ഓരോ രാജ്യത്തിന്റെയും വിദേശനയത്തിന്റെ ആരൂഢം ഉറപ്പിച്ചിരിക്കുന്നത് നിരവധി ഘടകങ്ങളിലാണ്. രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, രാജ്യസുരക്ഷ, സാമ്പത്തിക താൽപ്പര്യങ്ങൾ എന്നിവയാണ് അതിൽ പ്രധാനം. അതുകൊണ്ടുതന്നെ, വിദേശനയത്തിൽ നിരന്തരം കാതലായ മാറ്റങ്ങൾ ഉണ്ടാകാറില്ല. എന്നാൽ, രാജ്യത്ത് ഉണ്ടാകുന്ന വിപ്ലവങ്ങളോ, സാമ്പത്തിക നയങ്ങളിലുണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റങ്ങളോ വിദേശനയത്തിലും മാറ്റങ്ങളുണ്ടാക്കാം. 1990കളിൽ നവഉദാരവാദ സാമ്പത്തികനയങ്ങളിലേക്ക് ഇന്ത്യ ചുവടുമാറ്റിയപ്പോൾ വിദേശനയത്തിലും അതിനനുസൃതമായ തുടർചലനങ്ങളുണ്ടായി. അമേരിക്കയുമായും പാശ്ചാത്യചേരിയുമായും കൂടുതൽ അടുത്ത തന്ത്രപരമായബന്ധം ഇന്ത്യ ഊട്ടിയുറപ്പിച്ചത് ഈ മാറ്റങ്ങളുടെ ഫലമായാണ്. അതിനുപുറമെ, കാലാകാലങ്ങളിൽ അധികാരത്തിൽവരുന്ന പാർടികളുടെ പ്രത്യയശാസ്ത്രങ്ങളും വിദേശനയത്തെ സ്വാധീനിക്കാം. 2014ൽ ബിജെപി അധികാരത്തിൽവന്നതിനുശേഷം നവഉദാരവാദ സാമ്പത്തികനയങ്ങളോടൊപ്പം, ഹിന്ദുത്വ പ്രത്യയശാസ്ത്രംകൂടി നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ വിദേശബന്ധങ്ങളിലും അത് പ്രകടമാകാൻ തുടങ്ങി. അത് ഏറ്റവുമധികം പ്രതിഫലിക്കുന്നത് ഇന്ത്യയുടെ അയൽപക്ക ബന്ധങ്ങളിലാണ്. ആഭ്യന്തരരംഗത്ത് നടപ്പാക്കിയ പൗരത്വനിയമം, ജമ്മു കശ്മീർ പുനഃസംഘടനാ നിയമം, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായി സംഘപരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ എന്നിവ നേരത്തേതന്നെ ശത്രുപക്ഷത്തുനിൽക്കുന്ന അയൽരാജ്യങ്ങളായ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനുംപുറമെ, ബംഗ്ലാദേശ്, മാലദ്വീപ് എന്നീ രാജ്യങ്ങളിലും ഇന്ത്യക്കെതിരായി വലിയ അസംതൃപ്തി സൃഷ്ടിച്ചു. ബംഗ്ലാദേശിലും മാലദ്വീപിലും ഉയർന്നുവന്ന ‘ഇന്ത്യ പുറത്ത്' എന്ന മുദ്രാവാക്യം അതിന്റെകൂടി ഫലമാണ്.
അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ചേരികളിലേക്ക് കൂടിച്ചേരാനും അവരുമായുള്ള സഖ്യങ്ങളുടെ ഭാഗമാകാനുമുള്ള ശ്രമങ്ങൾ പുത്തൻ വിദേശനയ കാലഘട്ടത്തിൽ കൂടുതൽ ശക്തമായി. അതിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ചതുർരാഷ്ട്ര സഖ്യമായ ക്വാഡിലും പുതിയ ഭൂതന്ത്രസഖ്യമായ ഇൻഡോ പസിഫിക് കൂട്ടായ്മയിലും ഐ2യു2 എന്ന പശ്ചിമേഷ്യൻ ക്വാഡിലും ഇന്ത്യ അംഗമായി. ഇതെല്ലാം ചൈനയെ നേരിടുന്നതിനുവേണ്ടി ഏഷ്യ–-പസിഫിക് മേഖലയിൽ അമേരിക്ക നേതൃത്വം നൽകുന്ന തന്ത്രപരമായ സഖ്യങ്ങളാണ്. സുരക്ഷാപരവും തന്ത്രപരവുമായ ഈ നീക്കങ്ങളെല്ലാം ഇന്ത്യയുടെ അയൽരാജ്യമായ ചൈനയുമായുള്ള അകൽച്ച വർധിപ്പിക്കുകയും ചെയ്തു. 2020ൽ ലഡാക്ക് മേഖലയിൽ ആരംഭിച്ച തർക്കങ്ങൾ ശമനമില്ലാതെ തുടരുന്നതോടൊപ്പം, ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ ഇന്ന് ദക്ഷിണേഷ്യ മുഴുവൻ വ്യാപിച്ചു.
‘തന്ത്രപരമായ സ്വാതന്ത്ര്യം'
ഇന്ത്യൻ വിദേശനയത്തിലെ ദിശാമാറ്റത്തിന്റെ പ്രഖ്യാപനമാണ് ചേരിചേരാ പ്രസ്ഥാനത്തിൽനിന്നുള്ള ഇന്ത്യൻ പിന്മാറ്റമെങ്കിലും ഇപ്പോൾ നാം വിദേശനയത്തിൽ തുടരുന്ന ‘തന്ത്രപരമായ സ്വാതന്ത്ര്യം' പഴയ ചേരിചേരാനയത്തിന്റെ പുതിയ രൂപം തന്നെയാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക സൈനികശക്തിയായ ചൈനയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങളും (ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി), പുറമെ അതിർത്തി തർക്കങ്ങളും പ്രതിരോധരംഗത്തെ റഷ്യയുടെ നിർണായക പങ്കാളിത്തവും പ്രശ്നസങ്കീർണമായ ദക്ഷിണേഷ്യയും മറന്നുകൊണ്ടുള്ള ഒരു വിദേശനയത്തിലേക്കു കടക്കാൻ അതിനാൽത്തന്നെ ഇന്ത്യക്കാകില്ല. ഈ യാഥാർഥ്യങ്ങളാണ് ഇന്ത്യൻ വിദേശനയത്തെ നയിക്കുന്നതെന്നതിനാലാണ്, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യചേരിയോട് അമിതമായ കൂറുപുലർത്തുമ്പോഴും ജൂലൈയിൽ റഷ്യയിലേക്ക് യാത്ര നടത്താൻ സഞ്ചാരപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത്. (ഈ ലേഖനം തയ്യാറാക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ ബ്രൂണൈയും സിംഗപ്പൂരും സന്ദർശിക്കുകയാണ്. ഈ സെപ്തംബറിൽ ഐക്യരാഷ്ട്ര സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം അമേരിക്കയിലേക്കും യാത്ര ചെയ്യും.)
റഷ്യൻ യാത്ര
ഇന്ത്യയുടെ പ്രതിരോധസേനയ്ക്കാവശ്യമായ പടക്കോപ്പുകളുടെ അറുപതുശതമാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നാൽപ്പതുശതമാനവും നൽകുന്ന റഷ്യയെ അവഗണിക്കുവാൻ ഇന്ത്യക്കാകില്ലെന്നതുകൊണ്ടാണ് മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തശേഷം ആദ്യത്തെ ഉഭയകക്ഷിയാത്ര നടത്താൻ, മോദി റഷ്യ തെരഞ്ഞെടുത്തത്. ‘ചോറ് ഇങ്ങും കൂറ് അങ്ങും' എന്ന് നാട്ടുഭാഷയിൽ പറയുന്നതുപോലൊരു സ്വത്വപ്രതിസന്ധി, മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ വിദേശനയം നേരിടുന്നുണ്ട്. റഷ്യയെ ഉപേക്ഷിക്കാനും വയ്യ, അമേരിക്കയെ പ്രീതിപ്പെടുത്തുകയും വേണം എന്നതാണ് ഇന്ത്യൻ വിദേശനയത്തിലെ വൈരുധ്യം.
‘തന്ത്രപരമായ സ്വാതന്ത്ര്യം' എന്നൊക്കെ നമ്മൾ വിളിക്കുന്ന വിദേശനയത്തോട് അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങൾക്കും ഒട്ടുംതന്നെ യോജിപ്പില്ല. അതുകൊണ്ടാണ്, അമേരിക്കയുടെ ഇന്ത്യൻ അംബാസഡർ എറിക് ഗാർസെറ്റി, റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട്, ‘യുദ്ധകാലത്ത് തന്ത്രപരമായ സ്വാതന്ത്ര്യം' എന്ന നയം ശരിയല്ല എന്നുപറഞ്ഞത്. അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ഒപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്ന അവരുടെ മനസ്സിലിരിപ്പാണ് ഗാർസെറ്റിയുടെ വാക്കുകളിലൂടെ വെളിവായത്.
ഉക്രയ്‌ൻ- പോളണ്ട് യാത്ര
മനസ്സുകൊണ്ട് ഇന്ത്യ അമേരിക്കയോടും പാശ്ചാത്യരാജ്യങ്ങളോടുമൊപ്പമാണെന്നു പ്രഖ്യാപിക്കാനാണ്, ജൂലൈയിൽ റഷ്യയിലെത്തി വ്ലാദിമിർ പുടിനെ ആലിംഗനംചെയ്ത മോദി, ആഗസ്‌തിൽ ഉക്രയ്‌നിലെത്തി വ്‌ളോദിമിർ സെലെൻസ്കിയെ വാരിപ്പുണർന്നത്. മോദി, വ്ലാദിമിർ പുടിനെ സന്ദർശിച്ചപ്പോൾ അതിനെ നിശിതമായ ഭാഷയിൽ വിമർശിച്ച സെലെൻസ്കി, റഷ്യയിൽനിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്തിയാൽ അതോടെ റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നാണ് പ്രസ്താവിച്ചത്. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഇന്ത്യക്കെതിരെ പറയുന്നതും ഇതുതന്നയാണ്. മോദിയുടെ ഉക്രയ്‌ൻ സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, എല്ലാ നയതന്ത്രമര്യാദകളെയും ലംഘിച്ചുകൊണ്ട്, മോദി ഉക്രയ്‌നിൽ തുടരവേതന്നെ, ഇന്ത്യൻ നിലപാടുകളെ വിമർശിച്ചുകൊണ്ട് സെലെൻസ്കി രംഗത്തുവന്നു.
ആഗസ്‌ത് 23ന് ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ എത്തുന്നതിനു മുൻപായി മോദി സന്ദർശിച്ച രാജ്യവും ശ്രദ്ധേയമാണ്. അത് റഷ്യയെ നേരിടാൻ അമേരിക്കയെപ്പോലെതന്നെ ആയുധം നൽകി സഹായിക്കുന്ന നാറ്റോ രാജ്യമായ പോളണ്ടായിരുന്നു. രണ്ടരവർഷത്തിലേറെയായി നടക്കുന്ന യുദ്ധം രാജ്യത്തിന്റെ നാനാമേഖലയെയും തകർത്തിട്ടും സമാധാനത്തിന്റെയോ സമവായത്തിന്റെയോ പാതതേടാത്ത ഉക്രയ്‌നും യുദ്ധത്തിൽ എന്തുവിലകൊടുത്തും ഉക്രയ്‌നെ സഹായിക്കും എന്നു പ്രഖ്യാപിക്കുന്ന പോളണ്ടും സന്ദർശിച്ചുകൊണ്ട് അമേരിക്കൻ പക്ഷത്തെ സന്തോഷിപ്പിക്കാം എന്നല്ലാതെ, നരേന്ദ്രമോദിയും കൂട്ടാളികളും പ്രചരിപ്പിക്കുന്നതുപോലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അതിന് ഉക്രയ്‌നോ ആ രാജ്യത്തെ സഹായിക്കുന്നവർക്കോ ഒട്ടും താൽപ്പര്യവുമില്ല.
ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നും ഈ കാലത്ത് യുദ്ധമല്ല വേണ്ടതെന്നുമുള്ള നിലപാടുമായാണ്, റഷ്യ–- ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥതവഹിക്കാൻ തയ്യാറാണെന്ന സന്ദേശവുമായി മോദി ഉക്രയ്‌നിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി നിരവധി കരാറുകളിൽ ഒപ്പുവച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ക്രിയാത്മക നടപടികളുടെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സമാധാന പദ്ധതി യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനത്തുള്ള ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ സമർപ്പിച്ചെങ്കിലും അമേരിക്കയുടെ സമ്മർദത്തിനുവഴങ്ങി യൂറോപ്യൻ യൂണിയൻ തന്നെ അത് തള്ളിക്കളഞ്ഞു. ഓർബനോടൊപ്പം നിൽക്കുകയും ഉക്രയ്‌നെ പിന്തുണയ്ക്കാത്തതുമായ സ്ലോവേനിയയുടെ പ്രധാനമന്ത്രിക്കെതിരെ വധശ്രമംവരെയുണ്ടായി. മെയ് 15ന് സ്ലോവേനിയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വധിക്കാൻ ശ്രമിച്ചതിന്റെ പിന്നിൽ ഉക്രയ്‌ൻ ഇന്റലിജൻസ് ആണെന്ന ആരോപണവും ഉയർന്നിരുന്നു. അതിൽനിന്നും മനസ്സിലാക്കേണ്ട കാര്യം ഉക്രയ്‌നുപോലും അവസാനിപ്പിക്കേണ്ടാത്ത യുദ്ധം അവസാനിപ്പിക്കാനല്ല മോദി കീവിലേക്ക് യാത്ര ചെയ്തത്, മറിച്ച്, അമേരിക്കയെ സന്തോഷിപ്പിക്കാനും ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ അമേരിക്കൻ പക്ഷത്തുതന്നെയെന്ന് പ്രഖ്യാപിക്കാനുമായിരുന്നു.
അമേരിക്ക വഴിമരുന്നിടുകയും ആയുധവും സമ്പത്തും നൽകി ഇപ്പോഴും തുടരുകയും ചെയ്യുന്ന റഷ്യ–- ഉക്രയ്‌ൻയുദ്ധം അവസാനിപ്പിക്കണമെങ്കിൽ അമേരിക്കതന്നെ തീരുമാനിക്കണം. ഇസ്രയേൽ–-പലസ്തീൻ യുദ്ധത്തിന്റെ കാര്യത്തിൽ വേണ്ടതും അമേരിക്കൻ തീരുമാനമാണ്. ആരെങ്കിലും ഇടപെടാത്തതിന്റെ കുഴപ്പംകൊണ്ടല്ല റഷ്യ–ഉക്രയ്‌ൻ യുദ്ധം അവസാനിക്കാത്തത്. ഉക്രയ്‌ൻ കഷ്ടപ്പെട്ടാലും വേണ്ടില്ല, റഷ്യയുടെ സർവനാശം കാണണമെന്ന അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൃഗാലതന്ത്രമാണ് റഷ്യക്കും ഉക്രയ്‌നും നഷ്ടങ്ങൾമാത്രം വരുത്തുന്നയുദ്ധം മുപ്പത്തിമൂന്നു മാസമായിട്ടും തുടരുന്നതിന്റെ മൂലകാരണം. ഇന്ത്യയുടെ സംഘർഷ പൂരിതമായ അയൽപക്കത്തെ കാണാതെ, സംഘർഷം അവസാനിപ്പിക്കാൻ താൽപ്പര്യമില്ലാത്ത അകലെയുള്ള രാഷ്ട്രങ്ങളിലേക്ക് യാത്ര പോകണോയെന്ന ഗൗരവമായ ആലോചനയാണ് ‘വിശ്വഗുരു’വിൽനിന്നും ‘വിശ്വമിത്ര’മാകാൻ ശ്രമിക്കുന്ന ഇന്ത്യ നടത്തേണ്ടത്.
(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..