22 December Sunday

പുതിയ കാലം പുതിയ നിർമാണം - അഭിമുഖം : ജി സുധാകരൻ / മിൽജിത്‌ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കോവിഡ് പ്രതിരോധത്തിന്റെ ഉത്തമ മാതൃകയായി കേരളം ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകാൻ പൊതുമരാമത്ത് വകുപ്പിനു കഴിഞ്ഞതായി മന്ത്രി ജി സുധാകരൻ. പ്രളയംമൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. ഇതേ സമീപനംതന്നെയാണ് കോവിഡ് കാലത്തും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. കോവിഡ് ഉയർത്തിയ വെല്ലുവിളി ഫലപ്രദമായി മറികടക്കാൻ സാധിക്കുന്നുവെന്നാണ് വിലയിരുത്തുന്നതെന്നും ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തെ സവിശേഷമായ കാലാവസ്ഥയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക്‌, ജനുവരി മുതൽ മെയ് പകുതിവരെയുള്ള അഞ്ചു മാസമാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ പ്രവൃത്തി നടക്കേണ്ട സമയത്താണ് അപ്രതീക്ഷിതമായി ലോക്‌ഡൗൺ. നിരത്തുവിഭാഗത്തിൽ 13,588 കോടി രൂപയുടെ 1294 പ്രവൃത്തി നടന്നുവരികയായിരുന്നു. പാലം, കെട്ടിടം വിഭാഗങ്ങളിൽ യഥാക്രമം 3437 കോടിയുടെ 229 പദ്ധതിയും 4035 കോടിയുടെ 2018 പദ്ധതിയും. ദേശീയപാത, കെഎസ്ടിപി, റിക്ക്, കേരള റോഡ് ഫണ്ട് ബോർഡ്, റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ എല്ലാ വിഭാഗത്തിലുമായി 29,773 കോടി രൂപയുടെ 3844 പ്രവൃത്തിയും. പൊതുഗതാഗത നിയന്ത്രണം, ക്വാറി നിയന്ത്രണം, നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, അതിഥിത്തൊഴിലാളികളുടെ തിരിച്ചുപോക്ക് തുടങ്ങി ഒട്ടനവധി പ്രശ്നമുണ്ട്‌. എന്നിരുന്നാലും ഒട്ടുമിക്ക പദ്ധതിയും പുനരാരംഭിച്ചു കഴിഞ്ഞു.മഴക്കാലപൂർവ പ്രവൃത്തികൾ മെയ്‌ 31നു മുമ്പ് പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

ദേശീയപാത വികസനം
എൻഎച്ച് 66 ആറുവരിപ്പാത വികസനത്തിന്റെ ആദ്യ റീച്ചായ കാസർകോട്‌ ജില്ലയിലെ തലപ്പാടി–-ചെങ്കള, ചെങ്കള–-നീലേശ്വരം റീച്ചുകൾക്ക് ടെൻഡറിന്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 2018 ആഗസ്‌തിൽ എൻഎച്ച് 66ന്റെ വികസനം ആരംഭിക്കുമെന്ന്‌ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. പിന്നീട് 2018 നവംബറിൽ തുടങ്ങുമെന്ന് ഉറപ്പുനൽകിയെങ്കിലും ആരംഭിച്ചില്ല. തുടർന്ന്‌ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചർച്ച നടത്തുകയും സ്ഥലമെടുപ്പു ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന പ്രത്യേക വ്യവസ്ഥ അംഗീകരിക്കുകയും ചെയ്തു. വീണ്ടും കേന്ദ്രമന്ത്രിക്കു കത്തുനൽകുകയും ഉദ്യോഗസ്ഥതലത്തിൽ ഇടപെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് റീച്ചുകൾക്ക് അംഗീകാരമായത്.

കാസർകോട്‌ മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാതയിൽ തലശേരി–- മാഹി ബൈപാസ്, നിലേശ്വരം റെയിൽ മേൽപ്പാലം, കഴക്കൂട്ടം മേൽപ്പാലം എന്നിവയുടെ പ്രവൃത്തി നടക്കുന്നു. കോഴിക്കോട് ബൈപാസ് ഒരുവർഷം മുമ്പ് കരാർ വച്ചെങ്കിലും കമ്പനിയുടെ വീഴ്ച കാരണം പ്രവൃത്തി തുടങ്ങിയിട്ടില്ല. കോഴിക്കോട് മൂരാട്, പാലോളി പാലങ്ങൾ സ്റ്റാൻഡ്‌ എലോൺ പ്രോജക്ടായി ചെയ്യാനുള്ള ടെൻഡർ ഘട്ടത്തിലാണ്. ഏതായാലും 3736 കോടി രൂപയുടെ രണ്ട് റീച്ചുകൾക്ക് ടെൻഡറിന്‌ അംഗീകാരം ലഭിച്ചു. മറ്റു പദ്ധതികൾക്കും ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.   


 

മലയോര, തീരദേശ ഹൈവേകൾ
കാസർകോട്‌ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാലവരെ 13 ജില്ലയിൽ ആവശ്യമായ കണക്ടിവിറ്റി റോഡുകൾ നിർമിക്കുകയും നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്ത് 1251 കിലോമീറ്റർ റോഡ് 3500 കോടി ചെലവഴിച്ച് മലയോര ഹൈവേയായി ഉയർത്തുകയാണ്‌ ലക്ഷ്യം. ഒന്നാംഘട്ടത്തിൽ 26 റീച്ചുകളിലായി 589 കിലോമീറ്റർ ഹൈവേ വികസിപ്പിക്കണം. ഇതിൽ ആറു റീച്ചുകൾ വിവിധ ഘട്ടത്തിലാണ്.

6500 കോടി വകയിരുത്തി 656 കിലോമീറ്റർ ദൈർഘ്യത്തിൽ 14 മീറ്റർ വീതിയിൽ തീരദേശപാത നിർമിക്കുന്ന പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയിട്ടുണ്ട്‌. ഇതിൽ മലപ്പുറം പടിഞ്ഞാറേക്കര–-ഉണ്ണിയാൽ റോഡിന്റെ നിർമാണം ആരംഭിച്ചു.

സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശമനുസരിച്ച് ലോക്‌ഡൗൺ നിബന്ധനകൾ പാലിച്ച് അടിയന്തരമായി പൂർത്തിയാക്കേണ്ട നിർമാണങ്ങൾ ആരംഭിക്കാൻ ഏപ്രിൽ 25 നുതന്നെ ഉത്തരവു നൽകി. ദേശീയപാതയിൽ 87, കെട്ടിടവിഭാഗത്തിൽ 37 ഉം 53 പാലങ്ങൾ ഉൾപ്പെടെ 140 മണ്ഡലത്തിലായി 797 പ്രവൃത്തിക്കാണ് അനുമതി നൽകിയത്.

 

മഹാമാരിയിൽ ജനങ്ങൾക്കൊപ്പം
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജീകരിക്കുകയെന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കാനായി. ക്വാറന്റൈൻ കേന്ദ്രങ്ങൾ ക്രമീകരിക്കുന്ന ചുമതല പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം തികഞ്ഞ അർപ്പണബോധത്തോടെ നടത്തി. കരാറുകാരുടെ ലൈസൻസ് പുതുക്കാനുള്ള തീയതി മാർച്ച് 31ന്‌ അവസാനിക്കാനിരിക്കെയായിരുന്നു ലോക്‌ഡൗൺ. ഇതുമൂലം പല കരാറുകാർക്കും ലൈസൻസ് പുതുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ഇടപെടുകയും കാലാവധി മെയ് 31 വരെ ദീർഘിപ്പിച്ചുനൽകുകയും ചെയ്തു.

ഓൺലൈൻ പരിശീലനം
ഓഫീസുകളിൽ എത്താൻ കഴിയാതിരുന്ന എൻജിനിയർമാർക്ക് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ നൽകി. കെഎച്ച്ആർഐ ആവിഷ്കരിച്ച വെബിനാർ പദ്ധതി വിപുലപ്പെടുത്തുകയും രാജ്യത്തെമ്പാടുമുള്ള നിരവധി എൻജിനിയർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു. മദ്രാസ് ഐഐടിയുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്.

പുത്തൻ സാങ്കേതികവിദ്യാ പ്രയോഗം
മൂന്ന് സംസ്ഥാനത്തു മാത്രം ഉപയോഗിച്ചുപോന്ന കോൾഡ് ഇൻസൈറ്റ് റീസൈക്ലിങ്‌ സാങ്കേതികവിദ്യ ജർമൻ നിർമിത യന്ത്രങ്ങളുടെ സഹായത്തോടെ ആലപ്പുഴ പുറക്കാട്–-പാതിരപ്പള്ളി റോഡിന്റെ നിർമാണത്തിന് ഉപയോഗിച്ചു. അമ്പലപ്പുഴ–- തിരുവല്ല പാതയുടെ നിർമാണത്തിന് കയർ ജിയോടെക്സ്റ്റൈലും നാച്വറൽ റബർ മിക്സ് ബിറ്റുമിനും ഉപയോഗിച്ച് മാതൃകാ റോഡായി നിർമിച്ചതും ഈ രംഗത്തെ പുതിയ കാൽവയ്‌പ്പുകളാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്‌  തിരുവനന്തപുരം പെരുങ്കടവിള–-മാരായമുട്ടം–-പാലിയോട് റോഡ് നിർമാണത്തിൽ വിജയകരമായി പരീക്ഷിച്ചു. ജർമൻ സാങ്കേതികവിദ്യയിൽ പത്തനംതിട്ട ആനയടി–-പഴകുളം–-കൂടൽ പാതയിൽ അഞ്ചു കിലോമീറ്റർ കോൾഡ് റീസൈക്ലിങ്‌ പ്രീ സ്‌പ്രഡ് സിമന്റ് സ്റ്റെബിലൈസ്ഡ് റോഡായി നിർമിച്ചതും പുത്തൻ സാങ്കേതികവിദ്യാ പ്രയോഗത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top