26 December Thursday

അവസാനിപ്പിക്കേണ്ടത്‌ അധിനിവേശം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2023

പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുകയാണ്. ഒക്ടോബർ ഏഴിന് പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ഹമാസ് തെക്കൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തുകയും ഇസ്രയേൽ ഗാസയിലേക്ക് ബോംബാക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. യോം കിപ്പൂർ യുദ്ധത്തിന്റെ 50–--ാം വാർഷികത്തിന്റെ പിറ്റേന്നാണ്‌ ഹമാസിന്റെ ഈ ആക്രമണം, സിറിയയും ഈജിപ്തും ചേർന്ന ഇസ്രയേൽ 1967ൽ ആറുദിന യുദ്ധത്തിൽ കൈയടക്കിയ സിനായ്, ഗോലാൻ കുന്നുകൾ എന്നിവ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ യുദ്ധമായിരുന്നു 1973 ഒക്ടോബർ ആറിനു തുടക്കമിട്ട യോം കിപ്പൂർ യുദ്ധം. ഇസ്രയേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അത്. അമ്പതു വർഷം മുമ്പെന്നപോലെ ഇസ്രയേലിനെ വിറപ്പിച്ച ആക്രമണമാണ് ഇപ്പോൾ ഹമാസും നടത്തിയിട്ടുള്ളത്.

ഈജിപ്തിലെ തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ ബ്രദർ ഹുഡിന്റെ സഹായത്തോടെ 1987ൽ ഷേഖ് അഹമ്മദ് യാസിൻ രൂപംകൊടുത്ത സംഘടനയാണിത്. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ വിമോചന മുന്നണി (പിഎൽഒ) പലസ്തീൻ രാഷ്ട്രത്തിനായി പോരാട്ടം ശക്തമാക്കിയ വേളയിൽ അതിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ പിന്തുണയോടെ വളർന്ന സംഘടനയാണെന്ന ആക്ഷേപം അക്കാലത്ത് ഹമാസിനെതിരെ ഉയർന്നിരുന്നു. ഇസ്രയേൽ രൂപംകൊടുത്ത സംഘടനയാണ് ഹമാസ് എന്ന് പിഎൽഒ ചെയർമാൻ യാസർ അറഫാത്ത് തന്നെ ആരോപിച്ചിരുന്നു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാകാത്ത, ഓസ്‌ലോ കരാറിനെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും (ഇസ്രയേൽ, പലസ്തീൻ രാഷ്ട്രങ്ങൾ) തള്ളിപ്പറഞ്ഞ സംഘടനയാണ് ഹമാസ്. അറഫാത്തിന്റെ മരണവും പിഎൽഒ പ്രസ്ഥാനത്തിന്റെ തളർച്ചയും ഹമാസിനെ പലസ്തീൻ പ്രദേശങ്ങളിലെ പ്രധാന സംഘടനയായി മാറ്റുകയും 2007ലെ തെരഞ്ഞെടുപ്പിൽ അൽ ഫത്താ പ്രസ്ഥാനത്തെ പിന്തള്ളി ഈ സംഘടന മുന്നിലെത്തുകയും ചെയ്തു. തുടർന്നുണ്ടായ അധികാര മത്സരത്തിനൊടുവിൽ ഗാസയുടെ ഭരണം ഹമാസിനും പശ്ചിമതീരത്തിന്റെ ഭരണം അൽ ഫത്തായ്‌ക്കും ലഭിച്ചു. ഗാസയുടെ ഭരണം നടത്തുന്ന ഹമാസാണ് ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ മിസൈൽ ആക്രമണം നടത്തിയത്. ഞെട്ടിവിറച്ച ഇസ്രയേൽ അൽപ്പം വൈകിയാണെങ്കിലും പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ഫലം സർവനാശമാണ്. യുദ്ധത്തിന്റെ  നാലാം ദിവസത്തെ കണക്കനുസരിച്ച് 1200 ഇസ്രയേലികളും 830 പലസ്തീനികളും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അതിനാൽ ഹമാസിന്റെ ആക്രമണത്തെയും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെയും സിപിഐ എം അപലപിക്കുന്നു. എത്രയും പെട്ടെന്ന് സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കേണ്ടത്. പശ്ചിമേഷ്യയിൽ സംഘർഷം ഉണ്ടാകുന്നത് ആ മേഖലയുമായി അടുത്ത ബന്ധമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് ഹിതകരമല്ല. വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ഇന്ത്യൻ ജനത ആശങ്കയോടെയാണ് ഈ സംഘർഷത്തെ കാണുന്നത്. എണ്ണവില കുതിച്ചുയർന്നാൽ ജനജീവിതം ദുസ്സഹമാകും. ഇസ്രയേലിൽ ഉൾപ്പെടെ നിരവധി മലയാളികളും ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാനും കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണും നട്ട് തിരുവനന്തപുരത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നതിനു പകരം വിദേശ സഹമന്ത്രിയെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് യുദ്ധമേഖലയിൽനിന്ന്‌ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വി മുരളീധരൻ തയ്യാറാകണം.


 

ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞല്ലോ. എന്നാൽ, ഈ ആക്രമണം ഇസ്രയേൽ എന്ന ‘സെക്യൂരിറ്റി സ്റ്റേറ്റി’ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്. ഇസ്രയേലിൽ ആദ്യമായാണ് ഇത്രയും വലിയ ആൾനാശമുണ്ടാകുന്നത്. മാത്രമല്ല, നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. അരനൂറ്റാണ്ടിലധികമായി ഇസ്രയേൽ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്‌ട്രമെന്ന മിത്താണ് ഹമാസിന്റെ ആക്രമണത്തിനു മുമ്പിൽ തകർന്നടിഞ്ഞത്. ലോകോത്തരമെന്ന് പലരും വിശേഷിപ്പിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്, സുരക്ഷാ ഏജൻസി ഷിൻ ബേത്ത്, സിഐഎയെപ്പോലും വെല്ലുന്ന ചാരസംഘടനയായ മൊസാദ്, ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ഉണ്ടായിട്ടും ഹമാസിന്റെ 5000 മിസൈൽ ഇസ്രയേൽ ലക്ഷ്യമാക്കി വന്നപ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചു പോയി ഇസ്രയേൽ. 10 മണിക്കൂറിനു ശേഷമാണ് ടെൽ അവീവിൽനിന്ന്‌ പ്രതികരണം ഉണ്ടായത്. ഗാസയിൽ ഒരില അനങ്ങിയാൽപ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുൻകൂട്ടി കാണാൻ കഴിയാതെ പോയത്. ഈ വീഴ്ച ഇനിയുള്ള കാലമത്രയും ഇസ്രയേലിനെ വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല, പലസ്തീനികളെ സൂചിമുനയിൽ നിർത്തി പീഡിപ്പിക്കുന്ന എല്ലാ രീതികളും പകർത്താനും സുരക്ഷാ ആയുധങ്ങളും ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയിലും സ്ഥാപിക്കാൻ വെമ്പുന്ന മോദി സർക്കാരിനും ഇത് പാഠമാകേണ്ടതാണ്. അധികാരത്തിൽ കടിച്ചു തൂങ്ങാൻ ജുഡീഷ്യറിയെപ്പോലും ചൊൽപ്പടിയിലാക്കിയ ബെന്യാമിൻ നെതന്യാഹു എന്ന ഇസ്രയേൽ ഭരണാധികാരിയുടെ അഹന്തയ്‌ക്കേറ്റ പ്രഹരം കൂടിയാണിത്. ഇസ്രയേലിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പത്രമായ ‘ഹാരറ്റെസ് ’കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ‘ഇപ്പോഴത്തെ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം ബെന്യാമിൻ നെതന്യാഹുവിനാ’ണെന്ന് എഴുതിയത് ഇതിനാലാണ്.

ഹമാസിന്റെ അക്രമണം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ സംഘർഷാവസ്ഥയെന്ന ആഖ്യാനമാണ് പാശ്ചാത്യ ഭരണാധികാരികളും കോർപറേറ്റ് മാധ്യമങ്ങളിലും നിറയുന്നത്. ദശകങ്ങളായി ഇസ്രയേൽ നടത്തിവരുന്ന അധിനിവേശങ്ങളെക്കുറിച്ച് ഇവർക്ക് മിണ്ടാട്ടമില്ല. പലസ്തീൻ ജനതയെ വഞ്ചിച്ചുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഉൾപ്പെട്ട പാശ്ചാത്യശക്തികൾ 1948ൽ ഇസ്രയേൽ എന്ന മതരാഷ്ട്രത്തിന് രൂപം നൽകിയത്. 75 വർഷത്തിനു ശേഷവും പലസ്തീൻ രാഷ്ട്രം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. 1948ലും 1967ലും ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ ഗാസയും പശ്ചിമതീരവും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ഇസ്രയേൽ കീഴ്പ്പെടുത്തുകയും ചെയ്തു. ഈ രണ്ടു പ്രദേശവും ഇസ്രയേലി സേനയുടെ നിയന്ത്രണത്തിലുമാണ്. സ്വന്തം പിതൃഭൂമിക്കായുള്ള പോരാട്ടത്തിലാണ് പലസ്തീൻ ജനത. എന്നാൽ, വർഷങ്ങൾ കഴിയുന്തോറും അത് യാഥാർഥ്യമാകാനുള്ള സാധ്യത കുറഞ്ഞുകുറഞ്ഞു വരികയാണ്. ദ്വിരാഷ്ട്രത്തിൽ ഊന്നിയ ഓസ്‌ലോ കരാർ നടപ്പാക്കുന്നതിൽനിന്ന്‌ അമേരിക്ക അടക്കമുള്ള പാശ്ചാത്യലോകം പിന്മാറിയ മട്ടാണ്. പലസ്തീൻ ജനതയ്‌ക്ക് പിന്തുണ നൽകിയ അറബ് രാഷ്ട്രങ്ങളും പതുക്കെ പതുക്കെ പാശ്ചാത്യചേരിയുമായി അടുക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ 2020ൽ വാഷിങ്‌ടണിൽ ഒപ്പുവച്ച അബ്രഹാം സന്ധിയിൽ ഇസ്രയേലിനൊപ്പം യുഎഇയും ബഹ്റൈനും ഭാഗഭാക്കായി. ഈ സന്ധിയിൽ പലസ്തീൻ പ്രശ്നത്തെക്കുറിച്ച് പരാമർശംപോലുമില്ല. ഇപ്പോൾ മറ്റ് ഗൾഫ് രാഷ്ട്രങ്ങളും അമേരിക്കൻ സമ്മർദത്താൽ ഇസ്രയേലുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ന്യൂഡൽഹിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ മോദി പ്രഖ്യാപിച്ച മധ്യ പൗരസ്ത്യ യൂറോപ്യൻ ഇടനാഴിയിൽ പാശ്ചാത്യരാഷ്‌ട്രങ്ങൾക്കും ഇസ്രയേലിനുമൊപ്പം യുഎഇയും സൗദി അറേബ്യയുമുണ്ട്.

ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ജറുസലേമിൽ പലസ്തീനികളെ ആട്ടിപ്പായിച്ച് അവർ താമസിച്ച ഇടങ്ങളിൽ യഹൂദരെ പാർപ്പിക്കുന്നു.

ഈ സിസ്സഹായാവസ്ഥയിലും പിതൃഭൂമിക്കായി പോരാട്ടം തുടരുകയാണ് പലസ്തീൻ ജനത. ഇസ്രയേലാകട്ടെ അവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങാനായി തീവ്ര വലതുപക്ഷകക്ഷികളുമായി നെതന്യാഹു സഖ്യം സ്ഥാപിച്ചതോടെ പലസ്തീനികളുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ഗാസയുടെ ഒരു ഭാഗത്ത് കടലും മറ്റ് മൂന്നു ഭാഗത്ത് ഇസ്രയേലുമാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഗാസയിലെ ജനങ്ങളെ പീഡിപ്പിക്കാൻ അവസരമാക്കുകയാണ്. ഇസ്രയേൽ അവർക്ക് വൈദ്യുതിയും വെള്ളവും ഭക്ഷ്യവസ്തുക്കളും നിഷേധിക്കുന്നു. ചെറിയ പ്രശ്നങ്ങൾ ഉയർത്തി ജയിലിലടയ്‌ക്കുന്നു. വെടിവച്ചു കൊല്ലുന്നു. ഒരു യുഎൻ ഏജൻസി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2008 മുതൽ കഴിഞ്ഞ മാസംവരെ 6407പലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ ഇതേ കാലയളവിൽ 308 ഇസ്രയേലികൾക്ക് ജീവൻ നഷ്ടമായി. ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ജറുസലേമിൽ പലസ്തീനികളെ ആട്ടിപ്പായിച്ച് അവർ താമസിച്ച ഇടങ്ങളിൽ യഹൂദരെ പാർപ്പിക്കുന്നു. കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഭൂപ്രദേശം കീഴടക്കുന്ന പുതിയ രീതിയാണിത്. വംശീയ ശുദ്ധീകരണമാണ് ഇവിടെ നടക്കുന്നത്. ലോക മുസ്ലിങ്ങൾ മൂന്നാമത്തെ പ്രധാന പുണ്യസ്ഥലമായി കാണുന്ന അൽ അഖ്സ പള്ളിയിലേക്കും യഹൂദർ കടന്നുകയറുന്നു. ആരാധനയ്‌ക്കെത്തുന്ന മുസ്ലിങ്ങളെ മർദിക്കുകയും ചെയ്യുന്നു. പശ്ചിമതീരത്തെ ഇസ്രയേലുമായി വേർതിരിക്കാൻ ഒരു മതിലും പണിതിരിക്കുകയാണിപ്പോൾ. ദിനമെന്നോണം ഇത്തരം പീഡനങ്ങളും അപമാനങ്ങളും സഹിച്ചാണ് പലസ്തീൻ ജനത കഴിയുന്നത്. എത്രകാലമാണ് ഒരു ജനത ഇത് സഹിക്കുക. ഈ ജനതയുടെ വേദന മറച്ചുവച്ച്, ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ വേദനമാത്രം കാണുന്നതാണ് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ കാപട്യം.

ഇപ്പോൾ ഇന്ത്യയും ഈ പാശ്ചാത്യചേരിയുടെ കൂടെയാണ്. ഈ മാസം ഏഴിനുശേഷം രണ്ടു തവണയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയും ജനങ്ങളും ഇസ്രയേലിനൊപ്പമാണെന്ന് പറഞ്ഞത്. പലസ്തീൻ വിമോചനത്തെ പിന്തുണയ്‌ക്കുന്ന പരമ്പരാഗത വിദേശനയത്തിൽ നിന്നുള്ള പൂർണമായ പിന്മാറ്റമാണ് മോദിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വേണ്ടത് സമാധാനമാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും ശ്രമിക്കേണ്ടത് മേഖലയിൽ സമാധാനം സ്ഥാപിക്കാനാണ്. ഈ നീക്കത്തിന് വേഗം പകരാനാണ് ഇന്ത്യയും ശ്രമിക്കണ്ടത്. ഇസ്രയേലിനൊപ്പം കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീൻ രാഷ്ട്രവും രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം. എങ്കിലേ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top