16 September Monday

ജിഡിപിയിലെ അതിവേഗ പിന്നോട്ടടി

ജോർജ് ജോസഫ്Updated: Tuesday Sep 3, 2024

 

ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തരോൽപ്പാദനം) വളർച്ചയുടെ ഏറ്റവും പുതിയ കണക്കുകൾ വന്നപ്പോൾ പ്രതീക്ഷിച്ചിരുന്ന തോതിനെക്കാൾ അത് താഴ്‌ന്നുവെന്ന് മാത്രമല്ല, അഞ്ചു ത്രൈമാസങ്ങളിലെ, അതായത് 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞതുമായി. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻഎസ്‌ഒ)  പുറത്തുവിട്ട രേഖകൾ  പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (2024 ഏപ്രിൽ–-ജൂൺ ) രേഖപ്പെടുത്തിയിരിക്കുന്നത് 6 .7 ശതമാനം വളർച്ചയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ  8 .2 ശതമാനമാണ്. മൊത്തം മൂല്യവർധനയാകട്ടെ (ജിവിഎ)  8.3 ശതമാനത്തിൽനിന്നും 6.8 ശതമാനത്തിലേക്കും താഴ്‌ന്നു. സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നുവെന്ന്‌ മോദിഭരണം ദിവസേന കൊട്ടിഘോഷിക്കുന്നതിനിടെയാണ്‌  അതിവേഗ പിന്നോട്ടടിയുടെ കണക്ക്‌ വരുന്നത്‌.

സ്ഥിരവിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഒന്നാം പാദത്തിലെ ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്റെ മൂല്യം 40.73 ലക്ഷം കോടിരൂപയാണ്. ഇപ്പോൾ പ്രസിദ്ധീകരിച്ച കണക്കുകളുടെ പ്രധാനപ്രശ്നം നേരത്തേ  അനുമാനിച്ചിരുന്നതിനേക്കാൾ വളർച്ച താഴോട്ട് പോയിരിക്കുന്നു എന്നതാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏഴു ശതമാനത്തിന് മുകളിൽ വളർച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ കണക്കാക്കിയിരുന്നത്. കഴിഞ്ഞ പണനയ അവലോകനത്തിനുശേഷം ഈ സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ചയും ഏപ്രിൽ–-ജൂൺ കാലയളവിൽ 7. 1 ശതമാനം വളർച്ചയും ഉണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിഗമനം. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, ജിഡിപി വളർച്ച ഒരിടവേളയ്‌ക്ക് ശേഷം ഏഴു ശതമാനത്തിന് താഴെയെത്തിയിരിക്കുന്നു എന്നതുമാണ് ഇതിന്റെ പ്രാധാന്യം.

കാർഷികമേഖലയിലും സേവനമേഖലയിലും പ്രകടമായ മരവിപ്പാണ് ജിഡിപി വളർച്ചയുടെ തോത് ഇടിയാൻ പ്രധാനകാരണമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 4.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ പ്രാഥമിക (കാർഷിക) മേഖല ഇത്തവണ രേഖപ്പെടുത്തിയത് 2.7 ശതമാനം വളർച്ച മാത്രമാണ്. ഗൗരവമേറിയ വസ്തുത ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് എന്നതാണ്. 2022–-23 ലെ ആദ്യപാദത്തിൽ കാർഷിക മേഖലയ്‌ക്ക് 3.2 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിരുന്നു. അതായത് ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ കാർഷിക മേഖല പിന്നാക്കം പോകുന്നുവെന്നർഥം. മൊത്തം ജിവിഎയിൽ കാർഷികരംഗത്തിന്റെ സംഭാവന പടിപടിയായി കുറഞ്ഞു വരുന്നുവെന്നതും ആശങ്കാജനകമായ കാര്യമാണ്. ഏപ്രിൽ–-ജൂൺ കാലയളവിൽ കാർഷിക മേഖല ജിവിഎയിൽ  നൽകുന്ന സംഭാവന 20.1 ശതമാനം മാത്രമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ കുറഞ്ഞ തോതാണ് ഇതെന്ന് കാണാം. കാർഷിക മേഖല നേരിടുന്ന ഗൗരവമേറിയ തളർച്ചയുടെ നേർചിത്രമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കാർഷികമേഖലയ്‌ക്ക് വേണ്ടി വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടാകുമ്പോഴും,  ഇന്ത്യയിലെ 60 ശതമാനത്തിന് മുകളിൽ ആളുകൾ ആശ്രയിക്കുന്ന ഈ മേഖലയിലെ സ്ഥിതി വളരെ ഗൗരവതരമാണെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ ത്രിതീയ മേഖലയുടെ (സേവനമേഖല ) പ്രകടനമാണ് ഒന്നാം പാദത്തിൽ കൂടുതൽ ദയനീയമായത്. ഈ രംഗത്തിന്റെ വളർച്ച 10.7 ശതമാനമായിരുന്നത് 7 .2 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. വാസ്തവത്തിൽ സേവന മേഖലയിൽ രാജ്യം നേടിയിരുന്ന വളർച്ചയാണ്  വലിയൊരു പരിധി വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കാതെ നിലനിർത്തിയിരുന്നത്. അതുകൊണ്ട്  സേവന മേഖലയുടെ വളർച്ച തുടർച്ചയായി കുറയുന്നുവെന്നത് ഏറെ ശ്രദ്ധയർഹിക്കുന്ന ഒരു കാര്യമാണ്. 2022–-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഈ മേഖല കൈവരിച്ചിരുന്നത് 16.7 ശതമാനം വളർച്ചയാണ്. ഈ മേഖലയിൽ വളർച്ചയിൽ കണ്ടുവരുന്ന ശോഷണത്തിന്റെ  ഏറ്റവും പുതിയ കണക്കുകൾ ഇന്ത്യൻ സമ്പദ്ഘടനയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്.
എന്നാൽ മാനുഫാക്‌ചറിങ്, നിർമാണ മേഖലകൾ ഉൾപ്പെടുന്ന ദ്വിതീയ മേഖലയാണ് ജിഡിപി വളർച്ചയുടെ തോത് 6.8 ശതമാനത്തിലേക്കെങ്കിലും എത്താൻ സഹായകമായത്. ഈ മേഖലയുടെ വളർച്ച 5.9 ശതമാനത്തിൽനിന്നും 8.4 ശതമാനമായി ഉയർന്നിട്ടുണ്ട്. സേവന മേഖലയുടെ മേലുള്ള അമിത ആശ്രിതത്വത്തിൽ ദ്വിതീയ മേഖല പ്രായേണ അവഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അതിനാൽ  ഏറ്റവും കൂടുതലാളുകൾക്ക് തൊഴിൽ നൽകാൻ കെൽപ്പുള്ള ഈ മേഖലയ്ക്കുണ്ടായിരിക്കുന്ന ഉണർവ് ശുഭോദർക്കമായ ഒന്നായി വിലയിരുത്താൻ കഴിയും.


 

ചെലവുകളുടെ വീക്ഷണത്തിലൂടെ ജിഡിപി വളർച്ച പരിശോധിക്കുമ്പോൾ സർക്കാർ ചെലവുകൾ ഒന്നാം പാദത്തിൽ കുറഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധാർഹമായ ഒന്നാണ്. ജിഡിപിയിലെ  സർക്കാർ ചെലവുകളുടെ പങ്ക് 10.2 ശതമാനത്തിൽനിന്നും 9 .5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ സർക്കാർ ചെലവുകൾ ഉയർത്തുകയെന്നത് പ്രാഥമികമായ സാമ്പത്തികനീതിയാണ്. എന്നാൽ ഏറെ നിർണായകമായ ഈ ഘട്ടത്തിലും സർക്കാർ ചെലവഴിക്കൽ പൊതുവിൽ കുറഞ്ഞു പോയിരിക്കുന്നുവെന്നത് അത്യന്തം ഗൗരവമേറിയ ഒന്നാണ്. അതേസമയം,  സ്വകാര്യ മേഖലയിലെ ചെലവഴിക്കലിന്റെ കാര്യത്തിൽ നേരിയ മുന്നേറ്റം എൻഎസ്‌ഒ കണക്കാക്കിയിരിക്കുന്നു. 55.9 ശതമാനത്തിൽനിന്നും 56.3 ശതമാനമായി ഉയർന്നിരിക്കുന്നു.

സമ്പദ്ഘടനയുടെ ഈ മോശം പ്രകടനത്തിന് കാരണമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് പാർലമെന്റ്‌ തെരഞ്ഞെടുപ്പാണ്. ഏപ്രിൽ, ജൂൺ കാലയളവിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതാണ് സർക്കാരുകളുടെ ചെലവഴിക്കൽ കുറഞ്ഞതിന്  ന്യായീകരണമായി അദ്ദേഹം പറയുന്നത്.  എന്നാൽ തുടർന്നുള്ള പാദങ്ങളിൽ സർക്കാർ ചെലവുകൾ ഉയരുമെന്നും  വളർച്ച ഏഴു ശതമാനത്തിന്റെ ട്രാക്കിലേക്ക് തിരികെയെത്തുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അത് ഒരു വാദത്തിനുവേണ്ടി പരിഗണിച്ചാൽപ്പോലും കാർഷിക മേഖലയുടെയും സേവന മേഖലയുടെയും ദയനീയ പ്രകടനത്തിന്  ഉത്തരം നൽകുന്നില്ല. കർഷകരെയും കാർഷികമേഖലയെയും  കേന്ദ്ര സർക്കാർ തുടർച്ചയായി അവഗണിക്കുന്നതാണ് ഈ ദയനീയ സ്ഥിതിക്ക് കാരണം.  ഏറെ പ്രകീർത്തിക്കപ്പെട്ട സേവനമേഖലയുടെ സ്ഥിതിയും അമ്പരപ്പിക്കുന്നതാണ്. ഏഴു ശതമാനത്തിന് മുകളിൽ ജിഡിപി വളർച്ചയുണ്ടായാൽ പ്പോലും തൊഴിൽ മേഖലയിലെ മാന്ദ്യത്തിന് കാര്യമായ പരിഹാരമാകുന്നില്ല. അതുകൊണ്ട് മിനിമം ഏഴു ശതമാനം വളർച്ചയെങ്കിലും 2024–- -25 സാമ്പത്തിക വർഷത്തിൽ കൈവരിക്കുക എന്നത്  നിർണായകമായ ഒന്നാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിന് അത് ആവശ്യവുമാണ്. കാർഷിക മേഖലയ്ക്ക്  കേന്ദ്രസർക്കാർ ശക്തമായ പിന്തുണ നൽകുക എന്നതാണ് അതിൽ മർമപ്രധാനമായ ഘടകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top