ്ഞ സമയത്ത്, പക്ഷപാതമുള്ള മാധ്യമത്തിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന്റെ നല്ല ദൃഷ്ടാന്തം. പലസ്തീനും ഇസ്രയേലിനും ഒരേ അളവുകോൽ പാടില്ല. ഹമാസ് പലസ്തീൻ സർക്കാരല്ല. ഇസ്രയേലി ഉത്തരവ് പ്രകാരമാണ് സൈനികാക്രമണം. ഒരു പ്രദേശത്ത് ജീവിക്കുന്നവരും അതിക്രമിച്ച് കടന്നവരും ഒരുപോലെ അല്ലെന്നും സാംലോട്ട് ഉപസംഹരിച്ചു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിനുശേഷം അമേരിക്കൻ സ്വരം ആദ്യമായി ഏറ്റുപിടിച്ചത് ഇന്ത്യയാണ്. അടച്ചുപൂട്ടാത്ത കാരാഗൃഹമായ ഗാസ ഇസ്രയേലി സൈന്യം വലയംചെയ്‌തിരിക്കുന്നു. ആ സന്നാഹങ്ങൾ ഉടൻ പിൻവലിക്കണം. ഗാസയിലും ഇസ്രയേലിലും പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകൾ വധിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ‘ദ പാരന്റ്‌സ് സർക്കിൾ ഫാമിലീസ് ഫോറം', ‘കോംപാറ്റന്റ്‌സ് ഫോർ പീസ്’, ‘വുമൺ വെയ്‌ജ് പീസ്’ തുടങ്ങിയവയെ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നു. സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. അവകാശങ്ങൾ നേടാനും പ്രതീക്ഷകൾ പൂവണിയിക്കാനും ശാശ്വത സമാധാനത്തിനും ഒപ്പംനിൽക്കുമെന്നും വ്യക്തമാക്കി.
രാഷ്ട്രീയ പ്രേരിത
‘നിഘണ്ടുതത്ത’
സയണിസ്റ്റ് വിരുദ്ധ നിലപാടുകാരണം ബ്രിട്ടീഷ് പത്രപ്രവർത്തകൻ റോബർട്ട് ഫിസ്‌കിനെതിരായ ഗാർഡിയന്റെ ശകാരം "യുഎസ് വിമർശത്തിൽ കുപ്രസിദ്ധൻ’ എന്നാണ്. പത്രധർമം സത്യമാണെങ്കിലും അങ്ങനെ ചെയ്യുന്ന ചിലരെ പ്രശ്നക്കാരായി മുദ്രകുത്തും.‘ഭീകരവാദം' രാഷ്ട്രീയപദാവലിയിൽ ഒഴിയാബാധയായി. ഒരു പാശ്ചാത്യ പത്രവും സബ്‌റ‐ ഷറ്റില കൂട്ടക്കൊലപാതകികളെ തീവ്രവാദികളെന്ന് പരാമർശിച്ചിട്ടില്ലെന്ന് ‘പിറ്റി ദ നാഷൺ: ലബനൺ അറ്റ് വാറി’ൽ ഫിസ്‌ക് അഭിപ്രായപ്പെട്ടു. "രാഷ്ട്രീയ പ്രേരിത ‘നിഘണ്ടുതത്ത’ എന്ന പ്രയോഗവും ഉപയോഗിച്ചു.
കൗണ്ടർപഞ്ച് വെബിൽ അലക്സാണ്ടർ കോക്ക്ബേൺ വിവരിച്ച ചോംസ്കിയുടെ പല്ലുകളെക്കുറിച്ചുള്ള കഥ രസകരമാണ്. നീണ്ട അസ്വസ്ഥത അദ്ദേഹത്തെ ദന്തഡോക്ടറുടെ അടുത്തെത്തിച്ചു. ഇനാമലിൽ തേയ്മാനംവന്ന കാര്യം ഭാര്യ കരോളിനോട് സൂചിപ്പിച്ചു. ന്യൂയോർക്ക് ടൈംസ് വായിക്കവെ എന്നും രാവിലെ തീൻമേശയിൽ രോഷാകുലമായ ഞരക്കം ശ്രദ്ധയിൽപ്പെട്ടു. ആ പത്രം ശരിയാകുമെന്ന പ്രതീക്ഷയ്‌ക്കെതിരായിരുന്നു അനുഭവം. ജീവിതകാലം മുഴുവൻ വായിക്കാൻ വിധിക്കപ്പെട്ട വിഡ്ഢിത്തങ്ങൾ. പ്രതീക്ഷിച്ചപോലെ ചോംസ്‌കി നെടുവീർപ്പിട്ടു, തങ്ങൾക്ക് ഭ്രാന്ത് പിടിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ ജനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പങ്കെടുക്കും; മാധ്യമങ്ങളെ വകവയ്‌ക്കാത്തവർ പ്രത്യേകിച്ച്. നിയമവിരുദ്ധ അധികാരം മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും എതിരാണ്. അടിച്ചമർത്തലും ആധിപത്യവും അതിനെ വെല്ലുവിളിക്കും. മാധ്യമങ്ങൾ പണത്തിലോ അധികാരത്തിലോ താൽപ്പര്യമുള്ള നിക്ഷേപകരെ ആകർഷിക്കും. പക്ഷേ, അത് അധഃപതിച്ച ലോകവും ജീർണിച്ച പ്രചാരണോപാധിയുമാക്കുകയാണ് മൂലധനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..