08 September Sunday

ചെറുകിട വ്യാപാരമേഖല ; നികുതി കുടിശ്ശിക തീർക്കാൻ
 സമഗ്രപദ്ധതി

കെ എൻ ബാലഗോപാൽUpdated: Saturday Jul 20, 2024

 

ചെറുകിട വ്യാപാരമേഖലയുടെ ഏറ്റവും വലിയ പരാതിയാണ്‌ നികുതി കുടിശ്ശികയും അതിന്റെ നിയമ നടപടികളുടെ  നൂലാമാലകളും. ഇതിൽ ഒട്ടേറെ വാസ്‌തവവുമുണ്ട്‌. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും സാങ്കേതിക പ്രശ്‌നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നു എന്നതാണ്‌ വ്യാപാരികളുടെ പ്രധാന പരാതി.  കുടിശ്ശിക കേസുകളുടെ നടത്തിപ്പിന്‌ നികുതിവകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം ഉപയോഗിക്കേണ്ടി വരുന്നുവെന്നത്‌ മറ്റൊരു പ്രശ്‌നമാണ്‌. ചെറിയ കുടിശ്ശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായാണ്‌ സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതെല്ലാം പരിഗണിച്ചാണ്‌ നികുതി കുടിശ്ശികകളിൽ ആംനസ്റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്‌. എന്നാൽ, ഇവയും ഫലപ്രദമായില്ലെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ്‌ ചെറുകിട വ്യാപാരമേഖലയെ നികുതി കുടിശ്ശിക മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനസ്റ്റി പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച്‌ ചിന്തിച്ചത്‌. അതിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഈ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചതും, ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ ‘ആംനസ്റ്റി 2024’ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി. വ്യാപാരമേഖലയ്ക്ക് വലിയ പ്രയോജനം ചെയ്യുന്ന സമഗ്ര പദ്ധതിയാണിത്‌. ആംനസ്റ്റിയെ വരുമാനസ്രോതസ്സായി കാണുന്ന രീതിയിൽനിന്നുമാറി, എന്നും തലവേദനയായി അവശേഷിച്ച പഴയകാല നികുതി അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ജിഎസ്ടി വരുന്നതിനുമുമ്പ്‌ നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപ്പന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നീ നിയമങ്ങൾക്കു കീഴിൽ ഉണ്ടായിരുന്ന കുടിശ്ശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്‌. പൊതു വിൽപ്പന നികുതി നിയമത്തിലെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ്‌ നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.

വ്യാപാരമേഖലയ്‌ക്ക്‌ 
ആശ്വാസം

പദ്ധതിയിലൂടെ കൂടുതൽ നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നത്‌  ചെറുകിട വ്യാപാരികൾക്കാണ്‌. തീരെ ചെറിയ കുടിശ്ശികകളെ പാടെ ഒഴിവാക്കും. അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകളെ അവയുടെ നികുതി തുകയുടെമാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുകമാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെ ആണെങ്കിൽ, ഒരു രൂപപോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷപോലും ആവശ്യപ്പെടാതെ ഒഴിവാക്കും. അമ്പതിനായിരം രൂപയിൽ താഴെ കുടിശ്ശികകളുള്ള ഇരുപത്തിരണ്ടായിരത്തിൽപ്പരം വ്യാപാരികളുണ്ട്‌. ആകെയുള്ള കുടിശ്ശികകളുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്റെ ആകെ മൂല്യം 116 കോടിരൂപയാണ്‌. ഇതിൽത്തന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞുകിട്ടാനുള്ള നികുതി 33 കോടിയും. ചെറുകിട വ്യാപാരമേഖലയിൽ വളരെ ചെറിയ തുകകളായി ചിതറിക്കിടക്കുന്ന ഈ കുടിശ്ശികകളുടെ ആകെ മൂല്യം സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെമാത്രമാണ്.

പദ്ധതിയിലെ 
സ്ലാബ് സംവിധാനം

ആംനസ്റ്റി 2024 കുടിശ്ശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബിലെ അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകൾ പൂർണമായും ഒഴിവാക്കിക്കൊടുക്കാനാണ്‌ തീരുമാനം. രണ്ടാമത്തെ സ്ലാബ് അമ്പതിനായിരം രൂപമുതൽ പത്തുലക്ഷം രൂപവരെയുള്ള കുടിശ്ശികകൾക്കുള്ളതാണ്. ഈ സ്ലാബിൽ നികുതിത്തുകയുടെ 30 ശതമാനം അടച്ചാൽ കുടിശ്ശിക തീർക്കാം. മൂന്നാമത്തെ സ്ലാബ് പത്തുലക്ഷം രൂപ മുതൽ ഒരുകോടി വരെയുള്ളതാണ്. ഈ സ്ലാബിലെ കുടിശ്ശികകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ളവ നികുതി തുകയുടെ 40 ശതമാനം അടച്ചുതീർക്കാം. വ്യവഹാരം ഇല്ലാത്തവയുടെ 50 ശതമാനവും. നാലാമത്തെ സ്ലാബിലെ ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശ്ശികകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. വ്യവഹാരത്തിലുള്ളവ ആണെങ്കിൽ നികുതി തുകയുടെ 70 ശതമാനവും അല്ലാത്തവയിൽ 80 ശതമാനവും മതി.

പിഴയും പലിശയും ഇല്ല
നാല്‌ പ്രധാന സവിശേഷതയാണ്‌ ആംനസ്റ്റി 2024 പദ്ധതിയെ വ്യത്യസ്തമാക്കുന്നത്‌. എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി  ഒഴിവാക്കപ്പെടുന്നതാണ്‌ ഒന്നാമത്തെ സവിശേഷത. നികുതി തുകയെ ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നതും. നേരത്തേ അടച്ച തുകകൾ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നൽകും എന്നതാണ് രണ്ടാമത്തെ സവിശേഷത. ഭാഗികമായി തീർപ്പാക്കാനായി അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവ്  ലഭിക്കും. ഉദാഹരണത്തിന് അഞ്ചു ലക്ഷം രൂപയുടെ ഒരു കുടിശ്ശിക തീർപ്പാക്കാൻ ആംനസ്റ്റി 2024 പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അടയ്‌ക്കേണ്ട വ്യാപാരി നേരത്തേ ഒരു ലക്ഷം രൂപ അടച്ചിട്ടുണ്ടെങ്കിൽ, അത്‌ കുറച്ചിട്ടുള്ള ബാക്കി അമ്പതിനായിരം രൂപ അടച്ചാൽ മതി. ഇനി പദ്ധതി പ്രകാരം അടയ്ക്കേണ്ടത് ഒന്നര ലക്ഷവും, എന്നാൽ നേരത്തേതന്നെ അതിൽ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കിൽ പുതുതായി ഒന്നും അടയ്ക്കാതെ വ്യാപാരിക്ക് ഈ കുടിശ്ശിക തീർന്നു കിട്ടും.

എന്നാൽ, പലപ്പോഴും വ്യാപാരികൾ നേരിടുന്ന ഒരു പ്രശ്നം പഴയ നികുതി നിയമങ്ങൾക്ക് കീഴിൽ കുടിശ്ശിക തീർക്കാനായി പണം ഒടുക്കിയിട്ടുണ്ടെങ്കിലോ റിക്കവറി നടപടികളിലൂടെ ഭാഗികമായി തുക ഈടാക്കിയിട്ടുണ്ടെങ്കിലോ ആദ്യം ആ തുക പിഴയിലേക്കും പലിശ ഇനത്തിലേക്കുമായിരിക്കും വരവ് വച്ചിട്ടുണ്ടാകുക എന്നതാണ്. അടച്ച പണം ഏതാണ്ട് മുഴുവനും പിഴയായും പലിശയായും വകയിരുത്തപ്പെടുന്നതുകൊണ്ട്‌ അടച്ച കണക്കിൽ വളരെ കുറഞ്ഞ തുകയേ ഉണ്ടാകൂ. എന്നാൽ, ആംനസ്റ്റി 2024 പദ്ധതി അനുസരിച്ച്‌ നേരത്തേ അടച്ച തുക പിഴ ഇനത്തിലോ പലിശ ഇനത്തിലോ ഉള്ളതാണെങ്കിൽപ്പോലും നികുതി അടച്ചതായി കണക്കാക്കി ആനുകൂല്യം നൽകും.

ഓരോ കുടിശ്ശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാനുള്ള സൗകര്യമാണ് മൂന്നാമത്തെ സവിശേഷത. ഓരോ വ്യാപാരിക്കും ഒന്നിലധികം കുടിശ്ശിക ഉണ്ടായേക്കാം. ആംനസ്റ്റി 2024 പദ്ധതിയിൽ ഓരോ ഓർഡറിനെയും ഓരോ കുടിശ്ശികയായാണ് കണക്കാക്കുന്നത്. അതിനാൽ  വ്യാപാരിക്ക് താൽപ്പര്യമുള്ളവ വേഗത്തിൽ ഒഴിവാക്കാം. കോടതികളിലും ട്രിബ്യൂണലുകളിലും മറ്റുമായി  കുടിശ്ശികകളുമായി ബന്ധപ്പെട്ട എണ്ണായിരത്തിൽപ്പരം വ്യവഹാരങ്ങൾ നടക്കുന്നുണ്ട്. വ്യവഹാരത്തിലുള്ളവയെ ഈ പദ്ധതിയിലൂടെ നിർമാർജനം ചെയ്യാൻ ശ്രമിക്കുന്ന വ്യാപാരികൾക്ക് അധിക ആനുകൂല്യം നൽകുന്ന വിധത്തിലാണ് ചില സ്ലാബുകളിലെ നിരക്കുകൾ. പദ്ധതിയിൽ ചേരുന്ന വ്യാപാരികൾക്ക്, വ്യവഹാരത്തിന്റെ ഭാഗമായി  കെട്ടിവച്ച തുക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നതാണ്‌  നാലാമത്തെ സവിശേഷത.

വേഗം ചേർന്നാൽ കൂടുതൽ ആനുകൂല്യം
പദ്ധതിയിൽ ആദ്യ സമയത്തു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ബാധകമാകുക. ചേരാൻ വൈകുംതോറും ആനുകൂല്യം കുറയും. അതായത് ഈ മാസം  ചേർന്നാൽ അടയ്ക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് തീർപ്പാക്കാൻ സാധിക്കൂ. ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി 2023ൽ ഓരോ ജില്ലയിലും കുടിശ്ശിക ഈടാക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിച്ചിരുന്നു. ഈ സംവിധാനമായിരിക്കും പദ്ധതിയിലെ തീർപ്പ് കൽപ്പിക്കുന്ന പ്രാഥമിക അതോറിറ്റി. തുക ഒടുക്കിയതിന്റെ ചെലാൻ സഹിതം ഓൺലൈൻ അപേക്ഷ നൽകി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാതല അതോറിറ്റി പരിശോധിച്ച്‌ ആംനസ്റ്റി സർട്ടിഫിക്കറ്റ് നൽകും. അടച്ച തുക കുറഞ്ഞുപോയാൽ അധികമായി അടയ്ക്കേണ്ട തുക എത്രയാണെന്നുള്ളതും ജില്ലാ അതോറിറ്റി അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top