17 September Tuesday

ഹിൻഡൻബർഗ് റിപ്പോർട്ട്‌ ; കള്ളൻ ‘സെബി’യിൽത്തന്നെ

ജോർജ് ജോസഫ്Updated: Tuesday Aug 13, 2024

കള്ളൻ കപ്പലിൽത്തന്നെ, കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിക്കുക തുടങ്ങിയ മലയാളഭാഷയിലെ പ്രയോഗങ്ങൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കാൻ കഴിയാത്ത അധ്യാപകർക്ക് ഇനി കൃത്യമായ ഉദാഹരണത്തിന്റെ സഹായത്തോടെ  കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാം. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി )  ചെയർപേഴ്സൺ സ്ഥാനത്ത് ഇരുന്ന് നിഴൽക്കമ്പനികളിൽ നിക്ഷേപം നടത്തി നേട്ടം കൊയ്ത മാധബി പുരി ബുച്ച് എന്ന വനിതയുടെ കഥ പറഞ്ഞുകൊടുത്താൽ മതിയാകും. കാരണം,  മേൽപ്പറഞ്ഞ ഭാഷാപ്രയോഗങ്ങൾ വിശദമാക്കാൻ  ഇതിൽപ്പരം മികച്ച ഉദാഹരണം നിരത്താൻ കഴിയില്ല.

കോടിക്കണക്കിനു ചെറുകിട, ഇടത്തരം നിക്ഷേപകർ പങ്കാളികളായിട്ടുള്ള ലോകത്തെ ഏറ്റവും വിപുലമായ ഓഹരിവിപണികളിലൊന്നാണ് ഇന്ത്യയിലേത്. ഏതാണ്ട് 1.18 ലക്ഷം കോടി രൂപയുടെ പ്രതിദിന വിറ്റുവരവുള്ള ഒരു മാർക്കറ്റാണ് അത്. അത്തരത്തിലുള്ള ഒരു വിപണിയെ സുതാര്യമായും  നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും നിയന്ത്രിക്കുക എന്ന ചുമതലയാണ് സെബിയിൽ നിക്ഷിപ്തമായിട്ടുള്ളത്. 2015ൽ ഫോർവേഡ് മാർക്കറ്റ്സ് കമീഷൻ സെബിയിൽ ലയിപ്പിച്ചതോടെ ഉൽപ്പന്ന അവധിവ്യാപാരമേഖലയുടെ നിയന്ത്രണംകൂടി അതിനുണ്ട്. അത്തരമൊരു സ്ഥാപനത്തിന്റെ തലപ്പത്തുള്ള ഒരു വ്യക്തിതന്നെ വിദേശത്തുനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന നിഴൽക്കമ്പനിയിൽ കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന അതീവ ഗുരുതരമായ കണ്ടെത്തലാണ് ഹിൻഡൻബർഗ് റിസർച്ച് എന്ന സ്ഥാപനം നടത്തിയിരിക്കുന്നത്. ഓഹരിമൂല്യം കൃത്രിമമായി പെരുപ്പിച്ചു കാണിച്ച് അദാനി ഗ്രൂപ്പ് വൻ നേട്ടം കൊയ്യുന്നതായും ഇത്തരം നിയമവിരുദ്ധമായ ഇടപാടുകൾക്കുവേണ്ടി ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനിയുടെ നേതൃത്വത്തിൽ മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 38  ഷെൽകമ്പനികൾ വഴി ഇടപാടുകൾ നടത്തിയതായുള്ള 2023 ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുഎഇ, സൈപ്രസ്, സിംഗപ്പുർ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം നിഴൽക്കമ്പനികൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സുപ്രീംകോടതി നിർദേശത്തെതുടർന്ന് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ സെബി പറഞ്ഞത് അദാനി ഗ്രൂപ്പിനെതിരെ തെറ്റായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്. സുപ്രീംകോടതി നിർദേശിച്ച 24 കാര്യങ്ങളിൽ 23 എണ്ണത്തിലും അന്വേഷണം പൂർത്തിയായതായും ഒരെണ്ണത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നുമാണ് സെബി പറയുന്നത്. അദാനി ഗ്രൂപ്പുമായി മാധബി പുരിക്കും ഭർത്താവ് ധവാൽ ബുച്ചിനുമുള്ള അവിഹിതമായ ബന്ധംമൂലമാണ് ഇപ്രകാരമൊരു റിപ്പോർട്ട് ഉണ്ടായതെന്ന ആരോപണംകൂടി ഹിൻഡൻബർഗ് ഉന്നയിക്കുന്നുണ്ട്. 

ഓഹരി വിപണിയിൽ സാധാരണ നിക്ഷേപകർക്കും ബ്രോക്കിങ് സ്ഥാപനങ്ങൾക്കുംമേൽ പല രീതിയിലുള്ള കർക്കശമായ നിയന്ത്രണങ്ങൾ നിരന്തരം ഏർപ്പെടുത്തുന്ന റെഗുലേറ്റർതന്നെ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. നിക്ഷേപകർക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദേശ നിർദേശങ്ങൾ നൽകുന്നതിന് ബ്രോക്കർമാർക്കും പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനികൾക്കും ഇതര നിക്ഷേപ സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണ് സെബി ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ മേധാവികളോ അതിലെ ജീവനക്കാരോ നേരിട്ട് വിപണിയിൽ ഇടപാടുകൾ നടത്തുന്നതിന് വിലക്കുണ്ട്. അത് ലംഘിച്ചതായി കണ്ടെത്തിയാൽ വൻ തുക പിഴയായി ഈടാക്കുകയോ പ്രവർത്തനങ്ങൾ വിലക്കുകയോവരെ ചെയ്യുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ബ്രോക്കിങ് കമ്പനികളുമായി ബന്ധപ്പെട്ട ആളുകൾ ഓഹരി നിക്ഷേപം സംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ നൽകുന്നതിനോ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനോപോലും കർശനമായ വിലക്കുകളുണ്ട്. ഇത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഘട്ടത്തിൽ ആ വ്യക്തിക്ക് കമ്പനികളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അയാൾക്ക് അത്തരം കമ്പനികളിൽ നിക്ഷേപം ഇല്ലെന്നുമുള്ള സത്യപ്രസ്താവന നൽകേണ്ട സാഹചര്യവുമുണ്ട്. അത് ലംഘിക്കുന്ന കേസുകളിൽ വൻ തുക പിഴ ഈടാക്കാറുണ്ട്. ഇങ്ങനെ നിസ്സാര കാര്യങ്ങൾക്കുപോലും നിക്ഷേപകരെയും ബ്രോക്കിങ് സ്ഥാപനങ്ങളെയും മറ്റും വരിഞ്ഞുമുറുക്കുന്ന സ്ഥാപനത്തിന്റെ മേധാവിതന്നെയാണ് വലിയ വിവാദത്തിലെ നായികയായി മാറിയിരിക്കുന്നത്. മാധബി പുരിയുടെ നിയമനംപോലും ഗൗതം അദാനിയുടെ  ഇംഗിതത്തിന് അനുസരിച്ചായിരുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.


 

1988ലാണ് സെബി രൂപീകരിക്കുന്നത്. 1992ൽ നരസിംഹം കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പ്രകാരമാണ് അത് ശക്തമായ അധികാരങ്ങളോടുകൂടിയ റെഗുലേറ്ററായി മാറുന്നത്. 1988ൽ ഡോ. എസ് എ ദവെമുതൽ അജയ് ത്യാഗിവരെയുള്ള ചെയർമാൻമാർ കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരായിരുന്നു. 2005 ഫെബ്രുവരിമുതൽ 2008 ഫെബ്രുവരിവരെ മലയാളിയായ എം ദാമോദരൻ സെബിയുടെ ചെയർമാനായിരുന്നു. എന്നാൽ, 2022 ഫെബ്രുവരിയിൽ ആദ്യമായി സ്വകാര്യ കമ്പനികളിൽമാത്രം പ്രവർത്തിച്ചുവന്ന മാധബി പുരി ചെയർപേഴ്സണായി നിയമിക്കപ്പെട്ടു. റിസർവ് ബാങ്കിനെപ്പോലെതന്നെ രാജ്യത്തെ സമ്പദ്ഘടയിൽ നിർണായക പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് രാജ്യത്തെ ഭരണ സംവിധാനങ്ങളോട് നേരിട്ട് ഒരു ഉത്തരവാദിത്വവും കടപ്പാടുമില്ലാത്ത  ഒരാൾ കടന്നുവരികയായിരുന്നു. അതിന്റെ മുന്നോടിയായി 2017ൽ അവരെ സെബിയിൽ മുഴുവൻസമയ ഡയറക്ടറായി നിയമിച്ചു. പിന്നീട് കാര്യങ്ങൾ വളരെ സുഗമമായി. അജയ് ത്യാഗി സ്ഥാനമൊഴിഞ്ഞതോടെ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷിപ്ത താൽപ്പര്യമുള്ള, അദാനിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തി തൽസ്ഥാനത്തേക്ക് വരുന്നത് മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അത്ര അത്ഭുതമുളവാക്കുന്ന ഒരു കാര്യമല്ല.

തങ്ങളുടെ ആദ്യ റിപ്പോർട്ട് പുറത്തുവിട്ടതിനുശേഷം 18 മാസം പിന്നിടുമ്പോഴും അദാനിക്കെതിരായ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കുന്ന കാര്യത്തിൽ സെബി പ്രകടമാക്കിയ താൽപ്പര്യക്കുറവ് ഗൗരവമേറിയ ഒന്നാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. വിനോദ് അദാനി നേതൃത്വം നൽകുന്ന സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഇപ്ലസ് ഫണ്ട് എന്ന കമ്പനിയിൽ മാധബി പുരിയും ഭർത്താവും 2015 മുതൽ നിക്ഷേപകരായിരുന്നു. കൃത്യമായ രേഖകളുടെ പിൻബലമുള്ള ഈ ആരോപണം അനുസരിച്ച് ഒരു കോടി ഡോളറിന്റെ (84 കോടി രൂപ) നിക്ഷേപമാണ് കമ്പനിയിൽ ഇവർക്കുള്ളത്. വരുമാന സ്രോതസ്സായി ശമ്പളം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മാർച്ചിൽ സംയുക്ത ഉടമസ്ഥതയിലുള്ള തങ്ങളുടെ നിക്ഷേപം ധവാൽ ബുച്ചിന്റെമാത്രം ഉടമസ്ഥതയിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്ന കത്തിന്റെ കോപ്പിയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെബിയുടെ ഡയറക്ടറായി നിയമിതയാകുന്നതിന് തൊട്ടുമുമ്പാണ് ഇത്.
ഒരർഥത്തിൽ പരമോന്നത നീതിപീഠത്തെപ്പോലും കബളിപ്പിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടാണ് സെബി സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്നു  കാണാം.

ഹിൻഡൻബർഗിന് നോട്ടീസ് നൽകിയ സെബി ഓഹരി വിലകൾ കൃത്രിമമായി പെരുപ്പിക്കുന്നതിന്റെയും കള്ളപ്പണം വിദേശത്ത് വെളുപ്പിക്കുന്നതിന്റെയും തലവനെന്ന് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്ന വിനോദ് അദാനിക്ക്‌ ഒരു ഇ–- - മെയിൽപോലും അയച്ചിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. ഷെൽ കമ്പനികളിലെ നിക്ഷേപങ്ങളെക്കുറിച്ച് വിവരം ലഭ്യമല്ലെന്ന് സുപ്രീംകോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ സെബി പറയുമ്പോൾ മാധബി പുരിയോട് കണ്ണാടിയെടുത്ത് ഒന്ന് നോക്കിയാൽ നിക്ഷേപകർ ആരെന്ന്‌ മനസ്സിലാക്കാമെന്ന പരിഹാസം സുപ്രീംകോടതിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കണ്ണുണ്ടെങ്കിലും കാണാത്ത ഭരണനേതൃത്വ ത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. ഓഹരി വിപണിയുടെയും സമ്പദ്ഘടനയുടെയും വിശ്വാസ്യതയ്‌ക്ക് അൽപ്പം വില കൽപ്പിക്കുന്നുണ്ടെങ്കിൽ മാധബി പുരിയെപ്പോലെ കളങ്കിതയായ ഒരാൾ ഒരു നിമിഷം ആ സ്ഥാനത്ത് തുടരാൻ പാടില്ല. (മുതിർന്ന സാമ്പത്തികകാര്യ മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top