26 December Thursday

പൂക്കൾക്കുമേൽ ബോംബുവർഷിക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

പലസ്തീൻ–- -ഇസ്രയേൽ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടയിൽ ഇരുരാജ്യങ്ങളിൽനിന്നുമുയരുന്നത്‌ ആയിരക്കണക്കിനു കുട്ടികളുടെ കൂട്ടനിലവിളികളാണ്‌. അതിർത്തികൾക്കപ്പുറം എല്ലായിടത്തും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക്‌ ഒരേ സ്വരമാണ്‌. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം നഷ്‌ടമായി എങ്ങോട്ടെന്നറിയാതെ നിലവിളിച്ചോടുന്ന നിഷ്‌കളങ്കബാല്യങ്ങളുടെ ചിത്രം ആരുടെയും കണ്ണുനനയിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പിളക്കുന്ന ലോക ശക്തികളൊന്നും ഇതൊന്നും കാണുന്നില്ലേ? പതിറ്റാണ്ടുകളായി നീറിപ്പുകയുന്ന പശ്ചിമേഷ്യൻമേഖലയിൽ  വീണ്ടും സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ മനുഷ്യാവകാശവും കൊട്ടിഘോഷിക്കുന്ന മനുഷ്യാന്തസ്സും തകർന്നടിയുന്ന ദുരിതക്കാഴ്ചകളാണ്  മുമ്പിൽ.  

ഇസ്രയേൽ–- പലസ്‌തീൻ സംഘർഷത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ഇസ്രയേലി, പലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ഞൂറോളം കുട്ടികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരിൽ നല്ലൊരു ശതമാനവും കുട്ടികൾതന്നെ.

365 ചതുരശ്ര കിലോമീറ്റർമാത്രം വരുന്ന ഗാസാ മുനമ്പിൽ 22 ലക്ഷത്തോളം പലസ്തീൻകാർ പാർക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികളും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണിത്. 2007 മുതൽ ഗാസാ മുനമ്പിന്റെ ഭരണനിർവഹണം ഹമാസാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുമ്പുതന്നെ ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ഏതാണ്ട്  പതിനൊന്ന് ലക്ഷത്തോളം കുട്ടികൾക്ക്, മാനുഷി കസഹായം ആവശ്യമായിരുന്നുവെന്ന് യുണിസെഫ് വ്യക്തമാക്കിയിരുന്നു. ഗാസ പ്രദേശത്തേക്ക് വൈദ്യുതി, ഭക്ഷണം, ജലം, ഇന്ധനം തുടങ്ങിയവ എത്തുന്നത് ഇസ്രയേൽ തടയുന്നത് കുട്ടികളുടെ ഇപ്പോഴത്തെ ദുരിതാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മാത്രവുമല്ല ‘നീണ്ടതും ദുഷ്കരവുമായ യുദ്ധ' ത്തിന് ഒരുങ്ങാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഹ്വാനം ചെയ്തതും ആശങ്ക വർധിപ്പിക്കുന്നു.

ഓരോ യുദ്ധവും തകർക്കുന്നത് നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുംകൂടിയാണ്. യുദ്ധത്തിലും ഭീകരവാദത്തിലും ഇരകളാക്കപ്പെടുന്നവരിൽ നല്ലൊരു ശതമാനവും കുട്ടികളാണ്. സമീപകാല ചരിത്രംതന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. സുഡാനിൽ പത്തു ലക്ഷം കുട്ടികളാണ് കുടിയിറക്കപ്പെട്ടത്. നാനൂറിലധികം കുട്ടികൾ കൊല്ലപ്പെടുകയും 2000ത്തോളം കുട്ടികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തു. സിറിയയിൽ 1.4 കോടി കുട്ടികൾ ദുരിതത്തിലാണെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു. കണക്കുകൾ അവസാനിക്കുന്നില്ല. ആഭ്യന്തര യുദ്ധങ്ങൾ കാരണം കഴിഞ്ഞ ദശകത്തിൽ രണ്ടു കോടി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായിട്ടാണ് യൂണിസെഫ് കണക്കാക്കിയിട്ടുള്ളത്. അഫ്ഗാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാഖ്, മാലി, നൈജീരിയ, സിറിയ, യമൻ, തെക്കൻ സുഡാൻ തുടങ്ങിയ നാടുകളിൽ എഴുത്തും വായനയുമറിയാത്ത ഒരു തലമുറ വളർന്നു വരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശങ്ങളും ഗൗരവതരമാണ്. 2017 മുതൽ ഓരോ വർഷവും യുദ്ധങ്ങളിൽ ഒരു ലക്ഷം കുട്ടികളാണ് കൊല്ലപ്പെടുന്നത്. പട്ടിണിയും യുദ്ധത്തിൽ പരിക്കേറ്റവർക്ക്‌  മതിയായ ചികിത്സയുടെ അഭാവവുമാണ് മരണനിരക്ക് കൂട്ടുന്നത്. യുദ്ധം ആവർത്തിക്കപ്പെടുന്ന ഓരോ ദിവസവും കുട്ടികളുടെ ജീവനും ബാല്യവും കവർന്നെടുക്കപ്പെടുകയാണ്.

യുദ്ധവും ഭീകരവാദവും ഒരുപോലെ കുട്ടികളെ വേട്ടയാടുന്നു. അമേരിക്ക ഇറാഖിൽ നടത്തിയ ആക്രമണത്തിന്റെ ഉപോൽപ്പന്നമായ ഐഎസ് കുട്ടികളെ ചാവേറുകളായി  ഉപയോഗിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബോകോ ഹറാം ഭീകരർ കൗമാരക്കാരായ ആയിരക്കണക്കിനു കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെയാണ് ചാവേറുകളായി അണിനിരത്തുന്നതും കൊന്നുതള്ളുന്നതും. ഓരോ യുദ്ധവും ദുരിതങ്ങളുടെ പേമാരിയാണ് മാനവരാശിക്ക് ബാക്കിവയ്ക്കാറുള്ളത്. കൂട്ടമരണങ്ങൾ, കൂട്ടപ്പലായനങ്ങൾ, ജനിതക രോഗവ്യാപനം, അനാഥത്വം, അംഗവൈകല്യം, ഭക്ഷ്യക്ഷാമം, സമ്പത്തിന്റെയും ജീവനോപാധികളുടെയും കൂട്ടനാശം, അഭയാർഥി ക്യാമ്പുകൾ തുടങ്ങി ഒരിക്കലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണ് യുദ്ധാനന്തര ലോകത്തെ കാത്തിരിക്കുന്നത്.

നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആൻ ഫ്രാങ്ക്, ഹിരോഷിമ ദുരന്തത്തിൽ അണുവികിരണമേറ്റ് 10 വർഷം വേദനയിൽ പുളഞ്ഞ് മരണത്തിന് കീഴടങ്ങിയ പന്ത്രണ്ടുകാരി സഡാക്കോ, വിയറ്റ്‌നാമിൽ അമേരിക്ക നടത്തിയ നാപാം ബോംബിങ്ങിൽ പരിക്കേറ്റ് ഉടുതുണി കത്തിവീണ് പൂർണനഗ്നയായി മരണവെപ്രാളത്തോടെ ഓടുന്ന ഒമ്പതുകാരി പാൻ തി കിം ഫുക്, സിറിയയിൽനിന്ന്‌ പലായനം ചെയ്ത ബോട്ട് തകർന്ന് കടൽത്തീരത്ത് ഒരു പാവ കുഞ്ഞിനെപ്പോലെ മരിച്ചു കിടന്ന, ലോക മനസ്സാക്ഷിയെ കരയിപ്പിച്ച അലൻ കുർദ്ദി, യുദ്ധത്തിന്റെ ഭീകരത ഒന്നാകെ മുഖത്ത് പ്രതിഫലിപ്പിച്ച് കാമറയ്ക്കുമുന്നിൽ തോക്കാണെന്ന് ഭയന്ന് കൈകൾ ഉയർത്തി കീഴടങ്ങി നിന്ന ഹൃദിയ എന്ന പെൺകുട്ടി തുടങ്ങി സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെയും യുദ്ധക്കുരുതിയുടെയും ഇരകളായി നമ്മുടെ ഹൃദയത്തിൽ അണയാത്ത  നൊമ്പര ക്കനലായി  നിലകൊള്ളുന്ന എത്രയെത്ര കുട്ടികൾ.

സായുധ സംഘട്ടനത്തിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ ഉറപ്പാക്കണം. എല്ലാ നിയമനിർമാണങ്ങളുടെയും പ്രസക്തമായ നയങ്ങളുടെയും അംഗീകാരവും നടപ്പാക്കലും ഉറപ്പാക്കുകയും കുട്ടികളെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടിങ്ങിന് മുൻഗണന നൽകുകയും വേണം. കുട്ടികളെ സംരക്ഷിക്കുന്നതിന്‌ യുഎന്നും അംഗരാജ്യങ്ങളും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ ശിശുരോദനങ്ങൾക്ക് അറുതിയുണ്ടാകില്ല. പലസ്തീനിലെയും ഇസ്രയേലിലെയും കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ ബുദ്ധിമുട്ടിലാണ്‌. കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോകുന്നതും അംഗഭംഗം വരുത്തുന്നതും ബന്ദികളാക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന്‌  യുണിസെഫ് ചൂണ്ടിക്കാണിച്ചത് യുദ്ധക്കൊതിയന്മാരുടെ കണ്ണു തുറപ്പിക്കണം.

(ബാലാവകാശ കമീഷൻ മുൻ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top