05 November Tuesday

കൈത്തറിയെ 
തകർക്കുന്നത്‌ കേന്ദ്രനയം

അരക്കൻ ബാലൻUpdated: Monday Jul 29, 2024



പരമ്പരാഗത വ്യവസായ തൊഴിൽമേഖല എന്ന നിലയിൽ കൈത്തറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുൻകാലങ്ങളിലെ കേന്ദ്ര സർക്കാരുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ, എൻഡിഎ സർക്കാർ തുടർച്ചയായി കൈത്തറി മേഖലയെ തകർക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. 2010 മുതൽ കേന്ദ്ര സർക്കാർ ഈ വ്യവസായത്തിന് നൽകിവന്ന സംരക്ഷണ നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറി. കേരളത്തിലെ സഹകരണസംഘങ്ങൾ ഉത്സവനാളുകളിൽ നടത്തുന്ന വിൽപ്പനയ്ക്ക് 10 ശതമാനം വീതം കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ റിബേറ്റ് നൽകിവന്നിരുന്നു.  എന്നാൽ, കേന്ദ്രത്തിന്റെ 10 ശതമാനം നിർത്തി. ഇത്  ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, അന്നത്തെ എൽഡിഎഫ് സർക്കാരും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമും മുൻകൈ എടുത്ത് കേന്ദ്രം നിർത്തിയ 10 ശതമാനം റിബേറ്റുകൂടി ചേർത്ത് 20 ശതമാനമാക്കി നിലനിർത്തി. മാത്രമല്ല ഒരു ഘട്ടത്തിൽ വർഷത്തിൽ 101 ദിവസംവരെ റിബേറ്റ് നൽകിയിരുന്നു. എന്നാൽ, മുൻ യുഡിഎഫ് സർക്കാർ അത് പടിപടിയായി 35 ദിവസമായി കുറച്ചു. 2016ൽ എൽഡിഎഫ് സർക്കാരാണ് ഇത് 57 ദിവസമാക്കിയത്. ഇതാണ് ഇപ്പോഴും നിലനിൽക്കുന്നത്. സംഘങ്ങളെ ഉൽപ്പാദനമേഖലയിൽ ഒരു പരിധിവരെ സഹായിക്കുന്ന യാൺബാങ്കിന്റെ ഭരണച്ചെലവിന്‌ വാർഷിക വിറ്റുവരവിന്റെ 2.5 ശതമാനം ഡിപ്പോ ഓപ്പറേഷൻ ചാർജായി നൽകിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇത് 15,000 രൂപയായി നിശ്ചയിച്ചത് യാൺബാങ്കിന്റെ പ്രവർത്തനത്തെ ബാധിച്ചു. സഹായം  2.5 ശതമാനമായി നൽകാൻ കേന്ദ്രം തയ്യാറാകണം. 

കൈത്തറി സഹകരണ സ്ഥാപനങ്ങളെ സഹായിച്ച മറ്റൊരു കേന്ദ്രപദ്ധതിയായിരുന്നു മാർക്കറ്റ് ഇൻസെന്റീവ്. വിറ്റുവരവിന്റെ 10 ശതമാനമാണ് നൽകിയിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ 30 ലക്ഷം രൂപയ്‌ക്കു മുകളിൽ വിറ്റുവരവുള്ള സംഘങ്ങൾക്ക് ഇൻസെന്റീവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ തീരുമാനം പിൻവലിച്ച് മുമ്പ്‌ നൽകിയത്‌ പുനഃസ്ഥാപിക്കണം. കേന്ദ്ര നിയന്ത്രണത്തിലുള്ള നൂൽ ഉൽപ്പാദനസ്ഥാപനങ്ങളായ എൻടിസി മില്ലുകൾ കേരളത്തിലെ കൈത്തറി മേഖലയെ ഒരു പരിധിവരെ സഹായിച്ചിരുന്നു.  രാജ്യത്ത് 23 എൻടിസി മില്ലുകൾ പ്രവർത്തിച്ചിരുന്നു. കേന്ദ്രം ഈ മില്ലുകൾ  അടച്ചുപൂട്ടിയത് നൂൽക്ഷാമവും അതുവഴി നൂൽ വിലക്കയറ്റവും സൃഷ്ടിച്ചിരിക്കുകയാണ്.  ഈ മില്ലുകൾ തുറന്നുപ്രവർത്തിച്ച് നൂൽ ലഭ്യമാക്കണം.

എൻഎച്ച്ഡിസിയുടെ കണ്ണൂരിൽ പ്രവർത്തിച്ചിരുന്ന റീജണൽ ഓഫീസ്  മുന്നറിയിപ്പില്ലാതെ ബംഗളൂരുവിലേക്ക് മാറ്റിയത്  ബാധിച്ചിട്ടുണ്ട്.  സ്കൂൾ യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക്, കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധംമൂലം, കൂലി യഥാസമയം കൊടുക്കാൻ കഴിയാത്തത് കനത്ത തിരിച്ചടിയായി.  മുകളിൽ സൂചിപ്പിച്ച എല്ലാ വിഷയങ്ങളിലും അനുകൂലനയം സ്വീകരിച്ച്‌ കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയുടെ പുരോഗതിക്കായുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തരമായി കൈക്കൊള്ളണം.

(കേരള സംസ്ഥാന കൈത്തറി കൗൺസിൽ 
(സിഐടിയു) ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top