23 December Monday

നിക്ഷേപമുറപ്പിച്ച്‌ മുന്നോട്ട്‌ - അഭിമുഖം ഇ പി ജയരാജൻ / കെ ശ്രീകണ്‌ഠൻ

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

കോവിഡിനെതിരായ പോരാട്ടം ശക്തമായി തുടരുമ്പോഴും പുതിയ സാധ്യതകൾ തുറന്നിടുകയാണ്‌ കേരളത്തിലെ വ്യവസായരംഗം. കോവിഡ്‌ പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. പ്രതിസന്ധി പുതിയ അവസരങ്ങൾക്കുകൂടി വഴിതുറക്കുമെന്ന്‌ മുൻകൂട്ടി കണ്ടുകൊണ്ടുള്ള മുന്നേറ്റത്തിന്‌ വ്യവസായവകുപ്പ്‌ കൃത്യമായ കർമപദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. കോവിഡ്‌ കാലത്തിനുശേഷം കേരളത്തെ എങ്ങനെ നിക്ഷേപസൗഹൃദമാക്കി മാറ്റാമെന്നതാണ്‌ ഇതിന്റെ കാതൽ. വ്യവസായ–-കാർഷികമേഖലകളുടെ പുരോഗതിയിലൂടെ തിരിച്ചടി മറികടക്കാനാകുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. ഈ മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ വ്യവസായരംഗത്ത്‌ പൊളിച്ചെഴുത്തും പുതിയ ഊന്നലുമാണ്‌ ഉദ്ദേശിക്കുന്നത്‌.  കോവിഡ്‌ മൂലമുള്ള പ്രതിസന്ധിയെയും തിരിച്ചുവരവിനെയും കുറിച്ച്‌ വ്യവസായ മന്ത്രി ഇ പി ജയരാജൻ വിശദീകരിക്കുകയാണ്‌ ഇവിടെ.


ലക്ഷ്യം 10 ലക്ഷം കോടിയുടെ നിക്ഷേപം

കോവിഡാനാന്തരം അടുത്ത രണ്ടു വർഷത്തിനുള്ളിൽ വ്യവസായരംഗത്ത്‌ 10 ലക്ഷം കോടിയുടെ പ്രവർത്തനമൂലധനം സാധ്യമാകുമെന്ന്‌ ഇ പി വ്യക്തമാക്കി. നമ്മുടെ ഇതുവരെയുള്ള വ്യവസായ, കാർഷിക, ഉൽപ്പാദന സങ്കൽപ്പങ്ങളിൽത്തന്നെ അടിസ്ഥാനപരമായ മാറ്റംവരുമെന്ന്‌ ഉറപ്പാണ്‌. ജീവിതക്രമങ്ങളിൽ മാറ്റംവരും. പ്രവാസി മടക്കംമൂലമുള്ള സാമ്പത്തിക തിരിച്ചടി മറികടക്കാൻ അവരെ വ്യവസായരംഗത്തും കാർഷികമേഖലയിലും അതിനെ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായസംരംഭങ്ങളിലേക്കും ഉള്ളുതുറന്ന്‌ ക്ഷണിക്കും. കോവിഡിനുശേഷം അടിസ്ഥാനവികസന പദ്ധതികളിൽ കാഴ്‌ചപ്പാട്‌‌ മാറുകയാണ്‌. വ്യവസായ, കാർഷിക, സേവന മേഖലകൾക്കാകും പ്രാമുഖ്യം.

സംസ്ഥാനത്ത്‌ കൂടുതൽ നിക്ഷേപം കൊണ്ടുവരാനും പുതിയ വ്യവസായസംരംഭങ്ങൾക്ക്‌ അവസരമൊരുക്കാനുമുള്ള ചുവടു‌വയ്‌പ്പാണ്‌ ഏറ്റവും പ്രധാനം. വികേന്ദ്രീകൃത നിക്ഷേപത്തിന്‌ ഒരുങ്ങുന്ന വൻകിട കമ്പനികളെ കേരളത്തിലേക്ക്‌ ആകർഷിക്കുക. നമ്മുടെ തനത്‌ കാർഷികവിളകളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്ന വൈവിധ്യവൽക്കരണം വ്യവസായ അടിസ്ഥാനത്തിലാക്കി, അവയ്‌ക്ക്‌ വിപണി ഉറപ്പാക്കും.

ആരോഗ്യരംഗത്ത്‌ ആധുനിക ചികിത്സാ ഉപകരണങ്ങളും മരുന്നും വൻതോതിൽ നിർമാണവും രാജ്യാന്തരതല വിപണി കണ്ടെത്തലും. ഇതോടൊപ്പം ചെറുകിട വ്യവസായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാനും വിപുലമായ പദ്ധതി. ഇങ്ങനെ ബഹുമുഖ വ്യവസായവികസന തന്ത്രത്തിനാണ്‌ സർക്കാർ അന്തിമരൂപം നൽകിയിരിക്കുന്നതെന്ന്‌ മന്ത്രി വിശദീകരിച്ചു.


നഷ്‌ടം 15,000 കോടി
കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാവസായികരംഗത്ത്‌ 15,000 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ലോക്ക്‌ഡൗണിൽ കേരളത്തിന്റെ മൊത്തം നഷ്ടം 80,000  കോടിയാണ്‌. അടുത്ത മൂന്നുമാസം എല്ലാ മേഖലയിലും ആഘാതം പ്രതിഫലിക്കും. വ്യാപാരമേഖലയ്‌ക്ക്‌ 17,000 കോടിയാണ്‌ നഷ്ടമായത്‌. ഐടി രംഗത്ത്‌ 26,200 തൊഴിൽ ദിനമാണ്‌ നഷ്ടമായത്‌. പരോക്ഷ തൊഴിൽ നഷ്ടം 80,000 ദിനമാണ്‌. ഉൽപ്പാദനവർധന, കൂടുതൽ തൊഴിൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കി പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ്‌ സർക്കാരിന്റെ ആത്മവിശ്വാസം.
 
3425 കോടിയുടെ ‘ഭദ്രത’ പാക്കേജ്‌
ചെറുകിട വ്യവസായ യൂണിറ്റുകളാണ്‌ നമ്മുടെ വ്യവസായരംഗത്ത്‌ സവിശേഷമായ പങ്കുവഹിക്കുന്നത്‌. സംസ്ഥാനത്ത്‌ 1.56 ലക്ഷം ചെറുകിട സംരംഭങ്ങളുള്ളതായാണ്‌ കണക്ക്‌. മൊത്തം വ്യവസായസ്ഥാപനങ്ങളിൽ 70 ശതമാനം വരും ഇത്‌. 40 ലക്ഷം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ചെറുകിട യൂണിറ്റുകൾ വലിയ പ്രതിസന്ധിയിലാണ്‌. അവയുടെ പുനരുജ്ജീവനത്തിന്‌ കാര്യമായ പരിഗണന നൽകിയേ മതിയാകൂ.

വൻകിട കമ്പനികളെ ആകർഷിക്കും
കോവിഡ്‌ പ്രതിരോധത്തിൽ കേരളം ലോകത്തിനു മാതൃകയായത്‌ ഇവിടെ നിക്ഷേപത്തിന്‌ അമേരിക്കൻ കമ്പനികളിലടക്കം താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട്‌. മാനുഫാക്‌ചറിങ്‌, ടെക്‌നോളജി രംഗത്ത്‌ വമ്പന്മാർ ഉൾപ്പെടെ 30 ശതമാനം കമ്പനികൾ ചൈനയ്‌ക്കു പുറത്ത്‌ ബദൽ നിക്ഷേപകേന്ദ്രങ്ങൾ കണ്ടെത്തുമെന്നാണ്‌ സൂചന. ഇക്കൂട്ടത്തിൽ ആയിരത്തോളം കമ്പനി  ഇന്ത്യയിൽ എത്തും. ചൈന വിട്ടുവരുന്ന വൻകിട രാജ്യാന്തര കമ്പനികൾക്ക്‌ എന്തുകൊണ്ടും കേരളം ആകർഷകമാകും. ആഗോള കമ്പനികൾക്ക്‌ ഇന്ത്യയിൽ ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിട്ടുണ്ട്‌. അതിനു കാരണം ഇവിടത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷം മാത്രമല്ല, ലോക ശ്രദ്ധയാകർഷിച്ച മനുഷ്യവിഭവശേഷിയും ഇതിനു വഴിതെളിച്ചിട്ടുണ്ട്‌.

വൻകിട കമ്പനികളെ കേരളത്തിലേക്ക്‌ ആകർഷിക്കാൻ നിരവധി നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. വ്യവസായനിക്ഷേപത്തിന്‌ ഒരാഴ്ചകൊണ്ട്‌ അനുമതി നൽകും. കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. നമ്മുടെ വ്യവസായ പാർക്കുകളിൽ ഭൂമി ലഭ്യമാക്കും. അനുമതിയില്ലാതെ 10 കോടിവരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാമെന്നത്‌ സുപ്രധാനമായ ചുവടാണ്‌.


 


വിപണി കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‌ഫോം
ഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ വ്യവസായവകുപ്പ്‌ മുൻകൈയെടുക്കും. ഡിജിറ്റൽ, ഓൺലൈൻ മാർക്കറ്റിങ്ങിന്‌ മുൻഗണന നൽകും. ഡിജിറ്റൽ മാർക്കറ്റിങ്‌ പ്രോത്സാഹിപ്പിക്കാൻ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം അടുത്ത ദിവസംതന്നെ ആരംഭിക്കും. പുതിയ ആശയങ്ങൾക്കും രീതികൾക്കും അനുസരിച്ചു തുടങ്ങുന്ന വ്യവസായങ്ങൾക്കായി നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കാനുള്ള മാർഗങ്ങൾക്ക്‌ മുൻകൈയെടുക്കും.

മെഡിക്കൽ ഉപകരണ നിർമാണ ഹബ്ബ്‌
മെഡിക്കൽ ഉപകരണനിർമാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യം. പെതുമേഖലയ്‌ക്കും സ്വകാര്യമേഖലയ്‌ക്കും തുല്യപരിഗണന നൽകും. ഇതിനായി സംയുക്ത സംരംഭങ്ങളെയും പരിഗണിക്കും. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൻതോതിൽ പൊതുമേഖലയിൽ നിർമിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതസമിതിയെ നിയോഗിച്ചിട്ടുണ്ട്‌.

ജനറിക്‌ മരുന്നുകളുടെ ആവശ്യകത വൻതോതിൽ വർധിച്ചത്‌ കണക്കിലെടുത്ത്‌ അവയുടെ ഉൽപ്പാദനം ആരംഭിക്കുന്നതിന്‌ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഡിപി തീരുമാനിച്ചിട്ടുണ്ട്‌.കേരളം ക്യാൻസർ വിമുക്തമാക്കുന്നതിന്‌ ഗവേഷണത്തോടൊപ്പം പുതിയ ഔഷധസങ്കേതങ്ങളും വളർന്നുവരുന്നുണ്ട്‌. പ്രവാസി സംരംഭകരെ വലിയതോതിൽ ഈ രംഗത്ത്‌ ആകർഷിക്കാൻ കഴിയും. ജീവിത ശൈലീരോഗങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കും. അവയ്‌ക്കുള്ള ഔഷധങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുകയും ചെയ്യും. കോവിഡിൽ കൈവരിച്ച രോഗവിമുക്തി നേട്ടം കേരളത്തിന്റെ ഔഷധങ്ങൾക്ക്‌ വിദേശത്ത്‌ വലിയ വിപണിസാധ്യതയാണ്‌ കാണുന്നത്‌. ഇത് മുതലെടുക്കാൻ നമുക്ക്‌ കഴിയും.

പ്രവാസികളെ പ്രയോജനപ്പെടുത്തും
നാട്ടിലേക്ക്‌ തിരിച്ചുവരാനായി അഞ്ചു ലക്ഷത്തോളം പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തെ കേരളം ഒട്ടും ഭയപ്പെടുന്നില്ല. മറിച്ച്‌ അതിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌. നമ്മുടെ നാട്ടിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇവരുടെ വൈദഗ്‌ധ്യം സഹായകരമാകും.

പ്രവാസികൾക്ക്‌ നിക്ഷേപത്തിന്‌ അവസരമൊരുക്കും. നിക്ഷേപത്തിന്‌ പ്രചോദനമേകാൻ ഭൂമിയും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. പ്രവാസികൾക്ക്‌ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ഉപദേശങ്ങളും നിർദേശങ്ങളും നൽകും. കാർഷികമേഖലയുടെ സാധ്യതകളും ഉപയോഗിക്കും. സ്വന്തമായി ഭൂമിയുള്ളവർക്ക്‌ കൃഷി ആരംഭിക്കാം. അതിന്റെ തുടർച്ചയായി കൃഷിയധിഷ്‌ഠിത സംരംഭങ്ങളും തുടങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top