21 December Saturday

ഗവർണറുടെ 
‘പരമാധികാര’ വാഴ്‌ച - ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

 

കേരള ആരോഗ്യസർവകലാശാലയുടെ വി സി സ്ഥാനത്ത് സംഘപരിവാർ സഹയാത്രികനായ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയ ചാൻസലറുടെ നടപടി സർവകലാശാലാ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. സംസ്ഥാന ഖജനാവിലെ പണംകൂടി ഉപയോഗിച്ചാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. വി സി നിയമന കാര്യത്തിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരുമായി ഒരു കൂടിയാലോചനയുമില്ലാതെ, ഏകപക്ഷീയമായി ഗവർണർ പെരുമാറുന്ന രീതി ജനാധിപത്യവിരുദ്ധമാണ്. ഗവർണർ കേരളത്തിലെ സർവകലാശാലകളിൽ വി സി നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ആ തിരിച്ചടിയിൽനിന്ന് പാഠം പഠിക്കാതെ വീണ്ടും നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ് . ഗവർണർ നീണ്ട കാലമായി തടഞ്ഞുവച്ച സർവകലാശാല നിയമങ്ങൾ 2022 (ഭേദഗതി) ബിൽ അംഗീകരിക്കണമെന്നാവശ്യപ്പെട്ട്  കേരളം സുപ്രീംകോടതിയെ സമീപിക്കുകയും വിഷയം കോടതിയുടെ പരിഗണനയിലിരിക്കുകയുമാണ്.

വൈസ്‌ ചാൻസലറെ നിയമിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാരിന്റെ അധികാരത്തെ അടിവരയിടുന്ന വിധിയായിരുന്നു കേരള സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ ഹൈക്കോടതിയിൽനിന്ന്‌ ഉണ്ടായത്. കെടിയു വൈസ് ചാൻസലറുടെ ചുമതല  ഡോ. സിസ തോമസിന് നൽകിയ ചാൻസലറുടെ നടപടി ചട്ടവിരുദ്ധമായിരുന്നു. ഇപ്രകാരമുള്ള സാഹചര്യത്തിൽ വി സി ആരെന്ന്‌ നിർദേശിക്കേണ്ടത്‌ സർക്കാരാണെന്ന് കോടതി ഓർമിപ്പിച്ചു. ജസ്റ്റിസ് മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്റ്റിസ്‌ ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ചാണ് വിധിച്ചത്. കേരള സർവകലാശാല സെനറ്റിൽ അയോഗ്യരായ സംഘപരിവാറുകാരെ നിയമിച്ച ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇപ്പോഴിതാ ആരോഗ്യ സർവകലാശാലയിൽ മോഹനൻ കുന്നുമ്മലിന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയിരിക്കുന്നു. ഇതും നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

വി സി നിയമനം, 
സംഘപരിവാർ അജൻഡ
പശ്ചിമബം​ഗാളിൽ വി സി നിയമനത്തിൽ ഏകപക്ഷീയമായി മുന്നോട്ടുപോയ ഗവർണർക്ക് സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഗവർണറുടെ നടപടികൾ സുപ്രീംകോടതി അംഗീകരിച്ചില്ല. തുടർന്ന്, പരമോന്നത കോടതിയിലെ ന്യായാധിപൻ അധ്യ​ക്ഷനായ സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനലിൽനിന്ന് സംസ്ഥാന സർക്കാരാണ്  മുൻ‌​ഗണന തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു. 2021 ഡിസംബറിൽ  മഹാരാഷ്ട്രയിൽ ശിവസേന, കോൺഗ്രസ്-, എൻസിപി സംയുക്ത സർക്കാരാണ് വി സിയെ തെരഞ്ഞെടുക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളഞ്ഞത്. 2022 ഏപ്രിലിൽ തമിഴ്നാടും ഇതേരീതിയിൽ തീരുമാനം കൈക്കൊണ്ടു. 2022 ജൂണിൽ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ നിയമിച്ചുകൊണ്ട് പശ്ചിമ ബംഗാളും തീരുമാനമെടുത്തു. കേരള നിയമസഭ പാസാക്കിയ 2022ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) മൂന്നാം നമ്പർ ബിൽ ചാൻസലർ പദവിയെ ഇപ്രകാരം വ്യവസ്ഥ ചെയ്യുന്നു– -‘സർക്കാർ, വളരെ പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണനെ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റിസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ള ഒരാളെ സർവകലാശാലയുടെ ചാൻസലറായി നിയമിക്കേണ്ടതാണ്’.

ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർമാർ മറ്റു പദവികൾ വഹിക്കുന്നത് ശരിയല്ലെന്ന ജസ്റ്റിസ് പൂഞ്ചി കമീഷൻ ശുപാർശ അടിവരയിടുന്ന തീരുമാനമാണ് ഇക്കാര്യത്തിൽ കേരളം കൈക്കൊണ്ടത്. അതോടൊപ്പം വി സി സെർച്ച് കമ്മിറ്റി സംബന്ധിച്ച നിയമഭേദഗതിയും നിയമസഭ പാസാക്കി. എന്നാൽ, ഗവർണർ ഇവയെല്ലാം തടഞ്ഞുവയ്ക്കുകയും ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോഴാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. നിയമനിർമാണ കാര്യത്തിൽ ഭരണഘടന അനുച്ഛേദം 200 പ്രകാരം നിയമനിർമാണ സഭകൾക്കാണ് പരമാധികാരം.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഗവർണർ മാറുമ്പോൾ, കേരളത്തിലെ കോൺഗ്രസ് ഗവർണറുടെ നടപടികൾക്ക് സർവ പിന്തുണയും നൽകുകയാണ്. ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാൻ പദ്ധതി മെനയുന്ന, കോൺഗ്രസ്–- ബിജെപി അവിശുദ്ധ സഖ്യത്തെ സഹായിക്കാനാണ് ആരിഫ് മൊഹമ്മദ് ഖാൻ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്നത്.

(കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top