23 December Monday

മാർക്‌സിന്റെയും ലെനിന്റെയും വിപ്ലവ കാഴ്ചപ്പാടുകൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

മാർക്സും എംഗൽസും മുന്നോട്ടുവച്ച വിപ്ലവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രായോഗികമാക്കിയത് ലെനിനാണ്. മാർക്സിന്റെ കാഴ്ചപ്പാടുകളും അതിനെ പ്രായോഗികമാക്കാൻ ലെനിൻ സ്വീകരിച്ച സമീപനങ്ങളും ചേർത്താണ്‌ മാർക്സിസത്തെ മാർക്സിസം-–ലെനിനിസമെന്ന്‌ വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്വകാലത്ത്  മാർക്സിസത്തെ വികസിപ്പിച്ചതിനാൽ സാമ്രാജ്യത്വകാലഘട്ടത്തിലെ മാർക്സിസമെന്നും ലെനിനിസത്തെ വിശേഷിപ്പിക്കാറുണ്ട്.

മുതലാളിത്തം വികസിക്കുമ്പോൾ സമ്പത്ത്‌ കേന്ദ്രീകരിക്കപ്പെടും. അത് ഭൂരിപക്ഷം ജനങ്ങളെയും പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങൾ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ പോരാടും. അങ്ങനെ അവർ അധികാരത്തിലെത്തും. ലോകത്ത് സമത്വമുണ്ടാക്കുന്നതിന് തൊഴിലാളികൾ നേതൃത്വം നൽകുമെന്നും മാർക്സും എംഗൽസും വ്യക്തമാക്കി. മുതലാളിത്തം വികസിച്ചുവരുന്ന ലോകത്താണ് വിപ്ലവത്തിന് കൂടുതൽ സാധ്യതയെന്നും അവർ വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും സവിശേഷ സാഹചര്യമാണ് വിപ്ലവത്തെ രൂപപ്പെടുത്തുന്നതിന് പ്രധാനമെന്നും അവർ ഓർമപ്പെടുത്തി.

മുതലാളിത്തത്തിന്റെ ദുർബലമായ കണ്ണിയിലും അടിച്ച് വിപ്ലവമുണ്ടാക്കാമെന്ന് ലെനിൻ വാദിച്ചു. അങ്ങനെ സോവിയറ്റ് വിപ്ലവത്തിന് ലെനിൻ നേതൃത്വം നൽകി. വിപ്ലവാനന്തര സമൂഹത്തിൽനിന്ന്‌ കമ്യൂണിസമെന്ന അടുത്തഘട്ടത്തിലേക്ക് പ്രയാണം ചെയ്യുന്നതിനുള്ള നടപടികൾ ലെനിൻ സ്വീകരിച്ചു. അതിന്‌ ലോകമെമ്പാടും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് എത്തണമെന്നും അദ്ദേഹം നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളിലും വിപ്ലവങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്തി. മുതലാളിത്തം ഏറ്റവും ഉന്നതിയിലെത്തിയ ജർമനിയിലും വിപ്ലവമുണ്ടാകുമെന്നാണ് പൊതുവിൽ എല്ലാവരും പ്രതീക്ഷിച്ചത്. ‘യുദ്ധകാല കമ്യൂണിസം’ പോലുള്ള നയങ്ങളിലൂടെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികളും മുതലാളിത്തവുമായി തുറന്ന ഏറ്റുമുട്ടലെന്ന സമീപനവും അവർ സ്വീകരിച്ചു. ഇവിടെ  മനസ്സിലാക്കേണ്ട പ്രധാന കാര്യം മുതലാളിത്തത്തിന്റെ ദുർബല കണ്ണിയിൽ വിപ്ലവമുണ്ടാക്കിയ ലെനിൻ മുതലാളിത്തം വികസിച്ച ജർമനിയിലും വിപ്ലവമുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നുവെന്നതാണ്. അതായത് വ്യത്യസ്ത സാഹചര്യങ്ങളിലൂടെ വിപ്ലവത്തിന്റെ സാധ്യതകളിലേക്കാണ് ലെനിൻ വിരൽ ചൂണ്ടിയതെന്നർഥം. മാർക്സിസ്റ്റ്‌ സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിൽ നിലയുറപ്പിച്ച്‌ അവയെ കൂടുതൽ വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്‌തത്‌. മാർക്സിന്റെ ഇക്കാര്യങ്ങളിലെ  നിലപാടുകൾ  മനസ്സിലാക്കണമെങ്കിൽ റഷ്യയിലെ പ്രവർത്തകരുമായി അദ്ദേഹം നടത്തിയ ആശയവിനിമയങ്ങൾ അറിയേണ്ടതുണ്ട്‌. 1881 ഫെബ്രുവരി ആറിന്‌ വെരാ സസുലിച്ച് റഷ്യയിൽനിന്ന് മാർക്സിന് എഴുതിയ കത്തിന്റെ മറുപടി പരിശോധിച്ചാൽ ഇത്‌  വ്യക്തമാകും. വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലാണ് വിപ്ലവമുണ്ടാകുകയെന്ന കാഴ്ചപ്പാട് റഷ്യ പോലുള്ള രാജ്യങ്ങളിലെ വിപ്ലവപ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നുവെന്നായിരുന്നു അവരുടെ പരാതി. റഷ്യയിലെ ഗ്രാമീണ കമ്യൂണുകൾക്ക് അമിതമായ നികുതി ആവശ്യങ്ങളിൽനിന്നും പ്രഭുക്കന്മാർക്ക് പണം നൽകുന്നതിൽനിന്നും മുക്തമായ ഒരു ഭരണസംവിധാനം രൂപപ്പെടുത്താൻ കഴിഞ്ഞാൽ അവയ്ക്ക് സോഷ്യലിസത്തിലേക്ക് വികസിക്കാനുള്ള വഴികളുണ്ടെന്ന അഭിപ്രായമാണ് അവർക്കുണ്ടായിരുന്നത്.

മുതലാളിത്തം വികസിക്കാത്ത ചൈനയിൽ തൊഴിലാളിവർഗത്തെ മുൻനിർത്തി വിപ്ലവപ്രവർത്തനത്തിന് മാവോ നേതൃത്വം നൽകി. എന്നാൽ, അത് അടിച്ചമർത്തപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്കമായിക്കിടക്കുന്ന ചൈനയിൽ അതിനാവശ്യമായ വിപ്ലവതന്ത്രം അദ്ദേഹം രൂപപ്പെടുത്തുന്നത്.

മാർക്സ് നൽകിയ മറുപടി തന്റെ പഠനത്തിൽ ഊന്നിയത് പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളെ സംബന്ധിച്ചാണെന്നാണ്‌. പ്രത്യേകിച്ചും ഇംഗ്ലണ്ടിലേത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള മൂലധനത്തിലെ വിശകലനം റഷ്യയിലെ സാഹചര്യത്തിൽ  അതുപോലെ പ്രായോഗികമാകണമെന്നില്ല. ഓരോ രാജ്യത്തിന്റെയും സവിശേഷ സാഹചര്യമാണ് വിപ്ലവം രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമായി അദ്ദേഹം വിലയിരുത്തിയത്. അതിനാൽ റഷ്യയിലെ വിപ്ലവം മാർക്സിന്റെ പൊതു കാഴ്ചപ്പാടുകളിൽനിന്ന് വ്യത്യസ്തമായിത്തീരുന്നില്ല. ചൈനയിലെ വിപ്ലവത്തിന്റെ രീതിയും ഇതോടൊപ്പം കൂട്ടിവായിക്കണം. പിന്നാക്ക സമ്പദ്ഘടനയിൽ വിപ്ലവം എങ്ങനെ രൂപപ്പെടുത്തിയെടുക്കാമെന്ന പ്രശ്നമാണ് മാവോ അവതരിപ്പിച്ചത്. മുതലാളിത്തം വികസിക്കാത്ത ചൈനയിൽ തൊഴിലാളിവർഗത്തെ മുൻനിർത്തി വിപ്ലവപ്രവർത്തനത്തിന് മാവോ നേതൃത്വം നൽകി. എന്നാൽ, അത് അടിച്ചമർത്തപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്കമായിക്കിടക്കുന്ന ചൈനയിൽ അതിനാവശ്യമായ വിപ്ലവതന്ത്രം അദ്ദേഹം രൂപപ്പെടുത്തുന്നത്. ജന്മിത്വരീതി മേൽകൈ നേടുന്ന ഇവിടെ കർഷകരെ കേന്ദ്രീകരിച്ചുള്ള വിപ്ലവപ്രവർത്തനമാണ് അഭികാമ്യമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളെ വളയുകയെന്ന കാഴ്ചപ്പാടിലേക്ക് മാവോ എത്തുന്നത്‌.

റഷ്യയിൽ പിന്നാക്ക സമ്പദ്ഘടനയായതിനാൽ ശാസ്ത്ര സാങ്കേതികരംഗം അത്രയേറെ വികസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വൻതോതിലുള്ള  ഉൽപ്പാദനത്തിന്‌ സാധ്യതയുണ്ടായിരുന്നില്ല. വൻതോതിലുള്ള ഉൽപ്പാദനമുണ്ടായാൽ മാത്രമേ ജനജീവിതം മെച്ചപ്പെടൂവെന്ന്‌ ലെനിൻ വിലയിരുത്തി. മുതലാളിത്തത്തിന് മറ്റേത് കാലത്തേക്കാളും പുരോഗതി ലോകത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞത് അവർക്ക് മികച്ച സാങ്കേതികവിദ്യ കൈവശമുള്ളതുകൊണ്ടാണ്. ഇക്കാര്യം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വ്യക്തമാക്കുന്നുണ്ട്. സോഷ്യലിസ്റ്റ്‌ നിർമാണപ്രക്രിയയിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യ അനിവാര്യമാണെന്ന് ലെനിൻ കണ്ടെത്തുന്നു. അതിനാൽ മുതലാളിത്ത രാജ്യങ്ങളിൽനിന്ന് അവ ലഭിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു. അങ്ങനെയാണ് പുത്തൻ സാമ്പത്തികനയം രൂപപ്പെടുന്നത്.

തൊഴിലാളിവർഗം അധികാരം കൈകളിൽ മുറുകെ പിടിക്കുകയും ഗതാഗതത്തിന്റെയും വൻകിട വ്യവസായത്തിന്റെയും പൂർണ നിയന്ത്രണം കൈവശം വയ്ക്കുകയും ചെയ്യുന്ന കാലത്തോളം തൊഴിലാളിവർഗത്തിന് അപകടമില്ല''.

മുതലാളിത്തം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നത് മണ്ണിനെയും  മനുഷ്യനെയും ചൂഷണം ചെയ്യാനാണെന്ന് മൂലധനത്തിൽ മാർക്സ് വ്യക്തമാക്കുന്നുണ്ട്. പിന്നാക്ക സമ്പദ്ഘടനയ്ക്കകത്ത് വിപ്ലവാനന്തരം ഉൽപ്പാദന വർധനയ്‌ക്ക്‌ പുതിയ സാങ്കേതികവിദ്യ വേണം. അതിനാലാണ് അത് കൈവശമുള്ള കോർപറേറ്റുകളെയുൾപ്പെടെ ക്ഷണിക്കുന്ന നയം ലെനിൻ സ്വീകരിച്ചത്. ‘ധാന്യ നികുതി’ പോലുള്ള ലഘുലേഖകളിൽ ഇതിന്റെ തുടർച്ചയായി റഷ്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌.

മുതലാളിത്ത വഴികൾ സ്വീകരിക്കുന്ന ഈ നയം നടപ്പാക്കുമ്പോൾ നല്ല ജാഗ്രത വേണമെന്ന് ലെനിൻ പറയുകയുണ്ടായി. “വിനിമയം എന്നത് വ്യാപാര സ്വാതന്ത്ര്യമാണ്. അത് മുതലാളിത്തമാണ്. ചെറുകിട ഉൽപ്പാദകരുടെ ചിതറിപ്പോകലിനെ മറികടക്കാനും ഒരു പരിധിവരെ ബ്യൂറോക്രസിയുടെ തിന്മകളെ ചെറുക്കാനും ഇത് സഹായിക്കും എന്നതിനാൽ ഇത് നമുക്കുപകാരപ്രദമാണ്. എത്രത്തോളമാകാമെന്നത് പ്രായോഗിക അനുഭവം തെളിയിക്കും. തൊഴിലാളിവർഗം അധികാരം കൈകളിൽ മുറുകെ പിടിക്കുകയും ഗതാഗതത്തിന്റെയും വൻകിട വ്യവസായത്തിന്റെയും പൂർണ നിയന്ത്രണം കൈവശം വയ്ക്കുകയും ചെയ്യുന്ന കാലത്തോളം തൊഴിലാളിവർഗത്തിന് അപകടമില്ല''.

റഷ്യയിലെ കമ്യൂണിസ്റ്റ് പാർടി അനുഭവിച്ച സമാനമായ പ്രശ്നംതന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയും അഭിമുഖീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലെനിൻ റഷ്യയിൽ ചെയ്തതുപോലെതന്നെ പുതിയ സാങ്കേതികവിദ്യകൾ ലഭിക്കുന്നതിനായി വിദേശ നിക്ഷേപം കൊണ്ടുവന്നത്. ലെനിന്റെ ഈ നയം ചൈനീസ് സാഹചര്യത്തിനനുസരിച്ച് വികസിപ്പിക്കുകയാണ് ദെങ്‌ സിയാവോ പിങ് ചെയ്തത്. പുത്തൻ സാമ്പത്തിക നയവും തുറന്ന വാതിൽ നയവും സമാനമായ പ്രശ്നങ്ങൾ മറികടക്കാനുള്ള ഇടപെടലായിരുന്നു. വിയറ്റ്നാം കമ്യൂണിസ്റ്റ് പാർടിയും ഈ ദിശയിൽ സഞ്ചരിക്കുന്നുണ്ട്‌.

അമേരിക്കൻ ഉപരോധത്തെ നേരിടുന്ന ക്യൂബൻ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിന്‌  ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പുറത്തുനിന്ന്‌  നിക്ഷേപങ്ങൾക്ക് തയ്യാറാകാത്ത സ്ഥിതിയുണ്ടായി. നേരത്തേ സോവിയറ്റ് റഷ്യയുടെ പിന്തുണയും സഹായങ്ങളും ഇവർക്ക് ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ അതില്ലാതായി. മാത്രമല്ല ഉപരോധങ്ങളെ നേരിട്ടുകൊണ്ടാണ് അവർ മുന്നേറുന്നത്‌.

ചൈനയിലെയും  റഷ്യയിലെയും വിയറ്റ്നാമിലെയും അനുഭവങ്ങൾ വ്യക്തമാക്കുന്നത്‌ പിന്നാക്ക സമ്പദ്ഘടനയിൽ വിപ്ലവം നടന്നുകഴിഞ്ഞാൽ തുടർന്ന് ചെയ്യേണ്ട ഇടപെടലുകൾ എന്തൊക്കെയെന്നാണ്‌. ഇത്തരം രാജ്യങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിനാണ് മുതലാളിത്തത്തിന്റെ നിക്ഷേപങ്ങളും അവരുടെ സാങ്കേതികവിദ്യകളും സ്വീകരിക്കുന്നത്‌. പിന്നാക്ക രാജ്യങ്ങളിൽ വിപ്ലവം നടന്നുകഴിഞ്ഞാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അത് മനസ്സിലാക്കി ഇടപെട്ടുപോകുകയാണ് ചെയ്യേണ്ടതെന്നും ഈ അനുഭവ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ വികാസംകൊണ്ടുമാത്രം അതിന്റെ നേട്ടങ്ങൾ ജനങ്ങൾക്കാകെ ലഭിക്കുന്ന സ്ഥിതിയുണ്ടാകില്ല. അതിനായി  ജനകിയ അധികാരമുള്ള  ഭരണക്രമം രൂപപ്പെടേണ്ടതുണ്ട്. സാങ്കേതികവിദ്യ ആരുടെ നേട്ടങ്ങൾക്ക്‌ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രശ്നം

മാർക്സ് കമ്യൂണിസ്റ്റ് വ്യവസ്ഥയെ വിശകലനം ചെയ്തത് ഓരോരുത്തരും അവരവരുടെ ശേഷിക്കനുസരിച്ച് അധ്വാനിച്ചാൽ ആവശ്യമായതെല്ലാം കിട്ടുമെന്നാണ്. ഇത് സാധ്യമാണോയെന്ന ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. നിർമിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതിക വികാസം വെളിപ്പെടുത്തുന്നത്‌ കുറഞ്ഞ അധ്വാനത്തിന്റെ പശ്ചാത്തലത്തിൽത്തന്നെ വലിയ ഉൽപ്പാദനം സാധ്യമാകും എന്നതാണ്. അത്തരമൊരു കാലത്ത് ശേഷിക്കനുസരിച്ച് അധ്വാനിച്ചാൽ ആവശ്യമുള്ളതെല്ലാം ലഭിക്കുന്ന ലോകം സാധ്യമാകുകയും ചെയ്യും.

സാങ്കേതികവിദ്യയുടെ വികാസംകൊണ്ടുമാത്രം അതിന്റെ നേട്ടങ്ങൾ ജനങ്ങൾക്കാകെ ലഭിക്കുന്ന സ്ഥിതിയുണ്ടാകില്ല. അതിനായി  ജനകിയ അധികാരമുള്ള  ഭരണക്രമം രൂപപ്പെടേണ്ടതുണ്ട്. സാങ്കേതികവിദ്യ ആരുടെ നേട്ടങ്ങൾക്ക്‌ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രശ്നം. ജനങ്ങൾക്ക് ലഭിച്ച സാങ്കേതികവിദ്യ എന്ന വിഷയം ഇവിടെ ഉയർന്നുവരുന്നുണ്ട്. ഉയർന്ന സാങ്കേതികവിദ്യ വികസിച്ചിടത്ത് ജനകീയ ഭരണസംവിധാനം രൂപപ്പെടുത്തുമ്പോഴാണ് സോഷ്യലിസത്തിന്റെ സാധ്യതകൾ കൂടുതൽ സജീവമാകുന്നത്. പിന്നാക്ക സമ്പദ്ഘടനയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നുകഴിഞ്ഞാൽ ഉൽപ്പാദന വർധന നടത്തി നീതിയുക്തമായി വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കണം.

മുതലാളിത്തത്തിനകത്തുള്ള വൈരുധ്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് സോഷ്യലിസ്റ്റ് ലോകം അനിവാര്യമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥ കൂടുതൽ ജനപിന്തുണയാർജിക്കണമെങ്കിൽ ജീവിതത്തെ അനുദിനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.  അതിനായി പുതിയ സാങ്കേതികവിദ്യയും  ഉൽപ്പാദനങ്ങളും വേണം. ജനങ്ങളുടെ ജീവിതത്തെ സർഗാത്മകവും ജനാധിപത്യപരവുമായി വികസിക്കുന്നതിന് സോഷ്യലിസ്റ്റ് അടിത്തറയിൽനിന്നുകൊണ്ടുള്ള ഉൽപ്പാദന വർധനയുണ്ടാകണം. പ്രകൃതിയുടെ സാധ്യതകൂടി മനസ്സിലാക്കി ഇത് മുന്നോട്ടുകൊണ്ടുപോകാനാകണം. അത്തരം നിലപാടുകളിലേക്ക് ലോകം എത്തിച്ചേരുമെന്നാണ് ഈ അനുഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top