05 December Thursday

കാറിൽ കറങ്ങും 
‘കുറുവടി കുറുവാ സംഘം’

എമ്മോവിUpdated: Wednesday Dec 4, 2024

 

കുറുവടിയേന്തിയ കുറുവാ സംഘം കേരളത്തിൽ കാറിൽ കറങ്ങുന്നുണ്ടെന്ന കാര്യം കാട്ടുതീ പോലെ പടരുന്നുണ്ട്. കോഴിക്കോട്ടെ കാര്യദർശിയുടെ കാര്യാലയത്തിലെ കൽഭിത്തികളിലും സമീപത്തെ കരിങ്കൽ പാറകളിലും പുത്തൻ കുറുവാ സംഘത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രത്യക്ഷപ്പെട്ടു. അഭിനവ കുറുവാ സംഘത്തിന്റെ  കുതിരകയറ്റത്തിൽനിന്ന് കേരള നാടിനെ രക്ഷിക്കണമെന്ന സന്ദേശമാണ് ചുവർചിത്രങ്ങളിൽ ആലേഖനം ചെയ്തിരുന്നതെന്ന്  വർത്തമാന പത്രങ്ങളിലാകെ അച്ചടിച്ച് വന്നിട്ടുണ്ട്. കാവിപ്പടയെ നയിക്കാനെന്ന ഭാവത്തിൽ കാവിക്കൊടി കെട്ടിയ കാറിൽ കറങ്ങി, കോടികൾ കക്കലാണത്രെ സംഘത്തിന്റെ പണി. ഇവരിൽനിന്ന് കാവിപ്പടയാളികളെ കാക്കണമെന്നാണ് സംരക്ഷണ സേനയുടെ നാമധേയത്തിൽ എഴുതപ്പെട്ട ചുവർ ലിപികളിൽ തെളിഞ്ഞത്.

തമിഴ്നാട്ടിൽ നിന്നെത്തിയ കുറുവാ മോഷണ സംഘത്തെ കേരള പൊലീസ് അകത്താക്കിയതിനു പിന്നാലെയാണ് ‘കുറുവടി  കുറുവാ സംഘ’ത്തെക്കുറിച്ചുള്ള അപായ സൂചനകൾ പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട് സംഘത്തെപ്പോലെ തുണി ചുറ്റാത്ത ശരീരവുമായി രാത്രിയുടെ മറവിൽ കറങ്ങി നടന്ന് നാട്ടുകാരെ അടിച്ച് വീഴ്‌ത്തി സ്വത്ത് അടിച്ച് മാറ്റുന്നതുപോലുള്ള പഴഞ്ചൻ ഏർപ്പാടൊന്നും അഭിനവ സംഘത്തിനില്ല. രാജ്യഭരണം കിട്ടിയതോടെ കൈയിലേക്ക് വരുന്ന കണക്കില്ലാത്ത കോടികളിൽ ചെറുകോടികൾ അടിച്ചു മാറ്റുന്നതിലാണ് കണ്ണ്. കേരള നാടിനെ കാവിയിൽ മുക്കാമെന്ന അതിമോഹത്തിൽ തെരഞ്ഞെ ടുപ്പ് വേളകളിലും അല്ലാത്ത സമയത്തും ചാക്കിൽ കെട്ടി അയക്കുന്നതിൽ കുറച്ച് സൂത്രത്തിൽ അടിച്ച് മാറ്റി കീശയിലാക്കുന്ന എളുപ്പവിദ്യയാണ് പയറ്റുന്നതെന്നാണ് പരിവാർ കേന്ദ്രങ്ങളിലെ ടോക്ക്. അതിനായി സർവമാന തെരഞ്ഞെടുപ്പിലും പാർടിക്കുവേണ്ടി  മത്സരിച്ച് തോറ്റ് തോറ്റ് വീരപുരുഷത്വം വരിക്കുക എന്ന ഉപായവും സ്വീകരിക്കുന്നുണ്ടത്രെ .

കാനനപാതകൾ താണ്ടി തൃശൂരിലെ കാര്യാലയത്തിൽ എത്തിയ ഒമ്പത് ചാക്കുകെട്ടിൽ ഏതാനും ചാക്ക് അടിച്ച് മാറ്റുന്നത് കണ്ട് കണ്ണ് തള്ളിപ്പോയ കാര്യാലയത്തിലെ കാര്യക്കാരൻ കണ്ടതെല്ലാം പറഞ്ഞതോടെ കുറുവാസംഘം കുരുക്കിലായി. സംഘമിത്രം ധർമരാജന്റെ ധന പഥം തടഞ്ഞ് മൂന്നരക്കോടി കാണാതാക്കിയ കാര്യം വീണ്ടും അന്വേഷിച്ച് രേഖാമൂലം അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടതോടെ കട്ടവരും കട്ടമുതൽ  കടത്തിയവരും കുടുങ്ങുമോയെന്ന സന്ദേഹവും ജനിച്ചിട്ടുണ്ട്.  മുഖ്യകാര്യദർശിയും ഉപകാര്യദർശിയും മുൻകാര്യദർശിയുമാണ് കുറുവാ സംഘത്തലവൻമാരത്രെ. കോഴിക്കോട്ടെ കാര്യാലയത്തിന്റെ ചുവരുകളിലാണ് പേര് വിവരങ്ങൾ വെളിപ്പെട്ടതും.


 

കുറുവാ സംഘത്തിൽ അടി തുടങ്ങിയ അരമന രഹസ്യവും പരസ്യമായിട്ടുണ്ട്. പങ്ക് കിട്ടിയവരും  കിട്ടാത്തവരും പങ്ക് കുറഞ്ഞവരും ചേരികളായി നിന്നാണത്രെ അടി. ഉപതെരഞ്ഞെടുപ്പിൽ ഒഴുക്കാനയച്ച കോടികളിലും ചോർച്ചയുണ്ടായോ എന്നാണ് പുതിയ തല്ലിനുള്ള തർക്കവിഷയം. വലിയ ശോഭയുണ്ടെന്ന് നടിക്കുന്നവർ  സംഘടിതമായി പണിയെടുക്കുകയാണെന്നാണ് മുഖ്യകാര്യദർശി കേന്ദ്ര കാര്യാലയത്തിലേക്ക് അയച്ച കുറിമാനത്തിൽ കുത്തിക്കുറിച്ചിട്ടുള്ളതത്രെ.  ഇവരെയൊന്നും ഒപ്പം കൂട്ടി നടക്കാനാകില്ലെന്നും ശഠിച്ചിട്ടുണ്ടെന്നാണ് ചോർന്ന് കിട്ടിയ വിവരം.  എന്നാലിതൊക്കെ നേരിട്ടൊന്നറിഞ്ഞ് കളയാമെന്ന മാധ്യമക്കാരുടെ നെഗളിപ്പിന്  മുഖ്യ കാര്യാർശിയിൽനിന്ന് കണക്കിന് കിട്ടിയിട്ടുണ്ട്. കേന്ദ്രം വാഴും‘മഹാ പ്രസ്ഥാന'ത്തിനെതിരെ വാർത്ത കൊടുക്കുന്ന സർവമാന മാധ്യമത്തൊഴിലാളികളെയും നേരിട്ട് കൈകാര്യം ചെയ്യുമെന്ന ഉഗ്ര ശാസന പുറത്ത് വന്നിട്ടധികമായില്ല. വീണ്ടും കെട്ടിക്കയറി ചെന്നതോടെ കാര്യദർശിയുടെ സർവമാന നിയന്ത്രണവും വിട്ടതായാണ് കേൾക്കുന്നത്. എല്ലാത്തിന്റെയും  കാര്യാലയത്തിൽ കയറി കോളറിന് കുത്തിപ്പിടിച്ച് മര്യാദ പഠിപ്പിക്കുമെന്നാണ് പുതിയ ശാസനം. പറഞ്ഞത് ഇടതുപക്ഷക്കാരനല്ലാത്തതിനാലും തൊഴിലാളികളെക്കുറിച്ചായതിനാലും  മാധ്യമ മുതലാളിമാർക്കൊന്നും ഏനക്കേട് തോന്നിയില്ല.  തുടരൻ വാർത്തകൾ നൽകി കുളം കലക്കാനുള്ള കാര്യമൊന്നും കാര്യദർശിയുടെ കാ ര്യോപദേശത്തിലില്ലെന്ന് തോന്നിയതിൽ മുതലാളിമാരെ കുറ്റം പറയാൻ പറ്റില്ല. മുതലാളിയുടെ വഴിയേ ഗമിക്കും തൊഴിലാളിക്ക് ഇതിൽ ഭീഷണിയുണ്ടെന്നോ സ്വാതന്ത്ര്യത്തിനു മേലുള്ള കുതിരകയറ്റമാണെന്നോ തോന്നാൻ പാടില്ലെന്നാണ് മാധ്യമധർമം.

കാവിക്കുടയേന്തി ചാൻസലർ
അൽപ്പന് അർഥം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിച്ച് കേന്ദ്രം നിയമിച്ച ഗവർണറുദ്യോഗസ്ഥൻ ആടി തിമിർക്കുകയാണ്. അർധരാത്രി മാത്രമല്ല രാവും പകലും കാവിക്കുടയും പിടിച്ച് അലമുറയിട്ട് മണ്ടുന്നതായും സംസാരമുണ്ട്. ജനാധിപത്യം, നിയമം, കോടതി, മര്യാദ തുടങ്ങിയവയിലൊന്നും അശേഷം വിശ്വാസം ഇല്ല. കെയർ ടേക്കറായെങ്കിലും ഞാനാണ് സർക്കാർ എന്ന ഭാവത്തിലാണ്. സംസ്ഥാന സർക്കാർ കനിഞ്ഞരുളിയ വെറുമൊരു പദവിയാണ് ചാൻസലറെങ്കിലും സർവകലാശാല എന്നാൽ താനാണെന്ന ചിന്തയിൽ സ്വബോധം പോയോ എന്നൊരു ടോക്കും നാട്ടിലുണ്ട്. ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ഒമ്പത് തവണ ന്യായപീഠം പറഞ്ഞതാണ്. എന്നിട്ടും വ്യക്തമായില്ലെന്ന് പറഞ്ഞ് ചെന്നപ്പോൾ വ്യക്തതക്കുറവില്ലെന്ന് വ്യക്തമാക്കി കണ്ടംവഴി ഓടിച്ചു. എന്നാലിനി താൻതന്നെ ജഡ്ജിയെന്ന് പറഞ്ഞ് കാവിക്കാരെ കൂട്ടത്തോടെ നിയമിക്കുകയാണ്. കാര്യാലയത്തിലെത്തി ഗോൾവാൾക്കറുടെ ചിത്രം വണങ്ങിയാൽ വൈസ് ചാൻസലറാകാം. സംഘികളുടെ പരീക്ഷണശാലയും മാതൃകയും ഗുജറാത്തായതിനാൽ തൊഴുത്ത് നിർമാണത്തിൽ പ്രാവീണ്യവുള്ളവരെയും വിസിമാരാക്കാനുള്ള സാധ്യതയുണ്ട്. പരസ്യമോ തെരച്ചിലോ ഒന്നും വേണ്ടാത്തതിനാൽ കാര്യാലയത്തിന്റെ ശുപാർശ മാത്രം മതി. ഗുജറാത്തിലെ സർവകലാശാലയിൽ തൊഴുത്ത് പണിത് പശുവിനെ വളർത്തുന്നതുപോലെ സാങ്കേതിക സർവകലാശാലയിൽ സാങ്കേതികത്തികവോടെ തൊഴുത്ത് പണിത് കാലിവളർത്താനുള്ള ഉത്തരവ് ശിവപ്രസാദ് വിസി വക വരാനിടയുണ്ടെന്നും ടോക്കുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top