22 December Sunday

ഇന്ത്യ ചൈന ബന്ധത്തിലെ സുപ്രധാന നടപടി - പീപ്പിൾസ്‌ ഡെമോക്രസി മുഖപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

 

യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിങ്‌ ക്രമീകരണങ്ങളെപ്പറ്റി ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി ഒക്ടോബർ 21ന് ഇന്ത്യാ ഗവൺമെന്റ്‌ പ്രഖ്യാപിച്ചു. ഇത് സ്വാഗതാർഹമായ ഒരു സംഭവവികാസമാണ്. രണ്ട്‌ അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിലൂടെ സാധാരണ നിലയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020-ൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന അതിർത്തി സംഘർഷത്തെതുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം വഷളായി. ഈ ഏറ്റുമുട്ടലുകൾ ഒരു പൂർണമായ യുദ്ധത്തിലേക്ക് നയിക്കില്ലെന്ന് ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും യത്‌നിച്ചിരുന്നു. 2020 മുതൽ സൈനിക, നയതന്ത്ര തലങ്ങളിൽ 31 റൗണ്ട് ചർച്ച നടന്നു. ഇരുരാജ്യങ്ങളുടെയും കോർപ്‌സ് കമാൻഡർമാർ സൈനികതല ചർച്ചകൾ നടത്തിയപ്പോൾ, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ഇന്ത്യ– -ചൈന അതിർത്തി കാര്യങ്ങൾക്കുള്ള വർക്കിങ്‌ മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോ– -ഓർഡിനേഷന്റെ (ഡബ്ല്യുഎംസിസി) നേതൃത്വത്തിലാണ് നടന്നത്.

സാധാരണ ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വം ഇടപെട്ടതോടെയാണ് ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് നീങ്ങിയത്. ‘ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം നമ്മുടെ രണ്ട് രാജ്യങ്ങൾക്ക് മാത്രമല്ല, മുഴുവൻ മേഖലയ്ക്കും ലോകത്തിനും പ്രധാനമാണെ’ന്ന്‌ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോൾ ഈ നിലപാട് പ്രതിഫലിപ്പിക്കുകയായിരുന്നു. വിദേശമന്ത്രി എസ് ജയ്‌ശങ്കർ ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി. സെപ്തംബറിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്ബർഗിൽ നടന്ന  ബ്രിക്‌സ്‌ കൂട്ടായ്‌മയിലെ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ മീറ്റിങ്ങിന്റെ ഭാഗമായി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന് ഡബ്ല്യുഎംസിസിയുടെ രണ്ട് യോഗം തുടർച്ചയായി നടന്നു. എസ്‌ ജയ്‌ശങ്കർ പ്രസ്താവിച്ചതുപോലെതന്നെ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശരിയായ പാതയായ ‘വളരെ ക്ഷമയും സ്ഥിരോത്സാഹവുമുള്ള നയതന്ത്രത്തിന്റെ ഉൽപ്പന്നമാണ്‌’ ഇപ്പോൾ നിലവിൽവന്ന കരാർ. ഈ നയതന്ത്ര ശ്രമങ്ങളെല്ലാം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി. 2020ലെ അതിർത്തി തർക്കത്തിനുശേഷം ഇരുനേതാക്കളും ആദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നത് എന്നതിനാൽ ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നു. ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

സാമ്പത്തികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന ഇന്ത്യൻ ബൂർഷ്വാസിക്ക്‌ ചൈനയുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.  ഇതിനായി സർക്കാരിൽ സമ്മർദം ചെലുത്തി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-– സെപ്‌തംബർ കാലയളവിൽ 5629 കോടി ഡോളർ മൂല്യമുള്ള ചരക്ക്‌ കയറ്റി അയച്ചുകൊണ്ട്‌ ചൈന ഇന്ത്യയുടെ ഏറ്റവും മികച്ച ഇറക്കുമതി കേന്ദ്രമായി മാറി. ആഗോളവൽക്കരണ സാമ്പത്തിക ലോകക്രമത്തിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നത് ഇരുരാജ്യങ്ങൾക്കും കൂടുതൽ പ്രയോജനകരമാണെന്ന് അംഗീകരിക്കപ്പെടുന്നു. വൈദ്യുത വാഹനങ്ങൾ (ഇവികൾ), സ്‌മാർട്ട്‌ഫോണുകൾ, സോളാർ പാനലുകൾ, ഔഷധങ്ങൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വ്യവസായങ്ങളുടെ  നിർമാണ താൽപ്പര്യകേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനായി ഇന്ത്യൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.  ഈ വ്യവസായങ്ങളിൽ ഭൂരിഭാഗത്തിനും ചൈനയുമായുള്ള സാമ്പത്തികബന്ധം പുനഃസ്ഥാപിക്കേണ്ടത്‌ അനിവാര്യമാണ്‌.

വിഭവങ്ങളുടെ വിതരണത്തിലും വ്യാപാര വഴികളിലും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും  ഉക്രയ്‌നിലെ യുദ്ധവും ഗാസയിലും പശ്ചിമേഷ്യയിലും ഇസ്രയേൽ നടത്തുന്ന കടന്നാക്രമണവും കടുത്ത സ്വാധീനം ചെലുത്തുന്നു. പല രാജ്യങ്ങളും ‘തങ്ങളുടെ എല്ലാ മുട്ടകളും ഒരു കൊട്ടയിൽ’ ഇടുന്നതിന്റെ വിഷമാവസ്ഥ തിരിച്ചറിയുന്നു

സംയുക്ത സംരംഭങ്ങളിലൂടെ ഉൽപ്പാദനമേഖലയിൽ ചൈനീസ് നിക്ഷേപങ്ങളോടുള്ള നിലവിലെ നിഷേധാത്മക നിലപാട് മാറണം.  2023-ൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ വാഹന നിർമാതാക്കളായ ചൈനീസ് ഭീമൻ ബിവൈഡി ഒരു ഇന്ത്യൻ കമ്പനിയുമായുള്ള സംയുക്തസംരംഭത്തിലൂടെ 100 കോടി ഡോളർ നിക്ഷേപം നടത്താൻ സന്നദ്ധമായിരുന്നു. ഇത്‌ ഇന്ത്യ നിരസിച്ചത് ദീർഘവീക്ഷണമില്ലാത്ത നടപടിയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിനുള്ള ഒരു പ്ലാന്റ്‌ സ്ഥാപിക്കുന്നത് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉൽപ്പാദന പ്രക്രിയകളും ലഭ്യമാക്കാൻ  ഇന്ത്യയെ സഹായിക്കുമായിരുന്നു.
ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും ഇപ്പോൾ അനുഭവപ്പെട്ടു. വിഭവങ്ങളുടെ വിതരണത്തിലും വ്യാപാര വഴികളിലും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും  ഉക്രയ്‌നിലെ യുദ്ധവും ഗാസയിലും പശ്ചിമേഷ്യയിലും ഇസ്രയേൽ നടത്തുന്ന കടന്നാക്രമണവും കടുത്ത സ്വാധീനം ചെലുത്തുന്നു. പല രാജ്യങ്ങളും ‘തങ്ങളുടെ എല്ലാ മുട്ടകളും ഒരു കൊട്ടയിൽ’ ഇടുന്നതിന്റെ വിഷമാവസ്ഥ തിരിച്ചറിയുന്നു–-- അമേരിക്ക എന്ന കൊട്ട. ഈ പശ്ചാത്തലത്തിൽ ബ്രിക്‌സ്‌ പ്ലസ്‌ പോലുള്ള കൂട്ടായ്മകൾക്ക് പ്രാധാന്യം ലഭിക്കുകയും പല രാജ്യങ്ങളും ഇത്തരം ഗ്രൂപ്പുകളിൽ ചേരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ പശ്ചിമേഷ്യയിലെ പ്രാദേശിക ശക്തികളായ സൗദി അറേബ്യയും ഇറാനും  ഈ ഗ്രൂപ്പിൽ അംഗങ്ങളായി. ഇന്ത്യയെ ചുറ്റിപ്പറ്റി നടക്കുന്ന ഈ ഭൗമ-രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം, ഈ ഗ്രൂപ്പിൽനിന്ന് ഇന്ത്യക്ക് ഒരു പുറം തിരിഞ്ഞുനിൽക്കാൻ കഴിയില്ല. അതിനാൽ പരസ്‌പരം ശത്രുതയോടുകൂടിയ ബന്ധത്തിനുപകരം ബ്രിക്‌സിന്റെ സ്ഥാപക അംഗങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നത് സ്വാഭാവികമാണ്.

2020ലെ ചൈനയുമായുള്ള അതിർത്തി സംഘർഷത്തെതുടർന്ന് മോദി സർക്കാർ യുഎസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരുന്നു. ഇന്ത്യ-– -ചൈന തർക്ക അതിർത്തിയുമായി ബന്ധപ്പെട്ട്‌ തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതുൾപ്പെടെ വിവിധ പ്രതിരോധ സഹകരണ കരാറുകളിൽ ഒപ്പുവച്ചു. നമ്മുടെ ഹിമാലയൻ അതിർത്തിയിലെ സൈനിക നീക്കങ്ങൾ കണ്ടെത്തുന്നതിന്‌  31 സായുധ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനുള്ള 300 കോടി ഡോളറിന്റെ ഇടപാടും അതിൽപ്പെടുന്നു. ഓസ്‌ട്രേലിയയും ജപ്പാനും ഉൾപ്പെടുന്ന യുഎസ് നേതൃത്വത്തിലുള്ള ക്വാഡ് ഗ്രൂപ്പിൽ ഇന്ത്യ അംഗമാണ്. അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് പിൻവാങ്ങലിന്റെയും നയപരമായ നിലപാടുകളുടെ വിശ്വാസ്യതയില്ലായ്മയുടെയും പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായാൽ, ചൈനയുമായുള്ള ബന്ധം സാധാരണമാക്കുക എന്നത്‌ സർക്കാരിന്റെ വിവേകപൂർണമായ തീരുമാനമായിരിക്കുമെന്ന് ആർഎസ്എസ് പത്രമായ ദ ഓർഗനൈസർ അഭിപ്രായപ്പെട്ടിരുന്നു  (സെപ്തംബർ 22, 2024). ഇന്ത്യയും ചൈനയും 3400 കിലോമീറ്ററിലധികം നീളത്തിൽ അതിർത്തി പങ്കിടുന്നു. അതിർത്തിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കൃത്യമായി വേർതിരിക്കാത്തതാണ് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് കാരണം. ഇന്ത്യ-– -ചൈന അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്. 1993-ലെ ബോർഡർ പീസ്‌ ആൻഡ് ട്രാൻക്വിലിറ്റി ഉടമ്പടിയും 2013-ലെ അതിർത്തി സുരക്ഷാ സഹകരണ കരാറും കെട്ടിപ്പടുക്കണം.  അതേസമയം, നമ്മുടെ സാങ്കേതികവിദ്യയും ഉൽപ്പാദനശേഷിയും വർധിപ്പിക്കുന്ന ഉൽപ്പന്ന നിർമാണമേഖലയിൽ നിക്ഷേപം നേടുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം. ഒപ്പം സാമ്പത്തിക ബന്ധങ്ങളും ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളും വിപുലീകരിക്കാൻ മോദി സർക്കാർ നടപടി സ്വീകരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top