22 December Sunday

ബദൽമാർഗമല്ല ഓൺലൈൻ പഠനം - വി പി സാനു എഴുതുന്നു

വി പി സാനുUpdated: Wednesday Jun 24, 2020

കോവിഡാനന്തര ലോകത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കുകയാണ്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന്‌ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമീപനത്തിൽ  ലോകം എന്താണ് പഠിക്കേണ്ടത് എന്നും എങ്ങനെയൊക്കെയാണ് തിരുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടതെന്നും ചോദിക്കപ്പെടുകയും ഉത്തരങ്ങൾ കണ്ടെത്തപ്പെടുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ ദീർഘകാലത്തെ ഒരു അജൻഡ നടപ്പാക്കിയെടുക്കാനുള്ള സുവർണാവസരമായി  പ്രതിസന്ധി കാലത്തെ ഉപയോഗപ്പെടുത്തുകയുമാണ്. രാജ്യത്തെ മികച്ച നൂറ് സർവകലാശാലയ്‌ക്ക് മറ്റൊരു അനുവാദത്തിനും കാത്തുനിൽക്കാതെ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഔദ്യോഗിക സംവിധാനങ്ങളാക്കി മാറ്റുകയെന്നതാണത്.

ഈ നീക്കത്തിനുപിന്നിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം എന്ന അങ്ങേയറ്റം ജനവിരുദ്ധമായ ലക്ഷ്യമുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നതിനുപകരം അത് വിദ്യാർഥികളുടെ ഉത്തരവാദിത്തമാക്കി മാറ്റുക. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്‌ക്കുക. ക്ലാസ് മുറിയും ലാബും ലൈബ്രറിയും സെമിനാർ ഹാളും എന്തിന് കൂടുതൽ അധ്യാപകരെ നിയമിക്കേണ്ട ഉത്തരവാദിത്തംപോലും സർക്കാരിന് ഉണ്ടാകാത്തൊരു സാഹചര്യം സൃഷ്ടിക്കുക. എല്ലാ വിദ്യാർഥികൾക്കും ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണെങ്കിൽത്തന്നെ ഓൺലൈൻ വിദ്യാഭ്യാസം തുല്യമായി നേടാൻ സാധിക്കുമോ? എത്രപേർക്ക് അത്തരമൊരു  പഠനാന്തരീക്ഷം വീട്ടിൽ ലഭ്യമാകും? നാലും അഞ്ചും മണിക്കൂർ തുടർച്ചയായി കംപ്യൂട്ടറിന്റെ മുന്നിലിരിക്കാൻ സാധിക്കുന്നവർ എത്ര ശതമാനം ഉണ്ടാകും? ഒരു സാധാരണ കുടുംബത്തിൽ ഉന്നതവിദ്യാഭ്യാസം നേടുന്ന രണ്ടോ മൂന്നോ വിദ്യാർഥികൾ ഉണ്ടെങ്കിൽ അവർ ഒരുമിച്ച് എങ്ങനെ ക്ലാസിൽ പങ്കെടുക്കും? ഇത്തരം അവസരങ്ങളിലെല്ലാം പെൺകുട്ടികൾ കൂടുതലായി പുറന്തള്ളപ്പെടാനും സാധ്യതയുണ്ട്. ജാതിയും വർഗവും ലിംഗപരവുമെല്ലാമായ വിടവുകളിലൂടെ, അവസരനിഷേധത്തിലേക്ക് തള്ളിവിടും.

തടസ്സമില്ലാതെ ഇന്റർനെറ്റ് സൗകര്യം
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ കമ്യൂണിക്കേഷൻ പഠനവിഭാഗം സർവകലാശാലയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 50 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ് ഇല്ലെന്നാണ്. 45 ശതമാനത്തിന് മാത്രമാണ് തടസ്സമില്ലാതെ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത്. 18 ശതമാനത്തിന്  സൗകര്യം തീരെ ലഭ്യമല്ലതാനും. രാജ്യത്തെ  ശരാശരി ഇന്റർനെറ്റ്  ഉപയോഗം  36 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാൾ  പിന്നിലാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും സ്ഥിതി.  ഇന്റർനെറ്റ് ഉപയോഗത്തിൽ മുന്നിൽ ഡൽഹിയാണ് (69 ശതമാനം), രണ്ടാമത് കേരളവും (54 ശതമാനം). ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ് (49 ശതമാനംവീതം ), തമിഴ്നാട് (47 ശതമാനം) മഹാരാഷ്ട്ര, ഗോവ (43 ശതമാനം), കർണാടക (39 ശതമാനം), അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (38 ശതമാനം) എന്നിവയാണ് ദേശീയ ശരാശരിയേക്കാൾ  കൂടുതൽ ഉപഭോഗമുള്ള സംസ്ഥാനങ്ങൾ. ഇന്ത്യയിലെ  പകുതിയിലധികം സംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാൾ പിറകിലാണ്.  ഈ സാഹചര്യത്തിലാണ്  ഓൺലൈൻ പഠനത്തിന് രാജ്യം  തയ്യാറെടുക്കുന്നത്.  ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന്‌ ഈ കണക്കുകൾ കാട്ടിത്തരുന്നുണ്ട് .


 

രണ്ടു മണിക്കൂറിലധികം തുടർച്ചയായി മൊബൈലിന്റെ ചെറിയ സ്ക്രീൻ നോക്കിയിരിക്കേണ്ടിവരുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഒരു മണിക്കൂർ തുടർച്ചയായി വീഡിയോ ഉപയോഗിക്കണമെങ്കിൽത്തന്നെ ആവശ്യമാകുന്ന ഡാറ്റ ശരാശരി ഉപയോഗത്തിന്റെ എത്രയോ ഇരട്ടിവരും. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായ അസമത്വത്തെക്കുറിച്ചും സ്വകാര്യമായ സൗകര്യങ്ങളിലെ ഭീമമായ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുമെല്ലാം തീരെ ധാരണയില്ലാത്തവർക്ക് മാത്രമേ എല്ലാവർക്കും ലാപ്ടോപ്പും ഇന്റർനെറ്റും വീട്ടിൽ പഠിക്കാനിരിക്കാനുള്ള ഭൗതികവും മാനസികവുമായ സാഹചര്യവും ഉണ്ടാകുമെന്ന് ധരിക്കാനാകൂ.  സർവകലാശാലകളും ക്യാമ്പസുകളും ഭിന്നശേഷി സൗഹൃദ ഇടങ്ങളായിരിക്കണമെന്ന നിർദേശമുണ്ട്. ശാരീരികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ലാബ് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും നിഷ്കർഷിക്കുന്നുണ്ട്. അത്തരം സൗകര്യങ്ങൾ അവരിൽ ഭൂരിപക്ഷം പേർക്കും വീടുകളിൽ ഉണ്ടാകുകയില്ല. പലർക്കും മറ്റൊരാളുടെ സഹായമില്ലാതെ പഠനപ്രവർത്തനത്തിൽ ഏർപ്പെടാനാകണമെന്നില്ല. ആദ്യംതന്നെ ഡിജിറ്റൽ ലോകത്തുനിന്ന്‌ അവർ അകറ്റിനിർത്തപ്പെടും. കുടുംബാന്തരീക്ഷം പലർക്കും പഠനപ്രവർത്തനത്തിൽ ഏർപ്പെടാൻ സഹായിക്കുന്നതാകണമെന്നില്ല. പ്രത്യേകിച്ച്, മുതിർന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം.

ഒന്നാം തലമുറ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഏറെയുള്ള നാടാണ് നമ്മുടേത്. അവരെ ഇത്തരം പരിഷ്കാരങ്ങൾ എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം പഠിക്കേണ്ടതാണ്. വീടുകളിൽ അഭ്യസ്തവിദ്യരായ കുടുംബാംഗങ്ങളും വിപുലമായ ലൈബ്രറിയും ഒക്കെയുള്ളവരിൽനിന്ന്‌ ഏറെ ദൂരെ മാറിനിൽക്കേണ്ടിവരും ഇത്തരം പ്രിവിലേജുകൾ ഒന്നുമില്ലാത്ത വിദ്യാർഥികൾക്ക്. തുല്യനീതിയുടെ അന്തരീക്ഷം വിദ്യാഭ്യാസ പ്രക്രിയയിൽ അനിവാര്യമാണ്. അത് നിഷേധിക്കപ്പെടുന്നു എന്നതാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ന്യൂനതകളിൽ ഒന്ന്. വിദ്യാർഥികളിൽ വലിയ മാനസിക സംഘർഷത്തിനും വിഷാദരോഗങ്ങൾക്കുമെല്ലാം ഇവ കാരണമാകാം. പൊതുവെ ലോക്ഡൗണിനെത്തുടർന്ന് മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിച്ചുവെന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  വലിയ ഒറ്റപ്പെടലിന്റെയും അനിശ്ചിതാവസ്ഥകൾ അടിച്ചേൽപ്പിച്ച ആശങ്കകളുടെയുമെല്ലാം ആഘാതം അനുഭവിക്കുന്നവരിൽ ചെറുപ്പക്കാർ ഏറെയുണ്ട്. സാമൂഹ്യമായ പിന്തുണയോടെ മറികടക്കാവുന്ന പല പ്രയാസങ്ങളും പരിഹാരമില്ലാതെ പെരുകുന്നതും കണ്ടു. ലോക്ഡൗൺ കാലത്ത് കേരളത്തിൽമാത്രം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. അതിൽ അധികവും പെൺകുട്ടികളാണെന്നത് ആഴത്തിലുള്ള ഒരു സാമൂഹ്യപ്രശ്ന‌ത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇതിനെ അതിജീവിക്കുക സാമൂഹ്യമായ കൂട്ടുത്തരവാദിത്തമായി കാണാൻതന്നെ നമുക്ക് സാധിക്കണം.


 

ക്ലാസ് മുറിക്ക്‌ പകരമല്ല ഡിജിറ്റൽ സംവിധാനം
പ്രതിസന്ധികൾ സാമൂഹ്യമായ സൃഷ്ടിയാണ്, പരിഹാരം കണ്ടെത്തേണ്ട ചുമതല ഓരോ വ്യക്തിയിലും അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്. ഇതിൽനിന്ന്‌ അടർത്തിമാറ്റി ഡിജിറ്റൽവിദ്യാഭ്യാസ പ്രവർത്തനങ്ങളെയും കാണാൻ സാധിക്കില്ല. അധ്യാപകരും സഹപാഠികളും എല്ലാംചേരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസ പ്രവർത്തനമെന്നത്. അല്ലാതെ അധ്യാപകൻ അറിവ് പകർന്നുകൊടുക്കുക എന്നതുമാത്രമല്ല. പരസ്പരമുള്ള ഇടപെടലും പങ്കുവയ്‌ക്കലും പഠനഗവേഷണ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ രൂപീകരണവും ഒക്കെ അതിന്റെ ഭാഗമായിരിക്കണം. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധ്യമായ ലാബ്, ലൈബ്രറി സംവിധാനങ്ങൾ ലഭ്യമായിരിക്കണം. സാമൂഹ്യമായ വളർച്ചയ്ക്കുതകുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. സാമൂഹ്യജീവിയെന്ന നിലയിലുള്ള വ്യത്യസ്ത പരിശീലനം ലഭ്യമാകണം. ഇതൊന്നും ക്ലാസ് മുറിയെയും ക്യാമ്പസിനെയും ഡിജിറ്റൽ സംവിധാനംകൊണ്ട് പകരംവച്ച് നേടാൻ സാധിക്കുന്നതല്ല. അങ്ങനെ പകരം വയ്ക്കുമ്പോൾ അട്ടിമറിക്കപ്പെടുന്നത് വിദ്യാഭ്യാസം സാമൂഹ്യമുന്നേറ്റത്തിനെന്ന പരികൽപ്പന തന്നെയാണ്.

ഓൺലൈൻ സംവിധാനം ക്ലാസ്റൂം പഠനരീതിക്ക് സമാന്തരമോ ബദലോ അല്ലെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പഠനപ്രവർത്തനം പൂർണമായും നിലച്ചുപോകാതിരിക്കാനും അതുവഴി സാമൂഹ്യ മൂലധനമില്ലാത്ത വിദ്യാർഥികൾ ദീർഘകാലത്തേക്ക് ഒരു പരിശീലനവും ലഭിക്കാതെ പിന്തള്ളപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ഇതൊരു താൽക്കാലിക സംവിധാനം എന്ന നിലയിൽ സ്വീകരിക്കപ്പെടാം. അതിനാവശ്യമായ വിപുലമായ തയ്യാറെടുപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുമുണ്ട്. ക്ലാസുകൾ സംപ്രേഷണം ചെയ്യാനും മുഴുവൻ കുട്ടികൾക്കും ടിവി സൗകര്യം ഏർപ്പെടുത്താനും ആദിവാസി ഊരുകളിൽ ഉൾപ്പെടെ അധ്യാപകരെ എത്തിച്ചു പ്രത്യേക ക്ലാസ് സൗകര്യമേർപ്പെടുത്താനുമുള്ള നീക്കം ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പലവിധ ആശങ്കകളെയും കണക്കിലെടുത്തു കൊണ്ടുള്ളതുമാണ്. വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യമെന്നത്  കേവലം അറിവ് സമ്പാദിക്കുക എന്നത് മാത്രമല്ല. ഇന്നത്തെ ക്ലാസ് മുറികളിലാണ് രാജ്യത്തിന്റെ ഭാവി രൂപം കൊള്ളുന്നത്.


 

മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ  നമ്മുടെ വിദ്യാലയങ്ങൾ  വഹിക്കുന്ന പങ്ക് വളരെ വലുതാണ് .ഓൺലൈൻ പഠനത്തെമാത്രം ആശ്രയിക്കുന്നതിലൂടെ കുട്ടികളിൽ മാനസിക സംഘർഷവും  പിരിമുറുക്കവും  കൂടുന്നതിന് കാരണമാകും. സമപ്രായക്കാരുമായി  ഇടപെടാനുള്ള അവസരങ്ങൾ  കുറയും. അവരുടെ ആശങ്കകളും ആകുലതകളും പങ്കുവയ്‌ക്കാൻ  കഴിയാതെ വരും. കൗമാരക്കാരായ  കുട്ടികൾ  ആത്മഹത്യചെയ്യുന്ന സംഭവങ്ങൾ സമൂഹത്തിൽ  കൂടിവരുന്നതിനെ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ക്ലാസ് മുറികളിലെ  അന്തരീക്ഷം എല്ലാ വിദ്യാർഥികൾക്കും  വീടുകളിൽ  ലഭ്യമാകില്ല. ഇത് വിദ്യാർഥികളിൽ മാനസിക പ്രശ്‌നങ്ങൾക്കിടയാക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയെ നമുക്ക് ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് യു ട്യൂബ് ഉൾപ്പെടെയുള്ള ഓൺലൈൻ സൗകര്യങ്ങളെക്കൂടി സഹായകരമാക്കാം. എന്നാൽ, വിദ്യാഭ്യാസപ്രവർത്തനങ്ങളെ അതിലേക്ക് ചുരുക്കാനോ അതൊരു ബദൽമാർഗമായി കാണാനോ സാധിക്കില്ല.

അധ്യാപനമെന്നത് ക്യാമറകൾക്കുമുന്നിലെ പ്രകടനമല്ല. അധ്യയനമെന്നത് അധ്യാപകനോട് നേരിട്ട് സംവദിക്കാനും സാമൂഹ്യമായ ഒരന്തരീക്ഷത്തിൽനിന്നുതന്നെ കാണാനുമുള്ള സാഹചര്യങ്ങൾ ഇല്ലാതിരിക്കുന്ന ഒന്നുമല്ല. കൂടുതൽ കോളേജുകളും സർവകലാശാലകളും സ്ഥാപിക്കുക, കൂടുതൽ അധ്യാപകരെ നിയമിക്കുക, കൂടുതൽ സീറ്റുകളും കോഴ്സുകളും ഉറപ്പുവരുത്തുക, കൂടുതൽ സൗകര്യങ്ങൾ ഓരോ പ്രദേശത്തും ഉറപ്പാക്കുക എന്നതൊക്കെയായിരിക്കണം സർക്കാരിന്റെ മുൻഗണന.

(എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top