26 December Thursday

ഇന്ത്യ– കാനഡ നയതന്ത്രം ; അമേരിക്കൻ നിലപാടിൽ 
മൗനമെന്തിന്

വി ബി പരമേശ്വരൻUpdated: Saturday Oct 19, 2024

 

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തീർത്തും വഷളായിരിക്കുന്നു. ഇരുരാജ്യങ്ങളും നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ നയതന്ത്രതലം വിട്ട് വ്യക്തിപരമായ ആരോപണങ്ങളിലേക്ക് തിരിഞ്ഞത് ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നുറപ്പ്. കഴിഞ്ഞ വർഷം സെപ്തംബർ 18ന് കാനഡയുടെ പാർലമെന്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ "വിശ്വസനീയ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാനഡ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതിനുപിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചത്. എന്നാൽ, ഈ ആരോപണം തെളിയിക്കാനാവശ്യമായ തെളിവ് ഹാജരാക്കുന്നതിൽ കാനഡ പരാജയപ്പെട്ടു. എന്നാൽ, ഒരു വർഷംനീണ്ട അന്വേഷണത്തിന്റെ ഫലമായി "വ്യക്തവും ആർക്കും നിഷേധിക്കാനാകാത്തതുമായ തെളിവ്’ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതി സജ്ഞയ് കുമാർ വർമയടക്കം ആറുപേരെ ചോദ്യം ചെയ്യാനായി, അവർക്ക് നയതന്ത്ര പ്രതിനിധി എന്ന നിലയിലുള്ള സംരക്ഷണകവചം ഇന്ത്യ എടുത്തുകളയണമെന്നും കാനഡ ആവശ്യപ്പെട്ടതോടെയാണ് പുതിയ നയതന്ത്ര യുദ്ധത്തിന് തുടക്കമായത്. ഇതേത്തുടർന്ന് സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ ഇന്ത്യ തയ്യാറായപ്പോൾ ഇന്ത്യൻ ഹൈക്കമീഷണർ ഉൾപ്പെടെ ആറുപേരെ കാനഡ പുറത്താക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യയാകട്ടെ കാനഡയുടെ ഇന്ത്യൻ ഹെഡ് ഓഫ് മിഷൻ സ്‌റ്റീവാർട്ട് റോസ് വീലർ ഉൾപ്പെടെ ആറുപേരെയും പുറത്താക്കി. ശനിയാഴ്ചയ്‌ക്കകം ഇവർ രാജ്യം വിടണമെന്നാണ് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിലും ഇതേ രീതിയിൽ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 18ന്‌ ആണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്‌ക്ക് മുമ്പിൽ നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിനുപിന്നിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കും ഇന്ത്യൻ ക്രിമിനൽ സംഘത്തിനും (അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനും) പങ്കുണ്ടെന്ന ആഖ്യാനമാണ് കാനഡ നൽകുന്നത്. റോയൽ കനേഡിയൻ മൗണ്ടണ്ട് പൊലീസും (ആർസിഎംപി) കനേഡിയൻ വിദേശമന്ത്രാലയവുമാണ് തെളിവുകളൊന്നും ഹാജരാക്കാതെ ഈ ആരോപണം ഉയർത്തുന്നത്. കാനഡയുടെ ആരോപണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ സുചിന്തിതമായ വാദം. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ വോട്ടെടുപ്പുകളിൽ 26 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള ജസ്റ്റിൻ ട്രൂഡോ ജനസംഖ്യയിൽ രണ്ടുശതമാനത്തിലധികമുള്ള സിഖുകാരുടെ വോട്ടിൽ കണ്ണുനട്ടാണ് ഇന്ത്യക്കെതിരെ ആരോപണം ചൊരിയുന്നതെന്നും ഇന്ത്യൻ വിദേശമന്ത്രാലയം പറഞ്ഞു. (2019ൽ ബാലാകോട്ട് ആക്രമണം നടത്തി തെരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിച്ച അനുഭവത്തിൽ നിന്നാണ് മോദി സർക്കാർ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന ആഖ്യാനം സ്വഭാവികമായും പല കോണുകളിൽനിന്ന്‌ ഉയരുന്നുണ്ട്.) അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ കാനഡയിലെ ലിബറൽ പാർടി സർക്കാർ ഇന്ത്യക്കെതിരായ ഖലിസ്ഥാൻ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും ഇന്ത്യ ഉയർത്തുന്നുണ്ട്.
ഇന്ത്യൻ സുരക്ഷയെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്നതാണ് ഖലിസ്ഥാൻ വിഘടനവാദം എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ വിഘടനവാദം ഏതുകോണിൽ നിന്നുയർന്നാലും അതിനെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കുകയും വേണം. എന്നാൽ, കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖുകാരിൽ ചെറുന്യൂനപക്ഷം മാത്രമാണ് ഖലിസ്ഥാൻ വാദത്തെ പിന്തുണയ്‌ക്കുന്നതെന്ന കാര്യം നാം മറന്നുപോകരുത്. നയതന്ത്രം സൂക്ഷ്‌മമായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് രാജ്യതാൽപ്പര്യത്തെ ഹാനികരമായി ബാധിക്കും.

ലോകത്തിന് വഴികാട്ടിയായി "വിശ്വഗുരുവായി’ ഇന്ത്യ മാറിയെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വാദിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ലോകരാജ്യങ്ങൾ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്നവർ വാദിക്കുന്നു. എന്നാൽ, എന്തുകൊണ്ടാണ് കാനഡ മുന്നോട്ടുവയ്ക്കുന്ന തെറ്റായ വാദങ്ങളുടെ പൊള്ളത്തരം ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് കഴിയാതെ പോകുന്നത്. തന്ത്രപ്രധാന നയതന്ത്ര പങ്കാളിയായ അമേരിക്ക മാത്രമല്ല ക്വാഡ് അംഗരാഷ്ട്രമായ ഓസ്‌ട്രേലിയയും ആംഗ്ലോ ഇന്റലിജൻസ് സഖ്യമായ ഫൈവ് ഐ (അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, കാനഡ) രാഷ്ട്രങ്ങളും കാനഡ പറയുന്നതാണ് വിശ്വാസത്തിലെടുക്കുന്നത്. നിജ്ജാർ വധത്തിനുപിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായും റോയിലെ ഉയർന്ന ഉദ്യോഗസ്ഥനും പങ്കുവഹിച്ചുവെന്നാണ് കാനഡ നയതന്ത്ര പ്രതിനിധിയെ ഉദ്ദരിച്ച് "വാഷിങ്‌ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. ഈ വിവരം ഒക്ടോബർ 12ന് സിംഗപ്പുരിൽ നടന്ന കൂടിക്കാഴ്ചയിൽ കാനഡ സുരക്ഷാ ഉപദേഷ്ടാവും വിദേശസഹമന്ത്രിയും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചതായും കാനഡ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ 14ന് ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാനഡ പ്രധാനമന്ത്രി തന്നെ ഇക്കാര്യം മോദിയെ നേരിട്ട് അറിയിച്ചതായി വെളിപ്പെടുത്തി. ഒക്ടോബർ 10,11 തീയതികളിലായി ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടി വേളയിലാണ് ഈ വിഷയം "ഗൗരവത്തിൽ പരിഗണിക്കണമെന്ന്’ മോദിയോട് ആവശ്യപ്പെട്ടതായി ട്രൂഡോ വെളിപ്പെടുത്തിയത്. എന്നാൽ, ഈ രണ്ട് കൂടിക്കാഴ്ചകളുടെ വിവരവും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇന്ത്യൻ വിദേശമന്ത്രാലയം തയ്യാറായിട്ടില്ല.

അതിനിടെ "ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തത് ഇന്ത്യക്കെതിരെ തെളിവുശേഖരിക്കാൻ കാനഡ പൊലീസിനെ അമേരിക്കൻ എഫ്ബിഐ സഹായിച്ചിരുന്നുവെന്നാണ്. തുടക്കംമുതൽ അമേരിക്ക കാനഡയുടെ ഒപ്പമാണ് നിലയുറപ്പിച്ചത്. കാനഡയുടെ ആരോപണം ഗൗരവമുള്ളതാണെന്നും അതിനാൽ ഇന്ത്യയും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ വക്താവ് മാത്യു മില്ലർ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യ സർക്കാർ അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കണമെന്നാണ് അമേരിക്കൻ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുതന്നെയാണ് ബ്രിട്ടനും പറഞ്ഞത്. അമേരിക്കയ്‌ക്കൊപ്പം ചേർന്നാൽ വൻശക്തിയാകാൻ അവർ ഇന്ത്യയെ സഹായിക്കുമെന്ന് പറഞ്ഞ മോദിക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത് എന്നറിയാൻ ഇന്ത്യൻ ജനത കാതുകൂർപ്പിക്കുകയാണ്. ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന ഖലിസ്ഥാൻ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കൻ നയത്തെക്കുറിച്ച് എന്തേ ഇന്ത്യ പ്രതികരിക്കാത്തത്. വിഘടനവാദത്തെ പിന്തുണയ്‌ക്കുന്ന അമേരിക്കയുടെ സമീപനം ശരിയല്ലെന്ന് പറയാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അമേരിക്ക ഉയർത്തിയ സമാന വിഷയത്തിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകുകയും ചെയ്തു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ്ങിനെതിരെ അമേരിക്കയിലെ ന്യൂയോർക്കിൽ വധശ്രമം ഉണ്ടായപ്പോൾ അതിനുപിന്നിൽ ഇന്ത്യൻ സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അപ്പോൾ അതിനെ എതിർക്കാൻ ഇന്ത്യ തയ്യാറായില്ലെന്ന് മാത്രമല്ല അമേരിക്കൻ അന്വേഷണവുമായി സഹകരിക്കാനും അതിനായി ആഭ്യന്തര സമിതിക്ക് രൂപം നൽകുകയും ചെയ്തു. ഒരു അന്വേഷണ സംഘത്തെ അമേരിക്കയിലേക്ക് അയക്കാനും തയ്യാറായി. അമേരിക്ക വിരൽചൂണ്ടിയ ഉദ്യാഗസ്ഥനെ സർക്കാർ സർവീസിൽനിന്നും പിരിച്ചുവിട്ട്‌, അറസ്റ്റ്‌ ചെയ്തുവെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഈ ഉദ്യോഗസ്ഥൻ വികാസ് യാദവാണെന്ന് ഒക്ടോബർ 17ന് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്‌ വെളിപ്പെടുത്തി. റോ ഉദ്യോഗസ്ഥനാണ് വികാസ് യാദവ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് അമേരിക്ക വധശ്രമ ആരോപണം ഉയർത്തിയത്. വികാസ് യാദവിനൊപ്പം വധശ്രമ ഗൂഢാലോചനയിൽ പങ്കെടുത്ത നിഖിൽ ഗുപ്തയെ നേരത്തേതന്നെ അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നു. സമാനമായ കേസുകളിൽ കാനഡയുമായി സഹകരിക്കില്ലെന്നും അമേരിക്കയുമായി സഹകരിക്കുമെന്നും പറയുന്നതിലെ അനൗചിത്യത്തിലേക്ക് വിരൽ ചൂണ്ടാൻ ദ ഹിന്ദു പോലുള്ള ദിനപത്രങ്ങളും തയ്യാറായി. ഹിന്ദു മുഖപ്രസംഗം (ഒക്ടോബർ 17) പറയുന്നതുപോലെ തങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെന്ന് ഇന്ത്യ സർക്കാർ തെളിയിക്കണം. കൂടുതൽ സുതാര്യത ഉറപ്പുവരുത്തണം. കാനഡയുടേത് വ്യാജ ആരോപണമാണെങ്കിൽ വസ്തുതകൾ നിരത്തി അത് ഈ ലോകത്തെ ബോധ്യപ്പെടുത്തണം. നിഴൽയുദ്ധം നടത്തി വിജയിക്കാൻ കാനഡയെന്നല്ല ഒരു രാഷ്ട്രത്തെയും അനുവദിക്കരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top