23 November Saturday

ജമ്മു കശ്‌മീർ, ഹരിയാന തെരഞ്ഞെടുപ്പ്‌ ; തിരിച്ചടി ഭയന്ന്‌ ബിജെപി

എം പ്രശാന്ത്‌Updated: Wednesday Sep 4, 2024

 

ലോക്‌സഭയിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ തുടരുന്ന ബിജെപിക്ക്‌ ഹരിയാനയിലെയും ജമ്മു -കശ്‌മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌. ഹരിയാനയിൽ 10 വർഷമായി ബിജെപി അധികാരത്തിലാണ്‌. ജമ്മു -കശ്‌മീരിൽ 2018 ജൂൺവരെ പിഡിപിക്കൊപ്പം ബിജെപി ഭരണത്തിലായിരുന്നു. തുടർന്ന്‌ കേന്ദ്രഭരണത്തിലൂടെ ബിജെപിതന്നെയാണ്‌ ജമ്മു -കശ്‌മീരിനെ നിയന്ത്രിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഹരിയാനയും ജമ്മു കശ്‌മീരുംകൂടി കൈവിടുന്ന സ്ഥിതിയുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ദുർബലമാകും. ജെഡിയുവിന്റെയും ടിഡിപിയുടെയും നിർണായക പിന്തുണയിൽ തുടരുന്ന കേന്ദ്രഭരണം സുഗമമായി മുന്നോട്ടുകൊണ്ടു പോകുന്നതും ദുഷ്‌കരമാകും.

ഈ മാസം 18, 24, ഒക്ടോബർ ഒന്ന്‌ എന്നിങ്ങനെ മൂന്ന്‌ ഘട്ടമായാണ്‌ ജമ്മു -കശ്‌മീരിലെ തെരഞ്ഞെടുപ്പ്‌. ഒക്ടോബർ അഞ്ചിന് ഹരിയാനയിലും. രണ്ടിടത്തും ഒക്ടോബർ എട്ടിന്‌ വോട്ടെണ്ണും. ഒക്ടോബർ ഒന്നിന്‌ നിശ്ചയിച്ചിരുന്ന ഹരിയാനയിലെ വോട്ടെടുപ്പ്‌ ബിജെപിയുടെ താൽപ്പര്യപ്രകാരമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അഞ്ചിലേക്ക്‌ മാറ്റിയത്‌.

ജമ്മു -കശ്‌മീരിൽ 
10 വർഷത്തിനുശേഷം
നീണ്ട 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമുള്ള ജമ്മു -കശ്‌മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ്‌. സെപ്‌തംബറിനുള്ളിൽ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എത്രയുംവേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്‌. എന്നാൽ, സമയപരിധി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രം സംസ്ഥാന പദവിയുടെ കാര്യത്തിൽ തീരുമാനം നീട്ടുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ കേന്ദ്രം തയ്യാറായതുതന്നെ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചതിനാലാണ്‌.

തെരഞ്ഞെടുപ്പ്‌ നടന്നാൽത്തന്നെയും ജമ്മു കശ്‌മീരിന്റെ നിയന്ത്രണം ലെഫ്‌. ഗവർണറിലൂടെ തുടർന്നും ഉറപ്പിച്ചുനിർത്തുന്നതിന്‌ ആവശ്യമായ നിയമഭേദഗതികൾ കേന്ദ്രം കൊണ്ടുവന്നു. ജൂലൈയിൽ ഭരണനിർവഹണ ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ ലെഫ്‌. ഗവർണർക്ക്‌ കൂടുതൽ അധികാരങ്ങൾ കൈമാറി. ഐഎഎസ്‌–- ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ പൂർണമായ നിയന്ത്രണം ലെഫ്‌. ഗവർണർക്കായിരിക്കും. ഇതിനു പുറമെ അഴിമതിവിരുദ്ധ ബ്യൂറോ, ഡയറക്ടറേറ്റ്‌ ഓഫ്‌ പബ്ലിക് പ്രോസിക്യൂഷൻ, ജയിൽ, ഫോറൻസിക് സയൻസ്‌ ലാബ്‌ എന്നിവയുടെ നിയന്ത്രണവും ലെഫ്‌. ഗവർണർക്കാണ്‌. അഡ്വക്കറ്റ്‌ ജനറൽ അടക്കമുള്ള നിയമ ഉദ്യോഗസ്ഥരെയും ലെഫ്‌. ഗവർണറാകും നിയമിക്കുക. പ്രോസിക്യൂഷൻ അനുമതി നൽകൽ, അപ്പീലുകൾ സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലും പുതിയ സർക്കാരിന്‌ ലെഫ്‌. ഗവർണറുടെ അനുമതി തേടേണ്ടതായി വരും.

ജമ്മു കശ്‌മീരിൽ സർക്കാർ രൂപീകരിക്കാനാകില്ലെന്ന കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ്‌ കേന്ദ്ര ബിജെപി സർക്കാർ ലെഫ്‌. ഗവർണറുടെ അധികാരങ്ങൾ വർധിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുമുമ്പായി മണ്ഡല പുനർനിർണയത്തിലൂടെയും തങ്ങൾക്ക്‌ അനുകൂലസാഹചര്യം സൃഷ്ടിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. സീറ്റുകൾ പുനർനിർണയത്തിലൂടെ 90 ആയി ഉയർത്തിയപ്പോൾ ജമ്മുമേഖലയിൽ ഏഴ്‌ സീറ്റ്‌ കൂട്ടി. കശ്‌മീർമേഖലയിൽ ഒരു സീറ്റ്‌ മാത്രമാണ്‌ വർധിച്ചത്‌. ജനസംഖ്യയിൽ 43.6 ശതമാനം മാത്രമാണ്‌ ജമ്മുവിൽ. എന്നാൽ, ഇവിടെ സീറ്റുകൾ 37ൽനിന്ന്‌ 43 ആയി വർധിപ്പിച്ചു. ജനസംഖ്യയുടെ 56.3 ശതമാനമുള്ള കശ്‌മീരിലെ സീറ്റുകൾ 46ൽനിന്ന്‌ 47 ആയിമാത്രം ഉയർത്തി. ഇതിനു പുറമെ നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചായി വർധിപ്പിച്ചു.

ഇതെല്ലാമായിട്ടും ജമ്മു -കശ്‌മീരിൽ ആത്മവിശ്വാസം നഷ്ടമായ നിലയിലാണ്‌ ബിജെപി. നേതാക്കളുടെ സീറ്റുകൾക്കായുള്ള പിടിവലി കാരണം ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക പൂർണമായി പിൻവലിക്കേണ്ടിവന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്‌ പല മുതിർന്ന നേതാക്കളും രാജിവച്ചു. മറ്റു പാർടികളിൽനിന്ന്‌ കൂറുമാറി എത്തുന്ന നേതാക്കൾക്ക്‌ പരിഗണന നൽകുന്നെന്ന ആക്ഷേപമാണ്‌ രാജിവച്ചവർ ഉയർത്തുന്നത്‌. കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, ജിതേന്ദ്ര സിങ്‌, ജനറൽ സെക്രട്ടറി തരുൺ ചുഗ്‌ എന്നിവർ ദിവസങ്ങളായി ജമ്മുവിൽ ക്യാമ്പ്‌ ചെയ്‌ത്‌ നേതാക്കളുടെ ഒഴുക്ക്‌ തടയാനുള്ള ശ്രമത്തിലാണ്‌. ആർഎസ്‌എസ്‌ നേതാവ്‌ രാം മാധവിനെയും നിർവാഹമില്ലാതെ ബിജെപി നേതൃത്വം രംഗത്തിറക്കിയിട്ടുണ്ട്‌.

നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലാണ്‌ മത്സരം. 32 സീറ്റിൽ കോൺഗ്രസും 51 സീറ്റിൽ എൻസിയും മത്സരിക്കുന്നു. അഞ്ചു മണ്ഡലത്തിൽ ഇരു പാർടിയും സൗഹൃദമത്സരത്തിലാണ്‌. കുൽഗാമിൽ സിപിഐ എം സ്ഥാനാർഥി മുഹമദ്‌ യൂസഫ്‌ തരിഗാമിയെ പിന്തുണയ്‌ക്കുമെന്ന്‌ ഇരു പാർടിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റൊരു സീറ്റിൽ പാന്തേഴ്‌സ്‌ പാർടിയെയും പിന്തുണയ്‌ക്കുന്നു. ദേശീയതലത്തിൽ ഇന്ത്യ കൂട്ടായ്‌മയ്‌ക്കൊപ്പമുള്ള മെഹ്‌ബൂബ മുഫ്‌തിയുടെ പിഡിപി ജമ്മു -കശ്‌മീരിൽ തനിച്ചാണ്‌ മത്സരിക്കുന്നത്‌. മെഹ്‌ബൂബ മുഫ്‌തി മത്സരരംഗത്തില്ല. മത്സരിക്കില്ലെന്ന്‌ ആദ്യം പ്രഖ്യാപിച്ച ഒമർ അബ്ദുള്ള പിന്നീട്‌ ഗന്ധർബലിൽ സ്ഥാനാർഥിയായി. നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ പല പ്രവർത്തകരും സ്വതന്ത്രരായി രംഗത്തുണ്ട്‌. മുൻ കോൺഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട്‌ പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു.

ഹരിയാനയിലും 
ബിജെപി ആശങ്കയിൽ
പത്തുവർഷമായി ഭരണത്തിലുള്ള ഹരിയാനയിൽ കടുത്ത ഭരണവിരുദ്ധ വികാരത്തെയാണ്‌ ബിജെപി അഭിമുഖീകരിക്കുന്നത്‌. കർഷകസമരത്തെ അടിച്ചമർത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ ജനങ്ങളിൽ വലിയ അതൃപ്‌തി സൃഷ്ടിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച് പ്രബലമായ ജാട്ട്‌ വിഭാഗക്കാർക്കിടയിൽ. ഗുസ്‌തിതാരങ്ങളുടെ പ്രക്ഷോഭത്തോട്‌ ബിജെപി സ്വീകരിച്ച സമീപനവും ജാട്ടുകൾ അകലുന്നതിനു കാരണമായി. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പായി ജാട്ടുകളെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയെപ്പോലും മാറ്റി. മനോഹർലാൽ ഖട്ടറിനു പകരമായി നയബ്‌ സിങ്‌ സെയ്‌നിയെ മുഖ്യമന്ത്രിക്കസേരയിലേക്ക്‌ കൊണ്ടുവന്നെങ്കിലും ഭരണവിരുദ്ധ വികാരത്തെ തടയാനായിട്ടില്ല. സെയ്‌നിയുടെ പരിചയക്കുറവ്‌ തിരിച്ചടിയായി.

ലോക്‌സഭയിൽ ഹരിയാനയിൽ കോൺഗ്രസും ബിജെപിയും അഞ്ചു സീറ്റിൽവീതമാണ്‌ ജയിച്ചത്‌. വോട്ടുശതമാനത്തിൽ കോൺഗ്രസായിരുന്നു മുന്നിൽ. ലോക്‌സഭയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എഎപി നിയമസഭയിൽ തനിച്ചാണ്‌ മത്സരിക്കുന്നത്‌. ഭരണത്തിൽ തിരിച്ചെത്താനുള്ള നല്ല സാധ്യത നിലനിൽക്കുമ്പോഴും ഗ്രൂപ്പുപോര്‌ കോൺഗ്രസിന്‌ തലവേദനയാവുകയാണ്‌. ഭൂപീന്ദർ ഹൂഡ വിഭാഗവും കുമാരി ഷെൽജയും രൺദീപ്‌ സിങ്‌ സുർജെവാലയും ഉൾപ്പെടുന്ന ഗ്രൂപ്പുമാണ്‌ പോരടിക്കുന്നത്‌. നേതാക്കളുടെ തമ്മിലടി കാരണം സീറ്റുനിർണയംപോലും ദുഷ്‌കരമായി. കർഷകസമരവും ഗുസ്‌തിതാരങ്ങളുടെ പ്രക്ഷോഭവുമൊക്കെ അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. വിനേഷ്‌ ഫോഗട്ടിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമവും കോൺഗ്രസ്‌ നടത്തുന്നുണ്ട്‌.

ഹരിയാനയിൽ സമീപകാലത്തുവരെ രാഷ്ട്രീയശക്തിയായിരുന്ന ചൗട്ടാല കുടുംബം നിലവിൽ ദുർബലമാണ്‌. അവർക്കിടയിലെ ഭിന്നിപ്പ്‌ ഐഎൻഎൽഡി എന്ന രാഷ്ട്രീയ പാർടിയെ പിളർത്തുകയും ദുഷ്യന്ത്‌ ചൗട്ടാലയുടെ നേതൃത്വത്തിൽ ജൻനായക്‌ ജനതാ പാർടിയെന്ന പുതിയ സംഘടനയ്‌ക്ക്‌ വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റിൽ ജയിച്ച ജെജെപി ബിജെപിക്കൊപ്പം ചേർന്ന്‌ സർക്കാർ രൂപീകരിച്ചു. കർഷകസമര ഘട്ടത്തിൽ ബിജെപിക്കുള്ള പിന്തുണ ജെജെപി പിൻവലിച്ചെങ്കിലും ജാട്ട്‌ വിഭാഗക്കാർ ആ പാർടിയിൽനിന്ന്‌ അകന്നു. ലോക്‌സഭയിൽ ഐഎൻഎൽഡിയും ജെജെപിയും ഒരേപോലെ തകർന്നടിഞ്ഞു. ഇപ്പോൾ ചന്ദ്രശേഖർ ആസാദിന്റെ ആസാദ്‌ സമാജ്‌ പാർടിയുമായി സഖ്യം രൂപീകരിച്ച്‌ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്‌ ജെജെപി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top