21 December Saturday

അവൾ പറക്കട്ടെ, അതിരുകളില്ലാതെ ; ഇന്ന്‌ അന്താരാഷ്ട്ര ബാലികാദിനം

ഡോ. കീർത്തിപ്രഭUpdated: Friday Oct 11, 2024

 

പെൺകുഞ്ഞുങ്ങൾ ആഗ്രഹിക്കുന്ന ഒരു ലോകത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ. തുല്യ അവസരങ്ങളുടെ, അതിരുകളില്ലാതെ ആഗ്രഹങ്ങളുടെ, വെല്ലുവിളികളെ അതിജീവിച്ച്‌ നേടിയെടുക്കുന്ന ലോകത്തെ മാറ്റിമറിക്കുന്ന പെൺകുട്ടികളുടേതുകൂടിയായ ലോകം. ‘ഗേൾസ് വിഷൻ ഫോർ ദ ഫ്യൂച്ചർ' അഥവാ   ‘ഭാവിയെക്കുറിച്ചുള്ള പെൺകുട്ടികളുടെ കാഴ്‌ചപ്പാട്‌’ _ ഈ വർഷത്തെ അന്താരാഷ്ട്ര ബാലികാദിനം ചർച്ച ചെയ്യുന്നതും ഇതുതന്നെ.

ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾക്കെതിരെ ശബ്ദമാകാനുമാണ്‌ ഐക്യരാഷ്ട്ര സംഘടന ഒക്ടോബർ 11ന്‌ പെൺകുഞ്ഞുങ്ങൾക്കായുള്ള ദിനമായി പ്രഖ്യാപിച്ചത്‌. ശൈശവവിവാഹത്തിന്‌ എതിരെയുള്ള ആഹ്വാനത്തോടെ 2012ലാണ് ആദ്യത്തെ അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചത്‌. നീതിയുക്തമായ ഒരു ലോകത്തിനായി വാദിക്കാനും സമത്വമുള്ളതും സമൃദ്ധവുമായ ഒരു ഭാവി രൂപപ്പെടുത്താനുമാണ് ദിനാചരണം. പെൺമക്കൾ ഒരിക്കലും ഒതുങ്ങി ഇരിക്കേണ്ടവരല്ല. കഴിഞ്ഞ 12 വർഷവും ഓരോ ബാലികാദിനവും അതുയർത്തുന്ന ശക്തമായ പ്രമേയവും ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്‌.

പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ സംബോധന ചെയ്യുക ലക്ഷ്യമിട്ട് 1995-ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന ലോക വനിതാ സമ്മേളനത്തിലാണ് ഇങ്ങനെയൊരു ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ചർച്ച നടന്നത്. പെൺകുട്ടികളുടെ മാത്രമല്ല, അവളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, അതിനുവേണ്ടി വാദിക്കുന്ന മനുഷ്യരെക്കൂടി ആഘോഷിക്കുന്ന ദിനമാണ്‌ ഇത്‌. പെൺകുട്ടികളുടെ ശാക്തീകരണം സമൂഹത്തിന്റെ ഉന്നമനത്തിനും തുല്യതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് സവിശേഷ ദിനാചരണങ്ങളിലൂടെ ലോകത്തെ ഓർമിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.

എല്ലാ മേഖലകളിലും പെൺകുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കണം. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമ്പത്തിക സ്വാതന്ത്ര്യം, ആത്മവിശ്വാസവർധന എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതും അവരുടെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന ഘടകങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമാന അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ലോകത്ത് പെൺകുട്ടികളുടെ ശാക്തീകരണം സാമൂഹികനീതി ഉറപ്പാക്കാനുള്ള വലിയ സമരംതന്നെയാണ്. ഒരു പെൺകുട്ടി ആയതുകൊണ്ട് അവർക്ക്‌ നിഷേധിക്കപ്പെടുന്ന ഈ അവകാശങ്ങൾ, അവരുടെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുകയും ഭാവിയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്തെ അവരുടെ ഓരോ നേട്ടവും അവരിൽമാത്രം ഒതുങ്ങുന്നില്ല. അത്‌ സ്വപ്നംകാണുന്ന ഓരോ പെൺകുട്ടിക്കും അവകാശപ്പെട്ടതാണ്‌.

കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിലൂടെ പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിക്കുകയും  ജീവിതത്തിന്റെ ബൃഹത്തായ സാധ്യതകളിലേക്ക് ചങ്കൂറ്റത്തോടെ മുന്നേറി അവർ സാമൂഹ്യരംഗത്ത് കൂടുതൽ സംഭാവന നൽകുകയും ചെയ്യും. അവരുടെ വിദ്യാഭ്യാസവും തൊഴിൽവശവും കൂടുതൽ മെച്ചപ്പെടുത്തുന്നത് ആഗോള ആധുനിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും ഉൽപ്പാദനശേഷിക്കും തീർച്ചയായും സഹായകരമാകും.

കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മുന്നിലാണ്. കേരളത്തിലെ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഏകദേശം 95 ശതമാനത്തോളമാണ്. സാക്ഷരതയിലെ സ്ത്രീ–- പുരുഷ- വ്യത്യാസം (2.2 ശതമാനം) ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിനാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതുമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്‌ സർക്കാർ നിരവധി പദ്ധതികളും പ്രത്യേക ആനുകൂല്യങ്ങളും നടപ്പാക്കുന്നുണ്ട്‌. പ്രാഥമിക വിദ്യാഭ്യാസംമുതൽ ഉന്നത വിദ്യാഭ്യാസംവരെയും സാങ്കേതികമേഖലകളിലും നമ്മുടെ പെൺകുട്ടികൾ ഊർജസ്വലരായി നിറഞ്ഞുനിൽക്കുന്നുണ്ട്.

ലിംഗസമത്വവും പെൺകുട്ടികളുടെ ശാക്തീകരണവും ഒക്കെ കാര്യക്ഷമമായി നടപ്പാക്കാൻ പുരുഷാധിപത്യം അടക്കമുള്ള  നിലപാടുകളിൽ മാറ്റം അനിവാര്യമാണ്.  എല്ലാ പെൺകുട്ടികളും ബഹുമാനിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന ഒരു ലോകമാണ്‌ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത്‌, അതിനായാണ്‌ അവരുടെ ചുവടുകളും. എന്നാൽ, ഇത്തരത്തിലൊരു ലോകം അവർക്ക്‌ ഒറ്റയ്‌ക്ക്‌ നേടാനാകില്ല. സമൂഹം എന്ന നിലയിൽ അവരുടെ ഈ ചുവടുകൾക്ക്‌ കരുത്താകേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top