22 December Sunday

ഇന്ദിരാഗാന്ധി പ്രയോഗിച്ച രാഷ്‌ട്രീയം

സാജൻ എവുജിൻUpdated: Thursday Oct 31, 2024

നാൽപ്പതു വർഷം മുമ്പുള്ള ഒക്ടോബർ 31.  ഞങ്ങളൊക്കെ രാവിലെ സ്‌കൂളിൽ എത്തിയിരുന്നു. പതിവ്‌ സമയം കഴിഞ്ഞിട്ടും ക്ലാസ്‌ തുടങ്ങിയില്ല. അധ്യാപകരെല്ലാം കൂടിനിന്ന്‌ പതുക്കെ സംസാരിക്കുന്നു. ഒന്നുരണ്ട്‌ മണിക്കൂർ അങ്ങനെ കടന്നുപോയി. പിന്നീട്‌ കൂട്ടബെൽ അടിച്ച്‌ സ്‌കൂൾ വിട്ടു. റോഡിലേക്ക്‌ ഇറങ്ങിയപ്പോൾ എന്തൊക്കെയോ പന്തികേട്‌. വാഹനങ്ങളൊന്നും ഓടുന്നില്ല. കവലയിൽ  ആളുകൾ കൂട്ടംകൂടുന്നു. ഇന്ദിരാഗാന്ധിക്ക്‌ വെടിയേറ്റുവെന്ന്‌ ആരോ പറയുന്നത്‌ കേട്ടു.

ബ്രിട്ടീഷ്‌ ഡോക്യുമെന്ററി പ്രവർത്തകൻ പീറ്റർ ഉസ്‌തിനോവിന്‌ അഭിമുഖം നൽകാനായി ഔദ്യോഗികവസതിയിൽനിന്ന്‌ തൊട്ടടുത്ത ഓഫീസിലേക്ക്‌ നടന്നുപോയ ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31 രാവിലെ 9.20നാണ്‌ വെടിയുണ്ടകളേറ്റ്‌ വീണത്‌. അംഗരക്ഷകരായ സത്‌വന്ത്‌സിങ്ങും ബിയാന്ത്‌ സിങ്ങും തൊട്ടടുത്തുനിന്ന്‌ തുരുതുരെ വെടിവയ്‌ക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചത്‌ 10 മണിക്കൂറിനുശേഷം ദൂരദർശന്റെ സായാഹ്‌ന വാർത്തയിൽ (അതോടൊപ്പം രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തുവെന്ന വാർത്തയും). അക്കാലത്ത്‌ ആകാശവാണിയും ദൂരദർശനും മാത്രമായിരുന്നു ആശ്രയം. ഈ രണ്ട്‌ മാധ്യമവും പിന്നീട്‌ ഒട്ടേറെ ദിവസം വാർത്തകളും ശോകസംഗീതവും മാത്രമാണ്‌ നൽകിയത്‌. ഇന്ദിരാവധത്തെ തുടർന്ന്‌ ഡൽഹിയിൽ മുഖ്യമായും, ഉത്തരേന്ത്യയുടെ ഇതരഭാഗങ്ങളിലും  കോൺഗ്രസുകാരുടെ നേതൃത്വത്തിൽ സിഖുകാരെ  കൂട്ടക്കൊല ചെയ്‌തു. നാലുദിവസം നീണ്ട ആക്രമണങ്ങളിൽ 3,350 സിഖുകാരെ കൊലപ്പെടുത്തിയെന്നാണ്‌ ഔദ്യോഗിക നിഗമനം. എന്നാൽ പതിനായിരത്തോളം പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടുവെന്നാണ്‌ സിഖ്‌ സംഘടനകൾ വെളിപ്പെടുത്തിയ കണക്ക്‌. ഡൽഹിയിൽമാത്രം 578 കേസ്‌ രജിസ്‌റ്റർ ചെയ്‌തുവെങ്കിലും ബഹുഭൂരിപക്ഷവും അട്ടിമറിക്കപ്പെട്ടു. സിഖ്‌ സംഘടനകൾ ശക്തമായ നിലപാട്‌ സ്വീകരിച്ചതിനെത്തുടർന്ന്‌  അന്വേഷണം സിബിഐ ഏറ്റെടുത്തു. കോൺഗ്രസ്‌ നേതാവ്‌ സജ്ജൻകുമാറിനെ 2018ൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. ചില കേസുകൾ തുടരുന്നു.

വെളിച്ചവും ഇരുളും

പിതാവ്‌ ജവാഹർലാൽ നെഹ്‌റുവിന്റെ പാത പിന്തുടർന്ന്‌ പൊതുരംഗത്ത്‌ എത്തിയ ഇന്ദിരാഗാന്ധി, 1966ൽ ലാൽ ബഹദൂർ ശാസ്‌ത്രിയുടെ വിയോഗത്തിനുശേഷമാണ്‌  ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത്‌. അന്നുമുതൽ 1977 വരെ തുടർച്ചയായി അധികാരത്തിലിരുന്ന ഇന്ദിരാഗാന്ധിക്ക്‌ അടിയന്തരാവസ്ഥയ്‌ക്കുശേഷം മൂന്ന്‌ വർഷം പുറത്തിരിക്കേണ്ടിവന്നു.  വെളിച്ചവും ഇരുളും  നിറഞ്ഞ അവരുടെ ജീവിതത്തിൽ കൂരിരുൾ പടർത്തിയത്‌ അടിയന്തരാവസ്ഥയാണ്‌. ഇളയമകൻ സഞ്‌ജയ്‌ ഗാന്ധിയെ മുൻനിർത്തി നടത്തിയ നീക്കങ്ങൾക്ക്‌ വലിയ വില നൽകേണ്ടിവന്നു. അധികാരം നിലനിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്‌ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും അതിനെതിരെ ഉയർന്ന ജനവികാരം കോൺഗ്രസിനെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷത്താക്കി. ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ  1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്‌തു.

ബാങ്ക്‌ ദേശസാൽക്കരണം അടക്കമുള്ള നടപടികൾ ഇന്ദിരാഗാന്ധിയുടെ കരുത്തിനും നിശ്‌ചയദാർഢ്യത്തിനും തെളിവായി എടുത്തുപറയാറുണ്ട്‌.  ‘‘ഇന്ദിരയാണ്‌ ഇന്ത്യ,  ഇന്ത്യയാണ്‌ ഇന്ദിര’’ എന്ന്‌ എഐസിസി പ്രസിഡന്റായിരുന്ന ഡി കെ ബറുവ  പ്രശംസിച്ചത്‌ പാദസേവയായി വിലയിരുത്തപ്പെടുന്നെങ്കിലും അക്കാലത്ത്‌ ഇന്ദിരാഗാന്ധി പുലർത്തിയ ആധിപത്യത്തിന്‌ തെളിവാണിത്‌.  അന്താരാഷ്‌ട്ര രംഗത്തും നിറഞ്ഞുനിന്ന ഇന്ദിരാഗാന്ധിയെ 1971ലെ ബംഗ്ലാദേശ്‌ വിമോചനയുദ്ധത്തിന്റെ വിജയം ജനപ്രീതിയുടെ പാരമ്യത്തിൽ എത്തിച്ചിരുന്നു.

രാഷ്‌ട്രീയ കടുംപിടിത്തങ്ങൾ

ഇന്ദിരാഗാന്ധിക്ക്‌ പലപ്പോഴും വിനയായത്‌ അവരുടെ കടുംപിടിത്തങ്ങളാണ്‌. ഖലിസ്ഥാൻ വിഘടനവാദ നേതാവ്‌ ജർണയിൽ സിങ്‌ ഭിന്ദ്രൻവാലയെ അമർച്ച ചെയ്യാൻ അമൃത്‌സറിലെ സുവർണക്ഷേത്രത്തിലേക്ക്‌ സൈന്യത്തെ നിയോഗിച്ചശേഷം സുരക്ഷാകാര്യങ്ങളിൽ ജാഗ്രത വേണമെന്ന്‌ ഇന്ദിരാഗാന്ധിക്ക്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു. അവർ അതൊന്നും കാര്യമായി എടുക്കാൻ തയ്യാറാകാതിരുന്നത്‌ ജീവൻ നഷ്ടപ്പെടുന്നതിലെത്തിച്ചു. കോൺഗ്രസ്‌ മുഖ്യമന്ത്രിമാരെ ചൊൽപ്പടിയിൽ നിർത്താൻ നടത്തിയ ശ്രമങ്ങൾ പല സംസ്ഥാനങ്ങളിലും പാർടിയുടെ അടിത്തറ ദുർബലമാക്കി. ഗവർണർമാരെ ഉപയോഗിച്ച്‌ കേന്ദ്രം നടത്തുന്ന രാഷ്‌ട്രീയ അട്ടിമറികൾക്ക്‌ ഇന്ദിരാഗാന്ധിയുടെ രാഷ്‌ട്രീയജീവിതത്തോളം പഴക്കമുണ്ട്‌.

ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിൽവന്ന പ്രഥമ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതിനു പിന്നിൽ ഇന്ദിരാഗാന്ധിയുടെ നിർബന്ധബുദ്ധിയുമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ജീവിതപങ്കാളി ഫിറോസ്‌ഗാന്ധിയുടെ ജീവചരിത്രം എഴുതിയ സ്വീഡിഷ്‌ പത്രപ്രവർത്തകൻ ബർട്ടിൽ ഫാൽക്ക്‌ ഇതേപ്പറ്റി വിശദീകരിക്കുന്നുണ്ട്‌. ഇ എം എസ് സർക്കാരിനെ പിരിച്ചുവിടുന്നതിൽ ഫിറോസ് ഗാന്ധിക്ക് വിയോജിപ്പുണ്ടായിരുന്നു. തീൻമൂർത്തി ഭവനിലെ പ്രഭാത ഭക്ഷണവേളയിൽ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ ഫിറോസ് ഗാന്ധി ഇന്ദിരയോട് ഈ വിയോജിപ്പ് തുറന്നു പറഞ്ഞു. ‘‘ഇതൊന്നും ശരിയല്ല, ജനങ്ങളോടുള്ള കടുംകൈയാണിത്‌. നിങ്ങൾ ഫാസിസ്‌റ്റാണ്‌’’–-ഇന്ദിരാഗാന്ധിയോടുള്ള ഫിറോസ്‌ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന്  കേരള സർക്കാരിനെ പിരിച്ചുവിട്ടു.

നിർണായകമായ 15 വർഷവും 350 ദിവസവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധിയെ ഒഴിച്ചുനിർത്തിയുള്ള രാഷ്‌ട്രീയചർച്ചകൾ ഇപ്പോഴും അപ്രസക്തവുമാണ്‌. എല്ലാ രാഷ്‌ട്രീയപ്രവർത്തകർക്കും  പാഠപുസ്‌തകമാണ്‌ ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ മുന്നേറ്റങ്ങളും തിരിച്ചടികളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top