19 December Thursday
റീഡിംഗ്‌റൂം

ഗാന്ധിയെ തേടി; ഒരു സിനിമയുടെ കഥ - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Tuesday Aug 27, 2024

‘ഗാന്ധി’ സിനിമയുടെ ചിത്രീകരണത്തിനിടെ ബെൻ കിംഗ്‌സ്‌ലിയെ പ്രണമിക്കുന്ന ഗ്രാമീണർ. സംവിധായകൻ റിച്ചാർഡ്‌ അറ്റൻബറോ ഇടതുഭാഗത്ത്‌

 

കലാപബാധിതമായ നവഖാലിയുടെ നടുത്തളത്തിലൂടെ ഏകാകിയായി തന്റെ മുളവടിയൂന്നി നടക്കുന്ന ഗാന്ധിയുടെ ചിത്രത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. ഗാന്ധിയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കുന്ന ഗാന്ധി സിനിമയിലെ രംഗത്തിന്റെ ഫോട്ടോഗ്രാഫിൽ അതവസാനിക്കുന്നു...

 

അറ്റൻബറോയുടെ സിനിമ വന്നതിനുശേഷമാണ്, മഹാത്മാഗാന്ധി ലോകപ്രശസ്തനായതെന്ന ‘വിശ്വഗുരു’വിന്റെ വിടുവായത്തം ഉളവാക്കിയ വാദകോലാഹലങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുന്ന കാലത്താണ് റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധിയെ തേടി (In Search of Gandhi) എന്ന അസാധാരണ ഗ്രന്ഥം എന്റെ കൈയിലെത്തിയത്.

അറ്റൻബറോയുടെ കയ്യൊപ്പോടുകൂടിയ ആ ഗ്രന്ഥത്തിന്റെ കോപ്പി യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന പ്രിയസുഹൃത്ത് മധുവിന്റെ ഗ്രന്ഥശേഖരത്തിലാണ് കാണാനിടയായത്. എഞ്ചിനീയറായ മധു നെഹ്റുവിയൻ സോഷ്യലിസ്റ്റാണ്.

മധുവും, മധുവിന്റെ ജീവിതപങ്കാളിയും ലണ്ടനിലെ നാഷണൽ ഹെൽത്ത് മിഷനിലെ ഡോക്ടറുമായ യമുനയും ഏറെക്കാലമായി ന്യൂകാസിലിലാണ് താമസം. ഗാന്ധിയേയും നെഹ്റുവിനേയും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തേയും കുറിച്ചുള്ള ഒട്ടനവധി ഗ്രന്ഥങ്ങൾ അവരുടെ വസതിയിലെ ഗ്രന്ഥശേഖരത്തിലുണ്ട്.

ഏറ്റവും ഒടുവിലത്തെ യുകെ യാത്രയിൽ ഒരു ദിവസം മധുവിനും യമുനയ്ക്കും ഒപ്പമാണ് ഞാൻ താമസിച്ചത്. ഗാന്ധിയുടെ അപൂർവമായ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുന്ന ഒരു പുസ്തകം മധു എനിക്ക് സമ്മാനമായി തന്നു.  അതിനുപിന്നാലെ ആ ഗ്രന്ഥശേഖരത്തിലൂടെ കണ്ണോടിച്ചപ്പോഴാണ് അറ്റൻബറോയുടെ ഗ്രന്ഥം കൂട്ടത്തിൽ കാണാനിടവന്നത്.

ഒരു പുസ്തകം ഉപഹാരമായി ലഭിച്ചതാണെങ്കിലും, അതു കൂടി ഞാൻ മധുവിനോട് ലജ്ജയില്ലാതെ കടം വാങ്ങി. ആവശ്യക്കാരന് ഔചിത്യമില്ല എന്ന പഴഞ്ചൊല്ല് വെറുതെ പറയാനുള്ളതല്ലല്ലോ!

അത്രയൊന്നും പരിചയം വന്നിട്ടില്ലാത്ത ഒരു പ്രസാധകസ്ഥാപനമാണ്  (The Bodley Head; London/Sydney/Torento) അറ്റൻബറോയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗാന്ധിയും സിനിമയും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് പ്രകാശ് മഗ്‌ദം രചിച്ച 'വെള്ളിത്തിരയുടെ മഹാത്മാവ്' (The Mahatma on Celluloid; A Cinematic Biography)  എന്ന വിശിഷ്ടഗ്രന്ഥത്തിൽ അറ്റൻബറോയുടെ പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു.

എങ്കിലും ഇതുവരെയുള്ള ഗാന്ധിവായനകൾക്കിടയിൽ അത് കയ്യിൽ തടഞ്ഞില്ല. ഇന്ത്യൻ വിപണിയിൽ അത് വ്യാപകമായി പ്രചരിച്ചിട്ടില്ല എന്നു തോന്നുന്നു. അപൂർവവും കൗതുകകരവുമായ വിവരങ്ങളുടെ അത്യന്തം സുതാര്യമായ അവതരണം കൊണ്ട് സമൃദ്ധമാണ് പ്രകാശ്  മഗ്‌ദമിന്റെ ഗ്രന്ഥം.

ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ചുള്ള പരാമർശം അതിൽ കാണാനിടവന്നപ്പോൾ അതേക്കുറിച്ച് കുറച്ചൊന്ന് തിരക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സമയത്ത് അത് കയ്യിലെത്തിയില്ല. അതുകൊണ്ട് മധുവിന്റേയും ഡോ. യമുനയുടെയും വസതിയിലെ ഗ്രന്ഥശേഖരത്തിൽ അത് കാണാനിടവന്നപ്പോൾ വലിയ സന്തോഷം തോന്നി.

ഗാന്ധിയുടെ ജീവിതം ചലച്ചിത്രമാക്കുക എന്ന പരിശ്രമത്തിലേക്ക് താൻ കാലുകുത്തുന്ന വേളയിൽ ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് അറ്റൻബറോ തന്റെ കൃതിയുടെ തുടക്കത്തിലൊരിടത്ത് സാന്ദർഭികമായി പറയുന്നുണ്ട്. ഗാന്ധിയും കെന്നഡിയും. രണ്ടുപേരും വധിക്കപ്പെട്ട ലോകനേതാക്കളായിരുന്നു.

ഗാന്ധിയുടെ ജീവിതം ചലച്ചിത്രമാക്കുക എന്ന പരിശ്രമത്തിലേക്ക് താൻ കാലുകുത്തുന്ന വേളയിൽ ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് അറ്റൻബറോ തന്റെ കൃതിയുടെ തുടക്കത്തിലൊരിടത്ത് സാന്ദർഭികമായി പറയുന്നുണ്ട്. ഗാന്ധിയും കെന്നഡിയും. രണ്ടുപേരും വധിക്കപ്പെട്ട ലോകനേതാക്കളായിരുന്നു.

ജീവിതദർശനത്തിന്റെയോ കോടാനുകോടി മനുഷ്യരെ സാമ്രാജ്യത്വവിരുദ്ധമായ സമരമുഖത്ത് അണിനിരത്തിയ അതുല്യമായ നേതൃപാടവത്തിന്റെയോ അത്യസാധാരണമായ സത്യാന്വേഷണത്തിന്റെയോ തലങ്ങളിൽ ഗാന്ധിയും കെന്നഡിയും തമ്മിൽ താരതമ്യങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. എങ്കിലും 1960‐കളിൽ ലോകത്ത് ഏറ്റവും അധികം അറിയപ്പെട്ട രണ്ടുപേർ അവരായിരുന്നുവെന്ന് അറ്റൻബറോ എഴുതുന്നത് ശ്രദ്ധേയമാണ്.  

മധു ഷൺമുഖൻ, ഡോ. യമുന എന്നിവർക്കൊപ്പം സുനിൽ പി ഇളയിടം

മധു ഷൺമുഖൻ, ഡോ. യമുന എന്നിവർക്കൊപ്പം സുനിൽ പി ഇളയിടം

വ്യവസ്ഥാപിതമായ പുസ്തകസംവിധാനക്രമങ്ങൾ ഏറെയൊന്നും പിൻപറ്റാത്ത ഗ്രന്ഥമാണ് അറ്റൻബറോയുടേത്. ഉള്ളടക്ക സൂചികയോ ആമുഖമോ അധ്യായശീർഷകങ്ങളോ ഇല്ലാത്ത ഒരു ഗ്രന്ഥം. അത് ഒൻപത്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗാന്ധി സിനിമയുടെ നിർമാണചരിത്രത്തിലേക്കെന്നപോലെ അറ്റൻബറോയുടെ ചലച്ചിത്രജീവിതത്തിലേക്കും അതിനു സമാന്തരമായി അന്നത്തെ ഹോളിവുഡ്‐ബ്രിട്ടീഷ് ചലച്ചിത്രലോകത്തിലേക്കും ആ അധ്യായങ്ങൾ തുറന്നുകിടക്കുന്നു.

കലാപബാധിതമായ നവഖാലിയുടെ നടുത്തളത്തിലൂടെ ഏകാകിയായി തന്റെ മുളവടിയൂന്നി നടക്കുന്ന ഗാന്ധിയുടെ ചിത്രത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. ഗാന്ധിയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കുന്ന ഗാന്ധി സിനിമയിലെ രംഗത്തിന്റെ ഫോട്ടോഗ്രാഫിൽ അതവസാനിക്കുന്നു. അസ്തമയചക്രവാളത്തിലെ ചുവപ്പും മഞ്ഞയും പടർന്ന ആകാശച്ചരിവിന്‌ കീഴെ വിശാലമായ ജലപ്പരപ്പിൽ ഒറ്റയ്‌ക്ക് നീങ്ങുന്ന ഒരു ബോട്ടിന്റെ മങ്ങിയ ചിത്രം.

ഗാന്ധിയുടെ ചരിത്രജീവിതത്തിന്റെ വിവിധ ഭാവങ്ങളിലേക്ക് ഈ അവസാനചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകും. ഇതിനിടയിൽ ഗാന്ധി സിനിമയിൽ നിന്നും സിനിമയുടെ നിർമാണവേളയിൽ നിന്നും, ആർക്കൈവ്സിൽ നിന്നുമുള്ള നൂറുകണക്കിന് ചിത്രങ്ങളുടെ വിന്യാസവും. അങ്ങനെ ചരിത്രവും ഭാവനയും കൈകോർത്തുനിൽക്കുന്ന അപൂർവമായ ഒരു ചിത്രശാല കൂടിയായി ഈ ഗ്രന്ഥം മാറിത്തീർന്നിട്ടുണ്ട്.

ചിത്രീകരണസന്ദർഭത്തിലെ കൗതുകങ്ങളും ഇന്ത്യാചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളും ഇടകലർന്നു നിന്ന് ഒരു കാലഘട്ടത്തിന്റെ ദീപ്തമായ ഓർമയിലേക്ക് നമ്മെ കൊണ്ടുപോകാൻ ഈ ദൃശ്യപരമ്പരയ്ക്ക് കഴിയുന്നുണ്ട്. ഗാന്ധി സിനിമയുടെ ചരിത്രത്തിലെന്നപോലെ, ഗാന്ധിയുടെ ജീവിതത്തിൽ തൽപരരായവർക്കും ഈ കൃതി വലിയൊരു അനുഭവമായിത്തീരുന്നതും മറ്റൊന്നുംകൊണ്ടല്ല.


രണ്ട്


ഗാന്ധി സിനിമയുടെ ചരിത്രം ഒരു മനുഷ്യന്റെ  അത്യസാധാരണമായ ജീവിതസമർപ്പണത്തിന്റെ ചരിത്രം കൂടിയാണ്. സിനിമയുമായോ, ഹോളിവുഡിന്റെ വർണശബളമായ അന്തർലോകങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത മോത്തിലാൽ കോത്താരി എന്ന ഉദ്യോഗസ്ഥന്റെ ജീവിതചരിത്രം.

പ്രകാശ് മഗ്ദം

പ്രകാശ് മഗ്ദം

പ്രകാശ് മഗ്‌ദം തന്റെ മനോഹരമായ ഗ്രന്ഥത്തിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്, അറ്റൻബറോ എഴുതിയതിന്റെ പലമടങ്ങ് വിശദാംശങ്ങളോടെ. ഗാന്ധിയുടെ ജീവിതം സിനിമയാക്കാൻ പുറപ്പെടുമ്പോൾ അക്കാലംവരെയുള്ള ജീവിതത്തിനിടയിൽ മോത്തിലാൽ കോത്താരി ഒരു ഫിലിം സ്റ്റുഡിയോ കണ്ടിട്ടുപോലുമില്ലായിരുന്നു. ഒരു ലഘുചിത്രം പോലും നിർമിക്കാൻ പോന്ന സാമ്പത്തികശേഷിയുള്ള ആളുമായിരുന്നില്ല അദ്ദേഹം.

ലണ്ടനിൽ ചെന്ന് റിച്ചാർഡ് അറ്റൻബറോയെ കണ്ട് ഗാന്ധിയുടെ ജീവിതം സിനിമയാക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന സമയത്ത് അറ്റൻബറോ ഒരു ചലച്ചിത്രം പോലും സംവിധാനം ചെയ്തിരുന്നുമില്ല! സ്വന്തം നിലയ്ക്ക് ഒരു മികച്ച നടനും ചില ചിത്രങ്ങളുടെ നിർമാതാവുമായിരുന്നുവെങ്കിലും സംവിധാനകലയുടെ ഉള്ളടരുകളിലേക്ക് അറ്റൻബറോ അന്ന് കാലൂന്നിയിരുന്നില്ല. അത്തരമൊരാളോടാണ് തന്റെ ജീവിതകാലത്തുതന്നെ ഇതിഹാസമാനം കൈവരിച്ച ഗാന്ധിയുടെ ജീവിതം ചലച്ചിത്രമാക്കണമെന്ന് കോത്താരി ആവശ്യപ്പെട്ടത്.

മോത്തിലാൽ കോത്താരി ഭാര്യ ഡൊറോത്തി, മക്കൾ ശാന്ത, രാജ്‌ എന്നിവർക്കൊപ്പം

മോത്തിലാൽ കോത്താരി ഭാര്യ ഡൊറോത്തി, മക്കൾ ശാന്ത, രാജ്‌ എന്നിവർക്കൊപ്പം

മൂന്നു ഭൂഖണ്ഡങ്ങളിലായി പടർന്നുകിടക്കുന്ന, അറുപതു വർഷത്തോളം സജീവമായി പൊതുജീവിതം നയിച്ച, കോടാനുകോടി മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിച്ച ഒരാളായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങൾ പലതും ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയുള്ള ഇന്ത്യാക്കാർ ഉൾപ്പെട്ട രംഗങ്ങളാണ്.

അങ്ങനെയൊരാളുടെ ജീവിതം ചലച്ചിത്രത്തിൽ ആവിഷ്കരിക്കുക എന്നത് ചലച്ചിത്രത്തിന്റെ നിർമാണ ചരിത്രത്തിലെ തന്നെ വെല്ലുവിളികളിലൊന്നായിത്തീരുന്നതും അതുകൊണ്ടാണ് (ഗാന്ധിയുടെ അന്ത്യയാത്രാദിവസം ദില്ലിയിലേക്ക് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത് പത്തുലക്ഷത്തോളം പേരായിരുന്നു!).

വിൻസ്റ്റൺ ചർച്ചിലും ജോർജ്‌ ആറാമൻ ചക്രവർത്തിയും ബക്കിങ്ഹാം കൊട്ടാരവും മുതൽ റൊമെയ്ൻ റോളണ്ടും മൗണ്ട് ബാറ്റനും ചാർലി ചാപ്ലിനും ടാഗോറും

നെഹ്‌റു

നെഹ്‌റു

വരെയായി അന്നത്തെ ലോകനേതാക്കളും ബൗദ്ധികസമൂഹവും ഗാന്ധിയുടെ ജീവിതവുമായി പല നിലകളിൽ കെട്ടുപിണഞ്ഞുകിടക്കുന്നു.

ഇങ്ങനെ, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ യുഗനിർണായകമായ സാന്നിധ്യമായി മാറിയ ഇത്തരമൊരാളുടെ ജീവിതം അഭ്രപാളികളിൽ പകർത്തിക്കാണിക്കാനാണ്, അതിന്റെ സാങ്കേതികതയിൽ കാര്യമായ പരിജ്ഞാനമോ പൂർവകാല പരിചയമോ ഇല്ലാത്ത രണ്ടുപേർ ഇറങ്ങിപ്പുറപ്പെട്ടത്.

1962‐ൽ അവർ ഇരുവരും ചേർന്നാരംഭിച്ച ഈ ബൃഹദ് ദൗത്യം പൂർത്തിയായത് രണ്ട് പതിറ്റാണ്ടിന് ശേഷം 1982 ലാണ്!

1982‐ൽ ലണ്ടനിലും ദില്ലിയിലും ഗാന്ധി സിനിമയുടെ ആദ്യപ്രദർശനം സംഘടിക്കപ്പെട്ടപ്പോൾ അതു കാണാൻ മോത്തിലാൽ കോത്താരി ഉണ്ടായിരുന്നില്ല. തന്റെ ഏറ്റവും വലിയ ജീവിതസ്വപ്നം പാതിവഴിയിലെത്തിയ വേളയിൽ ഹൃദയാഘാതം മൂലം കോത്താരി അന്തരിച്ചു.

1982‐ൽ ലണ്ടനിലും ദില്ലിയിലും ഗാന്ധി സിനിമയുടെ ആദ്യപ്രദർശനം സംഘടിക്കപ്പെട്ടപ്പോൾ അതു കാണാൻ മോത്തിലാൽ കോത്താരി ഉണ്ടായിരുന്നില്ല. തന്റെ ഏറ്റവും വലിയ ജീവിതസ്വപ്നം പാതിവഴിയിലെത്തിയ വേളയിൽ ഹൃദയാഘാതം മൂലം കോത്താരി അന്തരിച്ചു.

കോത്താരിയുടെ സമർപ്പിതമായ നിരന്തരപരിശ്രമം ഇല്ലായിരുന്നുവെങ്കിൽ ഗാന്ധി സിനിമ സാധ്യമാവുമായിരുന്നില്ല എന്നുറപ്പുണ്ടായിരുന്ന റിച്ചാർഡ് അറ്റൻബറോ മൂന്നുപേർക്കാണ് സിനിമ സമർപ്പിച്ചത്. പണ്ഡിറ്റ് നെഹ്റുവിനും മൗണ്ട്ബാറ്റനുംമോത്തിലാൽ കോത്താരിക്കും. മൂന്നുപേരും അപ്പോഴേക്കും സമയത്തിൽ നിന്ന് കാലത്തിന്റെ അനന്തതയിലേക്ക് യാത്രയായിരുന്നു!

അറ്റൻബറോയെ കണ്ടുമുട്ടുന്നതിന് മുൻപുതന്നെ ഗാന്ധി സിനിമയുടെ തിരക്കഥ തയ്യാറാക്കാനുള്ള ശ്രമങ്ങളിൽ കോത്താരി വ്യാപൃതനായിരുന്നു. 1961‐ൽ ഹോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തായ റോബർട്ട് ബോൾട്ടിനെ ഈ ആവശ്യവുമായി

റോബർട്ട് ബോൾട്ട്

റോബർട്ട് ബോൾട്ട്

കോത്താരി കാണുന്നുണ്ട്. 'ലോറൻസ് ഓഫ് അറേബ്യ'യും 'എ മാൻ ഫോർ ഓൾ സീസൺസും’ ഉൾപ്പെടെയുള്ള വിശ്രുത ചിത്രങ്ങൾക്ക് രചന നിർവഹിച്ച ആളാണ് റോബർട്ട് ബോൾട്ട്.

അതിനും മുൻപേ ഗാന്ധിയുടെ ജീവചരിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ലൂയി ഫിഷറിന്റെ ഗ്രന്ഥം സിനിമയുടെ അടിസ്ഥാനമായി ഉപയോഗിക്കാൻ ഗ്രന്ഥകാരനിൽ നിന്ന് കോത്താരി സമ്മതം വാങ്ങുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് സിനിമ സംവിധാനം ചെയ്യണമെന്നാവശ്യപ്പെട്ട് കോത്താരി അറ്റൻബറോയെ കാണുന്നത്.

മോത്തിലാൽ കോത്താരിയുടെ അതിതീവ്രമായ സമർപ്പണഭാവമാണ് തന്നെ ആ ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അറ്റൻബറോ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാനിർമാണത്തിനായി കോത്താരിയും അറ്റൻബറോയും ചേർന്ന് ഇൻഡോ‐ബ്രിട്ടീഷ് ഫിലിംസ് എന്ന ഒരു പ്രൊഡക്‌ഷൻ കമ്പനിക്ക് രൂപം നൽകി. രണ്ടുപേരും അതിന്റെ ഡയറക്ടർമാരായിരുന്നു.

1964 ജൂൺ 19‐ന് കമ്പനി ലൂയി ഫിഷറുമായി ഇതുമായി ബന്ധപ്പെട്ട ആദ്യകരാറിൽ ഒപ്പുവച്ചു. ഏറെ വൈകാതെ 1964 ഡിസംബർ 15‐ന് ലണ്ടനിലും 1965 ഫെബ്രുവരിയിൽ ബോംബെയിലും പൂനെയിലും വിളിച്ചുചേർത്ത പത്രസമ്മേളനങ്ങളിൽ വച്ച് ഗാന്ധിയുടെ ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം നൽകുന്ന കാര്യം കോത്താരി ലോകത്തിനു മുൻപാകെ വെളിപ്പെടുത്തി. ഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969‐ൽ സിനിമ പുറത്തുവരുമെന്നും അദ്ദേഹം അന്ന് ലോകത്തോട് പറഞ്ഞു.

ചലച്ചിത്രനിർമാണത്തിന്റെ ആദ്യപടവുകൾ താരതമ്യേന വേഗത്തിലാണ് പിന്നിട്ടത്. ലണ്ടനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്ന മോത്തിലാൽ കോത്താരിക്ക് നെഹ്റുവും മൗണ്ട് ബാറ്റനും ഉൾപ്പെടെയുള്ളവരുമായി പരിചയമുണ്ടായിരുന്നു. ഗാന്ധിയുടെ ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം നൽകാനുള്ള ഏതു ശ്രമത്തിനും അനിവാര്യമായി വേണ്ട ഒരു ഘടകം ഇന്ത്യാഗവണ്മെന്റിന്റെ സമ്മതമായിരുന്നു.

റിച്ചാർഡ് അറ്റൻബറോ

റിച്ചാർഡ് അറ്റൻബറോ

തിരക്കഥയുടെ രൂപരേഖയുമായി 1963 മെയ് മാസത്തിൽ ഡൽഹിയിലെത്തിയ അറ്റൻബറോ അത് നെഹ്റുവിന് നൽകി. ഹരോർഡ് ഹാൻലെ തയ്യാറാക്കിയ ആ രൂപരേഖയനുസരിച്ച് സിനിമയ്ക്ക് അഞ്ചുമണിക്കൂറിലധികം ദൈർഘ്യം വരുമായിരുന്നു! നിശ്ചയമായും അത് മൂന്നു മണിക്കൂറായി ചുരുക്കണമായിരുന്നു. തിരക്കഥ ചുരുക്കുന്നതിനു മുൻപ് ഇന്ത്യാ ഗവണ്മെന്റിന്റെ അഭിപ്രായം കൂടി അറിയാൻ അറ്റൻബറോ ആഗ്രഹിച്ചു.

പ്രാഥമിക രൂപരേഖയിലൂടെ കടന്നുപോയ നെഹ്റു അതിന് സമ്മതം നൽകി. ഗാന്ധിയുടെ ജീവിതത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്ന കാര്യവും, താനും അറ്റൻബറോയുമായി അക്കാര്യത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്ന വിവരവും എല്ലാം ഒരു പ്രസ്താവന വഴി അദ്ദേഹം പാർലമെന്റിനെ അറിയിക്കുകയും ചെയ്തു.

ഗാന്ധിയുടെ ജീവിതത്തിന്റെ സമസ്തതലങ്ങളും ഒരു ചലച്ചിത്രത്തിൽ ആവിഷ്കരിക്കാനാവില്ലെന്ന കാര്യം കോത്താരിക്കും അറ്റൻബറോവിനും അറിയാമായിരുന്നു. ഒരു ചലച്ചിത്രത്തിന്റെ സമയപരിധിയിൽ ഉൾക്കൊള്ളിക്കാനാവാത്തവിധം സങ്കീർണവും ബഹുമുഖവുമാണ് ഗാന്ധിയുടെ ജീവിതം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം മുതൽ സ്വന്തം ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ഗാന്ധിയുടെ പരീക്ഷണങ്ങൾ വരെ നിരവധി കാര്യങ്ങളുമായി അതു കെട്ടുപിണഞ്ഞു കിടക്കുന്നു.

അതിനെയപ്പാടെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ചലച്ചിത്രത്തിന് ഏകാഗ്രമായും സമയക്ലിപ്തതയോടെയും നീങ്ങാനാവില്ല. അതുകൊണ്ട് മൂന്നുകാര്യങ്ങളിൽ ശ്രദ്ധയൂന്നി സിനിമ നിർമിക്കാനാണ് കോത്താരിയും അറ്റൻബറോയും തീരുമാനിച്ചത്. തങ്ങളുടെ ചിത്രം അടിസ്ഥാനപരമായി ഗാന്ധിയുടെ വ്യക്തിജീവിതകഥയായിരിക്കും എന്നവർ ഉറപ്പിച്ചു. ദേശീയപ്രസ്ഥാനമടക്കമുള്ള കാര്യങ്ങൾ ഇതിന്റെ പശ്ചാത്തലത്തിലാണ് നിലകൊള്ളുകയെന്നും.

അതോടൊപ്പം ഗാന്ധിയുടെ ബ്രഹ്മചര്യപരീക്ഷണം ഉൾപ്പെടെയുള്ള വിവാദവിഷയങ്ങൾ സിനിമയുടെ ഭാഗമാക്കേണ്ടതില്ലെന്ന തീരുമാനവും അവർ കൈക്കൊണ്ടു. ഗാന്ധിയുടെ ജീവിതത്തിന്റെ അനാവരണത്തിൽ ഇന്ത്യയുടെ ദരിദ്രജനതയുമായുള്ള അദ്ദേഹത്തിന്റെ താദാത്മ്യം, അനീതിക്കെതിരായ ഗാന്ധിയുടെ നിരന്തരസമരം, താൻ പറയുന്ന ആദർശങ്ങൾ സ്വയം നടപ്പിലാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എന്നീ കാര്യങ്ങൾക്ക് ഊന്നൽ നൽകണം എന്ന കാര്യവും അവർ തീർച്ചപ്പെടുത്തി.

അതോടെ സ്വാതന്ത്ര്യസമരചരിത്രമെന്നതിലുപരി ഗാന്ധിയുടെ വ്യക്തിജീവിതചരിത്രമായി പരിണമിക്കുന്ന ഒരു ചലച്ചിത്രത്തിന്റെ രൂപരേഖ ഒരുങ്ങി. ജീവചരിത്രത്തിനും (biography) വിശുദ്ധചരിതത്തിനും (hagiography)  ഇടയിലെവിടെയോ നിലയുറപ്പിച്ച ഒന്ന്!

ഇക്കാലത്തിനിടയിൽ പലതരം പ്രയാസങ്ങൾ ഈ നിർമാണ സംരംഭത്തിൽ ഉയർന്നുവന്നു. അതുവരെ ചലച്ചിത്രങ്ങളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ലാത്ത റിച്ചാർഡ് അറ്റൻബറോ ഇതിഹാസവ്യാപ്തി കൈവരിക്കാവുന്ന ഇങ്ങനെയൊരു പ്രമേയത്തിന് ചലച്ചിത്രാവിഷ്കാരം നൽകാൻ കെൽപ്പുള്ള ഒരാളാണോ എന്ന് റോബർട്ട് ബോൾട്ട് സംശയാലുവായിരുന്നു.

അനവധി അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ അദ്ദേഹത്തിന് ഒരു തുടക്കക്കാരനുവേണ്ടി എഴുതാൻ മടി തോന്നിയിട്ടുണ്ടാകണം. ഇതിന്റെ പശ്ചാത്തലത്തിൽ ഡേവിഡ് ലീൻ അടക്കമുള്ള ഹോളിവുഡിലെ പ്രശസ്ത സംവിധായകർ ഈ നിർമാണസംരംഭത്തിന്റെ ആലോചനകളിൽ ഇടയ്ക്ക് വന്നുപോകുന്നുണ്ട്. എന്നാൽ നാലുവർഷത്തിനകം പൂർത്തീകരിക്കണമെന്ന കോത്താരിയുടെ ആവശ്യം അവരെല്ലാവരേയും സംവിധാന ചുമതലയിൽനിന്നും തടഞ്ഞു.

മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം നേടിയ ഫ്രെഡ് സിമ്മർമാൻ സംവിധാന ചുമതല ഏൽക്കാൻ തയ്യാറായി. അദ്ദേഹത്തിനായി സംവിധായകസ്ഥാനം ഒഴിയാൻ അറ്റൻബറോയും തയ്യാറായിരുന്നു. പക്ഷേ ചലച്ചിത്രനിർമാണവുമായി യാതൊരു മുൻപരിചയവുമില്ലാത്ത മോത്തിലാൽ കോത്താരിയെ ചിത്രത്തിന്റെ ഭാഗമാക്കുന്നതിൽ സിമ്മർമാൻ തല്പരനായിരുന്നില്ല.

കോത്താരിയുടെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്ന റോബർട്ട് ബോൾട്ട് സിമ്മർമാനെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും അവർ തമ്മിൽ ഒരു ധാരണയിലെത്തുകയും ചെയ്തു. എങ്കിലും ആ ധാരണ പ്രവർത്തനക്ഷമമായില്ല.
വേറെയും ചില തടസ്സങ്ങൾ ഇക്കാലത്ത് ഉയർന്നുവന്നു. ഗാന്ധി സിനിമയിൽ അതീവതാല്പര്യം പുലർത്തിയ പണ്ഡിറ്റ് നെഹ്റു 1964‐ൽ അന്തരിച്ചു.

പിന്നാലെ പ്രധാനമന്ത്രിയുടെ ചുമതലയേറ്റ ലാൽ ബഹാദൂർ ശാസ്ത്രിയും ഏറെ വൈകാതെ നിര്യാതനായി. ശാസ്ത്രിക്കുശേഷം അധികാരമേറ്റ ഇന്ദിരാഗാന്ധിക്ക് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിച്ച മന്ത്രി എന്ന നിലയിൽ ഈ ചലച്ചിത്രസംരംഭവുമായി മുൻപ് പരിചയമുണ്ടായിരുന്നു. പക്ഷേ, അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ഇന്ത്യാ‐പാക്‌ യുദ്ധം ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ തടസ്സപ്പെടുത്തി.

‘ഗാന്ധി’ സിനിമയിൽ നിന്ന്‌

‘ഗാന്ധി’ സിനിമയിൽ നിന്ന്‌

നിർമാണത്തിന്റെ സാമ്പത്തിക ചുമതലയേറ്റെടുക്കാൻ പ്രധാന ചലച്ചിത്രകമ്പനികളൊന്നും തയ്യാറായില്ല എന്നതും വലിയൊരു തടസ്സമായി. ഇതിനെല്ലാമിടയിൽ ഹൃദയാഘാതം മൂലം 1970 ജനുവരി 15‐ന് മോത്തിലാൽ കോത്താരി അന്തരിക്കുകയും ചെയ്തു.

അപ്പോൾ ഗാന്ധി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുപോലുമില്ല. ഒരു പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ നിരന്തരമായ യത്നം അന്തിമമായി സാക്ഷാത്കരിക്കപ്പെടാൻ ഒരു വ്യാഴവട്ടം കൂടി കഴിയണമായിരുന്നു!

സമാനമായ മറ്റൊരു വലിയ പ്രതിസന്ധിയുണ്ടായത് ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന അഭിനേതാവിനെച്ചൊല്ലിയാണ്. മഹാത്മാഗാന്ധിയായി ചിത്രത്തിൽ അഭിനയിക്കേണ്ടത് ഒരു ഇന്ത്യാക്കാരൻ തന്നെയായിരിക്കണം എന്ന കാര്യത്തിൽ റോബർട്ട് ബോൾട്ടിനോ  മോത്തിലാൽ കോത്താരിക്കോ സംശയമുണ്ടായിരുന്നില്ല.

ഇന്ത്യ ജന്മം നൽകിയ എക്കാലത്തെയും വലിയ മഹാത്മാക്കളിലൊരാളുടെ, വിദേശഭരണത്തിൽനിന്നുള്ള മോചനത്തിനായുള്ള സമരത്തിലേക്ക് കോടാനുകോടി ഇന്ത്യാക്കാരെ കൈപിടിച്ചു നയിച്ച ഒരാളുടെ, സ്വാശ്രയം എന്നും  സ്വരാജ് എന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരാളുടെ, ജീവിതകഥ ചലച്ചിത്രമാക്കുമ്പോൾ ഇന്ത്യാക്കാരനല്ലാത്ത ഒരാൾ ആ ഭാഗം അഭിനയിക്കുന്നതിന്റെ അനൗചിത്യം അവർക്ക് എത്രയും വ്യക്തമായിരുന്നു.

അതുകൊണ്ടുതന്നെ അങ്ങനെയൊരാലോചന റോബർട്ട് ബോൾട്ടിനോ മോത്തിലാൽ കോത്താരിക്കോ ഉണ്ടായിരുന്നുമില്ല.

അത്ഭുതകരമെന്ന് തോന്നാമെങ്കിലും പണ്ഡിറ്റ് നെഹ്റുവാണ് ഗാന്ധിജിയായി അഭിനയിക്കാൻ വിദേശ അഭിനേതാക്കൾ ആരെങ്കിലും മതി എന്നവരോട് നിർദ്ദേശിക്കുന്നത്! ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ നടന്മാർ ആരും തന്നെ ഗാന്ധിയുടെ സങ്കീർണവ്യക്തിത്വത്തെ പ്രകാശിപ്പിക്കാൻ പോന്നവരല്ലെന്നാണ് നെഹ്റു കരുതിയത്.

അത്ഭുതകരമെന്ന് തോന്നാമെങ്കിലും പണ്ഡിറ്റ് നെഹ്റുവാണ് ഗാന്ധിജിയായി അഭിനയിക്കാൻ വിദേശ അഭിനേതാക്കൾ ആരെങ്കിലും മതി എന്നവരോട് നിർദ്ദേശിക്കുന്നത്! ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ നടന്മാർ ആരും തന്നെ ഗാന്ധിയുടെ സങ്കീർണവ്യക്തിത്വത്തെ പ്രകാശിപ്പിക്കാൻ പോന്നവരല്ലെന്നാണ് നെഹ്റു കരുതിയത്.

അമിതാഭിനയം മുതൽ അതിപ്രശസ്തി വരെയുള്ള തടസ്സങ്ങൾ അവരെ സംബന്ധിച്ചുണ്ടെന്നും നെഹ്റു കരുതി. അക്കാലത്തെ പ്രശസ്ത നടനായ അലക് ഗിന്നസിനെ ആയിരുന്നു നെഹ്റു നിർദേശിച്ചത്. പക്ഷെ, ഗാന്ധിയുടേതുപോലുള്ള ഒരു സങ്കീർണവ്യക്തിത്വത്തെ പ്രകാശിപ്പിക്കാനുള്ള ശേഷി തനിക്കില്ല എന്നു പറഞ്ഞ് ഗിന്നസ് പിന്മാറുകയാണ് ചെയ്തത്. ഹോളിവുഡിലെ പ്രശസ്തരായ മറ്റുചില താരങ്ങളും അറ്റൻബറോയുടെ പരിഗണനയിൽ ഉണ്ടായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഏറ്റവും മഹിമയും പ്രശസ്തിയും കൈവന്ന ഒരാളുടെ ജീവിതത്തിലെ അറുപതു വർഷങ്ങൾ അഭ്രപാളിയിൽ പ്രകാശിപ്പിക്കാൻ തങ്ങൾ മതിയാകില്ലെന്ന് അവരും കരുതി. ഇതിനിടയിൽ അറ്റൻബറോ തന്നെ ആ വേഷം കൈകാര്യം ചെയ്യുന്ന കാര്യം കോത്താരി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ തന്റെ ശരീരപ്രകൃതിയും ഭാവഹാവാദികളും ഗാന്ധിയുമായി ഒരുനിലയ്ക്കും ഒത്തുപോകുന്നതല്ലെന്ന് അറ്റൻബറോയ്ക്ക് അറിയാമായിരുന്നു.

നീണ്ട ആലോചനകൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ അവർ അന്തിമമായി ഒരാളെ കണ്ടെത്തി. പിന്നാലെ ആ കണ്ടെത്തൽ ചരിത്രമായി. ബെൻ കിങ്സ്‌ലി!
റോയൽ ഷേക്സ്പിയർ കമ്പനിയിലെ പ്രധാന അഭിനേതാക്കളിലൊരാളായിരുന്നുവെങ്കിലും ബെൻ കിങ്സ്‌ലിക്ക് സിനിമാഭിനയവുമായി പ്രത്യേകിച്ചൊരു ബന്ധവുമുണ്ടായിരുന്നില്ല.

ഇന്ത്യൻ വംശജനായ കൃഷ്ണ പണ്ഡിറ്റ് ഭാൻജിയാണ് ബെൻ കിങ്സ്‌ലിയായി പിൽക്കാലത്ത് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഹർജി ഭാൻജി ഗുജറാത്തിൽ നിന്ന് ടാൻസാനിയയിലെ സാൻസിബറിലേക്ക് കുടിയേറിയ ആളായിരുന്നു. ബെൻ കിങ്സ്‌ലിയുടെ പിതാവ് റഹിംത്തുള്ള ഹർജി ഭാൻജി ജനിച്ചതും പതിനാലു വയസ്‌ വരെ കഴിഞ്ഞതും സാൻസിബറിലാണ്. അമ്മ അന്ന ലൈന മേരി നടിയും മോഡലുമായിരുന്നു.

‘ഗാന്ധി’ സിനിമയിൽ ബെൻ കിംഗ്‌സ്‌ലി

‘ഗാന്ധി’ സിനിമയിൽ ബെൻ കിംഗ്‌സ്‌ലി

അങ്ങനെ വിശാലാർഥത്തിൽ ഇന്ത്യൻ വംശജൻ എന്നുപറയാമെങ്കിലും ബെൻ കിങ്സ്‌ലി ആദ്യമായി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത് ഗാന്ധി സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയാണ്! ഇന്ത്യക്കാരുടെ ഇരുനിറം ലഭിക്കാനായി ശരീരത്തിൽ ചായം തേച്ചുപിടിപ്പിച്ച് അഭിനയിക്കാനെത്തിയ ബെൻ കിങ്സ്‌ലി, പക്ഷേ, ഗാന്ധിയുടെ ശരീരഭാഷയെ അത്ഭുതകരമായ വിധത്തിലാണ് ഒപ്പിയെടുത്തത്.

ഗാന്ധിയായി അഭിനയിക്കുന്നതിനുവേണ്ടി അദ്ദേഹം തന്റെ ശരീരഭാരം പത്തു കിലോഗ്രാമിലധികം കുറച്ചു. ഗാന്ധിയുമായുള്ള മാനസികമായ താദാത്മ്യം മൂലം ബെൻ കിങ്സ്‌ലി സമ്പൂർണ സസ്യാഹാരിയുമായി. ഗാന്ധിയുടെ ഭീമാകാരമായ ഊർജവും മഹത്വപൂർണമായ നിശ്ചലനൈർമല്യവും ഒരുപോലെ പ്രകാശിപ്പിക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പിൽക്കാലത്ത് ഓർമിക്കുന്നുണ്ട്.

ഒരേസമയം തന്റെ കണ്ണുകളിൽ നിശ്ചയദാർഢ്യവും കാരുണ്യവും നിറച്ചുവച്ച ആളായിരുന്നു ഗാന്ധി. അത്യസാധാരണമായ ചലനവേഗത്തോടെ, തന്റെ നീണ്ട വടിയൂന്നി ലോകയാതനയ്ക്ക് കുറുകെ നടന്ന ഒരാൾ! ഗാന്ധിയായി അഭിനയിക്കാൻ തുടങ്ങുന്ന ഒരാൾക്ക് ഇതെല്ലാം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അത്ഭുതകരമായ വിധത്തിൽ ബെൻ കിങ്സ്‌ലി എന്ന കൃഷ്ണ പണ്ഡിറ്റ് ഭാൻജി അത് തന്റെ ശരീരത്തിലേക്ക് പകർത്തി.

ഗാന്ധി സിനിമയിൽ ആദ്യമായി ചലച്ചിത്രാഭിനയത്തിനെത്തിയ അദ്ദേഹത്തിന് 1983‐ലെ അഭിനയത്തിനുള്ള ഓസ്കാർ ലഭിക്കുന്നതിലാണ് അതവസാനിച്ചത്. ഡസ്റ്റിൻ ഹോഫ്‌മാനും പോൾ ന്യൂമാനും ജാക്ക് ലെമണും പീറ്റർ ടൂളിയും ഉൾപ്പെടെയുള്ള ലോകോത്തര അഭിനേതാക്കളെ പിൻതള്ളിയാണ് ബെൻ കിങ്സ്‌ലി 1983‐ലെ ഓസ്കാർ പുരസ്കാരത്തിലേക്ക് എത്തിച്ചേർന്നത്.

ഗാന്ധി സിനിമ നിർമിക്കാനും ഗാന്ധിയായി അഭിനയിക്കാനും മോഹിച്ച ധാരാളം പേർ അന്ന് ഇന്ത്യയിലുണ്ടായിരുന്നു. പ്രശസ്ത സംവിധായകനും അഭിനേതാവുമായ ശാന്താറാം ആണ് അതിൽ പ്രധാനി. തന്റെ ആലോചനകളുടെ പ്രാരംഭദിശയിൽ മോത്തിലാൽ കോത്താരി ഗാന്ധി സിനിമയെക്കുറിച്ച് ശാന്താറാമുമായി ചർച്ചചെയ്തിരുന്നു. അദ്ദേഹത്തിന്റെ അതിപ്രസിദ്ധമായ 'സ്ത്രീ' എന്ന ചലച്ചിത്രത്തിന്റെ നിർമാണവേളയായിരുന്നു അത്.

യൗവനകാലം മുതൽക്കേ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തോട് ഹൃദയബന്ധം പുലർത്തിയ ഒരാളായിരുന്നു ശാന്താറാം. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താൻ ചിത്രം സംവിധാനം ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പ്രകാശ് മഗ്‌ദം എഴുതുന്നത്. പിന്നീട് ഇക്കാര്യം മുൻനിർത്തി നെഹ്റുവുമായുള്ള കൂടിക്കാഴ്ചക്കായി ശാന്താറാം ശ്രമിക്കുകയും ചെയ്തിരുന്നു.

ഗാന്ധിയുടെ ജീവിതം ചലച്ചിത്രമാക്കാൻ ഇന്ത്യയിലെ മുഖ്യധാരാ സംവിധായകർക്കുള്ള കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടാവാം, നെഹ്റു ആ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയില്ല. താനേറെ മോഹിച്ച ആ സംരംഭം സാക്ഷാത്കൃതമാകാതെ പോയതിൽ ശാന്താറാം ദുഃഖിതനായിരുന്നു.

പിൽക്കാലത്ത് അറ്റൻബറോയുടെ ഗാന്ധി പുറത്തുവന്നപ്പോൾ അതിലെ വിഭാഗീയമായ സമീപനത്തെയും പാശ്ചാത്യമായ വീക്ഷണത്തിന് ലഭിച്ച അമിതപ്രാധാന്യത്തെയും മുൻനിർത്തി ശാന്താറാം വലിയ വിമർശനമുയർത്തുകയും ചെയ്തു.

ഗാന്ധിയുടെ ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം കൈവരുമ്പോൾ അതിൽ ഗാന്ധിയായി അഭിനയിക്കണമെന്ന് അത്യധികം ആഗ്രഹിച്ച ഒരു ഇന്ത്യൻ അഭിനേതാവുണ്ടായിരുന്നു.

നസ്റുദ്ദീൻ ഷാ

നസ്റുദ്ദീൻ ഷാ

നസ്റുദ്ദീൻ ഷാ! അതൊരു ഇന്ത്യാക്കാരനാണെങ്കിൽ അത് താനായിരിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. പക്ഷേ, ലണ്ടനിൽ നടന്ന സ്ക്രീൻ ടെസ്റ്റിൽ താൻ തെരഞ്ഞെടുക്കപ്പെടില്ലെന്ന് ബോധ്യമായ കാര്യം നസ്റുദ്ദീൻ ഷാ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സിനിമ പുറത്തുവന്നപ്പോൾ ബെൻ കിങ്സ്‌ലിയുടെ അഭിനയത്തെ പ്രശംസിക്കാൻ ഷാ മടിച്ചില്ല.

ഗാന്ധിയുടെ വിടർന്ന ചിരിയൊഴികെ മറ്റെല്ലാം കൃത്യമായി ആവിഷ്കരിക്കാൻ ബെൻ കിങ്സ്‌ലിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അത്ഭുതകരമായ പകർന്നാട്ടമായിരുന്നു ബെൻ കിങ്സ്‌ലിയുടേത് എന്നും അക്കാലത്ത് അത്രത്തോളം മികച്ച രീതിയിൽ ഗാന്ധിയുടെ വേഷം അഭിനയിക്കാനുള്ള പ്രാപ്തി താൻ കൈവരിച്ചിരുന്നില്ലെന്നും ഷാ വിലയിരുത്തിയിട്ടുണ്ട് (ഒരർഥത്തിൽ നെഹ്റുവിന്റെ ഉൾക്കാഴ്ചയെ ശരിവയ്ക്കുന്നതാണ് നസ്റുദ്ദീൻ ഷായുടെ ഈ വിലയിരുത്തൽ).

എങ്കിലും പിൽക്കാലത്ത് ഇതേക്കുറിച്ച് കൂടുതൽ വിയോജിപ്പുകൾ ഷാ രേഖപ്പെടുത്തിയിട്ടുമുണ്ട്. ബെൻ കിങ്സ്‌ലിയുടെ അവതരണത്തിൽ ഗാന്ധിയുടെ ചിരിയും ഗാന്ധിയുടെ ശബ്ദവും വേറിട്ടുനിൽക്കുന്നതായും, ബെൻ കിങ്സ്‌ലിയുടെ ബലിഷ്ഠ പുരുഷശരീരം ഗാന്ധിയുടെ ശരീരഭാഷയ്ക്ക് ചേരുന്നതല്ലെന്നും, ഗാന്ധിയുടെ ഇരിപ്പും നടപ്പും മറ്റും ആവിഷ്കരിക്കുന്നതിൽ അദ്ദേഹത്തിന് വിജയിക്കാനായിട്ടില്ലെന്നും ഷാ തന്റെ വിയോജിപ്പുകൾ വിപുലീകരിച്ചു.

തിന്മയെ കീഴടക്കുന്ന നന്മ എന്ന പതിവ് ഹോളിവുഡ് ഫോർമുലയിൽ നിർമിക്കപ്പെട്ട ആ ചലച്ചിത്രത്തിന്റെ ദൗത്യം ഫലപ്രദമായി നിറവേറ്റാൻ ബെൻ കിങ്സ്‌ലിക്ക് കഴിഞ്ഞെന്നും നസ്റുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി.
ഇത്തരം വിമർശനങ്ങളും മറ്റും ഉണ്ടായെങ്കിലും 1982‐ൽ പുറത്തുവന്ന അറ്റൻബറോയുടെ ഗാന്ധി സിനിമ വൻ വിജയമാണ് നേടിയത്.

സംവിധായകനും മികച്ച സിനിമയും മികച്ച നടനും ഉൾപ്പെടെയുള്ള ഒൻപത് ഓസ്കാർ പുരസ്കാരങ്ങൾ സിനിമയ്ക്ക് ലഭിച്ചു. പടിഞ്ഞാറൻ സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. സാമ്പത്തികമായും ഗാന്ധി വൻവിജയം നേടി. ലോകത്തിന്റെ എല്ലാ കോണുകളിലും അത് ഒരുപോലെ സ്വീകരിക്കപ്പെട്ടു.

ആദ്യഘട്ടത്തിൽ സിനിമയ്ക്ക് സാമ്പത്തിക പിന്തുണ നൽകാൻ മടിച്ച കമ്പനികളെല്ലാം സിനിമയുടെ വിതരണാവകാശം ലഭിക്കുന്നതിനായി ഓടിനടക്കുന്ന സ്ഥിതിയുണ്ടായി. ഗാന്ധിയുടെ ജീവിതമെന്നതുപോലെ, ആദ്യഘട്ടത്തിലെ തിരസ്കാരങ്ങൾക്ക് പിന്നാലെയെത്തിയ വലിയ അംഗീകാരങ്ങളും പ്രശസ്തിയും ഗാന്ധി സിനിമയേയും കാത്തിരിക്കുന്നുണ്ടായിരുന്നു.

രോഹിണി ഹട്ടംഗഡി

രോഹിണി ഹട്ടംഗഡി

ബെൻ കിങ്സ്‌ലിയുടെ അഭിനയം പുകഴ്പെറ്റെങ്കിലും അതിനൊരു മറുപുറവുമുണ്ടായിരുന്നു. അത്രതന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മറ്റു ചില അഭിനേതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നതിനും അത് കാരണമായെന്ന് തോന്നുന്നു. പ്രത്യേകിച്ച് രോഹിണി ഹട്ടംഗഡിയുടെ കസ്തൂർബായായുള്ള അഭിനയത്തിന്.

ഇരുപത്തിയേഴാമത്തെ വയസ്സിലാണ് രോഹിണി ആ വേഷം ചെയ്തത്. യൗവനത്തിൽ നിന്ന് വാർധക്യത്തിലേക്ക് ഗാന്ധിക്കൊപ്പം സഞ്ചരിക്കുന്ന കസ്തൂർബായുടെ ജീവിതം രോഹിണിയുടെ കയ്യിൽ ഭദ്രമായിരുന്നു. സ്മിതാ പാട്ടീലും ഭക്തി ബാർവെയും അടക്കമുള്ളവരെ പുറംതള്ളിയാണ് അവർ ആ വേഷത്തിലെത്തിയത്. രോഹിണി ഹട്ടംഗഡിയെ കസ്തൂർബായുടെ വേഷത്തിലേക്ക് തെരഞ്ഞെടുക്കുമ്പോൾ അറ്റൻബറോ പുലർത്തിയ ആത്മവിശ്വാസം വെറുതെയായിരുന്നില്ല.

‘ഗാന്ധി’സിനിമയിൽ നിന്ന്‌

‘ഗാന്ധി’സിനിമയിൽ നിന്ന്‌

ലോകാരാധ്യനായ ഭർത്താവിന്റെ നിഴലിൽ കഴിയേണ്ടിവന്നപ്പോഴും തന്റെ വ്യക്തിത്വവും ആത്മബലവും വിടാതെ കാത്ത കസ്തൂർബായുടെ ചിത്രം സൂക്ഷ്മമായും ശക്തമായും അവർ പകർത്തിക്കാണിച്ചു. ഏറിയും കുറഞ്ഞും മറ്റഭിനേതാക്കളും ഇക്കാര്യത്തിൽ വിജയിച്ചു. പക്ഷേ, റോഷൻ സേത്തിന്റെ നെഹ്റുവും വീരേന്ദ്ര റസ്‌ദാന്റെ മൗലാന അബ്ദുൾ കലാം ആസാദും നിറം മങ്ങിപ്പോയി.

ഒരൊറ്റ രംഗത്തിലേ ഉള്ളൂവെങ്കിലും ഓംപുരിയുടെ നഹാരി അത്യുജ്വലമായി!
ഇങ്ങനെ ഗാന്ധിയുടെ ജീവിതത്തോളം തന്നെ സംഭവബഹുലമായിരുന്നു ഗാന്ധി സിനിമയുടെ ചിത്രീകരണവും. അഭിനേതാക്കളെ കണ്ടെത്തുന്നതും നിർമാണത്തിനാവശ്യമായ പണം ലഭ്യമാക്കുന്നതും മുതൽ ചിത്രീകരണത്തിന്റെ ഓരോ പടവിലും പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു.

എങ്കിലും ഈ പ്രതിസന്ധികൾക്കെല്ലാം ശേഷവും ഇരുപതാം നൂറ്റാണ്ടിലെ ലോകസിനിമയുടെ ചരിത്രത്തിൽ അതൊരു അനന്യസംഭവമായി ഇടം നേടി! ഗാന്ധിയുടെ ജീവിതത്തിന്റെ ഏതോ നിലയിലുള്ള തുടർച്ചയായാണ് പ്രകാശ്  മഗ്‌ദമും അറ്റൻബറോയും ആ വിജയത്തെ കണ്ടത്.


മൂന്ന്


ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ അനന്യമായ ഈ ആവിഷ്കാരത്തിന്‌ പിന്നിലെ പ്രയത്നത്തിന്റെയും പ്രേരണകളുടെയും കഥയാണ് റിച്ചാർഡ് അറ്റൻബറോ തന്റെ ഗ്രന്ഥത്തിൽ വരച്ചിടുന്നത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ അത് ഗാന്ധി സിനിമയുടെ നിർമാണചരിത്രം മാത്രമല്ല. തന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും 1970‐80 കാലയളവിലെ ഹോളിവുഡിന്റെ ചരിത്രവും ഗാന്ധി ചിത്രത്തിന്റെ നിർമാണ/സംവിധാന ശ്രമങ്ങളും ഇടകലർന്നുവരുന്ന ഒരാഖ്യാനരീതിയാണ് അറ്റൻബറോ പിൻപറ്റുന്നത്. സിനിമയ്ക്ക് സമാനമായ ഒരു സ്വാച്ഛന്ദ്യം ഈ ഗ്രന്ഥത്തിനും അത് പ്രദാനം ചെയ്തിട്ടുണ്ട്.

മറ്റെന്തിലുമുപരി സിനിമ കഥ പറയാനുള്ള ഒരു മാധ്യമമാണെന്ന് വിശ്വസിച്ച ഒരാളായിരുന്നു അറ്റൻബറോ. ലോകോത്തരനായ ഒരു ചലച്ചിത്രകാരനായി ഓർമിക്കപ്പെടണം എന്ന്‌ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. ഒരു കഥപറച്ചിലുകാരനായാണ് താൻ ഓർമിക്കപ്പെടേണ്ടത്.

കാണികളുമായുള്ള വികാരവിനിമയത്തിലൂടെ ഒരു നടൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത് എങ്ങനെയാണോ അതുപോലെ കാണികൾക്ക് വൈകാരികമായി അനുഭവവേദ്യമാകുന്ന കഥ പറയാനാണ് താൻ ശ്രമിക്കുന്നതെന്ന് അറ്റൻബറോ വ്യക്തമാക്കി. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.

ആറു പതിറ്റാണ്ട്‌ നീളുന്ന ഗാന്ധിയുടെ ജീവിതത്തെയും അതിനിടയിലെ ചരിത്രത്തിന്റെ ഗതിഭേദങ്ങളെയും ഒരു വൈകാരികാനുഭവമായി സിനിമാസ്വാദകർക്ക് പകരാൻ അറ്റൻബറോയുടെ ഗാന്ധിക്ക് കഴിഞ്ഞു.

ഗാന്ധി സിനിമയുടെ ചിത്രീകരണവേളയിലെ ധാരാളം അനുഭവങ്ങൾ അറ്റൻബറോ ഈ ഗ്രന്ഥത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഗാന്ധിയുടെ അന്ത്യയാത്രയുടെ ചിത്രീകരണത്തിനായി എത്തിച്ചേരണം എന്നഭ്യർഥിച്ച് പരമാവധി ഒരുലക്ഷം പേരെ കാത്തിരുന്ന സന്ദർഭത്തിൽ മൂന്നര ലക്ഷം പേർ എത്തിച്ചേർന്നതും അവരെയൊക്കെ ചിട്ടയോടെ അണിനിരത്തി ആ ഭാഗം ചിത്രീകരിച്ചതും, മീരബെൻ എന്നറിയപ്പെട്ട മദ്‌ലെയ്ൻ സ്ളെയ്‌ഡിനെ സ്വിറ്റ്സർലന്റിലെ വിദൂരഗ്രാമങ്ങളിലൊന്നിൽ ചെന്ന് കാണാനിടവന്നതും, ഗാന്ധി സ്വന്തം കയ്യൊപ്പോടെ സമ്മാനിച്ച പുസ്തകം അവർ തനിക്ക് കാണിച്ചുതന്നതും, ഷൂട്ടിംഗ് ആരംഭിക്കുന്നതിനും പതിനഞ്ച് വർഷം മുൻപുതന്നെ പ്രമുഖ അഭിനേത്രിയായ കാർഡിസ് ബർഗൺ വിശ്വപ്രസിദ്ധമായ ലൈഫ് മാസികയുടെ പ്രതിനിധിയും ഗാന്ധിയുടെ എണ്ണമറ്റ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ലോകശ്രദ്ധ നേടിയ ഫോട്ടോഗ്രാഫറുമായ മാർഗരറ്റ ബർക്ക് വൈറ്റിന്റെ ഭാഗം അഭിനയിക്കാമെന്ന് സമ്മതിച്ചതും, ആചാര്യ കൃപാലാനി, പ്യാരേലാൽ നയ്യാർ തുടങ്ങിയ ഗാന്ധിയുടെ അനുയായികളെ നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞതും, വിഭജനകാലത്തെ കൂട്ടപ്പലായനചിത്രീകരണത്തിനിടയിലുണ്ടായ വൈഷമ്യങ്ങളും, ഗാന്ധിയുടെ വേഷമണിഞ്ഞ ബെൻ കിങ്സ്‌ലിയെ നിരവധി ഗ്രാമീണർ വന്നു വണങ്ങുന്നതും, പണ്ഡിറ്റ് രവിശങ്കറിനെ പശ്ചാത്തല സംഗീതത്തിനായി തെരഞ്ഞെടുത്തതും അദ്ദേഹമൊരുക്കിയ സംഗീതം സിനിമയ്ക്ക് നൽകിയ വിസ്മയകരമായ പ്രഭാവവും, രണ്ടാം വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധിയെ ചിത്രീകരിക്കുമ്പോൾ ന്യൂസ് റീൽ സ്വഭാവം നിലനിർത്തിയതും, ലണ്ടനിലും ഡൽഹിയിലുമൊരുക്കിയ ആദ്യപ്രദർശനങ്ങൾ ഉളവാക്കിയ പ്രതികരണങ്ങളും ഉൾപ്പെടെ ഗാന്ധി സിനിമയുടെ ഉള്ളിലും പുറത്തുമായി അരങ്ങേറിയ എണ്ണമറ്റ സംഭവങ്ങളുടെ സൂക്ഷ്മവിവരണം ഈ ഗ്രന്ഥം നൽകുന്നുണ്ട്;

ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരേലാലിന്റെ ബന്ധുവായ ഹർഷ് നയ്യാർ ആണ് ഗോഡ്സെയുടെ വേഷം അഭിനയിച്ചത് എന്ന കൗതുകവും ഇതിലുൾപ്പെടുന്നു! അന്യഥാ മറ്റെവിടെയും ലഭിക്കാനിടയില്ലാത്ത വിശദാംശങ്ങളുടെ സമൃദ്ധികൂടിയാണ് ഈ ഗ്രന്ഥത്തെ അനന്യമാക്കുന്നത്. ഒപ്പം ഇതിലുൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളുടെ സമൃദ്ധിയും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, വെറുമൊരു ജീവചരിത്രസിനിമ മാത്രമായി ഗാന്ധി അവസാനിക്കുന്നില്ല എന്നുകാണാനാകും. പ്രകാശ് മഗ്‌ദം തന്റെ ഗ്രന്ഥത്തിൽ പറയുന്നതുപോലെ ഇനിയൊരാൾക്കും ഗാന്ധിയുടെ ജീവിതകഥ നേർക്കുനേരെ പറയേണ്ടതില്ലാത്ത വിധത്തിൽ സുവ്യക്തവും സുതാര്യവുമായി ഗാന്ധിയുടെ പ്രത്യക്ഷജീവിതത്തെ അത് ലോകത്തിനു മുമ്പിൽ തുറന്നുവച്ചു.

അതുവഴി ഗാന്ധിയുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്കും ആന്തരാർഥങ്ങളിലേക്കും കടന്നുകയറാൻ പിന്നാലെ വന്ന ചലച്ചിത്രകാരന്മാർക്ക് വഴിയൊരുക്കുക കൂടിയായിരുന്നു ഈ സിനിമ. ഗാന്ധിയുടെ മഹത്വം എന്തെന്നറിയാതെ വിടുവായത്തം വിളമ്പുന്ന നേതാക്കൾ ലോകത്തിന്റെ പല കോണുകളിൽ ഇരുട്ട് പടർത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കാലത്ത്, അതിന്റെ മറുപുറം പോലെ മനുഷ്യമഹത്വത്തിന്റെ പ്രകാശഗോപുരമായി ഗാന്ധി നിലകൊള്ളുന്നു. ആ പ്രകാശനാളത്തിന്റെ ശോഭയത്രയും അറ്റൻബറോയുടെ ചിത്രത്തിലുണ്ട്. അതിനു പിന്നിലെ മഹാപ്രയത്നത്തിന്റെ കഥ ഈ പുസ്തകത്തിലും!  .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top