21 December Saturday

കേരള പിഎസ്‌സി 
; നിയമനങ്ങളിൽ എന്നും മുന്നിൽ

സുനുകുമാർ കെ വിUpdated: Monday Aug 26, 2024

 

കേരള പബ്ലിക് സർവീസ് കമീഷന്റെ  നടപടിക്രമങ്ങളെപ്പറ്റിയോ ആഭ്യന്തര സംവിധാനങ്ങളെപ്പറ്റിയോ ശരിയായ ധാരണയില്ലാത്തവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളും  പ്രചാരണങ്ങളും  പതിവായിരിക്കുന്നു. ഇത്തരം വാർത്തകളോട്  അപ്പപ്പോൾ പ്രതികരിക്കുന്ന രീതി പിഎസ്‌സിക്കില്ല. ദൈനംദിന പ്രവർത്തനങ്ങളെ ആഭ്യന്തരമായിത്തന്നെ പല തലത്തിൽ പരിശോധന നടത്തുന്നതിനും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ശക്തമായ  സംവിധാനവും പിഎസ്‌സിക്കുണ്ട്.

വസ്തുതകളില്ലാത്ത വിമർശങ്ങൾ
യൂണിയൻ പബ്ലിക് സർവീസ് കമീഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ വിവരങ്ങൾ പ്രകാരം 2023 ജനുവരിമുതൽ ഡിസംബർവരെ കേരള പിഎസ്‌സി 34,410 പേരെ നിയമന ശുപാർശ ചെയ്തു. ഇത് രാജ്യത്ത് ഏറ്റവും കൂടുതലാണ്. കേരളത്തേക്കാൾ ഇരുപത് കോടി ജനങ്ങൾ അധികമുള്ള  ഉത്തർപ്രദേശിൽ ഈ കാലയളവിൽ നടത്തിയ  നിയമന ശുപാർശ 4120 മാത്രമാണ്. ആന്ധ്രപ്രദേശ് (332), ഗുജറാത്ത് (1680), മധ്യപ്രദേശ് (2123), മഹാരാഷ്ട്ര (3949), രാജസ്ഥാൻ(3062). മറ്റു സംസ്ഥാനങ്ങളിൽ ഇതിലും കുറവാണ് നിയമനങ്ങൾ. 2023 ൽ രാജ്യത്താകെ പിഎസ്‌സി നിയമനങ്ങൾ 62580 ആണ്. ഇതിൽ  54.5 ശതമാനവും കേരളത്തിലാണ്. ഈ വർഷം ഇതുവരെ പത്തൊമ്പതിനായിരത്തിലധികം നിയമന ശുപാർശയും നടന്നു. പ്രതിവർഷം ശരാശരി മുപ്പതിനായിരം നിയമനം. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥിര നിയമനം കേരളത്തിലാണ്. ഇതെല്ലാം വസ്തുതയാണ്.

മറ്റു സംസ്ഥാനങ്ങളിൽ  നിരവധി റിക്രൂട്ട്മെന്റ്‌ ബോർഡുകൾ കാണാം. അധ്യാപക നിയമനം, പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഇലക്ട്രിസിറ്റി, റവന്യു, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതും  പ്രത്യേക ബോർഡുകളാണ്. കേരളമൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും  ഇങ്ങനെ തന്നെ. ഈ ബോർഡുകളുടെ നിയമന രീതിയും കേരള പിഎസ്‌സിയുടെ നിയമന രീതിയും ഒരുപോലെയാണോ. അല്ലേയല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ  320 പ്രകാരം കേന്ദ്ര സർവീസിലേക്കും സംസ്ഥാന സർവീസിലേക്കുമുള്ള നിയമനം നടത്തുക യഥാക്രമം യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെയും സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകളുടെയും കർത്തവ്യമാണ്.

നിയമ നിർമാണത്തിലൂടെയോ ഓർഡിനൻസിലൂടെയോ ബോർഡുകൾ സ്ഥാപിച്ച് നിയമനങ്ങൾ നടത്തുന്നതിലാണ് മറ്റു സംസ്ഥാനങ്ങൾക്ക് താൽപ്പര്യം. അവസര സമത്വവും തുല്യ നീതിയും ജോലി സ്ഥിരതയും ഈ ബോർഡുകൾ ഉറപ്പുവരുത്തുന്നില്ല. മാത്രവുമല്ല, പരീക്ഷയിലെ ക്രമക്കേട്, ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങി വലിയ ആക്ഷേപങ്ങൾ സാധാരണവുമാണ്. സ്ഥിര നിയമനത്തേക്കാൾ  താൽക്കാലിക, കരാർ നിയമനങ്ങളാണ് ഈ ബോർഡുകൾ വഴി  വ്യാപകമായി നടക്കുന്നത്. സംവരണം കാര്യക്ഷമമല്ല. ജനസംഖ്യാനുപാതികമായ പരിഗണന പിന്നാക്ക -ദളിത് വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. സർക്കാർ ജോലി എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതികമായി ലഭിക്കുന്നില്ല. നിയമന രീതിയിലുമുണ്ട് പ്രശ്നം. വിജ്ഞാപനത്തിൽ പറഞ്ഞ  ഒഴിവുകൾ നികത്താൻ മാത്രമായാണ്   റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. അത് മന്ത്രാലയത്തിനോ വകുപ്പുകൾക്കോ കൈമാറുന്നതോടെ ചുമതല അവസാനിക്കുന്നു. കേരളത്തിലേതുപോലെ മുൻകാല നിയമന ശുപാർശകൾ പരിശോധിച്ച്  അർഹരെ നിശ്ചയിക്കുന്ന രീതിയില്ല.  ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കാതിരുന്നാൽ എൻജെഡി ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന രീതിയോ അവ നികത്തുന്ന രീതിയോ മറ്റു സംസ്ഥാനങ്ങളിലില്ല. സംവരണ പ്രകാരം  നിയമിക്കപ്പെടേണ്ടയാൾ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ സമുദായത്തിനുള്ള ആനുകൂല്യം നഷ്ടമാകുന്നു. ഇത് വലിയ അനീതിയാണ്. എന്നാൽ കേരള പിഎസ്‌സി  റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് മാത്രമല്ല; പട്ടികയുടെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കുകൂടി നിയമന ശുപാർശ നടത്തുന്നു. അതിനാവശ്യമായ  ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നു. സവിശേഷ സാഹചര്യത്തിൽ പട്ടിക കാലാവധി നീട്ടുന്നു.  സംവരണ വിഭാഗത്തിൽ റൊട്ടേഷൻ പ്രകാരം നിയമന ശുപാർശ ചെയ്യാൻ ലഭ്യമല്ലെങ്കിൽ എൻസിഎ  വിജ്ഞാപനം ഇറക്കുന്നു. റൊട്ടേഷൻ ഒരു തുടർപ്രക്രിയയായതിനാൽ മെറിറ്റ്, സംവരണ തോത്  50 ശതമാനം നിബന്ധന പാലിച്ച് കൃത്യതയോടെ നടക്കുന്നു. ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണവും ഉറപ്പാക്കുന്നു. ഒബിസി വിഭാഗങ്ങളെ ഒറ്റ സംവരണ വിഭാഗമായല്ല കേരളത്തിൽ  പരിഗണിക്കുന്നത്.  ഉപവിഭാഗങ്ങളെ അവരുടെ പിന്നാക്കാവസ്ഥയും ജനസംഖ്യാനുപാതവും പരിഗണിച്ച് പ്രത്യേകം സംവരണം നൽകുന്നു. എയിഡഡ് മേഖലയിലെ സാമുദായിക പ്രാതിനിധ്യം പ്രത്യേകിച്ച് പട്ടികജാതി -വർഗ പ്രാതിനിധ്യം എത്രയെന്ന് പരിശോധിച്ചാൽ പിഎസ്‌സിയുടെ സംവരണ നീതി മനസ്സിലാകും. സമൂഹത്തിന്റെ നീതിബോധത്തിന്റെയും അവകാശബോധത്തിന്റെയും  പിൻബലത്തിലാണ് കേരള പിഎസ്‌സി ഇത്രമാത്രം ശക്തമായത്.  ഈ വിധത്തിൽ  ഭരണഘടന വിഭാവനം ചെയ്യുന്ന സങ്കൽപ്പങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കേരള പിഎസ്‌സിയെയാണ് ഒരടിസ്ഥാനവുമില്ലാതെ  അപകീർത്തിപ്പെടുത്തുവാൻ ചിലർ ശ്രമിക്കുന്നത്.

കേരള പിഎസ്‌സിയുടെ വലിപ്പം
കേരള പിഎസ്‌സിയുടെ വലിപ്പത്തെക്കുറിച്ചാണ് ഒരു ആക്ഷേപം. കേരളത്തേക്കാൾ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ എട്ട് കമീഷനംഗങ്ങൾ മാത്രമുള്ളപ്പോൾ  ചെറിയ സംസ്ഥാനമായ കേരളത്തിൽ എന്തിനാണ് 21 പിഎസ്‌സി അംഗങ്ങൾ എന്നാണ് ചോദ്യം. യുപിയിൽ  383 തസ്തികകളുടെ റിക്രൂട്ട്മെന്റ്‌ മാത്രമാണ് നടത്തുന്നത്. പ്രതിവർഷം നാലായിരത്തോളം നിയമന ശുപാർശയും. ലഭിക്കുന്ന അപേക്ഷകൾ രണ്ടു ലക്ഷത്തിൽ താഴെ മാത്രം. പരീക്ഷകൾ, അഭിമുഖങ്ങൾ, ചുമതലകൾ  എന്നിവയിലെല്ലാം ഈ കുറവ് കാണാം. കേരള പിഎസ്‌സി ഗാർഡനർ മുതൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വരെയുള്ള ആയിരത്തി എണ്ണൂറോളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്‌ നടത്തുന്നത്. പ്രതിവർഷം ഒരു കോടിയോളം  അപേക്ഷകൾ.  വാർഷിക കലണ്ടർ പ്രസിദ്ധീകരിച്ച് ആയിരത്തിലധികം പരീക്ഷ നടത്തുന്നു. നിരന്തരം അഭിമുഖങ്ങൾ നടക്കുന്നു. വകുപ്പുതല പ്രൊമോഷൻ കൗൺസിൽ ചേരുന്നു.  സർക്കാർ സർവീസിലെ സ്ഥാനക്കയറ്റ , അച്ചടക്ക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.   ജനസംഖ്യയോ ഭൂമിശാസ്ത്രപരമായ വലുപ്പമോ നോക്കിയല്ല, കേരള പിഎസ്‌സിയുടെ  ജോലിഭാരം  നോക്കിയാകണം കമീഷനംഗങ്ങളുടെ വലുപ്പം പരിശോധിക്കുവാൻ.

വർധിക്കുന്ന തൊഴിൽ സമ്മർദവും 
കേരളവും
കേരളത്തിലെ തൊഴിലന്വേഷകരായ യുവജനങ്ങൾ വലിയ സമ്മർദം നേരിടുന്നു എന്നത് ശരിയാണ്. അഭ്യസ്തവിദ്യരായവരുടെ എണ്ണം വർധിക്കുന്നു. എന്നാൽ തൊഴിൽ സാധ്യത ആനുപാതികമായി വർധിക്കുന്നില്ല. ദേശീയതലത്തിൽ കേന്ദ്ര സർവീസിലേക്ക് റിക്രൂട്ട്മെന്റ്‌ നടത്തുന്ന യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ ബോർഡ്, റെയിൽവേയിലേക്കുള്ള ആർആർബി, ബാങ്കിങ്‌ നിയമനം നടത്തുന്ന ഐബിപിഎസ് എന്നിവ വഴിയുള്ള നിയമനങ്ങൾ ഗണ്യമായി കുറയുന്നു. സൈന്യത്തിലും റിക്രൂട്ട്മെന്റ്‌ അപൂർവമായി.

സ്വകാര്യ മേഖലയിലാണെങ്കിൽ  കടുത്ത മത്സരമാണ്. കർണാടകം പോലുള്ള സംസ്ഥാനങ്ങളാകട്ടെ  സ്വകാര്യ മേഖലയിലടക്കം പ്രാദേശിക സംവരണം നടപ്പിലാക്കാൻ ആലോചിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ സർവീസിലടക്കം കരാർ–-താൽക്കാലിക നിയമനം വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ കേരള പിഎസ്‌സിയിൽ പ്രതീക്ഷയർപ്പിക്കുന്നവർ വർധിക്കുന്നു. കേരള പിഎസ്‌സി  വ്യവസ്ഥാപിതമായും കാര്യക്ഷമമായും രാജ്യത്തിനാകെ മാതൃകയായും പ്രവർത്തിക്കുന്ന ശക്തമായ സ്ഥാപനമാണ്. ഭരണഘടന വിഭാവനം ചെയ്ത തുല്യ നീതിയുടെ സങ്കൽപ്പനങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന ഏക പിഎസ്‌സിയാണ്. തൊഴിലന്വേഷകർക്കുള്ള പ്രതീക്ഷാകേന്ദ്രവുമാണ്. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുമ്പോൾ  സാമൂഹ്യമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്.

(കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top