23 November Saturday

സുധാകര സംഘത്തിന്റെ
 സുകുമാരകലകൾ

എമ്മോവിUpdated: Wednesday Aug 28, 2024

 

പിണറായിയുടെ പൊലീസിനെക്കൊണ്ട് ജീവിക്കാൻ വയ്യാതായെന്ന് സർവമാന കോൺഗ്രസുകാരും ‘മകാര’ മാധ്യമ വിചക്ഷണൻമാരും പറയുന്നത് വെറുതെയല്ല. കേരളത്തിലെ നിയമപാലനം ആകെ തകർന്നതിന് തൃശൂരിലെ നന്മനിറഞ്ഞ ശ്രീനിവാസനെ പിടിച്ച് ജയിലിലിട്ടതിൽപ്പരം തെളിവ് എന്തുവേണം. ഇദ്ദേഹത്തെ മാലോകർക്ക് അത്ര പരിചയം ഉണ്ടാകാൻ സാധ്യതയില്ല. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറില്ല. അന്തിച്ചർച്ചയ്‌ക്ക് തീരെ വിഷയമായിട്ടില്ല.  ജയിലിലായിട്ടുപോലും മാധ്യമങ്ങളിൽ വരാൻ തീരെ താൽപ്പര്യം കാണിച്ചിട്ടില്ല. പത്ര പുംഗവന്മാരും ചാനൽ സിംഹങ്ങളും പിന്നാലെ നടന്നതാണ്. ചെറിയൊരു ബൈറ്റ് പോലും കൊടുക്കാൻ തയ്യാറായില്ലെന്നാണ് കേട്ടത്. എന്തായാലും ശ്രീനിവാസന്റെ സ്വകാര്യത സംരക്ഷിക്കാൻ മാധ്യമങ്ങൾ കാണിച്ച ജാഗ്രതയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

ശ്രീനിവാസൻ ചില്ലറക്കാരനൊന്നുമല്ല. തൃശൂരിലെ നന്മ മരമാണ്. സർവോപരി കെപിസിസി സെക്രട്ടറിയാണ്. ജയിലിലിടാൻമാത്രം കുറ്റമൊന്നും അദ്ദേഹം ചെയ്തതായി എത്ര ഗവേഷിച്ചിട്ടും കാണുന്നില്ല. തൃശൂർ കോർപറേഷന്റെ മുൻ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. കോർപറേഷനിലെ വരുമാനം കുറഞ്ഞപ്പോൾ പട്ടിണിയിലായ മാന്യദേഹം ജീവിക്കാൻ വേണ്ടി വളരെ കഷ്ടപ്പെട്ട് ഒരു ഫിനാൻസ് കമ്പനി തുടങ്ങി. ജനങ്ങൾ  ഹിവാൻ നിധി എംഡി എന്നൊക്കെ വിളിക്കുമെങ്കിലും ജനസേവനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ബാങ്കുകൾ നിക്ഷേപങ്ങൾക്ക് അഞ്ചും ആറും ശതമാനം പലിശ കൊടുത്ത് പറ്റിക്കുന്നതിനെതിരായ കെപിസിസിയുടെ പ്രതിരോധം കൂടിയായിരുന്നു സെക്രട്ടറിയുടെ ഫിനാൻസ് കമ്പനി. ആവശ്യപ്പെടുന്ന പലിശ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നൂറ് കോടിയോളം നിക്ഷേപം സ്വീകരിച്ചു. എല്ലാവർക്കും വീതിച്ച് വന്നപ്പോൾ  നിക്ഷേപിച്ചവർക്ക് കുറച്ച് കോടി തിരിച്ച് കിട്ടിയില്ല. 62 പേർക്ക് വെറും 10 കോടി കിട്ടാനുണ്ടെന്നു പറഞ്ഞ് പരാതി പറഞ്ഞതിനാണ് കണ്ണിൽ ചോരയില്ലാത്ത പൊലീസ് പിടിച്ച് അകത്തിട്ടത്.

ഗർജിക്കുന്ന സിംഹം കെപിസിസി പ്രസിഡന്റിനും സർവകലാവല്ലഭൻ പ്രതിപക്ഷ നേതാവിനും പരാതി കിട്ടിയതാണെങ്കിലും ഒരു കഴമ്പുമില്ലെന്ന് അറിയാവുന്നതുകൊണ്ട് ചവറ്റുകൊട്ടയിൽ ഇട്ടതാണ്. 1000 ലക്ഷം രൂപയുടെ ചീള് കേസിന് കോൺഗ്രസിനെ കേഡർപാർടിയാക്കാൻ വെമ്പൽകൊണ്ട് ഓടിനടക്കുന്ന പ്രസിഡന്റും കേരളത്തിലെ കോൺഗ്രസിന്റെ സർവസൈന്യാധിപനെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള വി ഡിയും അല്ലെങ്കിൽത്തന്നെ എന്തിന് സമയം മെനക്കെടുത്തണം. തലപ്പത്ത് പറഞ്ഞാൽ കാര്യം നടക്കില്ലെന്ന് തോന്നിയ നിക്ഷേപകർ ഡിസിസി തലവൻ വള്ളൂരിനെ കണ്ട് സങ്കടമുണർത്തിക്കാമെന്ന് വിചാരിച്ച് ചെന്നതാണ്. സുധാകര സംഘത്തിന്റെ സുകുമാര കലകളെക്കുറിച്ച് പരാതി പറയാൻ വരുന്നവരുടെ മുഖം കാണുന്നതുതന്നെ പാപമാണെന്ന് തിരിച്ചറിഞ്ഞ വള്ളൂരാൻ പിന്നിലെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടെന്നാണ് തൃശൂർ റൗണ്ടിലെ ദോഷൈകദൃക്കുകളുടെ അടക്കം പറച്ചിൽ. പിന്നീട് അന്നത്തെ എംപിയോടും പിന്നീട് തോൽക്കാൻവന്ന എംപിയോടും പരാതി പറഞ്ഞെങ്കിലും അവർ ചിരിച്ചുപോലും കാണിക്കാത്തതിനാലാണത്രെ പൊലീസിനെ സമീപിച്ചത്.


 

പിണറായിയുടെ പൊലീസല്ലേ പരാതി കിട്ടേണ്ട താമസം അന്വേഷണമായി, അറസ്റ്റായി. ജയിലിലിടലായി. എന്ത് പറയേണ്ടു നിധി ശേഖരണം, വിദേശത്ത് വിടാമെന്ന് പറഞ്ഞ് പണം വാങ്ങിക്കൽ, ഔഷധ ഗുണമുള്ള കഞ്ചാവ് ചെടിയുടെ ഇല വിൽപ്പന, കുട്ടികളെയും സ്ത്രീകളെയും ഓമനിക്കൽ തുടങ്ങിയ കൈത്തൊഴിലെടുത്ത് ജീവിക്കാൻ ഈ പിണറായിയുടെ പൊലീസ്  സമ്മതിക്കില്ലാന്ന് വച്ചാ കഷ്ടം തന്നെയാണ്.  ശ്രീരാമസേനയുടെ ഭക്തനായ ബിജു ജിയെയും ശ്രീനിവാസന്റെ കൂട്ടുപ്രതിയാക്കിയത് അതിനേക്കാൾ കഷ്ടം. ഇദ്ദേഹത്തെ മുമ്പേ പൊലീസ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി പീഡിപ്പിക്കുന്നുണ്ടത്രെ. കോൺഗ്രസും ബിജെപിയും ഗുണ്ടാ കാര്യത്തിൽ കൊടുക്കൽ വാങ്ങൽ ബന്ധമുള്ള ചരിത്രം അറിയാത്ത ഏതോ പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നതെന്ന് തോന്നുന്നു.

പണ്ടേ "ധാർഷ്ട്യക്കാരനായ' പിണറായിയെ ഓടുന്ന ട്രെയിനിൽ വെടിവച്ച് കൊല്ലാൻ കോൺഗ്രസിനുവേണ്ടി സ്വയം സന്നദ്ധരായി വന്നത് സ്വയം സേവകരാണെന്ന് ആർക്കാണ് അറിയാത്തത് (ആള് മാറിയാണ് വെടികൊണ്ടതെങ്കിലും കേരളത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് ഏതോ കോടതി പറഞ്ഞിട്ടുണ്ടെന്ന ബലത്തിലാണ് സിംഹമിപ്പോൾ. അതിലും സർക്കാർ അപ്പീൽ കൊടുത്ത് പീഡിപ്പിക്കുന്നുവെന്നാണ് മാധ്യമ പക്ഷം). സ്വയം സേവകരെ മാർക്സിസ്റ്റുകാരിൽനിന്ന് രക്ഷിക്കാൻ കാവൽ നിന്നത് കോൺഗ്രസുകാരാണെന്ന് നേതാവ് തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്. അങ്ങനെ സ്ഥിരനിക്ഷേപമുള്ളവർ ജനങ്ങളിൽനിന്ന് നിക്ഷേപം പിരിക്കാൻ ഒന്നിക്കുന്നതിൽ തെറ്റ് പറയാനാകില്ല. എന്നിട്ടും പിണറായിയുടെ പൊലീസ് എന്ത് നെറികേടാണ് കാണിച്ചത്. എത്രയും വേഗം പിണറായി രാജിവയ്‌ക്കുകയോ പൊലീസ് വകുപ്പ് ഒഴിയുകയോ വേണമെന്ന് സൗമ്യ മധുര ഭാഷിതനായ പ്രസിഡന്റ്‌ അടിക്കടി പറയുന്നത് വെറുതെയല്ല.

പറയുന്നത് കേട്ടാൽ മതി
സൗമ്യനും സുശീലനും സർവോപരി ധാർഷ്ട്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങൾ ചോദിക്കാൻമാത്രം വളർന്ന മാധ്യമപ്രവർത്തകരൊന്നും കേരള ഭൂമിയിൽ ഇല്ലെന്നാണ് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളത്. പറയുന്നത് കേട്ടാൽ മതി തിരിച്ചൊന്നും ചോദിക്കേണ്ട.  ചോദിച്ചാലുള്ള അനുഭവം പത്തനംതിട്ടയിലുള്ളവർക്ക് മനസ്സിലായി കാണും. ചോദ്യം ചോദിച്ചവർക്കും ചോദിക്കാത്തവർക്കും അദ്ദേഹത്തിന്റെ ആരാധകരുടെ കൈക്കരുത്ത് മനസ്സിലായെന്നാണ് അറിഞ്ഞത്. കിട്ടിയവരിൽ പലരും പുറത്തുപറഞ്ഞിട്ടില്ലെന്നും കേട്ടു. കൈരളിയും ദേശാഭിമാനിയും അദ്ദേഹത്തിന്റെ ഏഴയലത്തുകൂടി പോകാൻ പാടില്ലെന്നാണ് പൊതുവിലുള്ള വ്യവസ്ഥ. ചോദ്യം ചോദിക്കുന്നതിനെക്കുറിച്ച് ആലോചിക്കേ വേണ്ട. ചോദിച്ചാൽ നേതാവിന്റെ തേൻമൊഴി കേൾക്കേണ്ടി വരികമാത്രമല്ല ആരാധകവൃത്തത്തിന്റെ കൈയോടലും ഉണ്ടാകുമെന്നാണ് പത്തനംതിട്ട നൽകുന്ന മുന്നറിയിപ്പ്. അല്ലെങ്കിൽത്തന്നെ വി ഡിക്ക് ബീഡിക്കുറ്റിയുടെ വിലപോലും മാപ്രകൾ നൽകുന്നില്ലെന്നാണ് ആരാധകരുടെ പരാതി. അതുകൊണ്ട് ചോദ്യങ്ങളുമായി പോകുന്നവർ ജാഗ്രതൈ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top