08 September Sunday

വെടിയൊച്ച നിലയ്ക്കാതെ 
ജമ്മു കശ്‌മീർ

എം പ്രശാന്ത്‌Updated: Thursday Jul 18, 2024

 

ബിജെപിക്ക്‌ ഭൂരിപക്ഷമില്ലാത്ത പുതിയ എൻഡിഎ സർക്കാർ ജൂൺ ഒമ്പതിന്‌ സത്യപ്രതിജ്ഞ ചെയ്‌ത ദിവസംതന്നെയാണ്‌ ജമ്മുവിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ്‌ ഒരുസംഘം ഭീകരർ പതിയിരുന്നാക്രമിച്ച്‌ ഒമ്പതുപേരെ കൊലപ്പെടുത്തിയത്‌. തുടർന്നിങ്ങോട്ട്‌ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിലേറി 38 ദിവസം പിന്നിടുമ്പോൾ ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി ജമ്മു -കശ്‌മീരിൽ കൊല്ലപ്പെട്ടത്‌ 33 പേരാണ്‌. ഇതിൽ 13 പേർ സുരക്ഷാഭടൻമാരാണ്‌. 11 ഭീകരരും ഒമ്പത്‌ തദ്ദേശീയരും കൊല്ലപ്പെട്ടു. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു.

ജൂലൈ മൂന്നിന്‌ രാജ്യസഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്‌ ജമ്മു -കശ്‌മീരിൽ ഭീകരതയ്‌ക്കെതിരായ പോരാട്ടം അതിന്റെ അന്തിമഘട്ടത്തിൽ എത്തിയെന്നാണ്‌. കഴിഞ്ഞ 10 വർഷമായി ജമ്മു -കശ്‌മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവരികയാണെന്നും മോദി പറഞ്ഞു. ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരതയും അവസാനിച്ചെന്നാണ്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അവകാശവാദം. കശ്‌മീരിൽ ഭീകരത അവസാനിച്ചെന്ന്‌ പാർലമെന്റിൽ പലവട്ടം അമിത്‌ ഷാ പ്രസ്‌താവിച്ചു. എന്നാൽ, സമീപകാലത്ത്‌ ജമ്മു -കശ്‌മീരിൽനിന്ന്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അവകാശവാദങ്ങളെ പൊളിക്കുന്നതാണ്‌.

ജമ്മു ഭീകരരുടെ 
പുതിയ തട്ടകം

ഏതാനും മാസങ്ങളായി ജമ്മുവിൽ ജനങ്ങളാകെ ആശങ്കയിലാണ്‌. ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ്‌ അവർ. കശ്‌മീർ താഴ്‌വരയിൽ കേന്ദ്രീകരിച്ചിരുന്ന തീവ്രവാദി സംഘടനകൾ നിലവിൽ ജമ്മുവിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുന്നു. ജമ്മുവിലെ നിബിഡ വനങ്ങളും ദുർഘടമായ മലനിരകളും ഭീകരർക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌. 2021 മുതലാണ്‌ ജമ്മുവിൽ ഭീകരാക്രമണങ്ങൾ വർധിച്ചുതുടങ്ങിയത്‌. പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുശേഷം ആക്രമണം കൂടുതൽ തീവ്രമായി.

ജമ്മുവിലെയും പഞ്ചാബിലെയും അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്ഥാനിൽനിന്ന്‌ നുഴഞ്ഞുകയറിയ ഭീകരരാണ്‌ ഇപ്പോഴത്തെ ആക്രമണങ്ങൾക്ക്‌ പിന്നിലെന്നാണ്‌ ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ. മൂന്നോ നാലോ ഭീകരർ അടങ്ങുന്ന ചെറുസംഘങ്ങളായാണ്‌ ഇവരുടെ സഞ്ചാരവും ആക്രമണവും. ഇത്തരത്തിൽ പത്തോളം ഭീകരസംഘങ്ങൾ ജമ്മുവിൽ സജീവമായിട്ടുണ്ടെന്നാണ്‌ പൊലീസിന്റെ വിലയിരുത്തൽ. റിയാസിയിൽ തീർഥാടകരുടെ ബസ്‌ ആക്രമിച്ചതും കത്വയിലും ദോഡയിലും കഴിഞ്ഞ ദിവസങ്ങളിലെ മിന്നലാക്രമണത്തിനു പിന്നിലും ഇത്തരം സംഘങ്ങളാണ്‌.


 

കഴിഞ്ഞയാഴ്‌ച കത്വയിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച്‌ അഞ്ചു സൈനികരെ ഭീകരർ കൊലപ്പെടുത്തിയശേഷം ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഡ്രോണുകളും ഹെലികോപ്‌റ്ററുകളും മറ്റും ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ്‌ കഴിഞ്ഞദിവസം ദോഡയിൽ വീണ്ടും ആക്രമണമുണ്ടായത്‌. ഗറില്ലാ രീതിയിലുള്ള മിന്നലാക്രമണങ്ങൾക്ക്‌ പരിശീലനം ലഭിച്ച ഭീകരരാണ്‌ നിലവിൽ ജമ്മുവിൽ സജീവമായിട്ടുള്ളത്‌. ഉൾവനങ്ങളിലാണ്‌ ഇവർ താവളമടിച്ചിട്ടുള്ളത്‌. ദുർഘട പ്രദേശമായതിനാൽ ഇവർക്കായുള്ള തെരച്ചിലും പ്രയാസകരം. ദോഡ, കത്വ, ഉധംപുർ, ജമ്മു ജില്ലകൾ കേന്ദ്രീകരിച്ചാണ്‌ പൊലീസും സൈനികരും ഉൾപ്പെടുന്ന സംയുക്തസംഘം തെരച്ചിൽ തുടരുന്നത്‌.

ജമ്മുവിലെ 
ഭീകരവിരുദ്ധ പ്രവർത്തനം
ലഡാക്ക്‌ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തെത്തുടർന്ന്‌ ജമ്മു മേഖലയിൽനിന്ന്‌ സൈന്യത്തെ വലിയതോതിൽ അവിടേക്ക്‌ മാറ്റി വിന്യസിച്ചിരുന്നു. ജമ്മുവിൽ സൈനികരുടെ എണ്ണം കുറഞ്ഞതും ഭീകരർക്ക്‌ അനുകൂല ഘടകമായി മാറി. ജമ്മുവിലെ ഭൂമിശാസ്‌ത്ര പ്രത്യേകതകളും മറ്റും കണക്കിലെടുക്കുമ്പോൾ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ശരിയായ ആസൂത്രണം ആവശ്യമാണെന്ന്‌ സുരക്ഷാവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. തിരക്കുപിടിച്ചുള്ള നടപടികൾ ഫലം കാണില്ലെന്നു മാത്രമല്ല, സൈന്യത്തിന്‌ വലിയതോതിൽ നഷ്ടവും സംഭവിക്കും. സമീപ ദിവസങ്ങളിൽ കത്വയിലും ദോഡയിലും അത്‌ പ്രകടമാകുകയും ചെയ്‌തു.
കേന്ദ്രത്തിൽ പുതിയ സർക്കാർ വന്നതിനുശേഷം ജമ്മുവിലെ സുരക്ഷാപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ രണ്ട്‌ ഉന്നതതല യോഗങ്ങൾ ചേർന്നിരുന്നു. ജൂൺ 13നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ആദ്യ യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ദോവൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ജൂൺ 17ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിലും ഉന്നതതലയോഗം ചേർന്നു. ദോവലിനു പുറമെ കരസേനാ മേധാവി, ബിഎസ്‌എഫ്‌–- സിആർപിഎഫ്‌ തലവൻമാർ, ഐബി തലവൻ, ജമ്മു -കശ്‌മീർ ലെഫ്‌. ഗവർണർ, ഡിജിപി തുടങ്ങിയവർ യോഗത്തിൽ പങ്കാളികളായി. എന്നാൽ, ഇത്തരത്തിലുള്ള ഉന്നതതല യോഗങ്ങൾക്കുശേഷവും ജമ്മുവിലെ ഭീകരാക്രമണങ്ങൾ തുടരുകയും വർധിക്കുകയുമാണ്‌. ഫലപ്രദമായ ഭീകരവിരുദ്ധ തന്ത്രം ജമ്മുവിൽ ആവിഷ്‌കരിക്കുന്നതിൽ കേന്ദ്രം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌.

തെരഞ്ഞെടുപ്പിലേക്ക്‌ 
നീങ്ങുന്ന ഘട്ടം
സുപ്രീംകോടതി ഉത്തരവുപ്രകാരം ജമ്മു -കശ്‌മീരിൽ സെപ്‌തംബർ 30നു മുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം. അതിനായുള്ള ഒരുക്കങ്ങൾക്കിടെയാണ്‌ തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ജമ്മു -കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. മാത്രമല്ല, അധികാരങ്ങൾ കൂടുതലായി കേന്ദ്രം കവർന്നെടുക്കുകയും ചെയ്‌തു. ഉന്നത സിവിൽ–- പൊലീസ്‌ ഉദ്യോഗസ്ഥരുടെ നിയമന–-സ്ഥലംമാറ്റ കാര്യങ്ങളിൽ ലെഫ്‌. ഗവർണർക്ക്‌ അധികാരം നൽകിയുള്ള പുതിയ ചട്ടഭേദഗതി അധികാരങ്ങൾ കവരുന്നതിലെ ഒടുവിലെ ഉദാഹരണമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ കേന്ദ്രത്തിന്‌ അൽപ്പംപോലും താൽപ്പര്യമുള്ള കാര്യമല്ല. എന്നാൽ, കോടതി ഉത്തരവുള്ളതിനാൽ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങാതെ നിർവാഹവുമില്ല. അതുകൊണ്ട്‌ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്നതിനുമുമ്പായി പരമാവധി അധികാരങ്ങൾ കവരുകയാണ്‌ ലക്ഷ്യം. കശ്‌മീരിലെ ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലുമൊക്കെ നേരത്തേതന്നെ സർക്കാർ മാറ്റംവരുത്തിയിരുന്നു. വൻകിട കോർപറേറ്റുകളടക്കം കശ്‌മീരിൽ നിക്ഷേപത്തിനെന്നപേരിൽ ഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ട്‌. കശ്‌മീരിൽ കേന്ദ്രം തുടരുന്ന അടിച്ചമർത്തൽ നയവും ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്നതിന്‌ കാരണമായി മാറുന്നുണ്ട്‌. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരത തുടച്ചുനീക്കപ്പെട്ട ‘പുതിയ കശ്‌മീർ’ യാഥാർഥ്യമായെന്നാണ്  കേന്ദ്രവും ബിജെപിയും അവകാശപ്പെട്ടിരുന്നത്‌. ഭീകരത അവസാനിച്ചില്ലെന്നു മാത്രമല്ല, അത്‌ കൂടുതൽ തീവ്രമാകുന്ന സാഹചര്യമാണ്‌ നിലവിൽ താഴ്‌വരയിലും ജമ്മുവിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top