22 December Sunday

മതനിരപേക്ഷതയ്ക്ക് മരണവിധി
 തേടുന്ന ഹിന്ദുത്വം

എ എം ഷിനാസ്Updated: Friday Oct 25, 2024

 

1976 ൽ ആണ് 42–-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. ഇതേ ഭേദഗതി തന്നെയാണ് രാജ്യത്തിന്റെ ‘ഐക്യ’വും ‘അഖണ്ഡത’യും എന്ന വാക്കുകൾ കൂടി ഭരണഘടനയിൽ ചേർത്തത്. സെക്യുലറിസം, സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഒരുകൂട്ടം ഹർജികൾ സുപ്രീംകോടതി മുൻപാകെ എത്തിയിരുന്നു. 2013 ൽ ബിജെപിയിൽ ചേർന്നശേഷം 2016 മുതൽ 2022 വരെ ബിജെപി നാമനിർദേശം ചെയ്ത രാജ്യസഭാ എംപിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമി, ആം ആദ്മി പാർടി വിട്ട് 2014 ൽ ബിജെപിയിൽ ചേർന്ന അശ്വിനികുമാർ ഉപാധ്യായ, ബൽറാം സിങ് എന്നിവരാണ് ഹർജിക്കാർ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഈ ഹർജികൾ പരിഗണിക്കവേ ഒക്ടോബർ 21ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൃത്യവും വ്യക്തവുമായി പറഞ്ഞത് ‘മതനിരപേക്ഷത എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ അവിച്ഛിന്നഭാഗമാണെന്നും ഈ പരമാർഥം സുപ്രീംകോടതിയുടെ നിരവധി വിധിന്യായങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്’ എന്നുമാണ്. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന തുല്യതയ്ക്കുള്ള അവകാശം,  സാഹോദര്യം, ഭരണഘടനയുടെ മൂന്നാംഭാഗത്തിൽ വരുന്ന മൗലികാവകാശങ്ങൾ എന്നിവ പരിശോധിച്ചപ്പോൾ മതനിരപേക്ഷത ഭരണഘടനയുടെ കാമ്പും കാതലുമാണെന്ന സുവ്യക്തസൂചന ലഭിക്കുമെന്നും കോടതി കൂട്ടിച്ചേർക്കുകയുണ്ടായി. ഭരണഘടനയിലെ 25,28 അനുച്ഛേദങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന് അടിവര ചാർത്തുന്നതാണ്‌.

ഈ രണ്ടംഗ ബഞ്ച് ചൂണ്ടിക്കാണിച്ച വിധിന്യായങ്ങളിൽ  ഭരണഘടനാ ചരിത്രത്തിലെ നാഴികക്കല്ലാണ് കേശവാനന്ദ ഭാരതി കേസിലെ ചരിത്രവിധി. കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കാസർകോട് ജില്ലയിലെ ഇടനീർ മഠാധിപതിയായ കേശവാനന്ദ ഭാരതിക്ക് ഭൂപരിഷ്കരണഫലമായി നഷ്ടപ്പെട്ട ആശ്രമസ്വത്തുക്കൾ വീണ്ടെടുക്കുകയെന്ന ഉദ്ദേശ്യം മാത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ 70 കളുടെ തുടക്കത്തിൽ രാജ്യം ഉറ്റുനോക്കിയ ആ കേസ്, സ്വത്തവകാശം മൗലികാവകാശമാണോ എന്ന പ്രശ്നത്തെ പിന്നോട്ടുതള്ളി പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരമപ്രധാന പ്രശ്നമായി പരിണമിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് (13 ജഡ്ജിമാർ) കേസ് പരിഗണിച്ചത്. ഭരണഘടന ഭേദഗതി ചെയ്യാൻ, മൗലികാവകാശങ്ങളടക്കം, പാർലമെന്റിന് അധികാരമുണ്ടെന്നും എന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും അടിസ്ഥാന ഘടനയും അലംഘ്യമാണെന്നുമായിരുന്നു 1973 ഏപ്രിലിൽ പുറത്തുവന്ന ഭൂരിപക്ഷവിധി. ഭരണഘടനയുടെ അടിസ്ഥാനഘടനാവിധി (ബേസിക് സ്ട്രക്ചർ ജഡ്ജ്മെന്റ്) എന്നറിയപ്പെടുന്ന ഈ വിധിന്യായത്തിൽ ജനാധിപത്യ–-റിപ്പബ്ലിക്കൻ വ്യവസ്ഥ, ഫെഡറലിസം, ഭരണനിർവഹണ–-നിയമനിർമാണ–-നീതിന്യായ മണ്ഡലങ്ങളുടെ അധികാരവിഭജനം എന്നിവ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനഘടകങ്ങളുടെ പട്ടിക ഭാവിയിലെ വിധികളിലൂടെ വിപുലമാക്കാമെന്നും ആ ബൃഹത്തായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഇപ്പോൾ നൽകിയ ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗബഞ്ച് അസന്ദിഗ്ധമായി പറഞ്ഞത്, മതനിരപേക്ഷത എല്ലായ്‌പ്പോഴും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ അവിഭാജ്യഭാഗമാണെന്നാണ്.

സാർഥകമായ ജനാധിപത്യത്തിന്റെയും ഇന്ത്യയുടെ അസാമാന്യമായ ബഹുസ്വരതയുടെയും വൈവിധ്യബാഹുല്യത്തിന്റെയും ജീവവായുവും  അടിപ്പടവുമാണ്  മതനിരപേക്ഷത. രാഷ്ട്രീയ സൈദ്ധാന്തികനായ രാജീവ് ഭാർഗവ ‘റീ ഇമാജിനിങ് ഇന്ത്യൻ സെക്യുലറിസം’  (2023) എന്ന ഗ്രന്ഥത്തിൽ കൃത്യമായി നിരീക്ഷിക്കുന്നതുപോലെ, ഇന്ത്യയുടെ ആശ്ചര്യകരമായ വൈവിധ്യസമൃദ്ധിയോടുള്ള പ്രതിസ്പന്ദനമായാണ് ഇവിടെ മതനിരപേക്ഷ മനക്കൂട്ട് തിടം വച്ചത്.

മതനിരപേക്ഷ ഭരണകൂടം ഇടപെടേണ്ട ഒരു സുപ്രധാന വിഷയം, മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലുമുണ്ടാകുന്ന ആധിപത്യത്വര ചെറുക്കുകയും  ഒരു പ്രത്യേക മതത്തിന്റെയോ മതത്തിൽ തന്നെയുള്ള പ്രത്യേക വിഭാഗത്തിന്റെയോ  അധൃഷ്യതയ്‌ക്ക്‌ തടയിടുകയും ചെയ്യുക എന്നതാണ്. 

സെക്യുലറിസം മതങ്ങൾക്കെതിരല്ല; അതേസമയം മതങ്ങളുടെ സ്ഥാപനവൽക്കരിക്കപ്പെട്ട ആധിപത്യത്തെയും മേൽക്കോയ്മയെയും സെക്യുലറിസം ചെറുക്കുന്നു. രാജീവ് ഭാർഗവ മുന്നോട്ടുവയ്‌ക്കുന്ന ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമത്രെ. ഇന്ത്യൻ സെക്യുലറിസത്തെ പുനർവിഭാവനം ചെയ്യുന്ന ഭാർഗവ, മതവും ഭരണകൂടവും തമ്മിലുള്ള കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ വിച്ഛേദത്തേക്കാൾ ഇന്ത്യൻ ഭരണഘടനയിൽ കാണാൻ കഴിയുന്നത്, ഭരണകൂടവും മതവും തമ്മിലുള്ള ‘തത്വദീക്ഷ’യുള്ള അകലം ആണെന്ന് പറയുന്നു. രാഷ്ട്രത്തിന് ഔദ്യോഗികമതമില്ലെങ്കിലും ഭരണഘടന ചില ഉപാധികളോടെ മതസ്വാതന്ത്ര്യത്തിന് സമ്പൂർണ പിന്തുണ നൽകുകയും അതേസമയം സ്ഥാപനവൽക്കരിക്കപ്പെട്ട മതാധിപത്യത്തെ എതിർക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സവിശേഷ  പരിതോവസ്ഥയിൽ  മതബഹുത്വത്തെ പുറന്തള്ളാൻ കഴിയില്ല. മതനിരപേക്ഷ ഭരണകൂടം ഇടപെടേണ്ട ഒരു സുപ്രധാന വിഷയം, മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലുമുണ്ടാകുന്ന ആധിപത്യത്വര ചെറുക്കുകയും  ഒരു പ്രത്യേക മതത്തിന്റെയോ മതത്തിൽ തന്നെയുള്ള പ്രത്യേക വിഭാഗത്തിന്റെയോ  അധൃഷ്യതയ്‌ക്ക്‌ തടയിടുകയും ചെയ്യുക എന്നതാണ്.  ഇന്ത്യയിൽ വികസിച്ചുവന്ന മതനിരപേക്ഷത മതങ്ങളോട് നിസ്സംഗതയോ അനാസ്ഥയോ അലക്ഷ്യപ്രകൃതമോ കാണിക്കുന്നില്ല. വ്യത്യസ്ത മതങ്ങൾക്കും അവയുടെ ദാർശനിക ലോകവീക്ഷണത്തിനും വിമർശാത്മകമായ ബഹുമാനവും ആദരവും പരിഗണനയും നൽകുന്ന മതനിരപേക്ഷ ഭരണവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ചരിത്രപരമായ ബഹുത്വത്തെ ഒട്ടും അനായാസമായി ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മതനിരപേക്ഷതയുടെ ഭൂമികയിൽ വേരുകളാഴ്ത്തിയാണ് ഈ അനന്യമായ സ്വരവൈവിധ്യം നിലകൊള്ളുന്നത്.

ഇനി ഈ ഹർജികൾക്ക് പിന്നിലുള്ള ചേതോവികാരവും ചതുരുപായവും എന്തൊക്കെയാണെന്ന് നോക്കാം. പരമോന്നത കോടതികളുടെയും കീഴ്‌ക്കോടതികളുടെയും അടുത്തകാലത്തുണ്ടായ ചില വിധിന്യായങ്ങൾ (ഉദാ: ബാബ്റി മസ്ജിദ്, ജ്ഞാൻവ്യാപി) ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കപ്പുറമുള്ള മോഹസാഫല്യമായിരുന്നു. 1950ൽ നിലവിൽ വന്ന ഭരണഘടനയുടെ ആമുഖത്തിലില്ലാത്ത സെക്യുലറിസം, സോഷ്യലിസം എന്നീ പദങ്ങൾ രണ്ടര പതിറ്റാണ്ടിനുശേഷം കൂട്ടിച്ചേർത്തതാണെന്നും ഇവ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിന് അംബേദ്കറും നെഹ്റുവും ശുഷ്കാന്തി കാണിച്ചില്ലെന്നുമൊക്കെയാണ് ഹർജിക്കാരിൽ ചിലർ കോടതിയിൽ വാദിച്ചത്. ഡോ. ബി ആർ അംബേദ്കറും നെഹ്റുവും പക്ഷേ, മതനിരപേക്ഷതയുടെ കടുത്ത വക്താക്കളായിരുന്നു. ഭരണഘടനാ നിർമാണസഭയിലെ ചർച്ചാവേളയിൽ കെ ടി ഷായും ബ്രജേശ്വർ പ്രസാദും സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അംബേദ്കർ പറഞ്ഞത് ‘ഭരണകൂടത്തിന്റെ നയം എന്തായിരിക്കണമെന്നും സമൂഹം അതിന്റെ സാമ്പത്തികവും സാമൂഹ്യവുമായ  കാര്യങ്ങൾ എങ്ങനെ ചിട്ടപ്പെടുത്തണമെന്നും ജനങ്ങൾ തീരുമാനിക്കുന്നത് സമയത്തിനും സാഹചര്യത്തിനുമനുസരിച്ചാണ്. ഈ രണ്ടു പദങ്ങൾ ചേർക്കണമെന്ന ഭേദഗതി നിർദേശത്തോടുള്ള എന്റെ വിയോജിപ്പിന്റെ അടിസ്ഥാനം, ഇവ ആമുഖത്തിന്റെ കരടിൽത്തന്നെ ഉൾക്കൊണ്ടിരിക്കുന്നു എന്നതാണ്.’

‘കിട്ടിയാൽ കിട്ടി, പോയാൽ പോയി’ എന്ന മട്ടിലുള്ള വിദൂരസാധ്യതയുള്ള അഭിലാഷമല്ല ഹർജിക്കാരെ കോടതിയിലെത്തിച്ചത്. കോടതിയിൽനിന്ന് പക്ഷേ, കിടിലൻ കിഴുക്കാണ് ഹർജിക്കാർക്ക് കിട്ടിയത്.

ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളിൽ മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതിന്റെ വിപത്തിനെപ്പറ്റി നെഹ്റു പലവുരു ഊന്നിപ്പറഞ്ഞിരുന്നു: ‘നമ്മുടെയും രാജ്യത്തിന്റെയും മനസ്സിൽ വ്യക്തമായി പതിപ്പിച്ചിരിക്കേണ്ട കാര്യം, മതവും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവം ഏറ്റവും ആപൽക്കരമായ സംയുക്തമാണ് എന്നതാണ്. അത് ഭൂരിപക്ഷത്തിന് ഹാനികരമാണ്. ഈ സംയുക്തത്തിൽനിന്ന് എന്തെങ്കിലും പ്രയോജനം ആഗ്രഹിക്കുന്ന ന്യൂനപക്ഷത്തിനും ദോഷകരമാണ്.’ ഈയിടെയുണ്ടായ ചില കോടതിവിധികൾ ഹിന്ദുത്വവാദികൾക്ക് അസ്ഥാനത്തല്ലാത്ത ആശ നൽകിയിട്ടുണ്ട്. ‘കിട്ടിയാൽ കിട്ടി, പോയാൽ പോയി’ എന്ന മട്ടിലുള്ള വിദൂരസാധ്യതയുള്ള അഭിലാഷമല്ല ഹർജിക്കാരെ കോടതിയിലെത്തിച്ചത്. കോടതിയിൽനിന്ന് പക്ഷേ, കിടിലൻ കിഴുക്കാണ് ഹർജിക്കാർക്ക് കിട്ടിയത്.

മർമപ്രധാനമായ കാര്യം, ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് മുന്നിലുള്ള ഏറ്റവും വലിയ പ്രതിബന്ധമാണ് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ. ഹിന്ദുത്വ എന്ന മതരാഷ്ട്രീയ പ്രത്യയശാസ്ത്രം കഠിനമായി എതിർക്കുന്ന ആശയങ്ങളാണ് മതനിരപേക്ഷതയും സോഷ്യലിസവും. എം എസ് ഗോൾവാൾക്കർ ‘വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്’ എന്ന പുസ്തകത്തിൽ ആധുനിക മാനവസമൂഹത്തിന്റെ മൂല്യങ്ങളും ആദർശങ്ങളുമായ എല്ലാം– മതനിരപേക്ഷത, ജനാധിപത്യം, പാർലമെന്ററി സ്ഥാപനങ്ങൾ, സമത്വം, സാഹോദര്യം  ‘അന്യവും വൈദേശികവു’മായി മുദ്രചാർത്തി നിരാകരിക്കുന്നുണ്ട്. മതനിരപേക്ഷ വിരുദ്ധതയും സ്ഥിതിസമത്വ വിരുദ്ധതയും സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ അടിക്കല്ലാണ്. ചാതുർവർണ്യ വ്യവസ്ഥയെ സുഗന്ധതൈലം പൂശി ഇപ്പോഴും ന്യായീകരിക്കുന്ന ഹിന്ദുത്വവാദികൾക്ക് സോഷ്യലിസം ചതുർഥിയാകുന്നത് സ്വാഭാവികം.

(മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top