21 November Thursday

ഇന്ത്യ ചൈന കരാർ ; അതിർത്തിയിലെ സമാധാനം

ഡോ. ജോസഫ് ആന്റണിUpdated: Wednesday Oct 23, 2024

 

മൂവായിരത്തിയഞ്ഞൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ–- ചൈന അതിർത്തിയിൽ, കഴിഞ്ഞ നാലരവർഷമായി നിലനിന്ന സംഘർഷത്തിന് വിരാമമാകുന്നു. അതിർത്തിയിലെ വടക്കൻമേഖലയായ ലഡാക്കിലെ ഗാൽവൻ നദിമുതൽ പാങ്ങോങ് നദിവരെയുള്ള പ്രദേശത്താണ് 2020 മെയ് മുതൽ സംഘർഷം രൂപപ്പെട്ടത്. അതിർത്തിത്തർക്കങ്ങൾ ജൂൺ 15ന് ഗാൽവാൻ നദിക്കരയിൽ  രണ്ടുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ നേരിട്ടുള്ള ആക്രമണത്തിലാണ് കലാശിച്ചത്. ആ ഏറ്റുമുട്ടലിന്റെ ഫലമായി ഇന്ത്യയുടെ 20 സൈനികർക്കും  ചൈനയുടെ നാല് സൈനികർക്കും  ജീവഹാനിയുണ്ടായി. അറുപത്തിരണ്ടുവർഷങ്ങൾക്കു മുമ്പ്‌, 1962 ഒക്ടോബറിൽ നടന്ന ഇന്ത്യാ–- ചൈന അതിർത്തി യുദ്ധത്തിനുശേഷം ലഡാക്കിൽ ഇരുരാജ്യങ്ങളുടെയും സേനകൾ നേരിട്ട് ഏറ്റുമുട്ടി ജീവഹാനിയുണ്ടായ സംഭവമായിരുന്നു അത്. ഇന്ത്യ–- ചൈന നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്നവേളയിലാണ് ഗാൽവൻ സംഘർഷം ഉണ്ടായത്. അത്, നിരവധിമേഖലകളിൽ മെച്ചപ്പെട്ടുകൊണ്ടിരുന്ന  ബന്ധങ്ങളെ തകർത്തു കളയുന്നതായിരുന്നു. 2020 ജൂൺ 15ലെ  സൈനിക ഏറ്റുമുട്ടലിനുശേഷം ചൈനയ്‌ക്കെതിരായി നിരവധി നടപടികൾ ഇന്ത്യ സ്വീകരിക്കുകയുണ്ടായി.

സാങ്കേതികരംഗത്ത് ചൈനയുടെ ടിക് ടോക് പോലുള്ള ജനപ്രിയങ്ങളായ നിരവധി  ആപ്പുകളെയും മൊബൈൽ ഫോൺ കമ്പനികളെയും  5 ജി സാങ്കേതികവിദ്യാപങ്കാളിത്തവുമെല്ലാം നിരോധിച്ച ഇന്ത്യ, സാമ്പത്തികരംഗത്തും ചൈനീസ് നിക്ഷേപങ്ങൾക്കെതിരെയും ചില ഉൽപ്പന്നങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തി. ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കുവാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. ചൈനീസ് സാങ്കേതികവിദ്യയുടെയും, നിക്ഷേപങ്ങളുടെയുംമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇന്ത്യൻ വ്യവസായങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്ന് ഇന്ത്യൻ വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി. പക്ഷെ നിരവധി ചൈനീസ് ഉൽപ്പന്നങ്ങളെയും നിക്ഷേപങ്ങളെയും നിരോധിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാര പങ്കാളി ചൈനയാണെന്നത് ഇരുരാജ്യങ്ങളുടെയും മുന്നോട്ടുള്ള പോക്കിൽ അവ പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

അതിർത്തിയിൽ രൂപംകൊണ്ട സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും നയതന്ത്രതലത്തിലും സൈനികതലത്തിലും നിരന്തരമായ ചർച്ചകളും കൂടിയാലോചനകളും നടത്തുന്നുണ്ടായിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്‌ ജയ്‌ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി നിരവധി തവണ ചർച്ച  നടത്തി. അതിനുപുറമെ, ഇന്ത്യ-–- ചൈന അതിർത്തിത്തർക്കം പരിഹരിക്കുന്നതിനായി രൂപീകരിച്ച ഡബ്ള്യുഎംസിസി എന്ന വിദഗ്ധസമിതി ഇതിനകം മുപ്പത്തൊന്നു തവണയും സേനയുടെ കോർ കമാൻഡർമാർ 21 തവണയും ചൈനീസ്‌ പക്ഷവുമായി ചർച്ചകൾ നടത്തി. ഗാൽവനിൽ രൂപംകൊണ്ട സംഘർഷങ്ങൾ, ഇരുരാജ്യങ്ങളും തുടർച്ചയായി നടത്തിയ ചർച്ചകളുടെ ഫലമായി, നേരത്തെതന്നെ തർക്കങ്ങൾ നിലനിൽക്കുന്ന ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് എന്നിവിടങ്ങളിലെ പ്രശ്‍നങ്ങൾകൂടി ചർച്ചകളിലേക്കു കൊണ്ടുവന്നിട്ടുണ്ട്.

സമാധാന ചർച്ചകൾ നടക്കവേതന്നെ 2020 ആഗസ്‌തിൽ ലഡാക്കിലെ പാംഗോങ് നദിക്കുതെക്കുള്ള തന്ത്രപരമായ കൈലാഷ് മേഖല ഇന്ത്യയുടെ പൂർണനിയന്ത്രണത്തിലാക്കിയെങ്കിലും പരസ്പര ചർച്ചകളെത്തുടർന്ന് അവിടെനിന്ന്  ഇരുസൈന്യങ്ങളും പിന്മാറി. പുറമെ, ഗാൽവൻ, ഗോഗ്ര, ഹോട് സ്പ്രിങ്, പാങ്ങോങ്, എന്നീ മേഖലകളിലെയും സംഘർഷങ്ങളിൽ അയവുവന്നിരുന്നു. എങ്കിലും ഇന്ത്യൻ സൈന്യം നേരത്തെ പട്രോളിങ് നടത്തിയിരുന്ന നിയന്ത്രണരേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ പ്രദേശങ്ങളിലേക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴുണ്ടായ ഒത്തുതീർപ്പിന്റെ ഫലമായി 2020 മേയ്‌ക്കു മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്ന  ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. അതുമാത്രമല്ല, ഈ നീക്കം, അന്തരീക്ഷ താപനില മൈനസ് മുപ്പതുഡിഗ്രിവരെ എത്തുന്ന ലഡാക്ക്‌മേഖലയിൽനിന്നും രണ്ടുരാജ്യങ്ങളിലെയും സേനകളെ  ബാരക്കുകളിലേക്ക് മടക്കി അയക്കുന്നതിലേക്കുകൂടി എത്തണം.

റഷ്യയിലെ ഖസാനിൽ  നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ  ഉന്നതതലസമ്മേളനത്തിന് തൊട്ടുമുമ്പാണ് സംഘർഷങ്ങളിൽ അയവുവരുത്തുന്ന ആശ്വാസകരമായ തീരുമാനം ഉണ്ടായത്. അത് ചില ശുഭസൂചനകൾ നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ പരസ്പര ചർച്ചകൾക്ക് അത് വഴിതെളിക്കും. അങ്ങനെ ചർച്ച നടന്നാൽ അതിർത്തിപ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നതലത്തിൽ തീരുമാനങ്ങളുണ്ടായേക്കാം.

എവിടെയാണ് ഇന്ത്യയുടെയും ചൈനയുടെയും അതിർത്തികൾ എന്നതിനെ സംബന്ധിച്ച്  ഇരുരാജ്യങ്ങളുടെയും ഇടയിൽ നിലനിൽക്കുന്ന തർക്കമാണ്, നിരന്തരം അതിർത്തിയിൽ സംഘർഷം ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം. തർക്കത്തിനാധാരമായ ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിപ്രദേശം സ്ഥിതിചെയ്യുന്നത് ഹിമാലയൻ മലനിരകളിലാണ്. മലയിടുക്കുകളും അതിലൂടെയൊഴുകുന്ന നദികളുമൊക്കെയാണ് അതിർത്തികളായി നിശ്ചയിക്കപ്പെടുന്നത്. എന്നാൽ അതിർത്തിയായി പരിഗണിക്കപ്പെടുന്ന ചില നദികൾ വേനൽക്കാലത്ത് ഗതിമാറിയൊഴുകാറുമുണ്ട്. ഇതും തർക്കത്തെ രൂക്ഷമാക്കാറുണ്ട്. 

ഇരുരാജ്യങ്ങളും ചേർന്ന് അതിർത്തികൾ കൃത്യമായി നിർണയിക്കുന്നതിൽ യോജിപ്പിലെത്താത്തതിനാൽ സ്വന്തം അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിനായി സേനകൾ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ നിരന്തരം സന്ദർശിക്കുകയും അതിന് ചില അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും. അതിർത്തി കൈയേറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം  നൂറുകണക്കിനു സംഭവങ്ങൾ എല്ലാവർഷവും അതിർത്തിയിൽ പതിവാണ്.

അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനും തർക്കം പരിഹരിക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡങ്ങളുംവരെ, 1993ലും 2003ലും 2005ലും എത്തിച്ചേർന്ന വ്യത്യസ്തങ്ങളായ  കരാറുകളിലൂടെ രണ്ടുരാജ്യങ്ങളും അംഗീകരിച്ചിരുന്നു. പക്ഷെ അവ നടപ്പിലാക്കുന്നതിലുണ്ടായ പരാജയമാണ് സംഘർഷങ്ങളിലേക്ക് നയിക്കുന്നത്. നിരന്തരമായ ചർച്ചകളിലൂടെ ഇപ്പോൾ എത്തിച്ചേർന്ന തീരുമാനങ്ങൾ നടപ്പിലാക്കണം. ജനസംഖ്യയിൽ ഒന്നും രണ്ടും സ്ഥാനത്തും, സാമ്പത്തികശക്തിയിൽ രണ്ടും അഞ്ചും സ്ഥാനത്തും, സൈനികശക്തിയിലും മുൻപന്തിയിൽത്തന്നെ നിലകൊള്ളുന്ന ആണവശക്തികൾകൂടിയായ അയൽരാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. വികസനത്തിന്റെ പാതയിലൂടെ രണ്ടുരാജ്യങ്ങൾക്കും ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. നിരവധിമേഖലകളിൽ പരസ്പര പൂരകങ്ങളായ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. സംഘർഷങ്ങളും ശത്രുതയും രണ്ടുരാജ്യങ്ങളെയും പിറകോട്ടടിപ്പിക്കും. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങളുടെ നേതാക്കളായ ഇന്ത്യയും ചൈനയും സംഘർഷം വെടിഞ്ഞ് സമാധാനത്തിന്റെ പാതയിലൂടെ മുമ്പോട്ടുപോകേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണ്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്  വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top