പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസ് ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണവും പിന്നാലെ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണവും യുദ്ധപ്രഖ്യാപനവും മധ്യ പൗരസ്ത്യദേശത്ത് വലിയ സംഘർഷത്തിനിടയാക്കിയിരിക്കുകയാണ്. പാരാഗ്ലൈസറുകളിലൂടെയും തുരങ്കങ്ങളിലൂടെയും അതിർത്തിവേലികൾ തകർത്ത് ഇസ്രയേലിലേക്ക് കടന്നുകയറിയ ഹമാസ് സായുധസംഘം മേഖലയാകെ ആക്രമിച്ചു. 20 മിനിറ്റിനുള്ളിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. തലസ്ഥാനമായ ടെൽ അവിവ് വരെ ആക്രമണപരിധിയിൽവന്നു. കര, നാവിക, വ്യോമാക്രമണങ്ങൾ ഏകോപിപ്പിച്ച് കൃത്യതയോടെ നിരവധി കേന്ദ്രങ്ങളിൽ ഒരേസമയം ആക്രമണം നടത്താൻ ഹമാസിനു കഴിഞ്ഞു.
സംഘർഷത്തിന്റെ തുടക്കം
2023 ജനുവരി 26ന് ഇസ്രയേൽ ബോർഡർ പൊലീസും സൈന്യവും വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പ് ആക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തി. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ഹമാസ് എന്നിവരെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. 2021ൽ കിഴക്കൻ ജറുസലേമിലെ ഡമാസ്കസ് ഗേറ്റ് പ്ലാസയിലേക്കുള്ള പ്രവേശനം ഇസ്രയേൽ തടഞ്ഞതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ 250 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം മേഖല പൊതുവിൽ ശാന്തമായിരുന്നു. എന്നാൽ, ജനുവരി ആക്രമണത്തോടെ പുനരാരംഭിച്ച നിരന്തര ഏറ്റുമുട്ടലുകളാണ് നിലവിൽ തുറന്ന യുദ്ധമായി മാറിയിട്ടുള്ളത്.
സുരക്ഷാവീഴ്ച
ഇസ്രയേലിന്റെ പ്രതിരോധത്തിലെ വിള്ളലുകൾ വെളിപ്പെടുത്തുന്നതായിരുന്നു ശനിയാഴ്ചത്തെ ആക്രമണം. ലോകോത്തര രഹസ്യാന്വേഷണസംഘമായ മതൊദിനു പിഴവ് പറ്റിയതായി റിപ്പോർട്ടുണ്ട്. അതേസമയം, കുറച്ച് ആളുകളെ ബലിനൽകി ലോകാഭിപ്രായം അനുകൂലമായി രൂപപ്പെടുത്തുന്നതിനും അതിന്റെ മറവിൽ ഗാസയെ തകർത്ത് സൈനികലക്ഷ്യങ്ങൾ നേടാനുമുള്ള തന്ത്രമാണ് സുരക്ഷാവീഴ്ചയായി മാറിയതെന്ന വാദം മാധ്യമപ്രവർത്തകനായ ഫാത്തി അബു ഉന്നയിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ ഇസ്രയേൽ മണ്ണിൽ യുദ്ധം എത്തിയെന്നതാണ് ശനിയാഴ്ച ആക്രമണത്തിന്റെ പ്രത്യേകത. ഗാസ– -ഇസ്രയേൽ അതിർത്തിയിലുടനീളം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാൻ ഹമാസിനു കഴിഞ്ഞു.
അഷ്ഖലോൺ, ടെൽ അവീവ്, റിഷാൺ, റാംല, യാവ്നെ, അഷ്ദോദ്, ഫാർ അവീവ്, ജറുസലേം, ബത്‌ലേഹേം, ബീർഷേബ തുടങ്ങിയ നഗരങ്ങളും അധിവാസകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസിലെ കിഴക്ക് അതിർത്തിവേലിക്ക് സമീപം ഇസ്രയേൽ ടാങ്ക് തീയിട്ടു നശിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. തെക്കൻ ഇസ്രയേൽ നഗരമായ സേദ റോത്തിൽ തെരുവീഥികളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സേദറോത്ത്, സുഫ, നഹൽ ഓസ്, മാഗേൻ, ബീയികെറ എന്നീ പട്ടണങ്ങളിൽ ഇപ്പോഴും ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെ സൈനികരെയും കമാൻഡർമാരെയും ഒരു മേയറെയും ഹമാസ് സംഘം കൊലപ്പെടുത്തി. സൈനികരും സിവിലിയന്മാരുമായി നിരവധിപേരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻകാരെ മോചിപ്പിക്കുന്നതിന് ആവശ്യമായത്ര ബന്ദികൾ തങ്ങളുടെ പിടിയിലുണ്ടെന്ന് ഹമാസ് ഡെപ്യൂട്ടി ചീഫ് സാലെ അൽ അറൗറി അൽ ജസീറയോടു പറഞ്ഞു. ബന്ദികളിൽ സീനിയർ സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും വിശുദ്ധമായ അൽ അഖ്സ പള്ളി മേഖലയിൽ നടത്തുന്ന ഇടപെടലുകളും അവസാനിപ്പിക്കാനാണ് "ഓപ്പറേഷൻ അൽ അഖ്സ സ്‌റ്റോം' എന്നുപേരിട്ട ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി. "ഇനിയും ഇത് അനുവദിക്കാൻ കഴിയില്ല. അല്ലാഹുവിന്റെ സഹായത്തോടെ ഇതിനൊരു അവസാനം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു' എന്ന പ്രസ്താവന ഹമാസ് തലവൻ മുഹമ്മദ് ദെയ്ഫ് പുറപ്പെടുവിച്ചത് "മൂന്നാം ഇന്തിഫാദ’യുടെ പ്രഖ്യാപനമാണ്.
ഇസ്രയേലിന്റെ തിരിച്ചടി
"ഇസ്രയേൽ പൗരന്മാരെ നമ്മൾ യുദ്ധത്തിലാണ്' എന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചത് സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ തിരിച്ചടി അതിരൂക്ഷവും ഭയരഹിതവുമാകാനാണ് സാധ്യത. 5000 മിസൈലും ആയിരത്തോളം പോരാളികളും ഉൾപ്പെട്ട ഹമാസ് ആക്രമണത്തെ അതിന്റെ 100 ഇരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞത്.
ഗാസയുടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിൽനിന്ന് ഇസ്രയേൽ നാവിക സൈന്യവും കിഴക്കുനിന്ന് കര സൈന്യവും ഗാസയിലേക്ക് നീങ്ങുകയാണ്. ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഹമാസിന്റെ ഓഫീസുകളും പരിശീലനകേന്ദ്രങ്ങളും ആയുധശേഖരവുമെല്ലാം മോസ്കുകളോടു ചേർന്നും ആശുപത്രി, സ്കൂൾ, ഫ്ലാറ്റുകൾ എന്നിവയുടെ മറവിലുമൊക്കെയാണ് പ്രവർത്തിക്കുന്നത്. ഇസ്രയേലിന്റെ ഉപഗ്രഹക്കണ്ണുകളിൽനിന്ന് മറഞ്ഞിരിക്കാനുള്ള തന്ത്രമാണ് ഇത്. ഇത്തരം കേന്ദ്രങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു വിധേയമാകുമ്പോൾ നൂറുകണക്കിന് സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെടാനാണ് സാധ്യത.
ലോകത്തിന്റെ പ്രതികരണം
ഹമാസ് ആക്രമണം ലക്ഷ്യമൊത്ത ഭീകരാക്രമണമായാണ് പാശ്ചാത്യലോകം കാണുന്നത്. "ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്' എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്താവിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. സാധാരണഗതിയിൽ ഇരുപക്ഷവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ തയ്യാറാകണമെന്നുമൊക്കെയാണ് ഇന്ത്യൻ പ്രതികരണം വരാറുള്ളത്. ഇത്തവണ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇന്ത്യ– -ഇസ്രയേൽ–- യുഎസ് അച്ചുതണ്ട് യാഥാർഥ്യമായ സാഹചര്യത്തിൽ ഇസ്രയേലിന്റെ തിരിച്ചടിക്ക് ഇന്ത്യയുടെ പരസ്യപിന്തുണയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ ഉപദേശകൻ റഹീം സഫാവി ഹമാസിനു പിന്തുണ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇസ്രയേലിനുനേരെയുള്ള ആക്രമണം പലസ്‌തീനികളുടെ സ്വയം പ്രതിരോധമാണെന്നും അതിനുള്ള അവകാശം അവർക്കുണ്ടെന്നും ഇറാൻ പ്രതികരിച്ചു. അതേസമയം, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല ലെയ്ൽ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുകയും ഇത്തരം ഹീന നടപടികളെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി പ്രമുഖ പാശ്ചാത്യ രാജ്യങ്ങളെല്ലാം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ ഖത്തർ–- ഇറാൻ–-തുർക്കിയ അച്ചുതണ്ട് യാഥാർഥ്യമാണ്. റഷ്യയുടെ പിന്തുണ ഇവർക്കുണ്ട്. ഉക്രയ്‌ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധങ്ങളും മറ്റ് സൈനികസഹായങ്ങളും ഇറാൻ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാന്റെ പിന്തുണയുള്ള ഹമാസിന് അനുകൂലമായ നിലപാടാണ് റഷ്യ സ്വീകരിച്ചത്. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും റഷ്യ പറഞ്ഞു. ഹമാസിന്റെ ഏകപക്ഷീയമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സാധാരണ പ്രതികരണം ഹമാസ് അനുകൂല നിലപാടിന്റെ സൂചനയാണ്. തുർക്കിയയുടെ പ്രതികരണവും ഇതേ സ്വരത്തിലാണ്. റഷ്യ–- ഇറാൻ സഖ്യം യാഥാർഥ്യമായതിനാൽ ഇസ്രയേൽ ഇറാനെതിരെ ആക്രമണം നടത്താൻ സാധ്യതയില്ലെന്ന സാഹചര്യമാകാം ഹമാസിനെ പരസ്യമായി പിന്തുണയ്ക്കാനും ആയുധങ്ങൾ നൽകാനും ഇറാനെ പ്രേരിപ്പിച്ച ഘടകം. മാത്രമല്ല, ലബനൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ നിയന്ത്രിത ഷിയാ സായുധസംഘമായ ഹിസ്ബുള്ളയുടെ പിന്തുണ ഹമാസിനു ലഭിക്കുന്നുണ്ട്. ഉക്രയ്‌ന് -റഷ്യ ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകൾ ഹമാസിന് കൈമാറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ഇറാൻ ഡ്രോണുകൾ ലഭിച്ചാൽ ഇസ്രയേലിൽ നഗരങ്ങളും ആവാസമേഖലകളും നിരന്തരമായ ആക്രമണത്തിനു വിധേയമാകുമെന്ന കാര്യം നിസ്തർക്കമാണ്. ഇസ്രയേലിന്റെ ‘അയേൺ ഡോം’ എന്ന് പേരുകേട്ട മിസൈൽ പ്രതിരോധ സംവിധാനത്തിന് ഇത്തരം ഡ്രോണുകളെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ല.
പശ്ചിമേഷ്യയിലെ ഷിയ സഖ്യമായ ഇറാൻ, -ഹൂതികൾ, -ഹിസ്ബുള്ള, -ഇറാഖ്, സിറിയ എന്നിവയും തുർക്കിയയുടെയും റഷ്യയുടെയും പിന്തുണയും ഖത്തറിന്റെ സാമ്പത്തികസഹായവും ഒത്തുചേർന്ന സാഹചര്യത്തിൽ ഹമാസിന്റെ പ്രഹരശേഷി പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മാത്രമല്ല, 53 ശതമാനം പലസ്‌തീനികളുടെ പിന്തുണയും അവർക്കുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേൽ– -പലസ്തീൻ സംഘർഷം അപ്രതീക്ഷിതമായ മാനങ്ങളിലേക്ക് വളരാൻ സാധ്യതയുണ്ട്. അതേസമയം, ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യ അടക്കമുള്ള വൻശക്തികളുടെ പിന്തുണ ഇസ്രയേലിന് ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, മേഖലയിലെ സുന്നി രാഷ്ട്രങ്ങളായ സൗദി, യുഎഇ, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയുടെ നിശ്ശബ്ദപിന്തുണയും ഇസ്രയേലിന് ലഭിക്കുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹമാസ് മിന്നൽ ആക്രമണം അമേരിക്ക മുൻകൈയെടുത്ത് യാഥാർഥ്യമാക്കിയ ഇറാൻ–- സൗദി–- അറേബ്യ സമാധാനപ്രക്രിയയെ പിന്നോട്ട് അടിപ്പിക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വൻശക്തി ഇടപെടലുകളും മേഖലയിൽ രൂപപ്പെടുകയാണ്.
പ്രവചനാതീതമായി മാറിക്കഴിഞ്ഞ ഇസ്രയേൽ–- ഹമാസ് സംഘർഷം വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നത് നിസ്തർക്കമാണ്. സ്വന്തം മണ്ണിൽ അഭയാർഥികളാക്കപ്പെട്ട പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങളും സ്വാതന്ത്ര്യസ്വപ്നങ്ങളും പകൽക്കിനാവായി മാറുമോയെന്ന് ആശങ്കയാണ് പുരോഗമന ജനാധിപത്യലോകം പങ്കുവയ്ക്കുന്നത്.
( കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..