22 December Sunday

പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച സമ്മേളനം

എം ബി രാജേഷ്Updated: Monday Jul 15, 2024

പതിനഞ്ചാം കേരള നിയമസഭയുടെ 11–-ാം സമ്മേളനം അവസാനിച്ചു. 2024–--25 ബജറ്റിലെ ധനാഭ്യർഥനകൾ  പാസാക്കുന്നതിനായാണ് സമ്മേളനം ചേർന്നത്. എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങൾക്കും ജനങ്ങളുടെ പ്രശ്നങ്ങൾക്കും നൽകുന്ന മുൻഗണന എന്തെന്ന് വ്യക്തമാക്കിയ നിയമസഭാ സമ്മേളനം ആയിരുന്നു ഇത്. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ വേട്ടയാടലും അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും ഉണ്ടെങ്കിലും അതിന് ഇരയാകാൻ ജനങ്ങളെ വിട്ടുകൊടുക്കില്ലെന്നും ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകതന്നെ ചെയ്യുമെന്നും സഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉറപ്പിച്ചുപറഞ്ഞു.

ക്ഷേമ പെൻഷൻ നൽകുന്നതിൽ സംസ്ഥാന വിഹിതം 98 ശതമാനവും കേന്ദ്രത്തിന്റേത് രണ്ടു ശതമാനവുമാണ്. ഈ രണ്ടു ശതമാനംപോലും കേന്ദ്ര സർക്കാർ കൃത്യമായി നൽകുന്നില്ല. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയെ ഞെരുക്കുന്ന സാമ്പത്തിക ഉപരോധത്തിന് സമാനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. എത്ര പ്രതിസന്ധി ഉണ്ടായാലും ജനങ്ങളെ സർക്കാർ ചേർത്തുപിടിക്കുമെന്നും ക്ഷേമ, വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർഷംതോറും രണ്ട് ക്ഷാമബത്തയും പെൻഷൻകാർക്ക് വർഷംതോറും രണ്ടു ഗഡു ക്ഷാമാശ്വാസവും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കടുത്ത രാഷ്ട്രീയവിരോധംവച്ച് കേരളത്തെ ദ്രോഹിക്കാനും കേരളത്തിലെ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ച് ജനങ്ങൾക്കുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾ എന്തുവില കൊടുത്തും മുന്നോട്ടുകൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ  പ്രഖ്യാപനമാണ് ഈ നിയമസഭാ സമ്മേളനത്തിലെ ഏറ്റവും വലിയ സന്ദേശം.
 
പ്ലസ്‌വൺ പ്രവേശനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച മറ്റൊരു വലിയ പ്രശ്നം. എന്നാൽ, സംസ്ഥാന സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ഉചിതമായ നടപടികൾ നിയമസഭയിൽ പ്രഖ്യാപിച്ചു. അതോടെ ആ ബഹളം അവസാനിക്കുകയുംചെയ്തു.  മദ്യനയവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം ഉയർത്തിപ്പിടിച്ച് സഭ നിർത്തിവയ്‌ക്കാനുള്ള ഉപക്ഷേപമായി അവതരിപ്പിച്ച പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കാനാണ് ശ്രമിച്ചത്. എന്നാൽ, ആലോചന പോലും നടത്തിയിട്ടില്ലാത്ത ഒരു മദ്യനയത്തിന്റെ പേരിൽ അഡ്വാൻസായി അഴിമതി ആരോപണമുന്നയിക്കുന്നതിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ സർക്കാരിനു കഴിഞ്ഞു.  
 
പ്രധാനമായും സർക്കാരിന്റെ ധനകാര്യ ബിസിനസുകൾക്കായി കൂടുതൽ സമയം ചെലവഴിച്ച സമ്മേളനത്തിൽ ധനത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കുറവായിരുന്നു. രാഷ്ട്രീയ ചർച്ചയാണ് പ്രധാനമായും നടന്നത്. ഇത് സാധാരണ സംഭവിക്കുന്നതാണ്. എന്നാൽ, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അധിക്ഷേപം ചൊരിയുകയെന്ന ലക്ഷ്യത്തിലേക്ക് പ്രതിപക്ഷത്തിന്റെ ചർച്ചകൾ പരിമിതപ്പെട്ടുപോകുന്നതാണ് കണ്ടത്. അത്തരം പരാമർശങ്ങൾക്ക് ഭരണപക്ഷം മറുപടി നൽകുകയും ചെയ്തു. ഉന്നതനിലവാരം പുലർത്തുന്ന രാഷ്ട്രീയ ചർച്ചകൾ നിയമസഭയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ വിജയമായല്ല യുഡിഎഫ് അംഗങ്ങൾ വിലയിരുത്തിയത്. പകരം, കേരളത്തിൽ എൽഡിഎഫിനെ തകർക്കാൻ കഴിഞ്ഞുവെന്ന നിലയിലാണ് അവരുടെ ആഹ്ലാദം. ജൂൺ 10-ന് ആരംഭിച്ച സമ്മേളനം ആകെ 28 ദിനം ചേരാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 2024 ജൂൺ 25‌നു ചേർന്ന കാര്യോപദേശക സമിതി യോഗത്തിന്റെ ശുപാർശ പ്രകാരം ഒമ്പത് ദിവസം ഒഴിവാക്കിയാണ് 11നു പിരിഞ്ഞത്. ആകെ 19 ദിവസമാണ്  ചേർന്നത്. അതിൽ 12 ദിവസം  ധനാഭ്യർഥനകളുടെ പരിഗണനയ്ക്കായി നീക്കിവച്ചു.  രണ്ടുദിവസംമാത്രമാണ് പ്രതിപക്ഷ അംഗങ്ങളുടെ തടസ്സപ്പെടുത്തലുകൾ കാരണം സഭ നേരത്തേ പിരിഞ്ഞത്. ബാക്കി ദിവസത്തിലെല്ലാം പൂർണമായും നടപടികൾ നടത്താൻകഴിഞ്ഞു.
 
സംസ്ഥാനത്തിന്റെ പേര്  ‘കേരളം' എന്ന് ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ, 2024-ലെ കേരള പഞ്ചായത്തിരാജ് (രണ്ടാം ഭേദഗതി) ബിൽ, 2024-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, 2024-ലെ കേരള ധനകാര്യ ബിൽ എന്നീ സുപ്രധാന ബില്ലുകൾ  സഭ  പാസാക്കുകയും 2023-ലെ കേരള പൊതുരേഖ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയുംചെയ്തു. ധനവിനിയോഗ ബില്ലുകളും സഭ പാസാക്കി. 12 അനൗദ്യോഗിക ബില്ലും നാല്‌ അനൗദ്യോഗിക പ്രമേയവും സഭ ചർച്ച ചെയ്തു. ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസാണ് സഭ പരിഗണിച്ചത്.  നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടു സംബന്ധിച്ച ഉപക്ഷേപം സഭ ചർച്ച ചെയ്തു. 34  ശ്രദ്ധക്ഷണിക്കലും 202 സബ്മിഷനും  അവതരിപ്പിക്കുകയും മന്ത്രിമാർ മറുപടി പറയുകയുംചെയ്തു. നക്ഷത്രചിഹ്നമിട്ട 570 ചോദ്യത്തിനും നക്ഷത്രചിഹ്നമിടാത്ത 6064 ചോദ്യത്തിനും മന്ത്രിമാർ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ചോദ്യത്തിനായി മൂന്ന്‌ നോട്ടീസ്‌ ലഭിക്കുകയും ഒരെണ്ണം അനുവദിക്കുകയും ചെയ്തു. ചോദ്യോത്തരവേളകളിൽ 84 ചോദ്യത്തിന്‌  വാക്കാൽ മറുപടി നൽകി.  625 ഉപചോദ്യം ഉന്നയിക്കപ്പെട്ടു.
 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ രാധാകൃഷ്ണൻ,  ഷാഫി പറമ്പിൽ എന്നീ അംഗങ്ങൾ നിയമസഭാംഗത്വം രാജിവച്ചു. കെ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഭാ സമ്മേളനത്തിനിടയ്ക്ക് ജൂൺ 14നും 15നും ലോക കേരള സഭയുടെ നാലാം സമ്മേളനം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top