19 December Thursday

ഹരിയാനയിൽ ബിജെപിയെ ജയിപ്പിച്ചത്‌ കോൺഗ്രസ്‌

വി ബി പരമേശ്വരൻUpdated: Wednesday Oct 9, 2024

 

ബിജെപിയെ നേരിട്ടുള്ള മത്സരത്തിൽ തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപിയോടുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട കോൺഗ്രസ് ഹരിയാനയിലും അതാവർത്തിച്ചിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ കൂട്ടായ്‌മ’ ഉണ്ടാക്കിയ മുന്നേറ്റത്തെ പിന്നോട്ട് വലിക്കുന്നതായി ഹരിയാനയിൽ കോൺഗ്രസിന്റെ പരാജയം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ‘ഇന്ത്യ കൂട്ടായ്‌മ’യുടെ നേതൃസ്ഥാനത്ത് കോൺഗ്രസല്ല എന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം. മഹാരാഷ്ട്രയിൽ ഉദ്ദവ്താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമാണ് ‘ഇന്ത്യ കൂട്ടായ്‌മ’യുടെ  മുഖം. ജാർഖണ്ഡിലാകട്ടെ ഹേമന്ത് സോറന്റെ ജെഎംഎമ്മും.

ജമ്മു- കശ്മീരിൽ ‘ഇന്ത്യ കൂട്ടായ്‌മ’യുടെ വിജയം പ്രാദേശികകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ വിജയമാണ്. അതിൽ കോൺഗ്രസിന്റെ സംഭാവന തുച്ഛമാണെന്ന് അവർ നേടിയ സീറ്റുകളും ജമ്മുവിൽ അവരുടെ പ്രകടനവും വ്യക്തമാക്കുന്നു. കശ്മീരിലെ കോട്ട ഞങ്ങൾ കാത്തുകൊള്ളും, ബിജെപിക്ക് മുൻകൈയുള്ള ജമ്മുവിൽ പോരാട്ടം കേന്ദ്രീകരിക്കാൻ കോൺഗ്രസിനോട് പറയേണ്ടിവന്നു നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ളയ്‌ക്ക്. ജമ്മുവിൽ ബിജെപിയുടെ മുന്നേറ്റം തടയുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ കൂട്ടായ്‌മ’യുടെ  മുന്നേറ്റം പ്രാദേശികകക്ഷികൾ ശക്തമായ ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

കശ്മീരിൽ നാഷണൽ കോൺഫറൻസിന്റെ വിജയം ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണ്. സുപ്രീംകോടതിയുടെ നിർദേശവും ജനങ്ങളുടെ പ്രക്ഷോഭവും കാരണമാണ് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം തയ്യാറായത്. എന്നാൽ, സംസ്ഥാനപദവി നൽകണമെന്ന സുപ്രീംകോടതി നിർദേശം ഇതുവരെയും പ്രാവർത്തികമായിട്ടില്ല.

ഭരണഘടനയിലെ 370–--ാം വകുപ്പ് റദ്ദാക്കി, ജമ്മു- കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനുശേഷം നടത്തിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽത്തന്നെ ബിജെപിക്ക് പരാജയത്തിന്റെ രുചി അറിയേണ്ടി വന്നത് ചരിത്രം നൽകുന്ന പാഠങ്ങളിൽ ഒന്നാണ്. പ്രത്യേകപദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നായി മാറിയ ജമ്മു കശ്മീരിനെ വികസനക്കുതിപ്പിലേക്ക് നയിച്ചെന്നും ഭീകരവാദത്തിനും ഭീകരാക്രമണങ്ങൾക്കും അന്ത്യമിട്ടെന്നും വാദിച്ച ബിജെപി, ‘ഭീകരവാദികളെയും വിഘടനവാദികളെയും സഹായിക്കുന്ന രാഷ്ട്രീയകുടുംബം നയിക്കുന്ന നാഷണൽ കോൺഫറൻസിനെ പരാജയപ്പെടുത്തണ’മെന്നാണ് ആഹ്വാനം ചെയ്തത്. ആ ലക്ഷ്യം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു. വിജയം ഉറപ്പിക്കാനായി പുതിയ സെൻസസ് വരുന്നതു കാത്തുനിൽക്കാതെ ജമ്മു കശ്മീരിൽമാത്രം മണ്ഡലപുനർനിർണയം നടത്തുകയും ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവിൽ ആറ് സീറ്റ് വർധിപ്പിക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിൽ ഒരു സീറ്റ് മാത്രമാണ് വർധിപ്പിച്ചത്. അതോടൊപ്പം ജനവിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പേരെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ലഫ്. ഗവർണർക്ക് പ്രത്യേക അധികാരങ്ങളും നൽകി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പഹാഡി ജനതയ്‌ക്ക് (മലമ്പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്) സംവരണം നൽകി, എസ്ടി സംവരണം പത്ത് ശതമാനത്തിൽനിന്ന് 20 ആയി ഉയർത്താൻ തീരുമാനിച്ചത്. പീർ പഞ്ചാൽ മേഖലയിലെ ഏതാനും സീറ്റുകൾ നേടാനായിരുന്നു ഈ നീക്കം. ബിജെപിയുടെ കുത്സിതനീക്കം ഇവിടം കൊണ്ടവസാനിച്ചില്ല. നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമിയെയും എൻജിനിയർ റഷീദ് എംപി നേതൃത്വം നൽകുന്ന അവാമി ഇത്തെഹാദിനെയും ഇറക്കി ഇന്ത്യ കൂട്ടായ്‌മയുടെ മുന്നേറ്റം തടയാൻ ശ്രമിച്ചു. സിപിഐ എമ്മിനെ തോൽപ്പിക്കാൻ കുൽഗാമിൽ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥിയെ നിർത്തി. കേന്ദ്രം അവർക്ക് എല്ലാവിധ പിന്തുണ നൽകുകയും ചെയ്തെങ്കിലും സംസ്ഥാന പദവിക്കും സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങൾക്കും നിലകൊണ്ട തരിഗാമി അഞ്ചാംതവണയും വിജയിച്ചു. കശ്മീരിൽ നാഷണൽ കോൺഫറൻസിന്റെ വിജയം ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണ്. സുപ്രീംകോടതിയുടെ നിർദേശവും ജനങ്ങളുടെ പ്രക്ഷോഭവും കാരണമാണ് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം തയ്യാറായത്. എന്നാൽ, സംസ്ഥാനപദവി നൽകണമെന്ന സുപ്രീംകോടതി നിർദേശം ഇതുവരെയും പ്രാവർത്തികമായിട്ടില്ല. പുതിയ സർക്കാരിന്റെ മുമ്പിലുള്ള പ്രധാനവെല്ലുവിളിയും ഇതുതന്നെയായിരിക്കും. ഒപ്പം പ്രത്യേകപദവി തിരികെ ലഭിക്കലും. ബിജെപിയുമായി കൈകോർത്ത് രണ്ടു വർഷം കശ്മീർ ഭരിച്ച മെഹ്ബൂബ മുഫ്തിയുടെ പിഡിപിയെ ജനങ്ങൾ ശിക്ഷിച്ചു. പത്ത് വർഷംമുമ്പ്  28 സീറ്റ് ലഭിച്ച പിഡിപിക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.

മാധ്യമറിപ്പോർട്ടുകൾക്കും അഭിപ്രായ സർവേകൾക്കും കടകവിരുദ്ധമായ ഫലമാണ് ഹരിയാനയിൽ ഉണ്ടായത്. വോട്ടെണ്ണുന്നതിന് തലേദിവസം മുഖ്യമന്ത്രി നയിബ് സിങ് സൈനി പറഞ്ഞത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിൽ ബിജെപി നേടിയതുപോലുള്ള വിജയം നേടുമെന്നായിരുന്നു. ഒകോബർ ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് വിജയം ഉറപ്പാക്കാൻ ഞങ്ങളുടെ കൈവശം എല്ലാ സംവിധാനങ്ങളും ഉണ്ടെന്നായിരുന്നു. ബിജെപിയുടെ കൈവശമുള്ള അധികാരം, പണം, തെരഞ്ഞെടുപ്പ് കമീഷൻ എന്നീ ഘടകങ്ങളെ കോൺഗ്രസ് കണക്കിലെടുത്തില്ല എന്നുവേണം കരുതാൻ.

കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്ന് കണ്ടതോടെ ഓരോ സീറ്റിലും വിജയിക്കാനുള്ള പ്രത്യേക തന്ത്രമാണ് ബിജെപി പയറ്റിയത്. അതിന്റെ ഭാഗമായാണ് സിർസയിൽ കുപ്രസിദ്ധനായ ഗോപാൽ കാണ്ഡയെ പരസ്യമായും ഹിസാറിൽ സാവിത്രി ജിൻഡാലിനെ രഹസ്യമായും പിന്തുണച്ചത്.

ബിജെപിക്കെതിരെ സമാനചിന്താഗതിയുള്ള പാർടികളെ കൂട്ടിയോജിപ്പിക്കുന്നതിൽ കോൺഗ്രസ് കാര്യമായ ശ്രമം നടത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ആം ആദ്മി പാർടിയെ സഖ്യത്തിന്റെ ഭാഗമാക്കാൻ തയ്യാറായില്ല. തനിച്ച് വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് കാരണം. സ്ഥാനാർഥിനിർണയംമുതൽ കോൺഗ്രസിന് പാളം തെറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച 31ൽ രണ്ട് പേരൊഴിച്ച് എല്ലാവർക്കും ഇക്കുറി സീറ്റ് നൽകി. ഇതിൽ 17 പേരുടെ വിജയസാധ്യത ഏഴ് ശതമാനം മാത്രമാണെന്ന് അറിഞ്ഞിട്ടും മാറ്റാൻ ഹൂഡ തയ്യാറായില്ല. മൂന്നിലധികം തെരഞ്ഞെടുപ്പിൽ തോറ്റ ആറു പേർക്ക് ഹൂഡയുടെ പക്ഷക്കാരാണ് എന്നതുകൊണ്ടുമാത്രം സീറ്റ് നൽകി. എന്നാൽ, ബിജെപിയാകട്ടെ ഭൂരിപക്ഷം സിറ്റിങ് എംഎൽഎമാരെയും മാറ്റി. ബിജെപി ആദ്യമായി അധികാരമേറിയ 2014ൽ സംസ്ഥാന അധ്യക്ഷനായ രാം ബിലാസ് ശർമയ്‌ക്കുപോലും സീറ്റ് നൽകിയില്ല. കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്ന് കണ്ടതോടെ ഓരോ സീറ്റിലും വിജയിക്കാനുള്ള പ്രത്യേക തന്ത്രമാണ് ബിജെപി പയറ്റിയത്. അതിന്റെ ഭാഗമായാണ് സിർസയിൽ കുപ്രസിദ്ധനായ ഗോപാൽ കാണ്ഡയെ പരസ്യമായും ഹിസാറിൽ സാവിത്രി ജിൻഡാലിനെ രഹസ്യമായും പിന്തുണച്ചത്. മൂന്ന് ഡസനിലധികം സീറ്റിൽ ഈതന്ത്രം ബിജെപി പയറ്റി. ഭരണവിരുദ്ധ വികാരത്തിന്റെ കേന്ദ്രമായ മനോഹർലാൽ ഖട്ടറെ പൊതുപ്രചാരണത്തിൽനിന്ന്‌ മാറ്റി നിർത്തി. ഒരു പോസ്റ്ററിലും ഖട്ടറുടെ മുഖമില്ല.

എന്നാൽ, കോൺഗ്രസാകട്ടെ പൂർണമായും ഭുപീന്ദർ സിങ് ഹൂഡയിൽ വിശ്വാസമർപ്പിച്ചു. കോൺഗ്രസ് മത്സരിച്ച 89 സീറ്റിൽ 72ഉം ഹൂഡ പക്ഷക്കാർക്കായിരുന്നു. ലോക്‌സഭയിൽ കോൺഗ്രസിനെ പിന്തുണച്ച 20 ശതമാനം വരുന്ന ദളിതരുടെ നേതാവായി അറിയപ്പെട്ട കുമാരി ഷെൽജയുടെ പക്ഷക്കാർക്ക് എട്ടു സീറ്റാണ്‌ നൽകിയത്. ഇതിൽ പ്രതിഷേധിച്ച് ഷെൽജ ഒരാഴ്ച പ്രചാരണത്തിനിറങ്ങിയില്ല. ഹൂഡയെയും ഷെൽജയെയും ഒരുമിച്ച് പ്രചാരണത്തിനിറക്കാൻ കോൺഗ്രസ് നേതൃത്വം ഒരു ശ്രമവും നടത്തിയില്ല. രാഹുൽഗാന്ധി പങ്കെടുത്ത ഒരു റാലിയിൽ മാത്രമാണ് ഇരുവരും വേദി പങ്കിട്ടത്. ഷെൽജ സ്വന്തം സ്ഥാനാർഥികളുടെ മണ്ഡലത്തിൽമാത്രം ഒതുങ്ങി. ഹൂഡ പക്ഷക്കാർ ഷെൽജയെ അടുപ്പിച്ചില്ല.

അധികാരം വീണ്ടും ജാട്ടുകളിലേക്ക് വരുന്നെന്ന ഭീതിപരത്തി ജാട്ട് ഇതര  ഭൂരിപക്ഷമുള്ള ദക്ഷിണ ഹരിയാനയിലെയും ജിടി റോഡ് മേഖലയിലെയും വോട്ട് കൂടെ നിർത്താൻ ബിജെപി ശ്രമിച്ചു. അതോടൊപ്പം കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജാട്ട്, ദളിത് വോട്ടുകൾ ഭിന്നിപ്പിക്കാനും പണമിറക്കി

കോൺഗ്രസിലെ ഈ തർക്കം ജാതിവൈരം വളർത്താൻ ബിജെപി ഉപയോഗിച്ചു. ദളിതരെ കോൺഗ്രസ് അവഗണിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. കോൺഗ്രസ്‌ വന്നാൽ ജാട്ട് ഭരണമായിരിക്കുമെന്ന സന്ദേശമാണ് ഇതുവഴി പ്രധാനമന്ത്രി നൽകാൻ ശ്രമിച്ചത്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രം ബിജെപിയുടെ ഡിഎൻഎയാണ്. ഒരു വശത്ത് ജനസംഖ്യയിൽ 25 ശതമാനം വരുന്ന ജാട്ടുകളെ 20 ശതമാനം വരുന്ന ദളിതർക്കെതിരെ തിരിച്ചുവിട്ടപ്പോൾ മറുവശത്ത് ജാട്ട്‌ വോട്ടുകൾ ഭിന്നിപ്പിക്കാനും അവർ തന്ത്രങ്ങൾ മെനഞ്ഞു. ജാട്ട്‌ രാഷ്ട്രീയത്തിന് പേരുകേട്ട ഹരിയാനയിൽ ആദ്യം അധികാരം ലഭിച്ചപ്പോൾ ബിജെപി മുഖ്യമന്ത്രിയാക്കിയത് ജാട്ട് ഇതര വിഭാഗത്തിൽപ്പെട്ട പഞ്ചാബ് ഖത്രിയായ ഖട്ടറെയാണ്. പഞ്ചാബികളും ബനിയകളും ബ്രാഹ്മണരും ഉൾപ്പെടുന്ന 20 ശതമാനം വോട്ടാണ് ബിജെപിയുടെ അടിത്തറ. ജാട്ട് വംശജനായ ഭൂപീന്ദർ ഹൂഡയെ കോൺഗ്രസ് ഉയർത്തിക്കാട്ടിയത് ജാട്ട്, -ജാട്ട് ഇതര സമവാക്യം സൃഷ്ടിക്കാൻ ബിജെപിക്ക് സഹായകമായി. അധികാരം വീണ്ടും ജാട്ടുകളിലേക്ക് വരുന്നെന്ന ഭീതിപരത്തി ജാട്ട് ഇതര  ഭൂരിപക്ഷമുള്ള ദക്ഷിണ ഹരിയാനയിലെയും ജിടി റോഡ് മേഖലയിലെയും വോട്ട് കൂടെ നിർത്താൻ ബിജെപി ശ്രമിച്ചു. അതോടൊപ്പം കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജാട്ട്, ദളിത് വോട്ടുകൾ ഭിന്നിപ്പിക്കാനും പണമിറക്കി. അഭയ് ചൗട്ടാലയുടെ ഐഎൻഎൽഡി, ബിഎസ്‌പിയുമായി സഖ്യം സ്ഥാപിച്ച് എല്ലാ സീറ്റിലും മത്സരിച്ചു. ഐഎൻഎൽഡി ഭിന്നിച്ചുണ്ടായ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപി, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർടിയുമായി സഖ്യത്തിൽ മത്സരിച്ചു. അഭയ് ചൗട്ടാലയ്‌ക്ക് പണവും ആവശ്യമായ സൗകര്യങ്ങളും നൽകിയത് ബിജെപിയാണെന്ന് മാധ്യമവാർത്തകൾപോലും വന്നു.

ബിജെപിയെ അപേക്ഷിച്ച് സംഘടനാപരമായി ദുർബലമായിരുന്നു കോൺഗ്രസ്. ബിജെപി അധികാരത്തിലിരുന്ന പത്ത് വർഷമായി കോൺഗ്രസിന് സംസ്ഥാനത്ത് സംഘടനാസംവിധാനമില്ല. ഹൂഡയുടെ വിശ്വസ്തനെ പിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിയമിച്ചിട്ടുണ്ടെങ്കിലും പല ജില്ലകളിലും കമ്മിറ്റികളോ അധ്യക്ഷന്മാരോ ഇല്ല. ഹൂഡ ആൻഡ്‌ കമ്പനി ഒരു എൻജിഒ പോലെയാണ് പാർടിയെ കൊണ്ടുനടക്കുന്നത് എന്നതായിരുന്നു ഷെൽജയുടെ ആരോപണം. അതിന് ചെവി കൊടുക്കാനോ സംഘടന കെട്ടിപ്പടുക്കാനോ രാഹുലോ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലോ തയ്യാറായതുമില്ല. തങ്ങളെ ജയിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന ധിക്കാര സമീപനമായിരുന്നു കോൺഗ്രസിന്. അവസരത്തിനൊത്ത് ഉയരുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഈ പരാജയത്തിൽനിന്ന്‌ പാഠം ഉൾക്കൊണ്ടെങ്കിലും ഒരു രാഷ്ട്രീയപാർടിയായി കോൺഗ്രസ് പ്രവർത്തിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top