21 December Saturday

സ്വാതന്ത്ര്യത്തിന്റെ വർത്തമാനം - സുനിൽ പി ഇളയിടം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

 

എഴുപത്തെട്ടാം സ്വാതന്ത്ര്യദിനത്തിലേക്ക് ഇന്ത്യ കാലൂന്നുന്നത് ഭാഗികമായെങ്കിലും വീണ്ടെടുക്കപ്പെട്ട ജനാധിപത്യത്തിന്റെ വെളിച്ചവും പേറിക്കൊണ്ടാണ്. പരിമിതമായ നിലയിലാണെങ്കിലും നമ്മുടെ രാജ്യം അതിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തെ ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഫെഡറലിസം, ബഹുസ്വരത, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വീണ്ടും പ്രാമുഖ്യം കൈവന്നിരിക്കുന്നു. എതിർസ്വരങ്ങൾ ഉയർന്നുകേൾക്കുകയും ഭരണനേതൃനടപടികൾ വിചാരണയ്ക്കു വിധേയമാകുകയും ചെയ്യുന്ന ഇടമായി പാർലമെന്റ് മാറിക്കൊണ്ടിരിക്കുന്നു. കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ അവയുടെ ആപേക്ഷികമായ സ്വതന്ത്രപദവിയെ അൽപ്പമൊക്കെ പ്രകാശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം (Elected autocracy) എന്നനിലയിൽനിന്ന് ജനാധിപത്യപരമായ ഭരണനിർവഹണത്തിലേക്ക് രാഷ്ട്രം ചെറിയ ചില ചുവടുകളെങ്കിലും വയ്ക്കുന്നു.

ആ നിലയിൽ മനസ്സിലാക്കിയാൽ 2024-ലെ തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം രക്ഷാരന്ധ്രമായിരുന്നുന്നെന്നു കാണാനാകും. മതരാഷ്ട്രത്തിലേക്കും ഫാസിസ്റ്റ് ഭരണനേതൃത്തിലേക്കും വഴുതിപ്പോകാവുന്നവിധം സ്വേച്ഛാധിപത്യത്തിന്റെ വിളമ്പിലൂടെയുള്ള ഈ രാജ്യത്തിന്റെ യാത്ര ജനാധിപത്യത്തിന്റെ വഴിയിലേക്ക് കുറച്ചെങ്കിലും തിരിച്ചെത്തി. ഒരൊറ്റ മതംകൊണ്ടോ ഒരൊറ്റ സംസ്‌കാരംകൊണ്ടോ കെട്ടിപ്പടുത്തതല്ല ഇന്ത്യ എന്ന കാര്യം സുദൃഢമായി ഉച്ചരിക്കപ്പെട്ടു. ഭരണഘടനയെത്തന്നെ റദ്ദാക്കി മതരാഷ്ട്രത്തിലേക്ക് കാലൂന്നാമെന്ന വർഗീയവാദികളുടെ ഭ്രാന്തൻ സ്വപ്നങ്ങൾക്കു മുകളിൽ ബഹുത്വത്തിന്റെയും ബഹുസ്വരതയുടെയും ആകാശം വീണ്ടും വിടർന്നു. ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ'എന്ന വാക്യം അർഥനിർഭരമായി.

മൂന്നുതലത്തിലെങ്കിലും നിർണായകമായ വിച്ഛേദങ്ങൾ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുവഴി രാഷ്ട്രശരീരത്തിൽ അരങ്ങേറി. ഏകാത്മക രാഷ്ട്രമെന്ന മാരകമായ സ്ഥിതിവിശേഷത്തിൽനിന്ന് അത് ഫെഡറലിസത്തെ വലിയൊരളവോളം വീണ്ടെടുത്തു. ഫാസിസ്റ്റ് മതരാഷ്ട്രമെന്ന ഹിംസാത്മക സാധ്യതയിൽനിന്ന് മതനിരപേക്ഷതയെ കുറച്ചെങ്കിലും വീണ്ടെടുത്തു. 56 ഇഞ്ചിന്റെ വിഷമയമായ പുരുഷബലത്തിൽ (Toxic Mascularity) നിന്ന് മാനുഷികതയെയും അതിന്റെ നൈസർഗികതയെയും വീണ്ടെടുത്തു. താൻ ദൈവാംശ സംഭവനാണെന്നും ഗാന്ധിയെ ലോകമറിഞ്ഞത് റിച്ചാർഡ് അറ്റൻബറോ സിനിമ എടുത്തതുകൊണ്ടാണെന്നും പറയുന്ന, വിശ്വഗുരുക്കൻമാരിൽനിന്നും ഇന്ത്യയിലെ കോടാനുകോടി ദരിദ്രനാരായണൻമാരിലേക്ക് നമ്മുടെ രാഷ്ട്രീയപ്രക്രിയയെ അൽപ്പമെങ്കിലും വഴിതിരിച്ചുവിടാൻ പോന്നതായിരുന്നു ഈ വീണ്ടെടുപ്പ്.

ഇതെല്ലാം നിലനിൽക്കെത്തന്നെ, 2024 ജൂൺ നാലി-ന് ഇന്ത്യ കൂട്ടായ്‌മ നേടിയ വിജയത്തിന് ധാരാളം പരിമിതിയുമുണ്ട്. ഹൈന്ദവ വർഗീയതയെ പുറന്തള്ളി മതനിരപേക്ഷ- ജനാധിപത്യശക്തികളെ അധികാരത്തിലെത്തിക്കാൻ പോന്ന വിജയമായി അത് മാറിയില്ലെന്നത് വ്യക്തമാണ്. ഹൈന്ദവ വർഗീയതയുടെ രാഷ്ട്രീയബലം ഇല്ലാതായിട്ടുമില്ല. 35.6 ശതമാനം വോട്ടിന്റെ പിൻബലത്തോടെ അതിപ്പോഴും രാജ്യത്തെ പ്രബല രാഷ്ട്രീയശക്തിയായി തുടരുന്നു. കഴിഞ്ഞ മോദി സർക്കാരിലെ എല്ലാ പ്രധാനികളും 2024ലും അതേ വകുപ്പുകളിൽത്തന്നെ തുടരുന്നുവെന്നത് ഭരണനേതൃനയങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന പ്രസ്താവനകൂടിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട പൗരാവകാശപ്രവർത്തകർ മിക്കവരും ഇപ്പോഴും ജയിലിൽത്തന്നെയാണ്. 20 വർഷം പഴക്കമുള്ള കേസിൽ അരുന്ധതി റോയ്‌ക്കെതിരെ പുതുതായി യുഎപിഎ ചുമത്തിയിട്ടുണ്ട്. കശ്മീരിന്റെ അധികാരാവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്ന പുതിയ ഉത്തരവ് വന്നിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം വിധിക്കുന്ന പഴയ 124 (എ) വേഷം മാറി കൂടുതൽ പരുഷവും പ്രാകൃതവുമായി അവതരിച്ചിട്ടുണ്ട്. നാസിജർമനിയിൽ ജൂതഭവനങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി വേർതിരിച്ചുകാണിച്ചിരുന്നതിനെ ഓർമിപ്പിക്കുന്ന വിധത്തിൽ, കാവടിയാത്ര പോകുന്ന വഴികളിലെ കച്ചവടക്കാർ അവരുടെ പേരുവിവരം എഴുതി പ്രദർശിപ്പിക്കണമെന്ന ഹീനവും വിഭാഗീയവുമായ ഉത്തരവ് (പിന്നീട് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും) ഇടക്കാലത്ത് പുറത്തുവന്നിരുന്നു. വിഭജനത്തിനുശേഷം മുസ്ലിങ്ങളെ രാജ്യത്ത് തുടരാൻ അനുവദിച്ചത്‌ തെറ്റായിപ്പോയെന്നു പ്രഖ്യാപിക്കുന്ന കേന്ദ്ര മന്ത്രിമാർ ഇപ്പോഴും ഭരണതലത്തിലുണ്ട്. കോർപറേറ്റ് മൂലധനവും മതവർഗീയതയും കൈകോർത്ത് പഴയതുപോലെ കൊള്ള തുടരുന്നുണ്ട്.


 

ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്‌മയുടെ നിലനിൽപ്പും ഇടപെടലും തന്ത്രപരമായിരുന്നു. അനിവാര്യമായ ചില പരിമിതികൾ ഉണ്ടായിരുന്നിടങ്ങളിലൊഴികെ കഴിയുന്നത്ര ഏകോപിതമായ രാഷ്ട്രീയവേദിയായി നിലകൊള്ളാൻ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ കഴിഞ്ഞു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾക്ക്‌ അനുസരിച്ച് നിലപാട് കൈക്കൊള്ളാവുന്ന വിധത്തിൽ അയവുള്ളതും തന്ത്രപരവുമായ സംവിധാനമായിരുന്നു ഇന്ത്യ കൂട്ടായ്‌മയുടേത്. തെരഞ്ഞെടുപ്പിനുമുമ്പ് പലർക്കുമത് ഫലപ്രദമായി തോന്നിയിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ പ്രായോഗികമായ ഫലമുളവാക്കിയ സംവിധാനമായി അതു മാറി. പച്ചയായ വർഗീയതയുടെയും തീവ്രവിദ്വേഷത്തിന്റെയും പദാവലികൾ നിർലോഭം ഉപയോഗിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജൻഡയിൽ തലവയ്ക്കാതെ, അടിസ്ഥാന ജീവിതപ്രശ്‌നങ്ങളെ മുൻനിർത്തി ഉയർത്തിയ ബദൽ ജനങ്ങൾക്ക് സ്വീകാര്യമായി. ചുറ്റുവട്ടത്തുള്ള പ്രാദേശിക പ്രവാചകന്മാർ മുതൽ ഗോദി മീഡിയയും അഖിലേന്ത്യ തലത്തിലെ എക്‌സിറ്റ്‌പോൾ ഏജൻസികളുംവരെ ബിജെപിക്ക്‌ 300 സീറ്റും എൻഡിഎക്ക്‌ 350 സീറ്റും പ്രവചിച്ചപ്പോൾ ബിജെപിയെ കേവലഭൂരിപക്ഷമില്ലാത്ത നിലയിൽ പിടിച്ചുനിർത്താൻ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌  കഴിഞ്ഞത് അതുകൊണ്ടാണ്. ഇന്ത്യ കൂട്ടായ്‌മ അധികാരത്തിലെത്തിയാൽ ഹിന്ദുസ്ത്രീകളുടെ മംഗല്യസൂത്രം കവരുമെന്നും രാമക്ഷേത്രം അടച്ചുപൂട്ടുമെന്നും വരെയുള്ള വിഷലിപ്തമായ വിദ്വേഷപ്രചാരണങ്ങൾ മുതൽ, ഇഡിയും സിബിഐയും ആദായനികുതി വകുപ്പുമെല്ലാം പ്രതിപക്ഷനേതാക്കളെയും പ്രതിപക്ഷ പ്രസ്ഥാനങ്ങളെയും വേട്ടയാടിക്കൊണ്ടിരുന്നതുവരെയുള്ള ഭരണകൂട നൃശംസതകൾക്കു നടുവിൽ അരങ്ങേറിയ തെരഞ്ഞെടുപ്പ്. മാധ്യമങ്ങൾ മുതൽ നിരവധി ഭരണഘടനാ സ്ഥാപനങ്ങൾവരെ ഭരണനേതൃത്തിനു വിടുപണിചെയ്ത ആ സന്ദർഭത്തിൽ, ജനകീയമായ ഇച്ഛയെ രാഷ്ട്രീയമായ പ്രതിരോധശക്തിയായി ഉയർത്തിക്കൊണ്ടുവന്ന് വർഗീയതയുടെ പടയോട്ടത്തെയും ഫാസിസ്റ്റ് ഭരണനേതൃസ്ഥാപനത്തെയും അൽപ്പമെങ്കിലും ചെറുക്കാനായി എന്നതിന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നിർണായകമായ പ്രാധാന്യമുണ്ട്. ഇത്തരമൊരു പ്രതിരോധത്തിന്റെ അഭാവത്തിൽ മതരാഷ്ട്രത്തിലേക്കും ഫാസിസത്തിലേക്കും ചുവടുവയ്ക്കുമായിരുന്ന ഒരു രാജ്യത്തെയാണ് ഈ ചെറുത്തുനിൽപ്പ് വീണ്ടെടുത്തതെന്ന് ഭാവിചരിത്രം രേഖപ്പെടുത്താതെ പോകില്ല.

എങ്കിലും ഇതിന്റെ പേരിൽ ഇന്ത്യയിലെ ജനാധിപത്യവാദികൾ അൽപ്പംപോലും കരുതൽ കൈവിട്ടുകൂടാ. അൽപ്പംപോലും അലംഭാവം പുലർത്തിക്കൂടാ. ജനാധിപത്യം ഒരു ത്രിത്വപദ്ധതിയാണെന്നും രാഷ്ട്രീയ ജനാധിപത്യവും  സാമൂഹ്യ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഒത്തിണങ്ങുമ്പോഴേ ഇന്ത്യൻ ജനാധിപത്യത്തിന് അർഥമുണ്ടാകൂവെന്നും അംബേദ്കർ ആവർത്തിച്ചുപറഞ്ഞിരുന്നത് നാം എപ്പോഴും ഓർക്കണം. നമ്മുടെ രാഷ്ട്രീയ ഭൂമികയുടെ വിദൂര ചക്രവാളത്തിൽപ്പോലും സാമ്പത്തിക ജനാധിപത്യമെന്ന ആശയം ഇപ്പോൾ കാണാനാകില്ല. സ്വാതന്ത്ര്യപ്രാപ്തിയുടെ ഏഴരപ്പതിറ്റാണ്ടിനുശേഷവും സാമൂഹിക ജനാധിപത്യം ഏട്ടിലെ പശുവായി തുടരുന്നു. ഇതിനിടയിൽ മെജോറിറ്റേനിയനിസം അഥവാ ഭൂരിപക്ഷവാദം മാത്രമായി ജനാധിപത്യം പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ രാഷ്ട്രീയ ജനാധിപത്യം പുറംതൊണ്ടു മാത്രമായി മാറിക്കൊണ്ടിരുന്ന, തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കൽ മാത്രമായി അത് പരിണമിച്ചുകൊണ്ടിരുന്ന, സ്ഥിതിവിശേഷത്തെ അൽപ്പമൊന്നു തടയാനായി എന്നതാണ് 2024ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്‌മ കാഴ്ചവച്ച ചെറുത്തുനിൽപ്പിന്റെ ഫലം. മൂലധന താൽപ്പര്യങ്ങളും ഭരണനേതൃത്വവും തമ്മിലുള്ള സമ്പൂർണ ഐക്യമെന്ന് മുസോളിനി നിർവചിച്ച ഫാസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള  രൂപാന്തരത്തെ  ഇന്ത്യൻ ജനത തൽക്കാലത്തേക്കെങ്കിലും വാതിൽപ്പടിയിൽ തടഞ്ഞുനിർത്തി. എന്നാൽ, ജനാധിപത്യത്തിന്റെ വിശാലമൂല്യങ്ങളിലേക്കുള്ള നമ്മുടെ യാത്രയ്‌ക്ക് ഇനിയും ഒരുപാട് ദൂരം പിന്നിടാനുണ്ട്. നിരന്തരമായ ബഹുജന സമരങ്ങൾ മാത്രമാണ് അതിലേക്കുള്ള ഏകവഴി. ഈ സ്വാതന്ത്ര്യദിനം നമ്മെ ഓർമപ്പെടുത്തുന്നതും മറ്റൊന്നല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top