ദുർഘട ഘട്ടത്തിലൂടെ നീങ്ങുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ ശക്തമായ മാന്ദ്യം നിഴലിക്കുന്നതിന്റെ സൂചനകൾ പ്രകടമാകുകയാണ്. കെട്ടുപൊട്ടിയ പട്ടംപോലെ നീങ്ങുന്ന വിലക്കയറ്റമാണ് നിലവിലെ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമാക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിലെ ശക്തമായ വിലക്കയറ്റം ജനജീവിതത്തെ തകർക്കുന്ന നിലയിലേക്ക് വളർന്നു. മധ്യവർഗ വിഭാഗങ്ങളുടെപോലും സാമ്പത്തികനിലയെ താളംതെറ്റിക്കുന്ന തരത്തിലേക്ക് പണപ്പെരുപ്പവും വിലക്കയറ്റവും വ്യാളീരൂപം കൈക്കൊള്ളുകയാണ്.വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ടി പലിശനിരക്ക് തുടർച്ചയായി ഉയർത്തി നിർത്തിയ റിസർവ് ബാങ്ക്, ഈ പ്രതിസന്ധിക്കു മുന്നിൽ ഉത്തരമില്ലാതെ പതറുന്നതാണ് കാണുന്നത്.
ഇന്ത്യൻ സമ്പദ്ഘടന ചാക്രികമാന്ദ്യ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നെന്ന വിലയിരുത്തലാണ് ധനമേഖലയിലെ പ്രമുഖ ഏജൻസിയായ ‘നോമുറ’യുടെ വിലയിരുത്തൽ. നടപ്പ് സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.7 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് അവർ കണക്കാക്കുന്നത്. വിവിധകാരണങ്ങൾ നിരത്തിയാണ് ‘നോമുറ’ ഇത് സ്ഥാപിക്കുന്നത്. നഗരമേഖലകളിൽ ഉപഭോക്തൃ ഡിമാൻഡിൽ സംഭവിച്ചിരിക്കുന്ന ഇടിവ്, വിമാന യാത്രികരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുറവ്, വാഹന വിൽപ്പനയിൽ പ്രകടമായിരിക്കുന്ന ഇടിവ്, ശമ്പളത്തിന്റെ കാര്യത്തിലെ വളർച്ചയിൽ സംഭവിച്ചിരിക്കുന്ന മാന്ദ്യം തുടങ്ങിയ ഘടകങ്ങളാണ് അവർ പ്രത്യേകം എടുത്തു പറയുന്നത്. ഉപഭോക്തൃ ഡിമാൻഡിൽ പ്രകടമാകുന്ന ഇടിവ്, പ്രത്യേകിച്ച് അവശ്യസാധനങ്ങളുടെ രംഗത്ത് ഉണ്ടായിരിക്കുന്ന ഇടിവ് മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകൾ നൽകുന്നു. പൊതുവിപണിയിലെ മാറ്റങ്ങൾ പരിഗണിക്കുമ്പോൾ ആവശ്യക്കാർ കുറയുന്നെന്ന വസ്തുത വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നതുമായി ചേർത്തു വായിക്കുമ്പോൾ ‘നോമുറ’യുടെ നിഗമനങ്ങൾ ഇന്ത്യയുടെ സാമ്പത്തികമേഖലയിൽ ഏറെ പ്രസക്തമാണ്. ജൂലൈ–- സെപ്തംബർ പാദത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ശമ്പളച്ചെലവ് 0.8 ശതമാനംകണ്ട് കുറഞ്ഞതായും ഏജൻസി ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്ക് 7.2 ശതമാനം വളർച്ച പ്രവചിക്കുമ്പോഴാണ് ‘നോമുറ’വളർച്ചനിരക്ക് താഴുമെന്ന് വ്യക്തമായി പറയുന്നത്. അതുമാത്രവുമല്ല, ഇപ്പോൾ പുതുക്കിയ വളർച്ചാ അനുമാനത്തിൽ ഇനിയും കുറവുണ്ടാകാനുള്ള സാധ്യതയും എടുത്തു പറയുന്നുണ്ട്.
ധനമന്ത്രാലയത്തിന്റെ മാസംതോറുമുള്ള അവലോകനവും നഗരമേഖലകളിലെ ഡിമാൻഡിലെ കുറവ് സമ്മതിക്കുന്നുണ്ട്. അതിവേഗം വിറ്റഴിയുന്ന ഉപഭോക്‌തൃ ഉൽപ്പന്നങ്ങളുടെ( എഫ്എംസിജി) കാര്യത്തിൽ ഡിമാൻഡ് പ്രകടമായി താഴ്ന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ ഓട്ടോമൊബൈൽ വിൽപ്പനയിൽ 2.3 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. ആഗസ്‌തിൽ മാനുഫാക്ചറിങ് മേഖലയിൽ ഒരു ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് ഇത്. എന്നാൽ, 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനുമിടയിൽ വളർച്ചയുണ്ടാകുമെന്ന് ധനമന്ത്രാലയം ആത്മവിശ്വാസം പ്രകടമാക്കുന്നു.
ജൂലൈയിൽ 3.6 ശതമാനത്തിലേക്കും ആഗസ്‌തിൽ 3.7 ശതമാനത്തിലേക്കും താഴ്‌ന്ന ചില്ലറവിലയെ ആധാരമാക്കിയുള്ള വിലക്കയറ്റ നിരക്ക് സെപ്‌തംബറിൽ 5.49 ശതമാനമായി കുതിച്ചുയർന്നു. ഗ്രാമീണമേഖലയിൽ കൂടുതൽ സങ്കീർണമായ നിലയിലേക്ക്, 5.87 ശതമാനം എന്ന തോതിലേക്ക് വിലക്കയറ്റ നിരക്ക് ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ഒക്ടോബറിൽ ചേർന്ന അവലോകനയോഗത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനം എന്ന തോതിൽ നിലനിർത്തേണ്ടതായി വന്നു റിസർവ് ബാങ്കിന്. യുഎസ് ഫെഡറൽ റിസർവിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പാത പിന്തുടർന്ന് പലിശനിരക്ക് താഴ്‌ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു ‘റേറ്റ് കട്ട് സൈക്കിളിലേക്ക്' സമീപകാലത്തൊന്നും കടക്കാൻ പറ്റാത്ത സങ്കീർണമായ അവസ്ഥയിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ. ഡിസംബറിൽ ചേരുന്ന അവലോകനയോഗത്തിലും നിരക്ക് കുറയ്ക്കുന്നതിന് സാമ്പത്തികരംഗത്തുനിന്നുള്ള റിപ്പോർട്ടുകൾ അനുകൂലമാകുന്നില്ലെന്ന് കാണാം. ഒക്ടോബറിലും വിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളിൽ തുടരുമെന്നാണ് വിപണികളിൽനിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. ഒക്‌ടോബർ– -ഡിസംബർ പാദത്തിൽ റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന വിലക്കയറ്റ നിരക്ക് അഥവാ പണപ്പെരുപ്പം 4.8 ശതമാനമാണ്. അത് കഴിഞ്ഞുള്ള നാലാം പാദത്തിൽ 4.2 ശതമാനവുമാണ് അനുമാനിക്കുന്നത് . ഉയർന്ന പലിശ നിരക്കിന്റെ സമ്മർദം സാമ്പത്തികമേഖലകളെ വലയ്ക്കുന്ന നിലവിലെ സ്ഥിതിക്ക് അടുത്ത കാലത്തൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ലെന്ന് സാരം.
ഇതിൽ രൂക്ഷമായ ഭക്ഷ്യ വിലക്കയറ്റമാണ് ജനജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. നഗരമേഖലയിൽ ഡിമാൻഡിൽ ഉണ്ടായിരിക്കുന്ന കുറവിന്റെ ഒരു പ്രധാന കാരണം തീവില തന്നെയാണ്. ഭക്ഷ്യ വിലക്കയറ്റം കുറയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ പണവിപണിയിലെ ഇടപെടൽകൊണ്ട് കഴിയില്ല. അതിന് സർക്കാർതലത്തിൽ വ്യക്തമായ നയവും പദ്ധതിയും കാര്യക്ഷമമായ വിപണി ഇടപെടലും ആവശ്യമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, എല്ലാത്തരം ഉൽപ്പന്നങ്ങളുടെ കാര്യത്തിലും കുത്തകക്കമ്പനികളുടെ ഇംഗിതത്തിന് അനുസരിച്ചുമാത്രം വിപണികൾ ചലിക്കുന്ന സ്ഥിതിയാണുള്ളത്. അതിനുള്ള എല്ലാസൗകര്യങ്ങളും കേന്ദ്രസർക്കാർ ഈ കമ്പനികൾക്ക് ഒരുക്കിക്കൊടുക്കുകയുമാണ്. ജൂലൈയിൽ 5.42 ശതമാനവും ആഗസ്‌തിൽ 5.66 ശതമാനവുമായിരുന്ന ഭക്ഷ്യ വിലക്കയറ്റം സെപ്‌തംബറിൽ ഉയർന്നത് 9.24 ശതമാനമായാണ്. ഓരോ ഇനവും വേർതിരിച്ചു പരിശോധിക്കുമ്പോൾ, പച്ചക്കറിക്ക് 36 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയർ, പരിപ്പ് വർഗങ്ങളുടെ കാര്യത്തിൽ 9.8 ശതമാനവും പഴവർഗങ്ങളുടെ കാര്യത്തിൽ 7.7 ശതമാനവുമാണ് വിലക്കയറ്റം.
അവശ്യസാധങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും കാര്യത്തിൽ വില അനുസ്യൂതം ഉയരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾതന്നെ വ്യക്തമാക്കുന്നു. ജനങ്ങൾ അതിന്റെ കെടുതികളിൽ അമരുകയും ചെയ്യുന്നു. ഒക്ടോബറിലെ കണക്കുകൾ വരുമ്പോൾ ഭക്ഷ്യ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകുന്നതിനുള്ള സാധ്യതകൾ ശക്തവുമാണ്. കാരണം, ഭക്ഷ്യഎണ്ണകൾ അടക്കമുള്ള എല്ലാ അവശ്യ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് സമീപ ആഴ്ചകളിൽ പ്രകടമായത്.
രൂക്ഷമായ വിലക്കയറ്റം ചെറുകിട, ഇടത്തരം വ്യാപാരികളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന ഹോട്ടൽ വ്യവസായരംഗമാണ് ഇതിന്റെ കെടുതികൾ വല്ലാതെ അനുഭവിക്കുന്നത്. ചെറുകിട, ഇടത്തരം ഹോട്ടൽ വ്യവസായികളെ സംബന്ധിച്ചിടത്തോളം ബിസിനസ് തുടർന്നുകൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. 25 കോടിയിൽപ്പരം ആളുകൾ ആശ്രയിക്കുന്ന ചില്ലറവ്യാപാര മേഖലയുടെ ദുർഘടസ്ഥിതി ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കേന്ദ്രസർക്കാരിന് നൽകിയ നിവേദനം ശ്രദ്ധേയമാണ്. അതിൽ അവർ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ വർഷത്തിനിടയിൽ രാജ്യത്ത് രണ്ടുലക്ഷം ചില്ലറ വിൽപ്പനശാലകൾ അടച്ചുപൂട്ടിയെന്നാണ്. ഇതിൽ 45 ശതമാനവും മെട്രോനഗരങ്ങളിലാണ്. 90,000 കടകളാണ് നഗരങ്ങളിൽ പൂട്ടിപ്പോയത്. ഓൺലൈൻ വ്യാപാര കമ്പനികളുടെ അനിയന്ത്രിതമായ കടന്നുകയറ്റവും മാർക്കറ്റിലെ അവയുടെ കുത്തകവൽക്കരണവുമാണ് ഇതിനു കാരണമെന്ന് ഫെഡറേഷൻ, കോമ്പറ്റീഷൻ കമീഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഓഹരി വിപണിയുടെ തകർച്ച
ഇന്ത്യൻ ഓഹരി വിപണിയിൽ അടുത്ത നാളുകളിൽ കണ്ട അമ്പരപ്പിക്കുന്ന തകർച്ചയാണ് സമ്പദ്‌വ്യവസ്ഥയിൽ ചാക്രികമാന്ദ്യത്തിന്റെ സൂചനകൾ നൽകുന്ന മറ്റൊരു ഘടകം. സെപ്‌തംബർ 26ന് 85,844 പോയിന്റ് എന്ന സർവകാല റെക്കോഡിലേക്ക് കുതിച്ചു കയറിയ സെൻസെക്‌സ് 79,400 പോയിന്റിലേക്ക് ഇടിയുന്ന സ്ഥിതിയുണ്ടായി. ഒരു മാസംകൊണ്ട് വിപണിക്കുണ്ടായ നഷ്ടം 6444 പോയിന്റ്. ആഗസ്‌ത് 14നു ശേഷം ആദ്യമായാണ് സൂചിക 80,000 പോയിന്റിന് താഴെ പോകുന്നത്.
വിദേശനിക്ഷേപത്തിന്റെ തള്ളിക്കയറ്റത്തിൽ തകർത്തു കയറിയ വിപണിയെ ഇന്ന് വിദേശനിക്ഷേപകർ കൈയൊഴിഞ്ഞിരിക്കുന്നു. പലിശ നിരക്ക് കുറഞ്ഞതിനാൽ ചൈന കൂടുതൽ ആകർഷകമായ നിക്ഷേപകേന്ദ്രമായി, അതുകൊണ്ട് വിദേശ മൂലധനം അങ്ങോട്ട് ഒഴുകുന്നു എന്നൊക്കെ വാദിച്ച് തടിതപ്പാനുള്ള ശ്രമമുണ്ടെങ്കിലും, ഇന്ത്യൻ സമ്പദ്ഘടനയുടെ ദുർബലമായ സ്ഥിതിയാണ് വിദേശ നിക്ഷേപകരെ അകറ്റുന്നതിന് ഒരു പ്രധാനകാരണം. മറ്റു രാജ്യങ്ങളുടെ വിപണികൾ ആകർഷകമാകുന്നത് ഒരു കാരണമാണെന്ന് വിലയിരുത്താം. എന്നാൽ അതുമാത്രമല്ല വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് പിന്നിൽ. ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നേറുന്നതിനുള്ള സാധ്യതകൾ ദുർബലമാണെന്ന വിലയിരുത്തലും ഇന്ന് ശക്തമായുണ്ട്. പലിശനിരക്കും പണപ്പെരുപ്പവും കുറയാതെ നിൽക്കുന്നത് ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാന ദൗർബല്യം പ്രകടമാക്കുന്നു. അതിനൊപ്പം ഇന്ത്യൻ മാർക്കറ്റിൽ ഡിമാൻഡ് പ്രകടമായി താഴുകയും ചെയ്യുന്നു. അതൊരു മാന്ദ്യഘട്ടത്തിന്റെ സൂചനകൾ നൽകുന്നതുമാണ്. കോവിഡിനുശേഷം രണ്ടുവർഷത്തോളം മിക്ക രാജ്യങ്ങളും പണപ്പെരുപ്പത്തിന്റെ പിടിയിലമർന്നു. എന്നാൽ, അത് നിയന്ത്രിച്ച് സമ്പദ്ഘടനയെ തിരിച്ചുകൊണ്ടുവരാൻ ഒരു പരിധിവരെ അവർക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ശ്രമങ്ങൾ പക്ഷേ വിഫലമാകുന്നു. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇത് തിരിച്ചറിയുന്നു. അവയുടെ പിന്മാറ്റത്തിന് പ്രധാനകാരണവും അതുതന്നെയാണ്. സമ്പദ്ഘടനയെ വീണ്ടെടുക്കുന്ന കാര്യത്തിൽ വീമ്പിളക്കലല്ലാതെ കേന്ദ്രസർക്കാരിന് ഘടനാപരമായ ഉത്തേജന പദ്ധതികളില്ലാത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്.
(മുതിർന്ന സാമ്പത്തിക കാര്യ
മാധ്യമപ്രവർത്തകനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..