1966ലാണ് ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ ‘വിചാരധാര’ ഗോൾവാൾക്കർ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഘപരിവാറിന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയാണ് ഇതിൽ ഗോൾവാൾക്കർ. സംഘപരിവാറിന്റെ അടിസ്ഥാന കാഴ്‌ചപ്പാടുകൾ അവതരിപ്പിച്ച വ്യക്തിയെന്നനിലയിൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദി സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. ആ ആഘോഷ പരിപാടിയിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംബന്ധിച്ചത്. കോടതിവിധികളെ മറികടന്ന് ഗവർണർ നിയമിച്ച സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദാകട്ടെ ഗോൾവാൾക്കറിന്റെ ഫോട്ടോയെ പ്രണമിച്ചതിനു ശേഷമാണ് ചുമതലയേറ്റെടുക്കാൻ പോയത്. ഈയൊരു സാഹചര്യത്തിൽ ഗോൾവാൾക്കറുടെ അപകടകരമായ ചിന്താധാരകൾ എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
‘വിചാരധാര’ തുടക്കത്തിലേ ഓർമപ്പെടുത്തുന്നത് സമത്വമെന്ന ആശയം ലോകത്ത് നടപ്പാക്കാനാകില്ല എന്നാണ്. ഗോൾവാൾക്കർ ഇങ്ങനെ പറയുന്നു ‘‘അസാമ്യത–- വിഷമാവസ്ഥ പ്രകൃതിയുടെ ഒഴിച്ചുകൂടാനാകാത്ത സ്വഭാവമാണ്. നാം അതോടൊപ്പം ജീവിച്ചേ പറ്റൂ''. അതായത് സമത്വം എന്ന ആശയം അപ്രായോഗികമാണെന്നർഥം. മാത്രമല്ല ദാരിദ്ര്യാവസ്ഥ ദൈവസൃഷ്ടിയാണെന്നും ദൈവത്തെ സേവിക്കാനുള്ള അവസരം നൽകാനാണ് ദരിദ്രരെ സൃഷ്ടിച്ചതെന്നും ഗോൾവാൾക്കർ രേഖപ്പെടുത്തുന്നു. അസമത്വം മാറ്റാനാകാത്തതാണെന്ന മുതലാളിത്ത തത്വശാസ്ത്രം തന്നെയാണ് സംഘപരിവാറിന്റെ അടിസ്ഥാന നിലപാടെന്നർഥം. കോർപറേറ്റ് നയങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെ.
ദാരിദ്ര്യാവസ്ഥയെ ന്യായീകരിച്ചശേഷം ജനാധിപത്യമെന്ന സംവിധാനവും അശാസ്ത്രീയമാണെന്ന് തുടർന്ന് ഗോൾവാൾക്കർ പറയുന്നുണ്ട്. ‘‘ജനാധിപത്യവ്യവസ്ഥ ആത്മപ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങൾ വളർത്തുന്നു. അവ മനുഷ്യമനസ്സിന്റെ ശാന്തിയെയും പരിശുദ്ധിയെയും വിഷമയമാക്കുകയും വ്യക്തിയും സമാജവും തമ്മിലുള്ള സ്വരച്ചേർച്ച താറുമാറാക്കുകയും ചെയ്യുന്നു''. ജനാധിപത്യത്തെ ഇങ്ങനെ വിമർശിച്ചശേഷം രാജവാഴ്ചയും ചാതുർവർണ്യ വ്യവസ്ഥയുമാണ് മികച്ചതെന്നും വ്യക്തമാക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിനെതിരെയുള്ള സംഘപരിവാറിന്റെ നിലപാടുകളുടെ അടിത്തറ ഇതാണെന്ന് വ്യക്തം.
ചാതുർവർണ്യ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന ആശയതലവും വിചാരധാര മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്രാഹ്മണർ വിരാട് പുരുഷന്റെ തലയാണെന്നും ക്ഷത്രിയൻ കൈകളാണെന്നും വൈശ്യർ ഊരുക്കളാണെന്നും ശൂദ്രൻ പാദങ്ങളാണെന്നും പറയുന്നു. ഇത് വിശദീകരിക്കുമ്പോൾ പട്ടികജാതി–- പട്ടികവർഗക്കാരെ മനുഷ്യരുടെ ഗണത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ലെന്നും കാണാം.
ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കൾ ആരെന്ന് വിചാരധാരയുടെ 19, 20, 21 അധ്യായങ്ങളിലാണ് പറയുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഈ ഗണത്തിലുള്ളത്. ഇവരെ രാജ്യത്തുനിന്ന് പുറത്താക്കേണ്ടതിന്റെ ആവശ്യകത വ്യത്യസ്‌ത അധ്യായങ്ങളിലായി വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസ്തവരാൽ നശിപ്പിക്കപ്പെട്ടെന്നും അതിലൊന്നാണ് ശബരിമലയെന്നും പറയുന്നു. ഗോൾവാൾക്കറുടെ ജന്മശതാബ്ദി പരിപാടിയിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവാണ് മതനിരപേക്ഷതയെക്കുറിച്ച് പറയുന്നതും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകളെ വിമർശിക്കുന്നതും എന്ന് ഓർക്കേണ്ടതുണ്ട്.
വിചാരധാരയുടെ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസരംഗം അടിമുടി മാറ്റേണ്ടതുണ്ടെന്നും ഗോൾവാൾക്കർ നിർദേശിക്കുന്നു. 25–-ാം അധ്യായം ഇതിന്റെ ഭാഗമായി അധ്യാപകർക്കുള്ള ആഹ്വാനമാണ്. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമത്രേ. അതായത് ആന്തരിക ഭീഷണികളായ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തുനിന്ന് പുറന്തള്ളണമെന്നുണ്ടെങ്കിൽ പാഠപുസ്തകത്തിൽ അത്തരം ആശയങ്ങൾ കുത്തിനിറയ്‌ക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗോൾവാൾക്കർ ഓർമപ്പെടുത്തുന്നത്. കാവിവൽക്കരണത്തിന്റെ രാഷ്ട്രീയം ഇവിടെയാണ് അനാവരണം ചെയ്യപ്പെടുന്നത്. വിദ്യാർഥികൾ രാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടരുതെന്നും വിചാരധാര പറയുന്നുണ്ട്.
40–-ാം അധ്യായത്തിലെ ‘നാമും നമ്മുടെ വിദ്യാർഥികളു'മെന്ന ഭാഗത്ത് കൂടുതൽ വിശകലനങ്ങളുണ്ട്. വിചാരധാരയിലെ ചരിത്രവീക്ഷണം ഇന്ത്യയെ ഭിന്നിപ്പിക്കാൻ സാമ്രാജ്യത്വം അവതരിപ്പിച്ചതുതന്നെയാണ്. പ്രാചീനചരിത്രത്തെ ഹിന്ദുകാലഘട്ടമെന്നും മധ്യകാലത്തെ ഇസ്ലാം കാലഘട്ടമെന്നും ആധുനികകാലത്തെ ബ്രിട്ടീഷ് കാലഘട്ടമെന്നുമുള്ള വിഭജനമാണ് വിചാരധാരയിലുമുള്ളത്. ഇന്ത്യയിലെ ജനതയെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ച കൊളോണിയൽ ചരിത്രപാഠമാണ് ആർഎസ്എസിന്റെ ചരിത്രദർശനമെന്നർഥം. ബ്രിട്ടീഷുകാർ സാമ്രാജ്യത്വ ആധിപത്യത്തെ സംരക്ഷിക്കുന്നതിന്ന് വർഗീയതയെ ഇളക്കിവിടാൻ ഇതുപയോഗപ്പെടുത്തി. സംഘപരിവാറിന്റെ ഇടപെടലാകട്ടെ വർത്തമാനകാലത്ത് ആഗോളവൽക്കരണ നയങ്ങൾക്കെതിരായുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടാണ് ഇന്ത്യ ഭരിക്കുന്നത് ഹിന്ദുത്വ–- കോർപറേറ്റ് കൂട്ടുകെട്ടാണെന്ന് പറയുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കി വർഗീയ അജൻഡ സ്ഥാപിച്ചെടുത്ത് സമൂഹത്തെ വിഭജിക്കുകയെന്നതാണ് വിദ്യാഭ്യാസമേഖലയിലെ സംഘപരിവാർ ലക്ഷ്യം. മറ്റെല്ലാ മേഖലയിലുമെന്നപോലെ സംഘപരിവാറിന്റെ ഈ കാഴ്ചപ്പാടുകൾക്ക് ബദലുയർത്തിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളീയ സമൂഹത്തിലെ അതിദാരിദ്ര്യമുൾപ്പെടെ പരിഹരിച്ചുകൊണ്ടുള്ള ഇടപെടൽ അതിന്റെ ഭാഗമാണ്. ഇത്തരം നേട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ നമ്മുടെ വരുമാനം ഇനിയും വർധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം നിലനിൽക്കുന്ന ഘട്ടത്തിൽ. അതിനായി നാടിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ നാടിന്റെ സമ്പത്ത് വർധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്‌ത് ജനജീവിതം മെച്ചപ്പെടുത്താനാണ് എൽഡിഎഫ് പരിശ്രമിക്കുന്നത്.
ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കണമെങ്കിൽ പരമ്പരാഗത– -ആധുനിക അറിവുകളെ കൂട്ടിയിണക്കിയുള്ള വൈജ്ഞാനിക കാഴ്ചപ്പാടുകൾ വികസിക്കേണ്ടതുണ്ട്. അതിനായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആധുനികവൽക്കരിക്കുകയും വൈജ്ഞാനിക ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങളായി മാറ്റേണ്ടതുമുണ്ട്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയെന്നത് പ്രധാനപ്പെട്ട കടമയായി എൽഡിഎഫ് സർക്കാർ കണ്ടിട്ടുള്ളത്. ആ ഇടപെടലിന്റെ ഭാഗമായി വലിയ നേട്ടങ്ങൾ ഉണ്ടായി. കേരളത്തിന്റെ സർവകലാശാലകളെല്ലാം ഉന്നതമായ നിലവാരത്തിലേക്ക് മുന്നേറുകയാണ്. ഇന്ത്യയിലെ മികച്ച 100 കോളേജുകളിൽ 16 എണ്ണവുമായി കേരളം മുന്നിലാണ്. കേരളത്തിലെ സർവകലാശാലകൾ മികച്ച ഗ്രേഡിങ്ങുകളിലേക്ക് എത്തി. പുതിയ വിജ്ഞാനം സംഭാവന ചെയ്യുന്നതിന് ഗവേഷണമേഖലയിലും സജീവമായ ഇടപെടൽ സർക്കാർ നടത്തുകയാണ്.
നവകേരള വികസനക്കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ വൈജ്ഞാനിക സമൂഹസൃഷ്ടിക്ക് പര്യാപ്തമാക്കുന്നവിധം മാറ്റിത്തീർക്കാനാണ് എൽഡിഎഫ് സർക്കാർ പരിശ്രമിക്കുന്നത്. എന്നാൽ, അതിനെ തകർത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള കാവിവൽക്കരണ അജൻഡയാണ് സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്നത്. ലോകത്ത് ഗവേഷണത്തിനായി ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1.8 ശതമാനമാണ് നീക്കിവയ്ക്കുന്നത്. എന്നാൽ, ഇന്ത്യയിലാകട്ടെ 0.7 ശതമാനമാണ്. അതിൽത്തന്നെ വലിയശതമാനം ചാണക ഗവേഷണമുൾപ്പെടെയുള്ള അശാസ്ത്രീയമായ കാര്യങ്ങൾക്കാണ്.
സംസ്ഥാന സർക്കാരാകട്ടെ ബജറ്റിൽ 3500 കോടി രൂപയാണ് പ്രത്യേക റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫണ്ടായി വകയിരുത്തിയിട്ടുള്ളത്. വിവിധ മേഖലയിൽ നൽകേണ്ട തുകയെത്ര, ഓരോ മേഖലയും അതീവ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഗവേഷണങ്ങൾ ഏതൊക്കെ എന്നിവയെല്ലാം ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. അതിനായി ഗവേഷണങ്ങൾ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യപ്പെടുന്നതിന് ട്രാൻസ്‌ലേഷണൽ റിസർച്ച് ലാബുകൾക്കും സർക്കാർ രൂപം നൽകി. 10 സർവകലാശാലയിലായി 100 കോടി മുതൽമുടക്കിൽ അവ സജ്ജമാകുകയാണ്. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന് മികവിന്റെ 30 കേന്ദ്രം വികസിപ്പിക്കുന്നു. അതിൽ 10 എണ്ണം പ്രവർത്തനമാരംഭിച്ചു. ശാസ്ത്രഗവേഷണങ്ങൾ ഹരിതാഭമായ ഒരു ലോകം ലക്ഷ്യംവയ്‌ക്കേണ്ടതാണെന്ന കാഴ്ചപ്പാടും സർക്കാരിനുണ്ട്. പരിസ്ഥിതി സൗഹാർദപരമായ വികസനക്കാഴ്ചപ്പാട് എന്ന സമീപനമാണ് ഇതിൽ നിറഞ്ഞുനിൽക്കുന്നത്.
മതനിരപേക്ഷത സംരക്ഷിക്കുന്നതിനും നാടിന്റെ പുരോഗതിക്കും ഇണങ്ങുന്ന വിദ്യാഭ്യാസ ക്രമമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അതിനെ തകർക്കുകയെന്നതാണ് കാവിവൽക്കരണ രാഷ്ട്രീയം. ഇതിനെ പിന്തുണയ്ക്കുന്നതാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിക്കുന്ന നയസമീപനം. കാവിവൽക്കരണ അജൻഡയുടെ ഭാഗമായി സർക്കാരിന്റെ നിർദേശങ്ങളെ മറികടന്ന് സർവകലാശാലകളിൽ കാവിക്കാരെ വിവിധ രൂപത്തിൽ കടത്തിവിടുമ്പോൾ അതിന് തപ്പുകൊട്ടുന്നവരായി മാറുകയാണ് കേരളത്തിലെ യുഡിഎഫ്. മഹാവിപ്ലവകാരികളാണെന്ന് സ്വയം അഭിമാനിക്കുന്ന സേവ് സംഘങ്ങളും ഇവർക്കൊപ്പം കൂട്ടായുണ്ട്.
സംഘപരിവാറിന്റെ വർഗീയവൽക്കരണത്തിന് തപ്പുകൊട്ടുന്നതിന് പ്രതിഫലമായി ചില സ്ഥാനങ്ങൾ സർവകലാശാലകളിൽ വലതുപക്ഷത്തിന് ലഭിക്കുന്നുണ്ട്. അത് രണ്ട് കൈ നീട്ടിയും സ്വീകരിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ബദൽനയങ്ങളെ പ്രതിരോധിക്കാനാണ് വലതുപക്ഷവും സ്വയം വിപ്ലവകാരികളെന്ന് അഭിമാനിക്കുന്നവരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് വൈജ്ഞാനിക സമൂഹസൃഷ്ടിക്കും മതനിരപേക്ഷ വിദ്യാഭ്യാസ ക്രമത്തിനുംവേണ്ടി എൽഡിഎഫ് സർക്കാർ നടത്തുന്ന ഇടപെടലുകളെ പിന്തുണയ്ക്കേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..