26 December Thursday

അന്താരാഷ്‌ട്ര സമൂഹം ഇടപെടണം - ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി 
അദ്‌നാൻ അബു അൽഹൈജാ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

ഇസ്രയേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങൾ അമേരിക്കയും യൂറോപ്യൻ യൂണിയനും 
ചേർന്ന്‌ മറച്ചുവയ്‌ക്കുകയാണെന്ന്‌ ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി 
അദ്‌നാൻ അബു അൽഹൈജാ പറഞ്ഞു. ഇപ്പോൾ ഇസ്രയേലിലുള്ളത്‌ ആ 
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവാദസ്വഭാവമുള്ള സർക്കാരാണ്‌. അന്താരാഷ്‌ട്രസമൂഹം ഇസ്രയേലിനുമേൽ ശക്തമായ സമ്മർദം 
ചെലുത്തിയില്ലെങ്കിൽ പലസ്‌തീൻ ജനതയ്‌ക്ക്‌ നീതി ലഭ്യമാകില്ല. 60 ലക്ഷത്തോളം 
വരുന്ന പലസ്‌തീനികളെ എല്ലാക്കാലത്തും 
അടക്കിഭരിക്കാമെന്നാണ്‌ ഇസ്രയേൽ കരുതുന്നതെന്നും 
പലസ്‌തീൻ സ്ഥാനപതി ‘ദേശാഭിമാനി’ ഡൽഹി ബ്യൂറോ ചീഫ്‌ 
സാജൻ എവുജിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു
 

ഇസ്രയേൽ സൈന്യം പലസ്‌തീൻ ജനതയ്‌ക്കുമേൽ ഹീനമായ ആക്രമണം നടത്തിവരികയാണല്ലോ. ഒക്ടോബർ ഏഴിന്‌ ഹമാസ്‌ ഇസ്രയേൽ അതിർത്തിയിൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായി ഇതിനെ വിശേഷിപ്പിക്കുന്നു.  ഇസ്രയേലിന്റെയും അനുകൂലികളുടെയും ഈ വാദത്തെ എങ്ങനെ കാണുന്നു

പലസ്‌തീൻ ജനതയ്‌ക്കുനേരെ നടക്കുന്ന ആക്രമണം തടയാൻ ഈ നിമിഷംവരെ കഴിഞ്ഞിട്ടില്ല. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത തീവ്രവാദ സർക്കാരാണ്‌ ഇപ്പോൾ അവിടെയുള്ളത്‌. ഇത്തരം യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർക്ക്‌ പരിരക്ഷ ആവശ്യമില്ല. പക്ഷേ, അമേരിക്ക ഇസ്രയേലിന്‌ കവചം ഒരുക്കുന്നു. അമേരിക്കൻ വിദേശ സെക്രട്ടറി അവിടെയെത്തി. അമേരിക്കയുടെ വിമാനവാഹിനി പടക്കപ്പലുകൾ ഇസ്രയേൽ അതിർത്തിയിൽ നിലയുറപ്പിച്ചു. ഇസ്രയേൽ സ്വൈരവിഹാരം നടത്തുകയാണ്‌.

ബ്രിട്ടനാണ്‌ ഇസ്രയേലിന്‌ രൂപം നൽകിയത്‌. അമേരിക്കയും ഫ്രാൻസും മറ്റും പിന്തുണ നൽകി. കേവലം രാജ്യം എന്നതിനപ്പുറം സൈനികശക്തിയിൽ അധിഷ്‌ഠിതമായ രാജ്യമാണ്‌ ഇസ്രയേൽ. അമേരിക്കയുടെ ഏറ്റവും മികച്ച നിക്ഷേപമാണ്‌ ഇസ്രയേലെന്ന്‌ പ്രസിഡന്റ്‌  ജോ ബൈഡൻ പറയുന്നു. സയണിസ്റ്റുകൾ ഇങ്ങനെയാണ്‌ കാണുന്നത്‌. ഇസ്രയേൽ രൂപംകൊണ്ടിട്ടില്ലാതിരുന്നെങ്കിൽ താൻ ഇസ്രയേലിന്‌ ജന്മം നൽകുമായിരുന്നെന്നുപോലും ബൈഡൻ പറഞ്ഞു. യുദ്ധങ്ങളിൽ ഇസ്രയേൽ വഹിച്ച പങ്കാളിത്തം ബൈഡൻ എണ്ണിപ്പറഞ്ഞു. ‘വാഗ്‌ദത്ത ഭൂമി’ എന്ന നുണയുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ച ഇസ്രയേൽ പലസ്‌തീനികളെ കൊന്നൊടുക്കുകയാണ്‌. ഇത്‌ തടയാൻ ഇസ്രയേലിനു ജന്മം നൽകിയവർ ശ്രമിക്കുന്നില്ല.

പക്ഷേ, പല രാജ്യങ്ങളും പലസ്‌തീന്‌ പിന്തുണ നൽകുന്നുണ്ടല്ലോ? ഉദാഹരണത്തിന്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

അതെ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഞങ്ങൾക്ക്‌ പിന്തുണ നൽകുന്നു. ചൈനയും ഗൾഫ്‌ രാജ്യങ്ങളും പിന്തുണയ്‌ക്കുന്നു. യൂറോപ്പിൽനിന്നുപോലും പല രാജ്യങ്ങളുടെയും പിന്തുണയുണ്ട്‌.

നിലവിലെ അവസ്ഥയ്‌ക്ക്‌ എന്തെങ്കിലും പരിഹാരം ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷയുണ്ടോ

ഗാസയിലെ ജനങ്ങൾ വളരെ മോശം അവസ്ഥയിലാണ്‌. ഗാസ ഉപരോധിച്ചതായി ഇസ്രയേൽ യുദ്ധകാര്യമന്ത്രി പ്രഖ്യാപിച്ചു. അവർക്ക്‌ ഭക്ഷണവും വെള്ളവും വൈദ്യുതിയും  മരുന്നും ഇന്ധനവും നിഷേധിക്കുന്നു. കടുത്ത പ്രതിസന്ധിയിലാണ്‌ ഗാസ ജനത. കെട്ടിടങ്ങൾക്കുമീതെ ബോംബുകൾ വർഷിക്കുകയാണ്‌ ഇസ്രയേൽ. 10 ലക്ഷം പേരോട്‌ ഗാസയുടെ വടക്കൻഭാഗത്തുനിന്ന്‌ തെക്കൻഭാഗത്തേക്ക്‌ പോകാൻ ഇസ്രയേൽ ഉത്തരവിട്ടു. മാത്രമല്ല, ഗാസയിലെ 22 ലക്ഷം ജനങ്ങളെ ‘മനുഷ്യമൃഗങ്ങൾ’ എന്നാണ്‌ ഇസ്രയേൽ യുദ്ധകാര്യമന്ത്രി വിളിച്ചത്‌. ജനാധിപത്യരാജ്യത്തെ മന്ത്രി ഇങ്ങനെ സംസാരിക്കുമോ. ഫാസിസ്റ്റ്‌ ഭരണനേതൃത്വത്തിന്റെ പ്രതിനിധി മാത്രമേ ഇത്തരത്തിൽ സംസാരിക്കൂ. ഇത്തരം അധിനിവേശമാണ്‌ ഞങ്ങൾ നേരിടുന്നത്‌. അവർക്ക്‌ സമാധാനം ആവശ്യമില്ല. അവർക്ക്‌ ഭൂമിയാണ്‌ വേണ്ടത്‌.  60 ലക്ഷം പലസ്‌തീൻ ജനത എല്ലാക്കാലവും അധിനിവേശത്തിൽ കഴിയണമെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

ഹമാസ്‌ ആക്രമണം നടത്തിയ സമയത്തെക്കുറിച്ച്‌ ചില കേന്ദ്രങ്ങൾ സംശയം ഉയർത്തുന്നു. ഇസ്രയേൽ പ്രധാനമന്ത്രി രാഷ്‌ട്രീയ അസ്ഥിരത നേരിടുന്ന സമയമായിരുന്നു

ഹമാസ്‌ നടത്തിയത്‌ ആക്രമണമല്ല, പ്രത്യാക്രമണമാണ്‌. ഇസ്രയേൽ കഴിഞ്ഞ ഡിസംബർമുതൽ തുടർച്ചയായി ആക്രമണം നടത്തിവരികയാണ്‌. വെസ്റ്റ്‌ബാങ്കിൽമാത്രം 260 പേരാണ്‌ കൊല്ലപ്പെട്ടത്‌. അൽ അഖ്‌സ മോസ്‌കിൽ എല്ലാദിവസവും ആക്രമണം നടത്തുന്നു. ഇസ്രയേൽ സൈനികർ അൽ അഖ്‌സ മോസ്‌കിൽ പലസ്‌തീൻ വനിതകളെ എങ്ങനെയാണ്‌ കൈകാര്യം ചെയ്‌തതെന്ന്‌ എല്ലാവരും കണ്ടതാണ്‌. പലസ്‌തീൻ ഭൂമി  ഓരോദിവസവും പിടിച്ചെടുക്കുന്നു. ഓരോ രാത്രിയും പലസ്‌തീൻകാരെ പിടികൂടുന്നു. ഇസ്രയേൽ ജയിലുകളിൽ അയ്യായിരത്തോളം പലസ്‌തീൻ തടവുകാരുണ്ട്‌. ഇതൊന്നും ഗാസയിലെ കാര്യമല്ല. വെസ്റ്റ്‌ബാങ്കിൽ നടക്കുന്നതാണ്‌. പലസ്‌തീൻ ജനത ലോകത്തെ ഏറ്റവും വൃത്തികെട്ട അധിനിവേശമാണ്‌ നേരിടുന്നത്‌.

അക്രമികൾക്ക്‌ പാശ്‌ചാത്യരാജ്യങ്ങളുടെ  പിന്തുണയുണ്ട്‌. ഞങ്ങൾക്ക്‌ വേണ്ടത്‌ ഔദാര്യമല്ല, പണമല്ല; പ്രശ്‌നത്തിന്‌ രാഷ്‌ട്രീയ പരിഹാരം വേണം. പലസ്‌തീൻ ജനതയുടെ സ്വയം നിർണയാവകാശം സംരക്ഷിക്കപ്പെടണം. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ മറ്റ്‌ കുഞ്ഞുങ്ങളെപ്പോലെ കളിച്ചുവളരാനുള്ള അവസരം ലഭിക്കണം. അവർ ഓരോ ദിവസവും കൊല്ലപ്പെടാനുള്ളവരല്ല.

അന്താരാഷ്‌ട്രസമൂഹം ഉത്തരവാദിത്വം നിറവേറ്റണം. ഗാസയിലെ 22 ലക്ഷം ജനങ്ങൾക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണം. അവർക്ക്‌ അവശ്യവസ്‌തുക്കൾ എത്തിക്കണം. സമാധാനപ്രക്രിയ ഉണ്ടാകാത്തപക്ഷം, പലസ്‌തീൻ ജനതയ്‌ക്ക്‌ നീതി ലഭ്യമായില്ലെങ്കിൽ, ഇത്‌ അവസാന യുദ്ധമായിരിക്കില്ല. പലസ്‌തീൻ വിഷയത്തിൽ ഇതുവരെ യുഎൻ രക്ഷാസമിതിയിലും പൊതുസഭയിലും 800 പ്രമേയം പാസാക്കി. ഇതിൽ ഒന്നുപോലും നടപ്പാക്കാൻ ഇസ്രയേലിനോട്‌ ആരും ആവശ്യപ്പെട്ടില്ല. ഇനിയെങ്കിലും സമാധാനസ്ഥാപന പ്രക്രിയ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇത്‌ മേഖലയിൽ അവസാന യുദ്ധമായിരിക്കുമെന്ന്‌ പ്രത്യാശിക്കുന്നു. ഇസ്രയേലിൽ നിലനിൽക്കുന്നത്‌ വംശവെറിയൻ ഭരണകൂടമാണെന്ന്‌ പ്രഖ്യാപിക്കാൻ പാശ്ചാത്യരാജ്യങ്ങൾ തയ്യാറാകണം. ദക്ഷിണാഫ്രിക്കയിൽ ഈ പരീക്ഷണം ജയിച്ചതാണ്‌.

ഈ വിഷയത്തിൽ മാധ്യമങ്ങളുടെ പങ്ക്‌ എന്താണ്‌

മാധ്യമങ്ങൾ, പ്രത്യേകിച്ച്‌ പാശ്‌ചാത്യ മാധ്യമങ്ങൾ പരമ്പരാഗതമായി ഇസ്രയേൽ പക്ഷത്താണ്‌. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും ഉടമകൾ സയണിസ്റ്റുകളോ അവരുടെ അനുകൂലികളോ ആണ്‌. സമൂഹമാധ്യമങ്ങൾ വന്നതോടെ സ്ഥിതിയിൽ മാറ്റമുണ്ടായി. പരമ്പരാഗത മാധ്യമങ്ങളെ സമൂഹമാധ്യമങ്ങൾ സ്വാധീനിക്കാനും തിരുത്താനും തുടങ്ങി. ഇതേത്തുടർന്ന്‌ സമൂഹമാധ്യമങ്ങളിൽ യൂറോപ്യൻ യൂണിയൻ  കർശന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു. ‘എക്‌സിലോ യുട്യൂബിലോ’ ഇസ്രയേലിന്‌ എതിരായ ഉള്ളടക്കം  കടന്നുകൂടരുതെന്ന്‌ യൂറോപ്യൻ യൂണിയൻ നിഷ്‌കർഷിക്കുന്നു.

ഇന്ത്യയിൽനിന്ന്‌ പലസ്‌തീന്‌ ലഭിക്കുന്ന പിന്തുണയിൽ തൃപ്‌തനാണോ

ഇന്ത്യയുമായി ഞങ്ങൾക്ക്‌ നല്ല ബന്ധമാണ്‌. നല്ല അവസരമാണ്‌ ഇന്ത്യക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഗാസയുടെ അതിർത്തി തുറന്നുകൊടുക്കാനും അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ഇന്ത്യ ഇസ്രയേലിനോട്‌ ആവശ്യപ്പെടണം. ഇസ്രയേൽ ചെയ്യുന്നത്‌ യുദ്ധക്കുറ്റകൃത്യമാണ്‌. ഗാസയിലെ ആശുപത്രികളും തകർക്കാനാണ്‌ നീക്കം. ഈ സ്ഥിതി അവസാനിപ്പിക്കണം. ഇസ്രയേൽ പക്ഷത്തുണ്ടായ ആൾനാശം പെരുപ്പിച്ച്‌ കാണിക്കുകയാണ്‌. ഒരു മരണംപോലും ദുഃഖകരമാണ്‌. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന്‌ നുണ പ്രചരിപ്പിക്കുന്നു. ഇസ്രയേൽ കുട്ടികളെ ഹമാസ്‌ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത നൽകിയതിന്‌ സിഎൻഎൻ റിപ്പോർട്ടർ മാപ്പ്‌ പറഞ്ഞു. ഇതെല്ലാമാണ്‌ നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top