22 December Sunday

ഹാൻ കാങ്: ദുർബലരുടെ കൊറിയോഗ്രാഫർ

ബൈജു ലൈലാ രാജ്Updated: Tuesday Oct 22, 2024

ഹാൻ കാങ് കടപ്പാട്‌: gettyimages

 

ദി വെജിറ്റേറിയനിൽ, മാംസം കഴിക്കുന്നത് നിർത്താനുള്ള കഥാനായിക യിയോംഗ്  ഹേയുടെ തീരുമാനം സാമൂഹിക മാനദണ്ഡങ്ങളുടെയും പ്രതീക്ഷകളുടെയും സമൂലമായ നിരസിക്കലായി കാണാൻ കഴിയും. എന്നിരുന്നാലും, അവളുടെ ആഗ്രഹം മാംസത്തിന്റെ നിഷേധം മാത്രമല്ല, അതൊരു ആയിത്തീരലാണ്.  ഒരു പുതിയ ജീവിതരീതിയുടെ സ്ഥിരീകരണമാണ്. യിയോംഗ്  ഹേയുടെ വിശപ്പില്ലായ്‌മയും, പരമ്പരാഗത സാമൂഹിക ഇടപെടലുകളിൽ നിന്നുള്ള അവളുടെ പിൻവാങ്ങലും, സാമൂഹിക അടിച്ചമർത്തലിന് പുറത്ത് ആഗ്രഹം അതിന്റേതായ യാഥാർഥ്യം സൃഷ്ടിക്കുന്നു എന്ന ഡെല്യൂസിന്റെയും ഗ്വാട്ടാരിയുടെയും ആശയവുമായി യോജിക്കുന്നതായി കാണാം.

Violence and freedom are the two endpoints on the scale of power.
Byung- Chul Han



ദക്ഷിണ കൊറിയയിൽ ജനിച്ച് ജർമനിയിൽ പഠിച്ചും പഠിപ്പിച്ചും ജീവിക്കുന്ന സാംസ്‌കാരിക സൈദ്ധാന്തികൻ ബ്യുങ് ചുൾ ഹാൻ, ഒരു താത്വികസൂക്ത നിർമാണ വിദഗ്‌ധനാണ്. അതിലളിതമായിട്ടാണ് അദ്ദേഹം മനുഷ്യാവസ്ഥയുടെ

ബ്യുങ് ചുൾ ഹാൻ

ബ്യുങ് ചുൾ ഹാൻ

ഗൗരവമാർന്ന സമസ്യകൾ രേഖപ്പെടുത്തുന്നത്. ചിന്തയുടെ ഗരിമ ഒട്ടുംതന്നെ തൂവിക്കളയാതെ ഭാഷയിലേക്ക് അതിനെ പകർത്തിയെഴുതാൻ സാധിക്കുന്ന നവലോക തത്വചിന്തകൻ.

ബ്യുങ് ചുൾ ഹാൻ പറയുന്നതനുസരിച്ച്, സുതാര്യതയുടെ പേരും പറഞ്ഞ്, ലജ്ജ, രഹസ്യം, വിശ്വാസം തുടങ്ങിയ മറ്റ് സാമൂഹിക മൂല്യങ്ങളുടെ ചെലവിൽ ഒരു ഏകാധിപത്യ സമ്പ്രദായം നടപ്പിലാക്കാൻ സാധിക്കും. സൈദ്ധാന്തികന്റെ മേൽപ്പറഞ്ഞ ആശയം ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരിയിൽ ജീവിക്കുന്ന ഹാൻ കാങ് എന്ന സാഹിത്യകാരി ദി വെജിറ്റേറിയൻ എന്ന നോവലിൽ അറിഞ്ഞോ അറിയാെതയോ കാവ്യാത്മകമായി പ്രയോഗിക്കുന്നതായി അനുഭവപ്പെട്ടു.

തത്വചിന്താപരമായ സാഹിത്യരചന ചിന്തയും ഭാവനയും ഭാഷയും ചേർന്നുള്ള ഒരു ത്രിത്വരൂപീകരണമാണ്. സമതുലിതാവസ്ഥ കാത്തുസൂക്ഷിച്ച് രചന നിർവഹിക്കാത്ത പക്ഷം പാളിപ്പോകാനുള്ള സാധ്യത വർധിക്കും. ദസ്‌തേവ്സ്‌കി തൊട്ട് റൊമാനിയൻ അതികായനായ മിർച്ചെ കാർട്ടറെസ്‌കൂ  (Mircea Cartarescu) വരെ പയറ്റിത്തെളിഞ്ഞ പാതയിലൂടെ സഞ്ചരിക്കുമ്പോൾ കൊറിയൻ പാദങ്ങൾ പാളുന്നുണ്ട് എന്നു തന്നെയാണ് നിലവാരമുള്ള പല നിരൂപകരും പറയുന്നത്.

ഹാൻ കാങ് - കടപ്പാട്‌: gettyimages

ഹാൻ കാങ് - കടപ്പാട്‌: gettyimages

മൂന്ന് ദശകം മുമ്പ്‌ സോളിലെ മഞ്ഞുകാലം എന്ന കവിതയിലൂടെയാണ് ഹാൻ കാങ് സാഹിത്യജീവിതം ആരംഭിക്കുന്നത്. അന്ന് പ്രായം ഇരുപത്തിരണ്ട്. സാമാന്യത്വം നിറഞ്ഞുതുളുമ്പുന്ന വരികളിലൂടെ കണ്ണോടിക്കുന്നത് നന്നായിരിക്കും.

എന്നെങ്കിലും ഒരുനാൾ/ എന്നെങ്കിലും ഒരുനാൾ വരുമ്പോൾ/എന്നെങ്കിലും ഒരുനാൾനീ വരും/ എന്നെങ്കിലും നീ പ്രണയമായി വന്നാൽ/എന്റെ ഹൃദയം തിളങ്ങുന്ന ജലവെളിച്ചത്താൽ നിറഞ്ഞിരിക്കും,/ നിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ മുങ്ങി/ ശ്വസിക്കാൻ പ്രയാസപ്പെടും,/ നിന്റെ മഷി പോലെ കറുത്ത ചുണ്ടുകളിൽ/ ഞാൻ നിന്റെ ശ്വസനമായിരിക്കും,

പ്രിയനേ,/ നീ വന്നാൽ ഞാൻ നിന്റെ ആയാസശ്വാസമാകും./ നിനക്ക് കഴിയുമെങ്കിൽ വരൂ;/ എന്റെ മഞ്ഞുമൂടിയ കവിളുകളിൽ/ നിനക്കേറെ പ്രിയങ്കരമായ നദിയുടെ ശബ്ദം കേൾക്കാൻ/ ഞാൻ നിന്നെ  അനുവദിക്കും.

മിഡിയോക്രിറ്റിയിൽ തുടങ്ങി മേന്മയിലേക്കുള്ള പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന ഘട്ടത്തിലാണ് ഹാൻ കാങ് വിപണിയുടെ തെറ്റാലിയിലെ വെണ്ണക്കല്ലായി തീരുന്നത്. അവർ ചെന്ന് പതിച്ചതാവട്ടെ, വിശ്വസാഹിത്യ സിംഹാസനത്തിലും. സാഹിത്യ നൊബേൽ ലഭിക്കുന്ന ആദ്യ കൊറിയൻ എന്നതും, ഈ പുരസ്‌കാരം ആദ്യമായിട്ടാണ് ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു വനിതയ്‌ക്ക് കിട്ടുന്നതെന്നും കേൾക്കാൻ സുഖമുണ്ട്.

എന്നാൽ ഈ വർഷത്തെ സമ്മാന ജേതാവ് ഹാൻ കാങ് ആണെന്നറിഞ്ഞപ്പോൾപല മുഖങ്ങളും കറുത്തു, നെറ്റികൾ ചുളിഞ്ഞു. അതിന് മതിയായ കാരണങ്ങൾ ഉണ്ട് താനും. വെറും നാല് നോവലുകളുടെ അടിസ്ഥാനത്തിൽ നൊബേൽ സമ്മാനം കൊടുക്കുന്നതിലെ യുക്തിരാഹിത്യം, നൈതികശോഷണം.

ആംഗലേയ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ടത് എഴുനൂറ്റി അൻപതിൽ താഴെ പേജുകൾ മാത്രം എന്നിരിക്കെ, നൊബേൽ  സാഹിത്യപുരസ്‌കാര ജൂറി സാമാന്യബുദ്ധിക്ക് ഒരിക്കലും നിരക്കാത്ത തരത്തിലുള്ള തെരഞ്ഞെടുപ്പാണ് നടത്തിക്കാണിച്ചത്.

ഹാൻ കാങ് കൃതികളെ മഹത്തരം എന്ന് വിശേഷിപ്പിക്കാൻ പെരുമയുള്ള ഒരു നിരൂപകനും ഇന്നേവരെ മുതിർന്നിട്ടില്ല. ഇതിനെല്ലാം പുറമെ, അർഹതയുള്ള അതികായരുടെ നീണ്ട ക്യൂ. ഇതിനുമുമ്പും ഇതുപോലൊക്കെ സംഭവിച്ചിട്ടുണ്ട് എന്നു കരുതി സമാശ്വസിക്കുന്നതിന് മുമ്പ്‌ ചില നവീന നാട്ടുനടപ്പുകളിലേക്ക് കണ്ണെറിയുന്നത് നന്നായിരിക്കും.

2016 ൽ ദി വെജിറ്റേറിയൻ വഴി അന്താരാഷ്‌ട്ര ബുക്കർ സമ്മാനം ലഭിക്കുന്നതോടെ ഹാൻ കാങ് എന്ന നാമം ആഗോളതലത്തിൽ ശ്രദ്ധ നേടാൻ തുടങ്ങി. ലോക സാംസ്‌കാരിക ഭൂമികയിൽ ദക്ഷിണ കൊറിയ, കെ പോപ്പ്, കെ ഡ്രാമ എന്നിവയിലൂടെ  കയ്യൊപ്പ് പതിപ്പിച്ച കാലം.

മേൽപറഞ്ഞ രണ്ടു മേഖലകളിലും വിപണനം എന്ന നവ മുതലാളിത്ത ക്രയവിക്രയം അതിന്റെ എല്ലാവിധ സ്രോതസ്സുകളും ഉപയോഗിച്ച് നേടിയെടുത്ത വിജയം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണ്.

കെ പോപ്പ് എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കൊറിയൻ ജനപ്രിയ സംഗീതമാതൃക ലോകത്തെയാകെ കീഴ്‌പ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ്, ഇപ്പോഴും. ബിടിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബാലസംഗീത സംഘം ആഗോളതലത്തിൽ നേടിയെടുത്ത അതിശയിപ്പിക്കുന്ന ആരാധകവൃന്ദം (BTS Army) ഒരു വിപണന വിജയമാണ്.

അതുപോലൊരു വാണിഭ നിർമിതിയാണ് കെ ഡ്രാമ എന്ന പേരിൽ ഒടിടി തിട്ടകളിൽ നിറഞ്ഞുനിൽക്കുന്ന വെബ് സീരിയലുകൾ. ഉപരി/മധ്യവർഗ സ്‌ത്രീകളും മധ്യവയസ്‌കരും ഒരുതരം ആസക്തി കലർന്ന ആസ്വാദനരീതി പിന്തുടരുന്നതായി കാണാം. മാർക്കറ്റിങ്‌ തന്ത്രങ്ങളോടൊപ്പം ഉൽപ്പാദനമികവും കൂടിച്ചേരുമ്പോൾ ആഗോളതലത്തിൽ ഇത്തരം കൊറിയൻ സാംസ്‌കാരിക ചരക്കുകൾ വിപണി കീഴടക്കാൻ പ്രാപ്തി കൈവരിക്കുന്നു.

വിപണി കീഴടക്കാനുള്ള തന്ത്രങ്ങൾ കൈവശമുണ്ടായിട്ടുപോലും വിശ്വസാഹിത്യ ഭൂപടത്തിൽ തെക്കൻ കൊറിയ എങ്ങുമെത്താതെ ഉഴറുകയായിരുന്നു. അതിനുള്ള പ്രധാന കാരണമായി അവർ കണ്ടെത്തിയത് പരിഭാഷാ വൈകല്യങ്ങളാണ്. ഒരു ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ പ്രതിസന്ധി.

വിപണി കീഴടക്കാനുള്ള തന്ത്രങ്ങൾ കൈവശമുണ്ടായിട്ടുപോലും വിശ്വസാഹിത്യ ഭൂപടത്തിൽ തെക്കൻ കൊറിയ എങ്ങുമെത്താതെ ഉഴറുകയായിരുന്നു. അതിനുള്ള പ്രധാന കാരണമായി അവർ കണ്ടെത്തിയത് പരിഭാഷാ വൈകല്യങ്ങളാണ്. ഒരു ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ പ്രതിസന്ധി.

കൊറിയൻ സാഹിത്യത്തിന്റെ മൊഴിമാറ്റ സംബന്ധിയായ പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ‘പ്രൊഫഷണൽ വിവർത്തകർ’, അവരുടെ സാമ്പ്രദായിക രീതിയിൽ നടത്തിപ്പോന്ന അഭ്യാസങ്ങൾ കാരണം കൊറിയൻ സാഹിത്യം ആഗോള വായനക്കാർക്ക് ആസ്വാദ്യകരമല്ലാതായി തീർന്നു.

കൃതിയിലടങ്ങിയ ഭാഷാമർമരങ്ങളും സൂക്ഷ്മ വൈകാരിക സ്‌പന്ദനങ്ങളും കൃത്യതയോടെ ഒപ്പിയെടുക്കാൻ അവർക്ക് സാധിക്കാതെവന്നു. അങ്ങനെ സാഹിത്യരാഹിത്യം ബാധിച്ച തർജമകൾ ആയിരുന്നു മിക്കവാറും എല്ലായ്‌പ്പോഴും വിദേശ വായനക്കാർക്ക് ലഭിച്ചത്.

ഈയൊരു ന്യൂനതയെ മറികടക്കുവാൻ വൻ പ്രസാധക കമ്പനികൾ കച്ചമുറുക്കി ഇറങ്ങിത്തിരിക്കുന്നു. സർഗാത്മകതയും തർജമയിലെ നൈപുണ്യവും കോർത്തിണക്കാൻ കഴിവുള്ള പരിഭാഷകരുടെ ഒരു നവനിര തെക്കൻ കൊറിയയിൽ ഉത്ഭവിക്കുന്നു. അതിനുപിന്നാലെ ആഗോള സാഹിത്യ വിപണിയിൽ ദക്ഷിണ കൊറിയൻ എഴുത്തുകാരുടെ വേലിയേറ്റം സംഭവിക്കുന്നു. വൻകിട പുസ്‌തകോത്സവങ്ങളിൽ കൊറിയ ഇൻ ഫോക്കസ് എന്ന പേരിൽ പ്രചാരണം ശക്തമാകുന്നു.

നവമാധ്യമങ്ങളിൽ കൊറിയൻ പുസ്‌തകചർച്ചകൾ സ്ഥാനംപിടിക്കുന്നു. കേവലമായ പ്രചാരണം, സംഘടിതമായ പ്രചാരവേലയായി വികസിക്കുന്നു. ഭരണകൂടവും മൂലധനവും ഒത്തുചേർന്ന് സാഹിത്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സ്വാധീനം ചെലുത്തൽ  ഒരു സാംസ്‌കാരിക പ്രവർത്തനമാകുന്നു. അങ്ങനെ കെ ലിറ്റ് സാധ്യമാകുന്നു.

ഹാൻ കാങ് എഴുതിയ ദി വെജിറ്റേറിയനിലേക്ക് തിരിച്ചുവരാം.
“എന്റെ ഭാര്യ സസ്യാഹാരിയാകുന്നതിന് മുമ്പ്, ഞാനവളെ എല്ലാ അർഥത്തിലും, യാതൊരുവിധ സവിശേഷതകളും ഇല്ലാത്തവളായി കണക്കാക്കിയിരുന്നു.” വായനക്കാരെ വശീകരിക്കാൻ പ്രാപ്തിയുള്ള തുടക്കവാചകം തന്നെ വിവാദവിഷയമായിരുന്നു.

ഹാൻ കാങ് എഴുതിയ ദി വെജിറ്റേറിയനിലേക്ക് തിരിച്ചുവരാം.
“എന്റെ ഭാര്യ സസ്യാഹാരിയാകുന്നതിന് മുമ്പ്, ഞാനവളെ എല്ലാ അർഥത്തിലും, യാതൊരുവിധ സവിശേഷതകളും ഇല്ലാത്തവളായി കണക്കാക്കിയിരുന്നു.”വായനക്കാരെ വശീകരിക്കാൻ പ്രാപ്തിയുള്ള തുടക്കവാചകം തന്നെ വിവാദവിഷയമായിരുന്നു.

നോവലിന്റെ മൊഴിമാറ്റം നിർവഹിച്ച ഡെബോറ സ്മിത്ത്, ആദ്യവരിയിൽ തന്നെ അമിതമായി ഇടപെട്ടു എന്നതായിരുന്നു ആരോപണം. കൃതിക്ക് അന്താരാഷ്‌ട്ര ബുക്കർ സമ്മാനം ലഭിച്ചതിന് തൊട്ടുപിന്നാലെ തെക്കൻ കൊറിയയിലെ സാഹിത്യ നിരൂപകർ തന്നെയാണ് വിവാദം അഴിച്ചുവിട്ടത്.

പാശ്ചാത്യ വായനക്കാരുടെ  അഭിരുചികൾക്ക് ചേരും വിധത്തിൽ കൃതിയുടെ മൂന്നിലൊന്ന് ഭാഗം അഴിച്ചുപണിഞ്ഞു എന്നാണ്‌ ഒരു കൊറിയൻ പത്രം ആരോപിച്ചത്. മൂലകൃതിയിൽ ഇല്ലാത്ത പലതും വിവർത്തക കൂട്ടിച്ചേർത്തതായി അവർ തെളിയിക്കുകയുണ്ടായി.

ക്രിയാവിശേഷണ പദങ്ങളും, അതിശ്രേഷ്ഠമായ പ്രയോഗങ്ങളും, ഊന്നിയുറപ്പിക്കുന്ന വാചകങ്ങളും വിദഗ്‌ധമായി വിളക്കിച്ചേർക്കുക വഴി നോവലിനെ അന്താരാഷ്‌ട്ര വിപണിക്കുവേണ്ടി അണിയിച്ചൊരുക്കുകയാണ് ഡെബോറ സ്മിത്ത് ചെയ്‌തതെന്നാണ് കൊറിയൻ ദേശീയ ഓപ്പൺ സർവകലാശാലയിലെ ഭാഷാധ്യാപകൻ ചാർസെ യുൻ ആരോപിക്കുന്നത്.

ക്രിയാവിശേഷണ പദങ്ങളും, അതിശ്രേഷ്ഠമായ പ്രയോഗങ്ങളും, ഊന്നിയുറപ്പിക്കുന്ന വാചകങ്ങളും വിദഗ്ധമായി വിളക്കിച്ചേർക്കുക വഴി നോവലിനെ അന്താരാഷ്‌ട്ര വിപണിക്കുവേണ്ടി അണിയിച്ചൊരുക്കുകയാണ് ഡെബോറ സ്മിത്ത്

ഡെബോറ സ്മിത്ത്

ഡെബോറ സ്മിത്ത്

ചെയ്‌തതെന്നാണ് കൊറിയൻ ദേശീയ ഓപ്പൺ സർവകലാശാലയിലെ ഭാഷാധ്യാപകൻ ചാർസെ യുൻ ആരോപിക്കുന്നത്.

അനർഹമായി ബുക്കറും നൊബേലും ലഭിച്ച സാഹിത്യകാരിയാണ് ഹാൻ കാങ് എന്ന ആരോപണം നിലനിൽക്കെത്തന്നെ, നിഷ്‌കളങ്കമായ ഒരു ചോദ്യം തലനീട്ടുന്നു. എഴുത്തുകാരി എന്ത് പിഴച്ചു? പുരസ്‌കാരങ്ങൾ നൽകിയ സമിതികളല്ലേ യഥാർഥ പ്രതികൾ?

അവരെ സ്വാധീനിച്ച ആഗോള കുത്തക പ്രസാധക സംഘങ്ങളും തങ്ങളുടെ രാജ്യത്തെ ലോകസാഹിത്യ ഭൂമികയിൽ പ്രതിഷ്ഠിക്കാൻ നൂൽവലികൾ നടത്തുന്ന ദക്ഷിണ കൊറിയൻ ഭരണകൂടവുമല്ലേ യഥാർഥ കുറ്റവാളികൾ? വിപണിയല്ലേ വില്ലൻ?

പുരസ്‌കാരങ്ങളെ സംബന്ധിച്ചുള്ള വിമർശനങ്ങളുടെ ഞെരിഞ്ഞിൽ മെത്തയിൽനിന്ന് ഹാൻ കാങ് കൃതിയായ ദി വെജിറ്റേറിയനെ വിമർശത്തിന്റെ സഹസ്രപീഠഭൂമികളിലേക്ക്  (A Thousand Plateaus) പുനരധിവസിപ്പിക്കാൻ നേരമായിരിക്കുന്നു.

കഥ പരത്തിയും പൊലിപ്പിച്ചും പറയാൻ ഉദ്ദേശിക്കുന്നില്ല. മൂലഗ്രന്ഥാനുസാരമായ വിമർശം (critique)  ആയിരിക്കും അഭികാമ്യം. എങ്കിലും ഹ്രസ്വമായ കഥാസാരം ദി വെജിറ്റേറിയൻ വായിച്ചിട്ടില്ലാത്തവർക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു.

പുത്തൻ നൂറ്റാണ്ടിലെ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന സാധാരണക്കാരാണ് യിയോംഗ് ഹേയും അവളുടെ  ഭർത്താവും. പരിമിതമായ അഭിലാഷങ്ങളും ശാന്തമായ പെരുമാറ്റരീതികളുമുള്ള ഒരു ഓഫീസ് ജീവനക്കാരനാണ് അദ്ദേഹം; അവളാകട്ടെ, സവിശേഷതകളോ കാര്യമായ പ്രതിഭയോ തൊട്ടുതീണ്ടാത്ത, കർത്തവ്യബോധമുള്ള ഒരു വാർപ്പച്ചടി ഭാര്യ. എന്നാൽ കൂടുതൽ ‘സസ്യസമാനമായ’ നിലനിൽപ്പ് തേടുന്ന യിയോംഗ് ഹേ, ഞെട്ടിക്കുന്ന ഒരു വിധ്വംസന പ്രവർത്തനം നടത്തുന്നു.

ഒറ്റരാത്രി കൊണ്ട്, മാംസ ഭക്ഷണം പാടേ ഉപേക്ഷിക്കുമെന്ന് അവൾ ദൃഢപ്രതിജ്ഞ എടുക്കുന്നു. അവളുടെ ഭർത്താവും കുടുംബവും ഇടപെട്ട് അവളെ സാമാന്യബോധത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുന്നുണ്ട്. എന്നാൽ ദിനംപ്രതി അവളുടെ കലാപം കൂടുതൽ വിചിത്രവും ഭീതിതവുമായ രൂപപരിണാമങ്ങളിലേക്ക് പ്രവേശിക്കുന്നു.

ക്രമേണ, യിയോംഗ് ഹേ തന്റെ ഭൗതികാഭിലാഷങ്ങളും ശാരീരിക കാമനകളും പൂർണമായും ഉപേക്ഷിക്കാമെന്ന പ്രതീക്ഷയിൽ അവളുടെ സ്വയനിർമിതമായ സ്വകാര്യ മായികലോകത്തേക്ക് പ്രവേശിക്കുന്നു. അവിടെ, അവളൊരു വൃക്ഷമായി മാറുന്നു.   

അക്രമം, ആഘാതം, ആഗ്രഹം, പരിവർത്തനം എന്നീ പ്രമേയങ്ങളിലൂടെയാണ് ഹാൻ കാങ് പര്യവേക്ഷണം നടത്തുന്നത്. ഴീൽ ഡെല്യൂസിന്റെ തത്വചിന്തയുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന വിഷയപരിസരങ്ങൾ. പ്രത്യേകിച്ച് ആഗ്രഹം, ആയിത്തീരൽ, ശരീരം (desire, becoming, body)  എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ.

ഡെല്യൂസിന്റെ കണ്ണടയിലൂടെ ഹാൻ കാങ്ങിനെ പരിശോധിക്കുമ്പോൾ, അവർ മുന്നോട്ടുവയ്‌ക്കുന്ന ആത്മനിഷ്ഠാപരമായ പ്രാതിനിധ്യവും ഡെല്യൂസിന്റെ സ്വത്വത്തെക്കുറിച്ചുള്ള വിമർശനവും, നിശ്ചിത സത്തകളെ (fixed essences) അദ്ദേഹം നിരസിക്കുന്നതും, ആയിത്തീരൽ പ്രക്രിയയുടെ ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്ഥിരീകരണവും തമ്മിലുള്ള സമാനതകൾ കണ്ടെത്താൻ സാധിക്കും എന്ന് കരുതുന്നു.

ഴീൽ ഡെല്യൂസ്‌

ഴീൽ ഡെല്യൂസ്‌

ഫെലിക്സ്‌  ഗ്വാട്ടാരി

ഫെലിക്സ്‌ ഗ്വാട്ടാരി

ഡെല്യൂസ്, പ്രത്യേകിച്ച് ആന്റി ഈഡിപ്പസിൽ ഫെലിക്‌സ്‌ ഗ്വാട്ടാരിയുമായി സഹകരിച്ചുകൊണ്ട് എഴുതുമ്പോൾ, ആഗ്രഹത്തെ ഒരു അഭാവമായിട്ടല്ല (മനോവിശ്ലേഷണ സിദ്ധാന്തങ്ങൾ അങ്ങനെയാണ് ആഗ്രഹത്തെ നോക്കിക്കാണുന്നത്), മറിച്ച് യാഥാർഥ്യത്തെ നിർമിക്കുന്ന ഉൽപ്പാദനപരവും ക്രിയാത്മകവുമായ ഒരു ശക്തിയായിട്ടാണ് സങ്കൽപനം ചെയ്യുന്നത്.

ദി വെജിറ്റേറിയനിൽ, മാംസം കഴിക്കുന്നത് നിർത്താനുള്ള കഥാനായിക യിയോംഗ് ഹേയുടെ തീരുമാനം സാമൂഹിക മാനദണ്ഡങ്ങളുടെയും പ്രതീക്ഷകളുടെയും സമൂലമായ നിരസിക്കലായി കാണാൻ കഴിയും. എന്നിരുന്നാലും, അവളുടെ ആഗ്രഹം മാംസത്തിന്റെ നിഷേധം മാത്രമല്ല, അതൊരു ആയിത്തീരലാണ്. 

ഒരു പുതിയ ജീവിതരീതിയുടെ സ്ഥിരീകരണമാണ്. യിയോംഗ്  ഹേയുടെ വിശപ്പില്ലായ്‌മയും, പരമ്പരാഗത സാമൂഹിക ഇടപെടലുകളിൽ നിന്നുള്ള അവളുടെ പിൻവാങ്ങലും, സാമൂഹിക അടിച്ചമർത്തലിന് പുറത്ത് ആഗ്രഹം അതിന്റേതായ യാഥാർഥ്യം സൃഷ്ടിക്കുന്നു എന്ന ഡെല്യൂസിന്റെയും ഗ്വാട്ടാരിയുടെയും ആശയവുമായി യോജിക്കുന്നതായി കാണാം.

ഉൽപ്പാദനശക്തിയായി മാറുന്ന ആഗ്രഹം, അടിച്ചമർത്തലിനെയും അക്രമത്തെയും കുറിച്ചുള്ള ഒരു ഡെല്യൂസിയൻ വീക്ഷണത്തിലേക്ക് വഴിമരുന്നിടുന്നുണ്ട്.
'സസ്യാഹാര’ ത്തിലേക്കുള്ള അവളുടെ പരിവർത്തനത്തെ അക്രമം നിറഞ്ഞ ഒരു സമൂഹത്തെ അതിജീവിക്കാനുള്ള മാർഗമായി വായിക്കാൻ കഴിയും.

സ്‌ത്രീശരീരങ്ങളുടെ മേലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ അലിഖിത നിയന്ത്രണങ്ങളെ ലംഘിക്കാൻ അവൾ തെരഞ്ഞെടുത്ത പോംവഴി. ഈ അർഥത്തിൽ, ആഗ്രഹത്തെയും ജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെയും അടിച്ചമർത്തുന്നതിലൂടെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഡെല്യൂസിന്റെ ആശയവുമായി നോവലിലെ അക്രമങ്ങളെ ബന്ധിപ്പിക്കാൻ കഴിയും.

സ്ഥിരീകരിക്കാൻ യിയോംഗ്‌ ഹേയുടെ വിസമ്മതം ഒരു ഡെല്യൂസിയൻ പലായന രേഖ (line of flight) ആയി മനസ്സിലാക്കാം, ഇത് കുടുംബവും സമൂഹവും ചേർന്ന് അവളുടെ ശരീരത്തെ തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന സാമന്ത രാജ്യമാക്കാനുള്ള കുത്സിത നീക്കങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്.

സസ്യാഹാരത്തിലൂടെ ഈ നിയന്ത്രണങ്ങൾ മറികടക്കാനുള്ള അവളുടെ ആഗ്രഹം, പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു എന്ന അർഥത്തിൽ ഉൽപ്പാദനക്ഷമമാണ്, എന്നാൽ അത് പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുടുംബ സാമൂഹിക പ്രതികരണങ്ങൾ അക്രമാസക്തമാകുന്നുണ്ട്. ക്രമസമാധാനം നിലനിർത്താൻ വേണ്ടി വൈയക്തികമായ ആഗ്രഹങ്ങളെ സമൂഹം എങ്ങനെ അടിച്ചമർത്തുന്നുവെന്ന് എടുത്തുകാണിക്കുകയാണ് ഹാൻ കാങ്.

ഡെല്യൂസിന്റെ ഏറ്റവും വിഖ്യാതമായ സംഭാവനകളിലൊന്ന് 'ആയിത്തീരുക’ എന്ന ആശയമാണ്. സ്വത്വം സ്ഥിരമായിരിക്കുന്നതിനുപകരം നിരന്തരമായ പരിവർത്തനാവസ്ഥയിലാണ് എന്ന ആശയം. ദി വെജിറ്റേറിയനിൽ, യിയോംഗ് ഹേയുടെ യാത്രയെ ‘മറ്റെന്തോ ആയിത്തീരുന്ന’ ഒരു പ്രക്രിയയായി കാണാൻ കഴിയും.

ഭക്ഷണത്തോടുള്ള അവളുടെ വർധിച്ചുവരുന്ന വർജന മനോഭാവവും, ഒടുവിൽ അവളുടെ സ്വന്തം മനുഷ്യസ്വത്വം പോലും (അവൾ സ്വയം ഒരു മരമായി മാറുന്നതായി സങ്കൽപ്പിക്കാൻ തുടങ്ങുമ്പോൾ) ‘മറ്റൊന്നായിത്തീരുന്നു’ എന്ന ഡെല്യൂസിന്റെ ആശയത്തെ പ്രതിഫലിപ്പിക്കുന്നു.

ഹാൻ കാങ്  -  കടപ്പാട്‌: gettyimages

ഹാൻ കാങ് - കടപ്പാട്‌: gettyimages

അവിടെ ഒരു വ്യക്തി, മനുഷ്യ കേന്ദ്രീകൃതവും ശ്രേണീപരവുമായ ക്രമത്തിനപ്പുറം നീങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്. ദ്രവത്വം അൽപ്പം അധികമുള്ളതും നിർവചനാതീതവുമായ ഒരുതരം അസ്‌തിത്വം.

യിയോംഗ് ഹേയുടെ വിശപ്പില്ലായ്‌മ, ഇണചേരലിനോടുള്ള വിരക്തി, സ്വന്തം ശരീരത്തിൽ നിന്ന് ആത്യന്തികമായി അകന്നുപോകൽ എന്നിവയും ഡെല്യൂസിന്റെയും ഗ്വാട്ടാരിയുടെയും ‘അവയവങ്ങളില്ലാത്ത ശരീരം'  (Body without Organs)  എന്ന ആശയത്തിലൂടെ വായിക്കാൻ സാധിക്കുന്നതാണ്.

അവയവരഹിത ശരീരം എന്ന പ്രയോഗംവഴി, ഡെല്യൂസ് പറയാൻ ശ്രമിക്കുന്നത്, സാമൂഹിക പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്ന നിശ്ചിത ഐഡന്റിറ്റികളിലേക്കും പ്രവർത്തനങ്ങളിലേക്കും ചുരുങ്ങുന്നതിനെ പ്രതിരോധിക്കുന്ന ഒരു ഉടൽ എന്നാണ്. സ്വന്തം ഉടലാവശ്യങ്ങളും  അതിന്റെ സ്വാഭാവിക ജൈവ പ്രവർത്തനങ്ങൾ  പോലും റദ്ദാക്കാനുള്ള യിയോംഗ് ഹേയുടെ ആഗ്രഹം മേൽസൂചിപ്പിച്ച അവയവങ്ങൾ ഇല്ലാത്ത ശരീരം സൃഷ്ടിക്കാനുള്ള  ശ്രമമായി കാണാൻ കഴിയും.

ഭക്ഷണം കഴിക്കാൻ അവൾ വിസമ്മതിക്കുകയും മനുഷ്യലോകത്തിൽ നിന്ന് ആത്യന്തികമായി അകന്നുപോകുകയും ചെയ്യുന്നത് അവളുടെ മനുഷ്യരൂപം അവളിൽ ചുമത്തിയ പരിമിതികളെ മറികടന്ന് ഒരുതരം സീറോ ഡിഗ്രി അസ്‌തിത്വത്തിലേക്ക് നീങ്ങാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. അവളൊരു വൃക്ഷം ‘ആയിത്തീരുകയാണ്’.

ഡെല്യൂസിന്റെ ‘ആയിത്തീരുക’ എന്ന ആശയം,  വികാസത്തെക്കുറിച്ചുള്ള രേഖീയവും പ്രയോജനാവാദപരവുമായ (teleological) കാഴ്‌ചപ്പാടുകൾ പാടെ നിരസിക്കുകയാണ് ചെയ്യുന്നത്. ഹാൻ കാങിന്റെ കൃതിയുടെ പശ്ചാത്തലത്തിൽ, യിയോംഗ് ഹേയുടെ വിചിത്രസ്വഭാവരീതികൾ മിഥ്യാഭ്രമം പോലുള്ള മാനസികരോഗമോ ബോധക്ഷയമോ യുക്തിഭ്രംശമോ അല്ല.

മനഃശാസ്‌ത്രത്തിന്റെ കട്ടിക്കണ്ണട അണിഞ്ഞോ, വൈദ്യശാസ്‌ത്രത്തിന്റെ സൂക്ഷ്മദർശിനിയിലൂടെയോ അതിനെ നോക്കിക്കാണേണ്ടതില്ല. അവയെല്ലാംതന്നെ ഒരു ഡെല്യൂസിയൻ ‘ആയിത്തീരലി’ന്റെ ഭാഗമാണ്. നിർവചിക്കപ്പെടാത്ത ഒന്നിലേക്ക് അവൾ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക ഘടനകളെയും മാനദണ്ഡപരമായ പെരുമാറ്റങ്ങളെയും അവൾ നിരസിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്.

ഡെല്യൂസിന്റെയും ഗ്വാട്ടാരിയുടെയും മൂലകാണ്ഡം (Rhizome)  എന്ന ആശയം ശ്രേണീപരവും വൃക്ഷസമാനവുമായ അറിവിന്റെയും സ്വത്വത്തിന്റെയും ഘടനകളെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പത്തെ എതിർക്കുന്നുണ്ട്.

പകരം, അവർ ഒരു റൈസോമാറ്റിക് ഘടന നിർദേശിക്കുന്നു, അവിടെ കണക്ഷനുകൾ രേഖീയമല്ലാത്തതും വികേന്ദ്രീകൃതവും ഒന്നിലധികം ദിശകളിലേക്ക് വ്യാപിക്കുന്നതുമാണ്. യിയോംഗ്  ഹേയുടെ സഞ്ചാരപഥത്തെ ആത്മനിഷ്ഠതയുടെ ഒരു റൈസോമാറ്റിക് രൂപമായി വ്യാഖ്യാനിക്കാം.

അവളുടെ വ്യക്തിത്വം അദ്വിതീയമായ, യുക്തിയുക്തമായ സ്വഭാവത്തിൽ വേരൂന്നിയതല്ല. യിയോംഗ് ഹേ എന്ന കഥാപാത്രത്തിന്റെ സ്വഭാവം, സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകുന്ന ചില സവിശേഷതകൾ ഉണ്ട്. അത് ശിഥിലവും ഒന്നിലധികം ദിശകളുള്ളതും രേഖീയ വ്യാഖ്യാനത്തെ പ്രതിരോധിക്കുന്നതുമാണ്. എല്ലായ്‌േപാഴും ചലിച്ചുകൊണ്ടിരിക്കുകയും നിരന്തരം മറ്റെന്തെങ്കിലും ആയിത്തീരുകയും ചെയ്യുന്ന ഒരു സ്വത്വസങ്കൽപ്പനം അത് പ്രതിഫലിപ്പിക്കുന്നുണ്ട്.

മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ദി വെജിറ്റേറിയനിൽ, ഹാൻ കാങ് മൂന്ന് വ്യത്യസ്‌ത ആഖ്യാന ശബ്ദങ്ങൾ (Narrative Voices)  ഉപയോഗപ്പെടുത്തുന്നുണ്ട്. യിയോംഗ് ഹേയുടെ ഭർത്താവ്, അവളുടെ സഹോദരി, അവളുടെ സഹോദരീ ഭർത്താവ്. മുഖ്യകഥാപാത്രം ആഖ്യാന ശബ്ദം ഉയർത്തുന്നില്ല എന്നതുകൊണ്ട്  അവളുടെ പരിവർത്തനത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ വീക്ഷണകോണുകൾക്ക് സാധ്യത ലഭിക്കുന്നു.

മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ദി വെജിറ്റേറിയനിൽ, ഹാൻ കാങ് മൂന്ന് വ്യത്യസ്‌ത ആഖ്യാന ശബ്ദങ്ങൾ (Narrative Voices)  ഉപയോഗപ്പെടുത്തുന്നുണ്ട്. യിയോംഗ് ഹേയുടെ ഭർത്താവ്, അവളുടെ സഹോദരി, അവളുടെ സഹോദരീ ഭർത്താവ്. മുഖ്യകഥാപാത്രം ആഖ്യാന ശബ്ദം ഉയർത്തുന്നില്ല എന്നതുകൊണ്ട്  അവളുടെ പരിവർത്തനത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ വീക്ഷണകോണുകൾക്ക് സാധ്യത ലഭിക്കുന്നു. ഈയൊരു റാഷോമോൺ പ്രതീതി നൽകുന്ന കാരണഫലബന്ധം പാരായണത്തിന് ഗുണം ചെയ്യുന്നുണ്ട്.

ഇവർ മൂന്നുപേർക്കും അവളുടെ ആന്തരികാവസ്ഥയോ പ്രചോദനങ്ങളോ പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ല. കാഴ്‌ചപ്പാടുകളുടെ ഈ ബഹുസ്വരത, ആത്മനിഷ്ഠത വിഘടിച്ചതും ബഹുമുഖവുമാണെന്ന ഡെല്യൂസിയൻ ധാരണയെ പ്രതിഫലിപ്പിക്കുന്നു.

യിയോംഗ് ഹേയുടെ മാറ്റത്തെ, ഒരൊറ്റ ആഖ്യാനത്തിലേക്ക് ചുരുക്കാൻ കഴിയില്ലെന്ന് മാത്രമല്ല, അവളുടെ പരിവർത്തനത്തെ വൃത്തിയായി തരംതിരിക്കാനോ വിശദീകരിക്കാനോ ഉള്ള ഏതൊരു ശ്രമവും പരാജയത്തിൽ വീണടിയുന്നുമുണ്ട്.

ആയിരം പീഠഭൂമികൾ  (A Thousand Plateaus) എന്ന കൃതിയിൽ ഴീൽ ഡെല്യൂസും ഫെലിക്‌സ്‌ ഗ്വാട്ടാരിയും രണ്ട് വിരുദ്ധ പ്രക്രിയകളെ വിവരിക്കുന്നുണ്ട്. നിരപ്പാക്കലും (smoothing),  വരകീറലും (striating). രണ്ട് തരം ഇടങ്ങൾ (spaces) തമ്മിൽ വേർതിരിച്ചറിയാനാണവർ ഈ പ്രക്രിയകളെ ഉപയോഗിക്കുന്നത്. നിരന്നുകിടക്കുന്ന ഇടവും വരിഞ്ഞുകീറിയ ഇടവും, വ്യത്യസ്‌തമായ രണ്ട് പ്രത്യയശാസ്‌ത്ര പ്രദേശങ്ങളാണ്.

നാടോടി/ നിശ്ചലർ ദ്വന്ദമാണ് പിന്നീട് സ്വാതന്ത്ര്യം/ അടിച്ചമർത്തൽ വൈരുധ്യമായി പരിണമിക്കുന്നത്. വിമോചന പ്രവർത്തനങ്ങളുടെ ഇടവും ഭരണകൂട യന്ത്രങ്ങളുടെ ഇടവും നിത്യവൈരുധ്യത്തിലാണ് നിലകൊള്ളുന്നത്.

സ്ട്രൈയേറ്റഡ് സ്‌പേസ്, ഘടനാപരവും നിയന്ത്രിതവും സാമൂഹിക മാനദണ്ഡങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി ക്രമീകരിച്ചതാണ്. അതേസമയം സ്മൂത്ത് സ്‌പേസ് തുറന്നതും ചലനാത്മകവും അത്തരം നിയന്ത്രണങ്ങളെ പ്രതിരോധിക്കുന്നതുമാണ്.

ദി വെജിറ്റേറിയൻ എന്ന നോവലിൽ, യിയോംഗ് ഹേയുടെ ശരീരത്തിൽ (ഭാര്യ, മകൾ, സഹോദരി എന്നീ നിലകളിൽ അവളുടെ വേഷങ്ങൾ) സ്ഥാപിച്ചിരിക്കുന്ന സാമൂഹിക പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും ഒരു വരിഞ്ഞുകീറിയ  ഇടത്തെ പ്രതിനിധീകരിക്കുന്നു.

ഇതിനെയെല്ലാം ചെറുക്കാനുള്ള അവളുടെ ശ്രമങ്ങൾ ചെന്നെത്തുന്നത്, സ്വശരീര പുനർസൃഷ്ടിയിലാണ്‌. ഭക്ഷണം വർജിക്കുക, ഭർത്താവിന്റെ ലൈംഗിക മുന്നേറ്റങ്ങൾ നിരസിക്കുക, അല്ലെങ്കിൽ ഒരു വൃക്ഷമായി താൻ മാറി എന്നൊരു സാങ്കൽപ്പിക പരിവർത്തനം സ്വീകരിക്കുക എന്നിവ നിരപ്പായ ഒരു സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള അവളുടെ ശ്രമങ്ങളാണ്,

ബാഹ്യശക്തികളാൽ നിർവചിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യാത്ത ഒരു സുഗമ സ്ഥലിയിലേക്കുള്ള അശാന്തമായ പ്രയാണം.

എന്നിരുന്നാലും, യിയോംഗ്‌ ഹേയുടെ അക്രമാനുഭവങ്ങൾ, മാനസികവും ശാരീരികവുമായി അവളെ പുനർപ്രദേശവൽക്കരിക്കാനും (Re-territorialize), അവളെ വീണ്ടും ഒരു പരുക്കൻ സ്ഥലത്തേക്ക് നിർബന്ധപൂർവം നിക്ഷേപിക്കാനുമുള്ള സമൂഹത്തിന്റെ ശ്രമമായി കാണാൻ കഴിയും. വ്യക്തികളെ തുടർച്ചയായി പുനർപ്രദേശവൽക്കരിക്കുന്നതിലൂടെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഡെല്യൂസിന്റെ ആശയം ഇവിടെ പ്രവർത്തിക്കുന്നതായി കാണാം.

നിലനിൽപ്പിന്റെ പുതിയ ഇടങ്ങൾ സൃഷ്ടിക്കാനുള്ള നായികയുടെ പരിശ്രമങ്ങൾ അവസാനിപ്പിക്കാനാണ് കുടുംബവും സമൂഹവും ഇടപെടുന്നത്. ശരീരത്തിലും ഇച്ഛകളിലും അത്തരം ശക്തമായ നിയന്ത്രണം ചെലുത്തുന്ന സമൂഹത്തിൽ, ഒരു പലായന സഞ്ചാരപഥം നിർമിക്കാൻ നായിക നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഫ്രഞ്ച് ചിന്തകർ പ്രതിപാദിച്ച വരിഞ്ഞുകീറിയ ഇടവും നിരപ്പാക്കിയ പ്രദേശവും തമ്മിലുള്ള പിരിമുറുക്കം ഇവിടെ വ്യക്തമാകുന്നു.

ഹാൻ കാങ്ങിന്റെ കൃതി, വ്യക്തിഗത ആഘാതങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ മാത്രമായി ചുരുങ്ങുന്നില്ല. ആത്മനിഷ്ഠതയുടെ സ്വഭാവം, ശരീരരാഷ്‌ട്രീയം, സാമൂഹിക അടിച്ചമർത്തലിന് പുറത്തുള്ള ജീവിതത്തിന്റെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ദാർശനിക പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഡെല്യൂസിലൂടെ, അക്രമത്തിന്റെയും നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തിൽപോലും അനന്തമായ പരിവർത്തനത്തിനുള്ള ജീവിതത്തിന്റെ സാധ്യതകളുടെ സ്ഥിരീകരണമായി യിയോംഗ്‌ ഹേയുടെ യാത്രയെ നമുക്ക് കാണാൻ കഴിയും. എഴുത്തുകാരിയെക്കുറിച്ചുള്ള സർവമാന വിവരങ്ങളും വിവരണവും വിരൽത്തുമ്പിലുള്ളപ്പോൾ താളും മഷിയും സമയവും പാഴാക്കുന്നത് അനീതിയല്ലേ?

ഹാൻ കാങ് എഴുതിയ ഇതരകൃതികളെ പരാമർശിക്കാൻ പോലും തോന്നുന്നില്ല. മേന്മയും മൗലികതയും മാനദണ്ഡമാക്കിയ വായനക്കാർക്ക് മേയാൻ തരിശുനിലങ്ങൾ കാട്ടിക്കൊടുക്കുന്നത് അന്യായമല്ലേ?.


ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top