അമേരിക്കയിൽ അറുപതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് നടക്കും. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർടി നേതാവുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർടി നേതാവുമായ ഡോണൾഡ് ട്രംപും തമ്മിലാണ് പ്രധാന മത്സരം. ഗ്രീൻപാർടിയുടെ ജിൽ സ്‌റ്റേനും ചില സ്വതന്ത്രരും മത്സരരംഗത്തുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണ് ഡെമോക്രാറ്റിക് പാർടി ഇന്ത്യൻ വംശജയും ആഫ്രോ–--അമേരിക്കൻ വനിതയുമായ കമല ഹാരിസിനെ സ്ഥാനാർഥിയാക്കിയത്. 2016ൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ഹിലരി ക്ലിന്റണെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡന്റായത്. ഇക്കുറി കമല ഹാരിസിനെ എളുപ്പം തോൽപ്പിക്കാനാകുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും മത്സരം കടുത്തതാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസിനുള്ള പിന്തുണയിൽ കുറവു വരുന്നതും ട്രംപ് മുന്നേറ്റം നേടുന്നതും ഡെമോക്രാറ്റിക് പാർടിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിൽ കമല ഹാരിസിനുള്ള പിന്തുണ 48 ശതമാനമാണെങ്കിൽ ട്രംപിന് 47 ശതമാനത്തിന്റെ പിന്തുണയുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇരുവരും തമ്മിലുള്ള വ്യത്യാസം കുറയുകയുമാണ്. ഒരാഴ്ച മുമ്പുവരെ കമല ഹാരിസ് 2.2 ശതമാനത്തിന് മുന്നിലായിരുന്നു. 2020ൽ ബൈഡൻ ട്രംപിനേക്കാൾ 8.9 ശതമാനത്തിന് മുന്നിലായിരുന്നു. ദ ഹിൽ, എൻബിസി ന്യൂസ്, ന്യൂയോർക്ക് പോസ്റ്റ് , എംഎസ്എൻ തുടങ്ങിയ മാധ്യമങ്ങളെല്ലാം കമല ഹാരിസിന്റെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട്. വാൾസ്ട്രീറ്റ് ജേർണൽ പറയുന്നത് ട്രംപാണ് മൂന്ന് ശതമാനത്തിന് മുന്നിലെന്നാണ്. റോയിട്ടറാകട്ടെ കമല ഹാരിസാണ് മൂന്ന് ശതമാനത്തിന് മുന്നിലെന്ന് പറയുന്നു. ഇതിനർഥം മത്സരം കടുത്തതാണെന്നാണ്.
റിപ്പബ്ലിക്കൻ പക്ഷത്തേക്കും ഡെമോക്രാറ്റിക് പക്ഷത്തേക്കും ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിൽ വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് പ്രസിഡന്റാകാൻ കഴിയുക. ഇതിൽത്തന്നെ മൂന്ന് സംസ്ഥാനങ്ങളെയാണ് യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്നത്.
ദേശീയമായി നേടുന്ന വോട്ടുകളേക്കാൾ ഓരോ സംസ്ഥാനത്തും നേടുന്ന ഇലക്‌ടറൽ കോളേജ് സീറ്റാണ് പ്രസിഡന്റ് ആരാണെന്ന് നിശ്ചയിക്കുക. അതായത് ദേശീയമായി ഏറ്റവും കൂടുതൽ വോട്ടു നേടുന്ന ആളല്ല മറിച്ച് 538 അംഗ ഇലക്‌ടറൽ കോളേജിൽ 270 സീറ്റ് നേടുന്ന വ്യക്തിയാണ് അന്തിമമായി തെരഞ്ഞെടുക്കപ്പെടുക. ഉദാഹരണത്തിന് 2014ലെ തെരഞ്ഞെടുപ്പിൽ ട്രംപിനേക്കാൾ 20 ലക്ഷം വോട്ട് ഹിലരി ക്ലിന്റണ് ലഭിച്ചെങ്കിലും ഇലക്‌ടറൽ കോളേജിൽ കൂടുതൽ സീറ്റ് നേടാൻ ട്രംപിനായതിനാൽ അദ്ദേഹം പ്രസിഡന്റായി. നിലവിൽ കമല ഹാരിസിനും ട്രംപിനും ഇലക്‌ടറൽ കോളേജിൽ ശരാശരി 200 സീറ്റ് നേടാനാകുമെന്ന് ഉറപ്പാണ്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർടിക്കും ഡെമോക്രാറ്റുകൾക്കും വോട്ടു ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഉദാഹരണത്തിന് കമല ഹാരിസിന്റെ സംസ്ഥാനമായ കലിഫോർണിയ ഡെമോക്രാറ്റിക് പാർടിയുടെ കൂടെയാണ് നിലകൊള്ളാറുള്ളത്. ഈ സംസ്ഥാനത്ത് ഡെമോക്രാറ്റുകൾക്ക് ലീഡ് നേടാനായാൽ ആ സംസ്ഥാനത്തെ 54 ഇലക്‌ടറൽ കോളേജ് വോട്ടും ഡെമോക്രാറ്റിക് പാർടിക്ക് കിട്ടും. അതുപോലെ ട്രംപിന്റെ സംസ്ഥാനമായ ഫ്ളോറിഡ എന്നും റിപ്പബ്ലിക്കൻ പാർടിക്കൊപ്പം നിൽക്കുന്ന സംസ്ഥാനമാണ്. ഇതനുസരിച്ചാണ് 200 സീറ്റ് ഇരുപാർടിക്കും ഉറപ്പായും ലഭിക്കുമെന്ന് പറയുന്നത്. ബാക്കി എഴുപത് സീറ്റ് നേടുകയാണ് പ്രധാനം. റിപ്പബ്ലിക്കൻ പക്ഷത്തേക്കും ഡെമോക്രാറ്റിക് പക്ഷത്തേക്കും ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിൽ വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് പ്രസിഡന്റാകാൻ കഴിയുക. പെൻസിൽവാനിയ, മിഷിഗൺ, നോർത്ത് കരോലിന, വിസ്കോൻസിൻ, ജോർജിയ, അരിസോണ, നെവാഡ എന്നിവയാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ. ഇതിൽത്തന്നെ മൂന്ന് സംസ്ഥാനങ്ങളെയാണ് യുദ്ധഭൂമിയായി ( battleground states ) വിലയിരുത്തപ്പെടുന്നത്.
പെൻസിൽവാനിയ, വിസ്കോൺസിൻ, മിഷിഗൺ എന്നിവയാണവ. ഇതിൽ പെൻസിൽവാനിയയിൽ ട്രംപിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നതാണ് ഡെമോക്രാറ്റുകളുടെ ഉറക്കംകെടുത്തുന്നത്. 2016ൽ ഈ മൂന്ന് സംസ്ഥാനത്തും ട്രംപ് ലീഡ് നേടിയപ്പോൾ അദ്ദേഹം വിജയിച്ചു. 2020ൽ ജോ ബൈഡൻ ഈ മൂന്നു സംസ്ഥാനത്തും ലീഡ് നേടുകയും പ്രസിഡന്റാകുകയും ചെയ്തു. യുവജന വോട്ടർമാരിൽ കമല ഹാരിസിനേക്കാൾ 21 പോയിന്റ് ലീഡാണ് ട്രംപിനുള്ളത്. എന്നാൽ സ്ത്രീവോട്ടർമാരിൽ ട്രംപിനേക്കാൾ 39 പോയിന്റ് ലീഡാണ് കമല ഹാരിസിനുള്ളത്. (ന്യൂയോർക്ക് ടൈംസ് /സിയേന പോൾ ) പുരുഷ വോട്ടർമാർ പൊതുവെ ട്രംപിനെയാണ് അംഗീകരിക്കുന്നത്. എന്നാൽ കുടിയേറ്റക്കാരിൽ ലാറ്റിനോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ 60 ശതമാനവും കമല ഹാരിസിനെയാണ് പിന്തുണയ്‌ക്കുന്നത്. എന്നാൽ ഡെമോക്രാറ്റുകളെ പിന്തുണയ്‌ക്കുന്ന ഇന്ത്യൻ അമേരിക്കക്കാരുടെ എണ്ണം വർഷംതോറും കുറയുകയാണ്
കുടിയേറ്റം, ഗർഭഛിദ്രത്തിനുള്ള അവകാശം, സമ്പദ്‌വ്യവസ്ഥ, യുദ്ധങ്ങൾ എന്നിവയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ. നിയമവിരുദ്ധമായി കുടിയേറുന്നവരെ നാടുകടത്തുമെന്നാണ് ട്രംപ് വാദിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം വർധിച്ചത് ജോ ബൈഡന്റെ ഭരണകാലത്താണെന്ന് ട്രംപ് വാദിക്കുന്നു. അമേരിക്കയിലെ വിദേശികളുടെ ജനസംഖ്യയിൽ 25 ശതമാനവും അനധികൃതമായി കുടിയേറിയവരാണ്. അതിൽ ഭൂരിപക്ഷവും മെക്സിക്കോ വഴി എത്തുന്ന ലാറ്റിനോകളുമാണ്. ഈ വിഷയത്തിൽ ഒരു ബദൽ ആഖ്യാനം നൽകുന്നതിന് കമല ഹാരിസിനോ ഡെമോക്രാറ്റുകൾക്കോ കഴിഞ്ഞിട്ടില്ല. നിയമവിരുദ്ധ കുടിയേറ്റം ക്രിമിനൽ കുറ്റമായിക്കണ്ട് തടയുമെന്നാണ് കമല ഹാരിസും പറയുന്നത്. എന്നാൽ കുടിയേറ്റ കേന്ദ്രമായ തെക്കൻ അതിർത്തിയിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകുന്നുണ്ട്. കമല ഹാരിസ് പ്രധാനവിഷയമായി ഉയർത്തുന്നത് ഗർഭഛിദ്രത്തിന് സ്ത്രീകൾക്കുള്ള അവകാശം സംരക്ഷിക്കുമെന്നാണ്. എന്നാൽ 1970കളിൽ ഈ വിഷയത്തിനുള്ള പ്രാധാന്യം ഇപ്പോൾ അമേരിക്കൻ സമൂഹത്തിലില്ല. അതുകൊണ്ടു തന്നെ മുമ്പെന്നപോലെ ഈ വിഷയം വോട്ട് നേടാൻ ഡെമോക്രാറ്റുകളെ സഹായിക്കില്ലെന്നാണ് വിദഗ്‌ധമതം.
15 ഡോളർ മിനിമം വേതനം, തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ച് നേരത്തേ സംസാരിച്ച കമല ഹാരിസ് ഇപ്പോൾ മൗനത്തിലായത് സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉപക്ഷിച്ച് അവർ വലതുപക്ഷത്തേക്ക് നീങ്ങിയതിന്റെ ലക്ഷണമായി ട്രേഡ് യൂണിയനുകളും ഇടതുപക്ഷവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രംപിന്റേത് പൂർണമായും കോർപറേറ്റ് അനുകൂല സാമ്പത്തിക നയമാണെങ്കിൽ കമല ഹാരിസ് അൽപ്പം ചില തിരുത്തലുകൾക്ക് തയ്യാറാകുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ സർക്കാരിന് പ്രധാന പങ്കുണ്ടെന്നും അതു തുടരുമെന്നും അവർ പറയുന്നു. പണക്കാർക്ക് കൂടുതൽ നികുതി ചുമത്തി മധ്യവർഗത്തിന് നികുതി ഇളവ് നൽകുമെന്നും കമല ഹാരിസ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പത്തിൽ എട്ടു പേരും പറയുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ കൃത്യമായ പദ്ധതികൾ ഇരുവരും മുന്നോട്ടു വയ്‌ക്കുന്നില്ല. 15 ഡോളർ മിനിമം വേതനം, തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ച് നേരത്തേ സംസാരിച്ച കമല ഹാരിസ് ഇപ്പോൾ മൗനത്തിലായത് സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉപക്ഷിച്ച് അവർ വലതുപക്ഷത്തേക്ക് നീങ്ങിയതിന്റെ ലക്ഷണമായി ട്രേഡ് യൂണിയനുകളും ഇടതുപക്ഷവും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കമല ഹാരിസ് ഏറ്റവും വിമർശം നേരിടുന്നത് ഗാസയിലെ വംശഹത്യക്ക് അവർ നൽകുന്ന അചഞ്ചലമായ പിന്തുണയാലാണ്. ഇസ്രയേലിനെ ആയുധവും പണവും നൽകി സഹായിക്കുന്ന സർക്കാരിന്റെ ഭാഗമാണ് കമല ഹാരിസ്, ഏറ്റവും പ്രഹരശേഷിയുള്ള സൈന്യമായി അമേരിക്കൻ സേനയെ വളർത്തുമെന്നാണ് ട്രംപുമായി നടന്ന വിജയകരമായ സംവാദത്തിലും അവർ പറഞ്ഞത്. അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യം ഉപേക്ഷിക്കാൻ കമല ഹാരിസും തയ്യാറല്ലെന്നർഥം. എന്നാൽ ട്രംപിന്റെ ഫാസിസ്റ്റ് മുഖത്തെ വലിച്ചു കീറാനുള്ള ഒരവസരവും കമല ഹാരിസ് പാഴാക്കിയിട്ടില്ല.
ട്രംപിന്റെ നയങ്ങളിലെ സ്ഥിരതയില്ലായ്മയും ആർക്കും പ്രവചിക്കാനാകാത്ത സ്വഭാവവും വിമർശിക്കപ്പെട്ടു. ട്രംപിന് ഏറ്റവും വിനയാകുന്നത് ഇതൊക്കെയാണ്. അമേരിക്കയെ ഒരു വനിത നയിക്കുമോ അതോ ട്രംപിന് രണ്ടാം ഊഴം ലഭിക്കുമോ എന്നറിയാൻ നവംബർ 5 വരെ കാത്തിരിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..