29 November Friday

മുന്നേറ്റപാതയിൽ ; കേരള ബാങ്കിന്റെ അഞ്ചാം വാർഷികം

കടകംപള്ളി സുരേന്ദ്രൻUpdated: Friday Nov 29, 2024

 

കേരള ബാങ്ക് നിലവിൽ വന്നിട്ട് 5 വർഷം പൂർത്തിയാകുന്നു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 മുതൽ തുടങ്ങി 3 വർഷത്തിലേറെ സർക്കാരും അനുബന്ധ സ്ഥാപനങ്ങളും നടത്തിയ തീവ്ര പരിശ്രമങ്ങൾക്കൊടുവിലാണ് 2019 നവംബർ 29 ന് കേരള ബാങ്ക് യാഥാർഥ്യമായത്. ലയന നടപടികളുടെ ഭാഗമായ പ്രശ്നങ്ങൾക്ക് പുറമെ പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ച വേളയിൽ 13 ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ഏകീകൃത സംവിധാനം എന്ന കഠിനപ്രയത്‌നമാണ് ഏറ്റെടുക്കേണ്ടി വന്നത്. പുതിയ ബാങ്കിനും ബ്രാഞ്ചുകൾക്കുമുള്ള റിസർവ് ബാങ്ക് ലൈസൻസ്, ജീവനക്കാരുടെ സംയോജനം, 5 വ്യത്യസ്‌ത കോർ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളുടെ ഏകീകരണം, റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള  മതിയായ മൂലധനം    എന്നിങ്ങനെ സങ്കീർണ്ണ ദൗത്യങ്ങൾ  പൂർത്തീകരിക്കാൻ 3 വർഷത്തോളം വേണ്ടിവന്നു. തുടക്കത്തിൽ വിട്ടുനിന്ന മലപ്പുറം ജില്ലാ ബാങ്കിനെ നിയമ നിർമാണത്തിലൂടെ സംയോജിപ്പിച്ചത് 2023 ജനുവരിയിലാണ്. 5 വർഷത്തെ പ്രവർത്തനം  നിരീക്ഷിച്ചാൽ കേരള ബാങ്ക് എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷെഡ്യൂൾഡ് ബാങ്ക് മുന്നോട്ടുള്ള കുതിപ്പിനേക്കാൾ ശ്രദ്ധ കേന്ദ്രീകരിച്ചത് സ്ഥിരതയും ഭദ്രതയും ഉറപ്പാക്കുന്നതിലാണെന്ന് കാണാം.

തനത് ഫണ്ടിലും നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. 11, 6582 കോടി രൂപയുടെ മൊത്തം ബിസിനസ്‌ നേടാൻ കഴിഞ്ഞു. നബാർഡിൽനിന്നുമുള്ള പുനർവായ്പയാണ് ബാങ്കിന്റെ പ്രധാന കടമെടുപ്പ്. 2024 മാർച്ച് 31ലെ കണക്കു പ്രകാരം  പ്രകാരം 13, 000 കോടി രൂപയിലധികം ഈയിനത്തിലുണ്ട്. കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് കേരളത്തിന് ഈയിനത്തിൽ ലഭിക്കുമായിരുന്ന സംഖ്യ 3000 കോടിയിൽ താഴെയാണ്. ഇതാണ് 5 വർഷംകൊണ്ട് നാല് മടങ്ങായി വർധിച്ചത്. കർഷകരിലേക്കും സാധാരണക്കാരിലേക്കും അത്രയും പണം കൂടുതലായി എത്തിച്ചേർന്നു എന്നതാണ് നേട്ടം. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിൽ വൻകുറവ് വന്നു. രൂപീകരണശേഷമുള്ള 5  സാമ്പത്തികവർഷങ്ങളിലും പ്രവർത്തനലാഭം നേടി. 2024 മാർച്ച് 31 പ്രകാരം മൂലധന പര്യാപ്തത 10.18 ശതമാനം ആണ്. 9 ശതമാനമാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത.  ഇക്കാര്യത്തിൽ സുരക്ഷിത നിലയിൽ എത്തിക്കാൻ കഴിഞ്ഞു.

രൂപീകരണ ലക്ഷ്യങ്ങൾ
എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന,  ആധുനിക ബാങ്കിങ്‌ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന, സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായ പ്രൊഫഷണൽ ബാങ്ക് എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കേരള ബാങ്കിന് ഇപ്പോൾ 75 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്.ഇതിൽ കർഷകരും സാധാരണക്കാരും തൊഴിലാളികളും വനിതകളുമാണ് കൂടുതൽ. ആധുനിക ബാങ്കിങ് സേവനങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ സാങ്കേതിക സംവിധാനങ്ങൾ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ഒരു വിധ ചാർജുകളും ഇല്ലാതെ ആരംഭിക്കാം.  പാവപ്പെട്ടവരും കഷ്ടത അനുഭവിക്കുന്നവരുമായ ഇടപാടുകാരുടെ വായ്പകൾക്ക്‌ 200 കോടിയിലധികം രൂപയുടെ ഒറ്റത്തവണ തീർപ്പാക്കൽ അനുവദിച്ചതും വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളിയതും മാതൃകാപരമായിരുന്നു.

കേരള ബാങ്കിനെയും പ്രാഥമിക കാർഷിക വായ്‌പാസംഘങ്ങളെയും (PACS) സോഫ്റ്റ്‌വെയർ നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിച്ച്‌ ഏകീകൃത സഹകരണബാങ്കിങ്‌ സേവന ശൃംഖല രൂപീകരിക്കുകയും 5000 ബിസിനസ് ടച്ച് പോയിന്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഏകീകരണ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ ലക്ഷ്യവും കൈവരിക്കാനാകുമെന്ന് കരുതുന്നു. മൂന്നാമതായി, സഹകരണ മേഖലയിലൂടെ ശേഖരിക്കുന്ന വിഭവങ്ങൾ നാടിന്റെ വികസനത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം നടപ്പിൽ വരുത്താൻ കഴിയുന്നുണ്ട്.


 

കാർഷിക ഉൽപ്പാദനം, കാർഷിക അനുബന്ധ മേഖലകൾ, ഉൽപ്പന്നങ്ങളുടെ മൂല്യവർധന തുടങ്ങിയ മേഖലകൾക്കാവശ്യമായ വായ്പാ പിന്തുണ നൽകുക, മൊത്തം വായ്പയുടെ കുറഞ്ഞത് 40 ശതമാനമെങ്കിലും ഈ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക  എന്നതായിരുന്നു  മറ്റൊരു ലക്ഷ്യം. ഇതിൽ വളരെയേറെ മുന്നേറാൻ കഴിഞ്ഞു. മൊത്തം വായ്‌പ 50000 കോടിരൂപയിലേക്ക് അടുക്കുകയാണ്. ഇതിൽ 25 ശതമാനം കാർഷിക മേഖലാ വായ്പകളാണ്.  ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും 33 ശതമാനത്തിലേക്ക് ഉയർത്താനാണ്‌ പദ്ധതി. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധന മേഖലയിൽ നബാർഡിൽനിന്നുള്ള അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് പ്രയോജനപ്പെടുത്തി ഒരുശതമാനം പലിശ നിരക്കിൽ 201 കോടി രൂപയുടെ 151 പദ്ധതികളാണ് പ്രാഥമിക സംഘങ്ങൾക്ക്‌ അനുവദിച്ചത്. ഇതിലൂടെ നെല്ല്, നാളികേരം, കാപ്പി, തേയില, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ എന്നിവയുടെ സംഭരണവും സംസ്‌കരണവും കയറ്റുമതി ഉൾപ്പെടെയുള്ള വിപണനവും നടന്നുവരികയാണ്. 

നബാർഡിൽനിന്നുള്ള കാർഷിക-, കാർഷികേതര പുനർവായ്പ പല മടങ്ങ് വർധിപ്പിക്കാൻ സാധിച്ചത്‌ മറ്റൊരു നേട്ടമാണ്‌. കാർഷിക മേഖലയിൽ വലിയ ഇടപെടൽ തന്നെ കേരള ബാങ്ക് നടത്തി. രൂപീകരണത്തിന് മുമ്പ്‌ 4 ശതമാനം പലിശ നിരക്കിലാണ് കിസാൻ ക്രെഡിറ്റ് വായ്‌പ അനുവദിച്ചിരുന്നത്. ജില്ലാ ബാങ്ക് എന്ന തലം ഇല്ലാതായതോടെ കിസാൻ ക്രെഡിറ്റ് വായ്‌പ 3 ശതമാനം പലിശ നിരക്കിലാണ് അനുവദിക്കുന്നത്. പലിശയിൽ ഒരു ശതമാനം പ്രത്യേക ഇളവ് നൽകിയതുമൂലം കർഷകർക്ക്  വാർഷികനേട്ടം 50 കോടിരൂപയ്ക്ക് മുകളിലാണ്. കേരള ബാങ്ക് രൂപീകരണ ശേഷം ദീർഘകാല കാർഷിക വായ്പയും വൻതോതിൽ നൽകാനാരംഭിച്ചു. 

യുവതലമുറയെ ആകർഷിക്കുകയും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി ബാങ്ക് വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. വിദ്യാർഥികൾക്ക് പ്രത്യേക നിക്ഷേപ പദ്ധതി, വിദ്യാഭ്യാസവായ്‌പ, യുവജനങ്ങൾക്ക് ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള എംഎസ്‌എംഇ വായ്പകൾ എന്നിവയെല്ലാം ആകർഷകമായ രീതിയിൽ നടപ്പാക്കുന്നു. സർക്കാരിന്റെ വികസന പദ്ധതികൾക്ക് പിന്തുണ നൽകുക. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരണ ബാങ്കിങ്‌ മേഖലയെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യംനടപ്പാക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിന് നബാർഡിൽനിന്നും റിട്ടയർ ചെയ്ത ചീഫ് ജനറൽ മാനേജർ ഭാസ്‌കരന്റെ നേതൃത്വത്തിൽ സർക്കാർ  കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.  റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാകും.

നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും ചില കുറവുകളും ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. സഞ്ചിത നഷ്ടംമൂലം വിഭാവനം ചെയ്ത രീതിയിൽ പ്രാഥമിക കാർഷിക സംഘങ്ങൾക്ക് ഡിവിഡന്റ്‌ നൽകാൻ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കപ്പെടണം. പ്രാഥമിക കാർഷിക ഇതരവിഭാഗം സംഘങ്ങൾ കേരള ബാങ്കുമായുള്ള ഇടപാടുകളിൽ പൂർണ തൃപ്തരല്ല എന്നതും പരിശോധിക്കപ്പെടണം. 2019 മുതൽ ബാങ്കിലേക്ക്‌ പുതിയ നിയമനം നടന്നിട്ടില്ല.  1500ലധികം ജീവനക്കാരുടെ കുറവ് ഉണ്ട്. മാത്രല്ല, കേരള ബാങ്ക് രൂപീകരണത്തിന്ശേഷം ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതിലും കുറവു വന്നിട്ടുണ്ട്. ഈ പ്രശ്ങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണം.

സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വ്യാപനം, കേരളത്തിലെ സഹകരണമേഖലയെ ദുർബലപ്പെടുത്തുന്നതിനുള്ള ഇഡി, ആദായനികുതി വകുപ്പുകളുടെ അമിതാധികാര ഇടപെടലുകൾ, ഒറ്റപ്പെട്ടതെങ്കിലും ചിലസഹകരണ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ എന്നിവയെല്ലാം ചേർന്ന് കുറെയേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വേളയിൽ കേരള ബാങ്ക് പോലുള്ള ശക്തമായ ഒരു സഹകരണ ധന സ്ഥാപനം ഇല്ലായിരുന്നെങ്കിൽ ജനകീയ ബാങ്കിങ് മേഖല തകർച്ചയിലേക്ക് വഴിമാറിയേനെ എന്നതാണ് യാഥാർഥ്യം.

(കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 
സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top