22 December Sunday

അവൾക്കൊപ്പം ശബ്ദമാകുക

ഗായത്രി വർഷUpdated: Tuesday Aug 27, 2024

 

‘കൂടെയുണ്ടാകും’– മലയാള സിനിമ എന്ന തൊഴിലിടത്തിൽ തങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളും അനീതിയും തുറന്നുപറയാൻ ഓരോ സ്ത്രീയും മുന്നോട്ട്‌ വരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഈ ഉറപ്പ്‌ എത്രത്തോളം വലുതാണെന്ന്‌ ഓരോ അതിജീവിതയുടെയും വാക്കുകളിൽ വ്യക്തം. സിനിമാമേഖലയിലെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചതും സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടാണ്‌. കുറ്റക്കാർ ഏത്‌ ഉന്നതനായാലും അവർക്കെതിരെ അന്വേഷണം നടത്തി നടപടിയുണ്ടാകും എന്ന്‌ കേരളത്തിലെ സ്ത്രീസമൂഹത്തിന്‌ സർക്കാർ നൽകിയ ഉറപ്പിന്റെ ഭാഗമാണത്‌. വരാനിരിക്കുന്ന ഒരുപാട്‌ തുറന്നുപറച്ചിലുകൾക്ക്‌ കൂടുതൽ കരുത്തേകുന്ന തീരുമാനം. ഒരു തൊഴിലിടം എന്ന നിലയിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു മേഖലയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിന്റെ ആദ്യപടികൂടിയാണിത്‌. സ്ത്രീയെ വ്യക്തിയായി പരിഗണിക്കാത്ത സിനിമയിൽ ആവശ്യമുള്ള കേവലം വസ്‌തു എന്ന നിലയിൽ കാണുന്ന പ്രവണത സിനിമാമേഖലയിൽ അതേതു ഭാഷയിലുമുള്ളതാണ്‌. മലയാള സിനിമയിൽ ഒരു സ്ത്രീയുടെ, അതിജീവിതയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നിന്ന, അവളുടെ പോരാടാനുള്ള തീരുമാനത്തിന്‌ സർക്കാർ നൽകിയ പിന്തുണയാണ്‌ ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും സിനിമയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാനും വഴിയൊരുക്കിയത്‌.

അഭിനയത്തിൽ മാത്രമല്ല, സിനിമയിലെ എല്ലാമേഖലയിലും സ്ത്രീവിരുദ്ധത പ്രകടം‌. സാങ്കേതികതലങ്ങളിലും പ്രൊഡക്‌ഷൻ മേഖലകളിലും സ്ത്രീകൾക്ക്‌ അവസരങ്ങളില്ല. അവസരങ്ങൾ ഇല്ലാതാകുന്നതോടെ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നു. അധികാരങ്ങൾ പുരുഷന്മാരടങ്ങുന്ന ‘പവർഗ്രൂപ്പു’കളുടെ കൈയിലാകുന്നു. അതോടെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദങ്ങൾ അടിച്ചമർത്തപ്പെടും. പ്രാതിനിധ്യം ഇല്ലാതാക്കുന്നതിലൂടെയാണ്‌ സ്ത്രീവിരുദ്ധമായ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌. അതിനാൽത്തന്നെയാണ്‌ സ്ത്രീകൾക്കുവേണ്ടി സംസാരിക്കാൻ ഡബ്ല്യുസിസിപോലുള്ള സംഘടനകൾ രൂപീകരിക്കേണ്ടി വന്നത്‌. പുരുഷനെപ്പോലെതന്നെ സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയെത്തുന്ന സ്ത്രീകളെ അവരുടെ കഴിവിനെ അളക്കാതെ വിട്ടുവീഴ്ചകൾക്ക്‌ ക്ഷണിക്കുകയാണ്‌. കഴിവുള്ളവർക്ക്‌ അവസരം ലഭിക്കും, നോ പറഞ്ഞാൽ പോരെ എന്ന്‌ ചോദിക്കുന്നവർക്ക്‌, മലയാള സിനിമയിൽ ഇന്ന്‌ കഴിവുതെളിയിച്ച ഏതെങ്കിലും നടന്‌, സംവിധായകന്‌ തങ്ങളുടെ തുടക്കകാലത്തിൽ ഇത്തരത്തിൽ ഒരനുഭവം പറയാനാകുമോ. അവരെല്ലാവരും ആദ്യ സിനിമയിൽത്തന്നെ കഴിവ്‌ തെളിയിച്ചെത്തിയവരാണോ. ഒരു സ്ത്രീക്ക്‌ സിനിമപോലുള്ള മേഖലയിലേക്ക്‌ കടന്നുവരണമെങ്കിൽ സിനിമയ്ക്കു പുറത്തും ഒട്ടേറെ പടവെട്ടേണ്ടതുണ്ട്‌. എല്ലാ പ്രാരബ‍്ധങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌, കഴിവിൽ വിശ്വസിച്ച്‌ ആഗ്രഹത്തിനു പിറകെ എത്തുന്ന സ്ത്രീകളോടാണ്‌ ഈ ചോദ്യങ്ങളെന്നോർക്കണം. ഇത്തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാലോ പിന്നെ അവളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും അധിക്ഷേപിക്കലാണ്‌. സിനിമ എന്ന ഭാവനയുടെയും കാൽപ്പനികതയുടെയും ലോകം സ്ത്രീകൾക്കുകൂടി മനോഹരമായി തോന്നണം. സിനിമാമേഖല സ്വപ്നം കണ്ടെത്തുന്ന ഒരു പെൺകുട്ടിക്കും  ഇത്തരമൊരു അനുഭവമുണ്ടാകരുത്‌. ഇത്‌ ഒരു സംവിധാനത്തിനെതിരെ, കാലങ്ങളായി തുടർന്നുവരുന്ന മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ്‌. ഏതെങ്കിലും വ്യക്തികൾക്കെതിരെയുള്ളതല്ല.

മാർക്കറ്റ്‌ വാല്യൂ ഒരിക്കലും ഒരാളുടെ അധ്വാനത്തെ തള്ളിക്കളയാനുള്ള വാദമല്ല. അധ്വാനത്തിനനുസരിച്ചുള്ള കൂലി, അത്‌ അവകാശമാണ്‌.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിനുമുമ്പേതന്നെ സിനിമാമേഖലയിൽ നമുക്ക്‌ കൃത്യതയും വ്യക്തതയുമുള്ള നയരൂപീകരണം ആവശ്യമാണെന്ന്‌ പലപ്പോഴായി പറഞ്ഞിട്ടുണ്ട്‌. ഇതുവരെ, സിനിമയെ അതിന്റെ സാങ്കേതികതലത്തിൽ ഒരു വ്യവസായ–- തൊഴിൽ മേഖലയായി നാം പൂർണമായും പരിഗണിച്ചിട്ടില്ല. സിനിമാ വ്യവസായവും മറ്റേതു തൊഴിൽ മേഖലയെയുംപോലെ തൊഴിലാളി– തൊഴിലുടമ വർഗ വ്യത്യാസത്തിൽ ചുറ്റിപ്പറ്റിയാണ്‌ നിലനിൽക്കുന്നത്‌. അതിനാൽത്തന്നെ വർഗവ്യത്യാസത്തിനെതിരെയുള്ള സംഘർഷവും അവകാശപ്പോരാട്ടവും ഇവിടെയും ഉണ്ടാകും. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സിനിമാ മേഖലയെ ഇത്തരത്തിലാണ്‌ സമീപിച്ചിരിക്കുന്നത്‌. ഇത്‌ തൊഴിൽമേഖലയിലെ അനീതികളെ ചൂണ്ടിക്കാണിച്ച, അതിനെതിരെ പോരാടാൻ അവസരം ഒരുക്കിയ റിപ്പോർട്ടുകൂടിയാണ്‌. ഈ വർഗവ്യത്യാസംതന്നെയാണ്‌ സ്ത്രീകൾക്ക്‌ നൽകുന്ന കുറഞ്ഞ വേതനത്തിലും കാണാവുന്നത്‌. വേതന വ്യവസ്ഥയിലും നയരൂപീകരണം നടപ്പാക്കണം. മാർക്കറ്റ്‌ വാല്യൂ ഒരിക്കലും ഒരാളുടെ അധ്വാനത്തെ തള്ളിക്കളയാനുള്ള വാദമല്ല. അധ്വാനത്തിനനുസരിച്ചുള്ള കൂലി, അത്‌ അവകാശമാണ്‌. ഇതിനായി സിനിമയിലെ വ്യത്യസ്ത ജോലികൾ പ്രത്യേകം പരിഗണിക്കുകയും ഒരു പ്രത്യേക തൊഴിൽചട്ടക്കൂടിനുള്ളിൽ തുല്യ വേതന വ്യവസ്ഥ നടപ്പാക്കുകയും വേണം. ഇപ്പോഴുള്ള പ്രവണത മൊത്തം സിനിമയ്ക്ക്‌ ചെലവാകുന്ന തുകയുടെ ഭൂരിഭാഗവും സൂപ്പർതാരങ്ങളുടെ പ്രതിഫലമായി നൽകുകയാണ്‌. ഉദാഹരണത്തിന്‌ 10 കോടി രൂപയിൽ (മൊത്തം പ്രോജക്ട്‌ ചെലവ്), എട്ടു കോടി രൂപ നായകന് ലഭിക്കുന്നു. ഇത്തരത്തിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ,  ടെക്നീഷ്യന്മാരുടെ പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ നടത്തുകയാണ്‌. കാലോചിതമായി മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്‌. സിനിമാമേഖലയിലെ തലതൊട്ടപ്പന്മാരെന്നു കരുതുന്നവർക്കു മുകളിൽ പുതുനിര ചെറിയ ചെലവിൽ പുതിയ കലാകാരന്മാർക്ക്‌ അവസരം നൽകി സിനിമകൾ നിർമിക്കുന്നു. അവ തിയറ്ററുകളിൽ വലിയ വിജയം നേടുന്നുണ്ട്‌. ഇതും നാം കാണണം.

ഒരു മേഖലയും ആരുടെയും കുത്തകയല്ല. കഴിവുള്ളവർക്ക്‌ അവസരം ലഭിക്കേണ്ടത്‌ അവരുടെ അവകാശമാണ്‌. ‘നീ ഒരു പെണ്ണാണ്‌’ എന്ന സിനിമാ ഡയലോഗിൽ ഒതുക്കാമെന്നു കരുതുന്നത്‌ ചിലരുടെ വിഡ്ഢിത്തമാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്‌ ഒട്ടേറെ സ്ത്രീകൾ വരുന്നുണ്ട്‌. സിനിമയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക്‌ സംവരണംപോലുള്ള അവസരങ്ങൾ നൽകിയാൽ ഇനിയും കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക്‌ വരും, അത്‌ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക്‌ കൂടുതൽ കരുത്തുനൽകുകയും ചെയ്യും. അല്ലാതെ ഒരു പവർഗ്രൂപ്പിനെ ഇല്ലാതാക്കിയതുകൊണ്ട്‌  മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നില്ല. 15 പേർ പോയാൽ അടുത്ത 15 പേർ അവർക്കു പകരം വരും. താഴേത്തട്ടിൽനിന്നാണ്‌ മാറ്റങ്ങൾ ആരംഭിക്കേണ്ടത്‌. സിനിമയിൽ എന്നല്ല ഏതു തൊഴിലിടത്തിലും ഭയമില്ലാതെ ആർക്കും ജോലിചെയ്യാനാകണം. ഹേമ കമ്മിറ്റി രൂപീകരിച്ചതിലൂടെയും അന്വേഷക സംഘത്തെ നിയോഗിച്ചതിലൂടെയും ശുപാർശകൾ നടപ്പാക്കുന്നതിലൂടെയും സർക്കാർ ഇത്തരത്തിൽ ഒരു ഉടച്ചുവാർക്കലിനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. സിനിമാമേഖലയിലെന്നല്ല എവിടെയും തൊഴിലിടങ്ങൾ സ്ത്രീകളുടേതുകൂടിയാകണം. അതിനാണീ പോരാട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top