21 December Saturday

ട്രംപോ, കമലയോ - കെ ജെ തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

 

നവംബർ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ലോകമാകെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. മത്സരം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലാണ്. റിപ്പബ്ലിക്കൻ പാർടി, ട്രംപിന് വളരെ നേരത്തേ സ്ഥാനാർഥിത്വം നൽകി. ഡെമോക്രാറ്റുകൾ ജോ ബൈഡന്റെ പേര് അൽപ്പം വൈകിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സ്ഥാനാർഥികൾ തമ്മിലുള്ള സംവാദമാണ്. എൺപത്തൊന്നുകാരനായ ബൈഡന് ആദ്യ സംവാദത്തിൽത്തന്നെ ട്രംപിനോട് അടിയറ പറയേണ്ടി വന്നു. അൽപ്പം മറവി ബാധിച്ചോയെന്ന് സംശയം. ഈ സംഭവത്തെതുടർന്ന് രാഷ്ട്രീയനിരീക്ഷകരും മാധ്യമങ്ങളുമെല്ലാം ട്രംപിന് അനായാസവിജയം പ്രവചിച്ചു. ഡെമോക്രാറ്റുകൾക്കിടയിൽ ദ്രുതഗതിയിൽ കൂടിയാലോചനകൾ നടന്നു. ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ചു. ഡെമോക്രാറ്റിക് പാർടിയിലെ എല്ലാ വേദികളിലും പ്രസിഡന്റ്‌ സ്ഥാനാർഥിത്വം ചർച്ചയായി. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർഥിയായി തീരുമാനിച്ചു. ഇതേത്തുടർന്ന് കമല ഹാരിസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കയെപ്പറ്റിയും ലോകരാഷ്ട്രീയത്തെപ്പറ്റിയും തന്റെ കാഴ്ചപ്പാട് വിശദീകരിച്ചു. വാർത്താലോകം, ഡെമോക്രാറ്റിക് പാർടിയുടെയും കമല ഹാരിസിന്റെയും നീക്കങ്ങൾ സാകൂതം ശ്രദ്ധിക്കുകയും നിഗമനങ്ങളിൽ എത്തുകയും ചെയ്തു. തുടർന്ന് നടന്ന അഭിപ്രായ സർവേകളിൽ കമലയ്ക്ക് ട്രംപിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം ലഭിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ഡെമോക്രാറ്റിക് പാർടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ട്രംപിന് ഏകപക്ഷീയമായി വൻവിജയം പ്രഖ്യാപിച്ച മാധ്യമങ്ങൾ കമലയുടെ വരവോടെ നിലപാടിൽനിന്ന് മലക്കംമറിഞ്ഞു. തുടർന്ന്, ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് പാർടി കൺവൻഷനിലെ കമലയുടെ പ്രകടനം അതിഗംഭീരമായി. അമേരിക്കൻ വോട്ടർമാരെ കൈയിലെടുക്കാനുള്ള ജാലവിദ്യകൾ പ്രസംഗത്തിൽ ഉടനീളം കമല പ്രയോഗിച്ചു. ഒരു അമേരിക്കൻ പൗരനാകുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നുവരെ കമല ഹാരിസ് പറഞ്ഞുവച്ചു. ഡെമോക്രാറ്റിക് പാർടി കൺവൻഷൻ കഴിഞ്ഞപ്പോൾ വീണ്ടും മാധ്യമ സർവേകൾ പ്രവഹിച്ചു. ട്രംപുമായി കമലയ്ക്ക് നാല് ശതമാനം വോട്ടിന്റെ മുൻതൂക്കം! അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇപ്പോഴുള്ള സ്ഥിതിയാണിത്. നാളെ ഇത് മാറിക്കൂടെന്നില്ല. കാരണം വിജയിക്കാൻ ഏതറ്റംവരെയും പോകുന്ന വ്യക്തിയാണ് ട്രംപ്‌.

2020ൽ ജോ ബൈഡനോട് പരാജയപ്പെട്ടെങ്കിലും പരാജയം സമ്മതിക്കാനോ വൈറ്റ് ഹൗസ് വിടാനോ ട്രംപ്‌ കൂട്ടാക്കിയില്ല. പകരം ഭരണതലത്തിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് വിജയം തനിക്ക്‌ അനുകൂലമാക്കാൻ പെടാപ്പാടുപെട്ട കാര്യം ലോകത്തിന് ബോധ്യമുണ്ട്‌. ട്രംപിന്റെ ഈ ഭരണഘടനാവിരുദ്ധ നീക്കത്തിന് ഇപ്പോഴും അമേരിക്കൻ കോടതികളിൽ കേസ് നടക്കുകയാണ്. എതിർ സ്ഥാനാർഥിയെ ചെളിവാരി എറിയാനും ട്രംപ് മടിക്കുന്നില്ല. ഒരിക്കൽ ട്രംപ്‌ പറഞ്ഞു: "കമലയേക്കാൾ സുന്ദരൻ ഞാനാണ് അതിനാൽ എനിക്ക് വോട്ട് ചെയ്യണം’. ഇതൊരു വംശീയ അധിക്ഷേപമാണ്. കൺവൻഷനുകളിൽ കമല ഇത് എടുത്തു പറയുകയും ചെയ്തു. ഏറ്റവുമവസാനം കമല ഹാരിസിന്റെ സ്വഭാവഹത്യ നടത്താനും റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു മടിയുണ്ടായില്ല. ഇതാണ് ട്രംപ്. എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയക്കാരൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ഇതായിരിക്കേ, അടുത്ത രണ്ടുമാസത്തിനിടയ്ക്ക് അമേരിക്കയിൽനിന്ന് കൂടുതൽ അമ്പരപ്പിക്കുന്ന രാഷ്ട്രീയ വാർത്തകൾ പ്രതീക്ഷിക്കാം.


 

അമേരിക്കൻ രാഷ്ട്രീയത്തിൽ ബദ്ധശത്രുക്കളാണെങ്കിലും ലോകരാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ ഇരുപാർടികൾക്കും ഒരേനയമാണ്. കാലങ്ങളായുള്ള അമേരിക്കയുടെ ആക്രമണനയം കൂടുതൽ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇവർ തമ്മിൽ മത്സരിക്കുന്നത്. രണ്ടു കൂട്ടരുടെയും ഭരണകാലത്ത് ഒട്ടേറെ രാജ്യങ്ങളിൽ കടന്നാക്രമണം നടത്തി തകർത്ത ചരിത്രമാണുള്ളത്. ഇസ്രയേൽ രൂപീകരണത്തിനുശേഷം കഴിഞ്ഞ 74 വർഷമായി പലസ്തീനിൽ നടന്ന ആക്രമണ പരമ്പരകൾക്കു പിന്നിൽ അമേരിക്കയാണ്. ഇപ്പോഴത്തെ സംഭവങ്ങൾതന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ, ഗാസയിൽ നടത്തുന്ന ബോംബിങ്ങിലും ഷെല്ലാക്രമണത്തിലും ഇതിനോടകം നാൽപ്പതിനായിരം പേരുടെ ജീവനാണ് അപഹരിച്ചത്. അതിൽ മുപ്പതിനായിരംപേർ സ്ത്രീകളും കുട്ടികളും. ആശുപത്രികളെന്നോ അഭയകേന്ദ്രങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നോ ആരാധനാലയങ്ങളെന്നോ വ്യത്യാസം കൂടാതെ ഇപ്പോഴും ബോംബിങ് തുടരുന്നു.
മധ്യപൂർവേഷ്യയിലെ ഏക സെക്കുലർ രാജ്യമാണ് സിറിയ. കഴിഞ്ഞ എട്ടുവർഷമായി സിറിയയിൽ കലാപമാണ്. ബാഷർ അൽ അസദ് നേതൃത്വം നൽകുന്ന മതനിരപേക്ഷ സർക്കാരിനെതിരെ മതതീവ്രവാദികളാണ് യുദ്ധം ചെയ്യുന്നത്. തീവ്രവാദികൾക്ക് ആയുധവും പണവും നൽകുന്നതാകട്ടെ അമേരിക്കയും.  അതി പുരാതന കാലം മുതൽ ചരിത്രപാഠങ്ങളിൽ ഉൾപ്പെട്ട ദേശമാണ് സിറിയ. പുരോഗമനവാദിയും ഇടതുപക്ഷക്കാരനുമായിരുന്ന അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ ഭരണകൂടത്തെ തകർക്കാൻ താലിബാൻ തീവ്രവാദികൾക്ക് പണവും ആയുധങ്ങളും നൽകിയത് അമേരിക്കയാണ്. സോവിയറ്റ് പിന്തുണയോടെയാണ് നജീബുള്ള ഭരണം നടത്തിയിരുന്നത്. വേൾഡ്‌ ട്രേഡ് സെന്റർ ആക്രമിച്ച കാരണം പറഞ്ഞാണ് ആ രാജ്യം തന്നെ തകർത്തുകളഞ്ഞത്.

അവസാനം ആരെയാണോ അമേരിക്ക എതിർത്തത് അതേ താലിബാൻ തീവ്രവാദികൾക്ക് ഭരണം തിരിച്ചുനൽകുകയും ചെയ്തു. ഇതാണ് വിരോധാഭാസം. ഇതാണ് അമേരിക്കൻ നിലപാട്. ആണവായുധം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് സദ്ദാം ഹുസൈനെതിരെ അമേരിക്കൻ പട്ടാളം ഇറങ്ങിത്തിരിച്ചത്. ആറുമാസംകൊണ്ട് 15 ലക്ഷം ഇറാഖികളെ കൊന്നൊടുക്കി. എണ്ണ നിക്ഷേപങ്ങൾ അഗ്നിക്കിരയാക്കി. സദ്ദാമിനെയും കുടുംബാംഗങ്ങളെയും നിഷ്ഠുരമായി വധിച്ചു. ചരിത്രാതീതകാലത്തെ മെസൊപ്പൊട്ടേമിയൻ സംസ്കാരം ഉൾക്കൊള്ളുന്ന ഇറാഖിനെ തകർത്തെറിഞ്ഞു അമേരിക്ക. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ ഭരണാധികാരി കേണൽ ഗദ്ദാഫി, നാറ്റോയ്ക്കെതിരെ ഉന്നയിച്ച ആക്ഷേപത്തിന്റെ പേരിൽ അമേരിക്കയും നാറ്റോയും ചേർന്ന് മൂന്നു ദിവസംകൊണ്ട് ലിബിയയെ തകർത്തുകളഞ്ഞു. ഒരു രാജ്യം പൂർണമായും ഇല്ലാതാക്കി. ഗദ്ദാഫിയുടെ കുടുംബാംഗങ്ങളെ ഒന്നൊഴിയാതെ വധിച്ചു.

വിയറ്റ്നാം യുദ്ധം ആരും മറന്നിട്ടില്ല. വിയറ്റ്നാമിനെതിരെ അമേരിക്ക പ്രയോഗിച്ച നാപ്പാം ബോംബ് അടക്കമുള്ള ആയുധങ്ങൾ 10 ലക്ഷം വിയറ്റ്നാംകാരെയാണ് കൊന്നൊടുക്കിയത്. രണ്ടാം ലോകയുദ്ധം 1945 ഏപ്രിൽ 30ന് ഹിറ്റ്‌ലറുടെ ആത്മഹത്യയോടെ അവസാനിച്ചതാണ്. ജർമനിയുടെ സഖ്യകക്ഷിയായ ഇറ്റലി അതിനുമുമ്പ് കീഴടങ്ങിയിരുന്നു. തങ്ങൾ കീഴടങ്ങുന്നില്ലെന്ന് ജപ്പാനിൽനിന്ന് ഏതോ പട്ടാളക്കാരൻ വിളിച്ചു പറഞ്ഞതിന്റെ പേരിൽ; ഹിറ്റ്‌ലർ മരിച്ച് മൂന്നുമാസം കഴിഞ്ഞ് അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഹൈഡ്രജൻ ബോംബിട്ട് ചാമ്പലാക്കി. ലക്ഷങ്ങളെ കൊന്നൊടുക്കി. യുദ്ധത്തിൽ  പരാജയം സമ്മതിച്ച ഒരു രാജ്യത്തെ വീണ്ടും ബോംബിട്ട് തകർക്കേണ്ടതുണ്ടോ? ലോകത്തിലെ മറ്റു രാജ്യങ്ങൾക്കുമേൽ അധികാരശക്തിയും ആയുധശക്തിയും ആജ്ഞാശക്തിയും അടിച്ചേൽപ്പിക്കാനാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്. റിപ്പബ്ലിക്കൻ ആയാലും  ഡെമോക്രാറ്റ് ആയാലും ഒരേ മനസ്സാണ്, ഒരേ നയമാണ്.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം. ഇന്ത്യൻ വംശജകൂടിയായ കമല ഹാരിസിന്റെ ഇപ്പോഴത്തെ മേൽക്കൈ അടുത്ത നവംബർ അഞ്ചുവരെ നിലനിർത്തിയാൽ, അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അവർക്ക് വിജയിക്കാം. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും കമല ഹാരിസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top