23 December Monday

സെൻസസ്‌ വൈകിപ്പിക്കുന്നത് ബോധപൂർവം

ടി ചന്ദ്രമോഹൻUpdated: Saturday Oct 19, 2024

രാജ്യത്തെ എല്ലാ വ്യക്തികളുമായും ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച്‌ വിശകലനം ചെയ്യുന്ന പ്രക്രിയയാണ് സെൻസസ്‌ അഥവാ കനേഷുമാരി എന്ന പേരിൽ അറിയപ്പെടുന്ന ജനസംഖ്യാ കണക്കെടുപ്പ്‌. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പിന്‌ വലിയ പ്രാധാന്യവും ഒപ്പം നിരവധി സവിശേഷതകളുമുണ്ട്‌. ഇന്ത്യൻ സെൻസസിന് നീണ്ട ചരിത്രമുണ്ട്. ബിസി 800–--600 ൽ തന്നെ ഒരുതരം ജനസംഖ്യാ കണക്ക് നിലനിർത്തിയിരുന്ന പ്രദേശമായിരുന്നു ഇന്ത്യ. കൗടില്യന്റെ അർഥശാസ്ത്രത്തിൽ നികുതി നയരൂപീകരണത്തിനായി കണക്കെടുപ്പിന്‌ ഊന്നൽ നൽകിയതായി സൂചിപ്പിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ്‌ ഇന്ത്യയിൽ വിപുലമായ രീതിയിലുള്ള സെൻസസിന്‌ തുടക്കമിട്ടത്‌. 1861-ൽ ബ്രിട്ടീഷ്‌ ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ കൊളോണിയൽ സർക്കാർ ആഗ്രഹിച്ചിരുന്നു. എന്നാൽ, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന്‌ മാറ്റിവച്ചു. 1865 ജനുവരി 10-ന് വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ വീടുവീടാന്തരമുള്ള കണക്കെടുപ്പ് നടത്തി. 1866 നവംബറിൽ മധ്യപ്രവിശ്യകളിലും 1867ൽ ബെരാറിലും സമാനമായ സെൻസസ് നടത്തി. ഇത്‌ 1872-ലെ സെൻസസ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ശാസ്‌ത്രീയമായ രീതിയിലായിരുന്നില്ല ഈ കണക്കെടുപ്പ്‌.

1881 ഫെബ്രുവരിയിൽ നടത്തിയ സെൻസസ് ആധുനികരീതിയിൽ ജനസംഖ്യാകണക്കെടുപ്പിലേക്കുള്ള വലിയ ചുവടുവയ്‌പായി. സാമ്പത്തിക, സാമൂഹിക സ്വഭാവസവിശേഷതകളുടെ വർഗീകരണത്തിനും ഊന്നൽ നൽകി. കശ്മീർ ഒഴികെ ബ്രിട്ടീഷ് ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന മുഴുവൻ പ്രദേശങ്ങളിലും 1881ൽ സെൻസസ്‌ നടന്നു. ഇതാണ്‌ ശാസ്‌ത്രീയമായ ഒന്നാമത്തെ സെൻസസായി അറിയപ്പെടുന്നത്‌. രണ്ടാമത്തെ സെൻസസ് 1891 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലായിരുന്നു. തുടർന്ന്‌ 1901, 1911, 1921, 1931ലും സെൻസസ്‌ നടന്നു. രാജ്യത്ത്‌ നിയമലംഘനപ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴായിരുന്നു 1931ലെ സെൻസസ്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു 1941ലെ സെൻസസ്‌. സ്വാതന്ത്ര്യത്തിനു മുമ്പുള്ള അവസാനത്തെ കണക്കെടുപ്പായിരുന്നു അത്‌.

1948-ൽ നിലവിൽ വന്ന സെൻസസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരുന്നു സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സെൻസസ്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് 1951- ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടന്നു. 13 ചോദ്യങ്ങൾ അടങ്ങിയ ഒരു വ്യക്തിഗത സ്ലിപ്പിലൂടെയായിരുന്നു വിവരശേഖരണം. 1961- ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് മൂന്നിന്‌ സെൻസസ്‌ നടപടികൾ അവസാനിച്ചു. ഇടക്കാല പാർലമെന്റ്‌ തെരഞ്ഞെടുപ്പുമായി ഒന്നിച്ചുവരുന്നത്‌ ഒഴിവാക്കാൻ 1971-ലെ സെൻസസ് മാർച്ച് 10-നും മാർച്ച് 31-നും ഇടയിലായിരുന്നു. 1981, 1991, 2001ലും നടന്ന സെൻസസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. 2011ൽ ഫെബ്രുവരി 9മുതൽ 28 വരെയായിരുന്നു സെൻസസ്‌. ആദ്യഘട്ടം - വീടുകളുടെ നമ്പറിടലും വീടുകളുടെ കണക്കെടുപ്പും 2010 ഏപ്രിൽമുതൽ ജൂൺവരെ നടന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള നടപടികൾക്കും തുടക്കമിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ൽ സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രിൽ ഒന്നിനും സെപ്‌തംബർ 30-നും ഇടയിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ്‌ വ്യാപകമായതിനാൽ സെൻസസ്‌ നടപടികൾ മാറ്റിവച്ചു. ഇന്ത്യയടക്കം ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ്‌ കോവിഡ്‌ ചൂണ്ടിക്കാട്ടി സെൻസസ്‌ നീട്ടിയത്‌. 2024-–-25ലെ യൂണിയൻ ബജറ്റിൽ, സെൻസസ് നടത്തുന്നതിന് കാര്യമായ വ്യവസ്ഥകളൊന്നും ഉണ്ടാക്കിയിട്ടില്ല. ജില്ല, താലൂക്ക്, ബ്ലോക്ക് പോലെയുള്ള ഭരണപരമായ അതിരുകൾ പ്രകാരം സെൻസസ് നടത്താനാവശ്യമായ അതിരുകൾ മരവിപ്പിച്ചതിന്റെ സമയപരിധി ജൂണിന്‌ ശേഷം കേന്ദ്രം നീട്ടിയിട്ടില്ല. കോവിഡ്‌ ഒഴിഞ്ഞ്‌ മൂന്ന്‌ വർഷം പിന്നിട്ടിട്ടും സെൻസസ്‌ നടപടികൾ നീട്ടിക്കൊണ്ടുപോകുകയാണ്‌.

ഓരോ 10 വർഷത്തിലും സെൻസസ് നടത്തുന്ന അഭിമാനകരമായ ചരിത്രമുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു 2011 വരെ ഇന്ത്യ. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ മോദി ഭരണത്തിൽ രാജ്യത്തിന്റെ ഈ ഖ്യാതിക്കും മങ്ങലേറ്റു. സെൻസസിന് ഉത്തരവിടാൻ സർക്കാർ താൽപ്പര്യം കാണിക്കാത്തത് എന്തുകൊണ്ടാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശാസ്ത്രീയ അടിസ്ഥാനത്തിൽ നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ സർവേകളോട്‌ സർക്കാർ കാണിച്ച പൊതുവായ അവഹേളനമാണ് ഇതിനു പിന്നിൽ. വിവിധ സർവേ റിപ്പോർട്ടുകളെ ഒന്നുകിൽ പൂഴ്‌ത്തിവച്ചിരിക്കുന്നു, അല്ലെങ്കിൽ സർവേയുടെ സ്ഥിതിവിവരക്കണക്ക് യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നു. ഫലത്തിൽ ബിജെപിയുടെയും ഹിന്ദുത്വ ശക്തികളുടെയും ശാസ്ത്രവിരുദ്ധ വീക്ഷണത്തിന്റെ ഇരയായി സെൻസസ് മാറി. യുക്തിരാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമാണിത്. ജനസംഖ്യാ കണക്കെടുപ്പില്ലെങ്കിലും പ്രധാനമന്ത്രി മോദി മുതലുള്ള സംഘപരിവാർ നേതാക്കൾ ജനസംഖ്യ സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ജനനനിരക്ക് വർധിപ്പിച്ചും നുഴഞ്ഞുകയറിയുമെല്ലാം മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിക്കുകയാണെന്ന വിദ്വേഷ പ്രചാരണമാണ്‌ സംഘപരിവാർ നടത്തുന്നത്‌. തെരഞ്ഞെടുപ്പുകാലത്ത്‌ ഈ വിദ്വേഷ പ്രചാരണം വ്യാപകമാക്കുന്നു. ഇന്ത്യൻ സെൻസസിലുടെ ലഭിക്കുന്ന വിവരങ്ങൾക്ക്‌ ലോകമാകെ വലിയ ആധികാരികതയും അംഗീകാരവും ലഭിച്ചിരുന്നു. എല്ലാവിധ പ്രതിസന്ധികൾക്കിടയിലും 1871 മുതൽ ഇന്ത്യയിൽ തടസ്സമില്ലാതെ നടന്നിരുന്ന സെൻസസാണ്‌ മോദി സർക്കാർ ബോധപൂർവം വൈകിപ്പിച്ചിരിക്കുന്നത്‌. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസ്‌ നടത്തണമെന്ന ആവശ്യവും ശക്തമാണ്‌. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഇന്ത്യൻ സെൻസസ് വെറുമൊരു ജനസംഖ്യാ കണക്കെടുപ്പ്‌ മാത്രമായിരുന്നില്ല. ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരശേഖരണമാണ്‌. സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യം, ആസ്തികൾ, വീടുകളിലെ ഭൗതികസൗകര്യം, വൈദ്യുതി, കുടിവെള്ളം, നഗരവൽക്കരണം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ, --അംഗ-വൈകല്യമുള്ളവർ തുടങ്ങി ഒരോ വീടുകളിൽനിന്നും വിപുലമായ വിവരങ്ങളാണ്‌ ശേഖരിക്കുന്നത്‌. നഗര- ഗ്രാമീണ ജനസംഖ്യ, പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സെൻസസിലൂടെ ലഭിക്കുന്നു. ലഭിച്ച വിവരങ്ങൾ വിവിധ തലങ്ങളിൽ ശരിയായി സൂക്ഷ്മമായി പരിശോധിച്ച്‌ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു. ഇത്‌ എല്ലാ തലങ്ങളിലുമുള്ള നയരൂപീകരണ ആസൂത്രകരെയും ഭരണനിർവഹണ ഉദ്യോഗസ്ഥരെയും വിവിധ വിഭാഗം ആളുകൾക്ക് വേണ്ടിയുള്ള നയങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രാപ്തരാക്കുന്നത്. സെൻസസ്‌ യഥാസമയം നടക്കാത്തതുകൊണ്ടുതന്നെ 2011ലെ ജനസംഖ്യാടിസ്ഥാനമാക്കിയാണ്‌ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. 2011ലെ സെൻസസ്‌ പ്രകാരം 121 കോടി ജനങ്ങളുണ്ടായിരുന്ന നമ്മുടെ രാജ്യം ലോകജനസംഖ്യയിൽ ചൈനയ്‌ക്കുപിന്നിൽ രണ്ടാമതായിരുന്നു. എന്നാൽ വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒക്‌ടോബർ 17 ന്‌ ഇന്ത്യയുടെ ജനസംഖ്യ 145.47 കോടിയാണ്‌. അതായത്‌ 24.5 കോടി ജനങ്ങളെ പരിഗണിക്കാതെയാണ്‌ മോദി സർക്കാർ വികസന, ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നത്‌. ഉദാഹരണത്തിന്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം. ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗരങ്ങളിലെ ജനസംഖ്യയുടെ 50 ശതമാനവും ഈ നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ, വിഹിതം "പ്രസക്തമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സെൻസസ് പ്രകാരം ജനസംഖ്യാ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ കണക്കാക്കും’. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 81.5 കോടി ആളുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. നിലവിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു കണക്കുകൂട്ടൽ, ആ സംഖ്യ 94 കോടി ആയിരിക്കും. ഇതിനർഥം സെൻസസ് നടക്കാത്തതിനാൽ 12 കോടി ജനങ്ങൾക്ക് സബ്‌സിഡിയോ സൗജന്യമോ ആയ ധാന്യങ്ങൾ ലഭിക്കാതെ പോകുന്നു. മറ്റ്‌ പല ആനുകൂല്യങ്ങളും അർഹതപ്പെട്ടവർക്ക്‌ നിഷേധിക്കപ്പെടുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top