26 December Thursday

ഇന്ത്യയെ ഇസ്രയേൽ ‘ഭക്ത’രാഷ്ട്രമാക്കി മോദി

എം പ്രശാന്ത്‌Updated: Monday Oct 9, 2023

‘ഹരിജൻ’പത്രത്തിന്റെ 1939 നവംബർ 26ലെ ലക്കത്തിൽ ഗാന്ധിജി ഇങ്ങനെ കുറിച്ചു–-‘ ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാർക്കും ഫ്രാൻസ്‌ ഫ്രഞ്ചുകാർക്കും എങ്ങനെ അവകാശപ്പെട്ടതാണോ അറബികൾക്ക്‌ അതേപോലെ അവകാശപ്പെട്ടതാണ്‌ പലസ്തീനും. ജൂതരെ അറബികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്‌ തെറ്റും മനുഷ്യത്വരഹിതവുമാണ്‌’. സ്വാതന്ത്ര്യസമര ഘട്ടത്തിൽത്തന്നെ ഇന്ത്യയിലെ ദേശീയനേതാക്കൾ പലസ്‌തീനിലേക്കുള്ള ജൂതരുടെ അനധികൃത കടന്നുകയറ്റത്തെ ഏതുവിധമാണ്‌ സമീപിച്ചതെന്ന്‌ ഗാന്ധിജിയുടെ വാക്കുകളിൽനിന്ന്‌ വ്യക്തം. നെഹ്‌റുവിനും മൗലാനാ അബ്‌ദുൾകലാം ആസാദിനുമെല്ലാം സമാനമായ നിലപാടായിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യയുടെ വിദേശനയം പലസ്‌തീന്‌ അനുകൂലമായിരുന്നു. സാമ്രാജ്യത്വവിരുദ്ധത, വർണവെറിയോടുള്ള വിരുദ്ധത, ലോകമെങ്ങും വിമോചന പോരാട്ടങ്ങൾക്ക്‌ പിന്തുണ, സൈനിക അധിനിവേശങ്ങളോട്‌ എതിർപ്പ്‌, അന്താരാഷ്ട്ര തർക്കങ്ങൾക്ക്‌ ചർച്ചകളിലൂടെ പരിഹാരം, നവകോളനിവൽക്കരണത്തിനെതിരായ നിതാന്ത പോരാട്ടം–- ഈ നിലപാടുകളാണ്‌ ഇന്ത്യയുടെ വിദേശനയത്തിന്‌ അടിത്തറ പാകിയത്‌. ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്‌തീൻ പോരാട്ടത്തിനും യാസർ അറഫാത്തിന്റെ പലസ്‌തീൻ വിമോചന സംഘടനയ്‌ക്കും ഇന്ത്യ നൽകിയിരുന്ന പിന്തുണയ്‌ക്ക്‌ ആധാരവും സാമ്രാജ്യത്വവിരുദ്ധതയിൽ ഊന്നിയ വിദേശനയം തന്നെയായിരുന്നു. 1990കളിൽ നവഉദാരവൽക്കരണ നയങ്ങൾക്ക്‌ കോൺഗ്രസ്‌ തുടക്കമിട്ടശേഷം പലസ്‌തീൻ അനുകൂലനയത്തിൽ വിള്ളൽ വീണുതുടങ്ങി. 1998–-2004ലെ വാജ്‌പേയ്‌ സർക്കാർ ഇസ്രയേലിനോട്‌ കൂടുതൽ അടുത്തു. 2014 മുതൽ അധികാരത്തിലുള്ള മോദി സർക്കാരാകട്ടെ പലസ്‌തീനെ പൂർണമായും കൈവിട്ട്‌ ഇസ്രയേലിന്റെ സഖ്യരാജ്യമാക്കി ഇന്ത്യയെ മാറ്റി. ഇസ്രയേലിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച നടത്തിയ പ്രസ്‌താവന പലസ്‌തീൻ പ്രശ്‌നത്തിലെ ഇന്ത്യയുടെ നയംമാറ്റത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനംകൂടിയായി.

പലസ്‌തീന്റെ പോരാട്ടത്തിന്‌ ഇന്ത്യ നൽകിവന്നിരുന്ന പിന്തുണ രാജ്യത്തിന്റെ വിദേശനയത്തിന്റെ അവിഭാജ്യഘടകമായാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. പലസ്‌തീൻ ജനതയുടെ അംഗീകൃത പ്രതിനിധിയായി പലസ്‌തീൻ വിമോചനസംഘടനയെ 1974ൽ ഇന്ത്യ അംഗീകരിച്ചു. അറബ്‌ രാജ്യങ്ങൾക്ക്‌ പുറത്തുനിന്നൊരു രാഷ്ട്രം പിഎൽഒയെ അംഗീകരിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. പിഎൽഒ പ്രസിഡന്റ്‌ യാസർ അറഫാത്ത്‌ ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു. 1988ൽ പലസ്‌തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്‌. 1996ൽ ഗാസയിൽ പ്രതിനിധികാര്യാലയവും തുറന്നു. 2003ൽ ഇത്‌ റമള്ളയിലേക്ക്‌ മാറ്റി. യുഎൻ ഉൾപ്പെടെ വിവിധ അന്തർദേശീയ വേദികളിൽ പലസ്‌തീൻ ജനതയുടെ അവകാശങ്ങൾക്കായി ഇന്ത്യ നിരന്തരം സംസാരിക്കുകയും ഇടപെടുകയും ചെയ്‌തു. യുഎൻ പൊതുസഭയുടെ 53–-ാമത്‌ സെഷനിൽ സ്വയംനിർണയാധികാരത്തിനുള്ള പലസ്‌തീന്റെ അവകാശത്തിനായുള്ള കരടുപ്രമേയം തയ്യാറാക്കി അവതരിപ്പിക്കുകയും വോട്ടുചെയ്യുകയും ചെയ്‌തു. യുഎന്നിൽ പലസ്‌തീനെ അനുകൂലിച്ചും ഇസ്രയേൽ അധിനിവേശത്തെ എതിർത്തും പ്രമേയങ്ങൾ അവതരിപ്പിച്ച ഘട്ടങ്ങളിലെല്ലാം ഇന്ത്യ പിന്തുണച്ചു.

മോദി അധികാരത്തിൽ എത്തിയതോടെ ഇസ്രയേലിനോടുള്ള ആരാധനയും സൗഹൃദവും വർധിച്ചു. ആഭ്യന്തര സുരക്ഷയ്‌ക്കായുള്ള ഉഭയകക്ഷി കരാറിൽ 2014ൽ ഒപ്പുവച്ചു

1992ൽ നരസിംഹറാവു സർക്കാർ ഇസ്രയേലുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതോടെ പലസ്‌തീൻ വിഷയത്തിലെ സമീപനത്തിൽ മാറ്റങ്ങൾക്ക്‌ തുടക്കമായി. ഇസ്രയേലുമായുള്ള സൈനിക–- സാമ്പത്തിക കൈമാറ്റങ്ങൾ ഘട്ടംഘട്ടമായി വർധിച്ചു. വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ രണ്ടായിരത്തിൽ എൽ കെ അദ്വാനി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ മന്ത്രിയായി. 2003ൽ ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയായി. ഇസ്രയേലിനെ ഇന്ത്യയുടെ സ്വാഭാവിക സഖ്യരാജ്യമായി വാജ്‌പേയ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

മോദി അധികാരത്തിൽ എത്തിയതോടെ ഇസ്രയേലിനോടുള്ള ആരാധനയും സൗഹൃദവും വർധിച്ചു. ആഭ്യന്തര സുരക്ഷയ്‌ക്കായുള്ള ഉഭയകക്ഷി കരാറിൽ 2014ൽ ഒപ്പുവച്ചു. 2015 മുതൽ ഐപിഎസ്‌ ഉദ്യോഗസ്ഥരെ ഇസ്രയേലിലേക്ക്‌ പരിശീലനത്തിന്‌ അയച്ചുതുടങ്ങി. പലസ്‌തീൻ ചെറുത്തുനിൽപ്പിനെ ഇസ്രയേൽ പൊലീസും സേനയും ഏതുവിധം ‘കൈകാര്യം’ ചെയ്യുന്നുവെന്ന്‌ പഠിക്കാനായിരുന്നു ഐപിഎസുകാരുടെ പോക്ക്‌. കശ്‌മീർ പോലുള്ള സംഘർഷമേഖലകളിൽ വിന്യസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെയാണ്‌ കൂടുതലായും ഇസ്രയേലിലേക്ക്‌ അയക്കുന്നത്‌. 2017ൽ മോദി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. തന്ത്രപര പങ്കാളിത്തത്തിന്‌ മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയായി. ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും മറ്റും നിരീക്ഷണത്തിൽ നിർത്തുന്നതിനായി ഇസ്രയേലിൽനിന്ന്‌ പെഗാസസ്‌ ചാര സോഫ്‌റ്റ്‌വെയറും ഇന്ത്യ വാങ്ങി. ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ മന്ത്രിമാർ പലസ്‌തീൻ നേതാക്കളെക്കൂടി കാണുകയെന്ന കീഴ്‌വഴക്കവും മോദി അവസാനിപ്പിച്ചു. പലസ്‌തീൻ ഇന്ത്യക്കൊരു ‘പ്രശ്‌നമേ’ അല്ലാതായി.

പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസുമായുള്ള കൂടിക്കാഴ്‌ചയിൽ സ്വതന്ത്ര, പരമാധികാര പലസ്‌തീനെ പിന്തുണയ്‌ക്കുന്നുവെന്ന്‌ മോദി പറഞ്ഞെങ്കിലും രണ്ട്‌ വാക്കുകൾ ബോധപൂർവം ഒഴിവാക്കി. ഐക്യത്തോടെയും വിജയകരമായ നിലനിൽപ്പോടെയുമുള്ള പലസ്‌തീനെ പിന്തുണയ്‌ക്കുന്നുവെന്ന്‌ മോദി പറഞ്ഞില്ല. പലസ്‌തീൻ മേഖലകളിലേക്ക്‌ ഇസ്രയേൽ ഇതിനകം നടത്തിയിട്ടുള്ള കടന്നുകയറ്റത്തെ സാധൂകരിക്കുകയാണ്‌ ഇതുവഴി മോദി ചെയ്‌തത്‌. ഒപ്പം കിഴക്കൻ ജറുസലേം ഭാവി പലസ്‌തീന്റെ തലസ്ഥാനമായിരിക്കണമെന്ന നിലപാടും മാറി. കഴിഞ്ഞ ഡിസംബർ 30ന്‌ യുഎൻ പൊതുസഭയിൽ പലസ്‌തീന്‌ അനുകൂലമായ ഒരു പ്രമേയത്തിന്‌ അനുകൂലമായി വോട്ടുചെയ്യാതെ വിട്ടുനിൽക്കുകവഴി പൂർണമായും ഇസ്രയേലിന്‌ ഒപ്പമെന്ന പ്രഖ്യാപനവും മോദി സർക്കാർ നടത്തി. 

ഇസ്രയേലിന്റെ ‘സിയോണിസ്റ്റ്‌’ ആധിപത്യമെന്ന ആശയത്തോട്‌ സംഘപരിവാറിനുള്ള രാഷ്ട്രീയമായ യോജിപ്പും ആരാധനയും കേന്ദ്ര സർക്കാരിന്റെ നിലപാടുമാറ്റത്തിന്‌ കാരണമാണ്‌. ഇസ്രയേൽ മാതൃകയിൽ ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ ആധിപത്യമാണ്‌ സംഘപരിവാർ സ്വപ്‌നം കാണുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top