13 November Wednesday
ഇന്ന്‌ ശ്രീനാരായണഗുരു ജയന്തി

നവോത്ഥാനകേരളത്തിന്റെ പതാകവാഹകൻ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

 

നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും തുടർന്ന് കർഷക–- തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ആധുനിക കേരളം. ഫ്യൂഡൽ കാലഘട്ടത്തിൽ നിലനിന്ന സ്ഥാപനങ്ങളെയും ചിന്തകളെയുമെല്ലാം ആധുനികവൽക്കരിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് നവോത്ഥാനപ്രസ്ഥാനങ്ങൾ ഏറ്റെടുത്തത്‌.

നവോത്ഥാനത്തിന്റെ   ആദ്യഘട്ടങ്ങളിലെ  മുന്നേറ്റത്തിന്  ക്രിസ്ത്യൻ മിഷണറിമാർ,  അയ്യാവൈകുണ്ഠ സ്വാമി,  ആറാട്ടുപുഴ വേലായുധപണിക്കർ  തുടങ്ങിയവരുടെയൊക്കെ  പ്രവർത്തനവും ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ശ്രീനാരായണ ഗുരുവാണ് കേരളത്തിലങ്ങോളമിങ്ങോളം സ്വാധീനം ചെലുത്തുന്ന മഹത്തായ മുന്നേറ്റമാക്കി നവോത്ഥാന പ്രസ്ഥാനത്തെ വളർത്തിയതും അതിന്റെ പതാകവാഹകനായി മാറിയതും. മാത്രമല്ല, ഈ ഇടപെടലുകൾ കേരളത്തിലെ എല്ലാ വിഭാഗത്തിലും സ്വാധീനം ചെലുത്തുകയും ചെയ്‌തു.  അങ്ങനെയാണ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ മാറ്റിമറിച്ച നവോത്ഥാനപ്രസ്‌ഥാനത്തിന്റെ   അലകടലുകൾ  ഉയർന്നുവന്നത്.

തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ചെമ്പഴന്തി ഗ്രാമത്തിലാണ് 1856 ആഗസ്ത് 20ന് ശ്രീനാരായണ ഗുരു ജനിച്ചത്. നാലാംവയസ്സിൽ വിദ്യാരംഭത്തിനുശേഷം പണ്ഡിതനായ കുമ്മൻപള്ളി രാമൻപിള്ള ആശാന്റെ കീഴിൽ പഠനം തുടങ്ങി. മലയാളത്തിനുപുറമെ തമിഴിലും സംസ്കൃതത്തിലും അറിവുനേടിയ അദ്ദേഹം ദക്ഷിണേന്ത്യയിൽ പലയിടത്തും സഞ്ചരിച്ചു. തൈക്കാട്ടെ അയ്യാസ്വാമി, ചട്ടമ്പിസ്വാമികൾ എന്നിവർ ഉൾപ്പെ ടെയുള്ളവരുമായി നടത്തിയ  ഇടപെടലുകൾ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിന് പ്രചോദനമായി. 

1888 ആകുമ്പോഴേക്കും ശ്രീനാരായണ ഗുരു തന്റെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ഇടപെടൽ നടത്തിയതായി കാണാം. അരുവിപ്പുറം പ്രതിഷ്ഠ, എസ്എൻഡിപി യോഗം രൂപീകരണം, അനാചാരങ്ങൾക്കെതിരെ പറവൂരിൽ സംഘടിപ്പിച്ച മഹാസമ്മേളനം, കെട്ടുകല്യാണത്തിനെതിരെയുള്ള ഇടപെടലുകൾ തുടങ്ങിയവയിലെല്ലാം അത് കാണാവുന്നതാണ്. 1924ൽ  ആലുവയിൽ സർവമതസമ്മേളനവും  സംഘടിപ്പിച്ചു.   അതേവർഷംതന്നെ വൈക്കം സത്യഗ്രഹാശ്രമവും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. 1925ൽ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയും  പ്രസിദ്ധമാണ്.

ശ്രീനാരായണ ഗുരുവിന്റെ പ്രധാനപ്പെട്ട ചിന്ത ജാതിക്കും മതത്തിനും അതീതമായ മാനവികതയെക്കുറിച്ചായിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ആധുനിക മനുഷ്യസമൂഹത്തിന്റെ രൂപീകരണത്തിനും മാനവികതയുടെ വികാസത്തിനും തടസ്സമായിനിൽക്കുന്നത് ജാതിവ്യവസ്ഥയാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. കുലത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതരീതികളിൽനിന്ന് ആധുനികമായ വ്യവസായത്തിലേക്കും വാണിജ്യത്തിലേക്കുമുള്ള പരിവർത്തനത്തിലേക്ക് ജനതയെ നയിക്കാൻ നേതൃത്വം നൽകിയത് ഈ തിരിച്ചറിവിൽ നിന്നാണ്‌. കുലത്തൊഴിലിൽനിന്ന് വിദ്യാഭ്യാസത്തിന്റെയും വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും പുതിയ ലോകത്തേക്കും അതുവഴി ആധുനിക ജീവിതത്തിലേക്കും ജനതയെ നയിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ശ്രീനാരായണ ഗുരു നിർവഹിച്ചത്. ഫ്യൂഡൽ ജീവിതക്രമത്തിൽനിന്നും ആധുനിക ജീവിതത്തിലേക്ക് കേരളീയനെ നയിക്കാനുള്ള  നിയോഗമാണ്  ഗുരു ഏറ്റെടുത്തത്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം തുടർന്ന്  സമൂഹത്തിൽ കൂടുതൽ വിശാലമായ ജനകീയ മുന്നേറ്റത്തിന് അടിത്തറയിട്ടു. നവോത്ഥാനത്തെ സംബന്ധിച്ച് എംഗൽസ് മുന്നോട്ടുവച്ച കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നു. ജന്മിത്തത്തിന്റെ അധികാരഘടനയെ തകർത്തെറിഞ്ഞുകൊണ്ടാണ് നവോത്ഥാനമുന്നേറ്റങ്ങൾ യൂറോപ്പിൽ  ഉയർന്നുവന്നത്‌. അത്തരത്തിലുള്ള ഇടപെടൽ കലാപകാരികളായ കർഷകരെ അരങ്ങത്തേക്ക് കൊണ്ടുവന്നുവെന്ന് മാത്രമല്ല, ചെങ്കൊടി കൈയിലും  സാധനങ്ങൾ പൊതു ഉടമയിലുമാക്കണമെന്ന ആവശ്യം നാവിൻതുമ്പിലുള്ള ആധുനിക തൊഴിലാളി വർഗത്തിന്റെ പ്രാരംഭകരെക്കൂടി രംഗത്തിറക്കിയതും എംഗൽസ് നിരീക്ഷിക്കുന്നുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയിലാണ് കേരളത്തിലെ കർഷക– തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതെന്ന കാര്യം ഇവിടെ കൂട്ടിവായിക്കണം. 


 

ജാതിക്കും മതത്തിനും അതീതമായ മാനവികതയാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ജാതിവ്യവസ്ഥയെയും മതപരമായ ചേരിതിരിവുകളെയും പ്രതിരോധിച്ചുകൊണ്ടു മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകി,  ആധുനിക വ്യവസായങ്ങളുടെയും വാണിജ്യങ്ങളുടെയും പുതിയ മേഖലയിലേക്ക് നയിക്കുകയാണ് ശ്രീനാരായണ പ്രസ്ഥാനം ചെയ്തത്.

കേരളത്തിന്റെ സാമൂഹ്യപരിവർത്തനത്തിൽ മഹത്തായ സംഭാവന നൽകിയ എസ്എൻഡിപി യോഗം പ്രസ്ഥാനത്തെ സംഘപരിവാർ ശക്തികളുടെ കൈകളിലേക്ക് എത്തിക്കാനാണ് എസ്എൻഡിപി യോഗ നേതൃത്വത്തിലെ ഒരുവിഭാഗം ഇപ്പോൾ പരിശ്രമിക്കുന്നത്. ശ്രീനാരായണ ഗുരു എന്തിനെല്ലാമെതിരായി പൊരുതിയിരുന്നുവോ അവയുടെയെല്ലാം വക്താക്കളായ സംഘപരിവാറിന്റെ പാളയത്തിലേക്കാണ് എസ്എൻഡിപി യോഗപ്രസ്ഥാനത്തെ നയിക്കാൻ ചിലർ ശ്രമിക്കുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നതാണ് ശ്രീനാരായണ ദർശനം. എല്ലാ മനുഷ്യരും തുല്യരാണെന്ന കാഴ്ചപ്പാട് ശ്രീനാരായണ ദർശനം മുന്നോട്ടുവയ്‌ക്കുമ്പോൾ ചാതുർവർണ്യത്തെ ഉറപ്പിച്ചുനിർത്തുന്ന ആശയഗതിയാണ് സംഘപരിവാറിന്റേത്. വിചാരധാര ഇങ്ങനെ പറയുന്നു. ‘ബ്രാഹ്മണൻ തലയാണ്. രാജാവ് ബാഹുക്കളും. വൈശ്യൻ ഊരുക്കളും ശൂദ്രൻ പാദങ്ങളുമാണ്' (പേജ് 44). പട്ടികജാതി–പട്ടികവർഗ ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും ഇവർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് അവരെ സംബന്ധിച്ച് പരാമർശം പോലുമില്ല. ഇത്തരത്തിൽ ചാതുർവർണ്യത്തിന്റെ ആശയഗതികളെ പിൻപറ്റുന്ന സംഘപരിവാറിന്റെ പാളയത്തിലേക്ക് ശ്രീനാരായണ ദർശനങ്ങളെ സ്നേഹിക്കുന്നവരെ കൊണ്ടുപോകാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ചാതുർവർണ്യവ്യവസ്ഥയെ തകർത്തുമാത്രമേ എല്ലാവർക്കും മനുഷ്യരായി ജീവിക്കാൻ പറ്റുന്ന സാഹചര്യമുണ്ടാക്കാനാകൂ എന്നായിരുന്നു  ഗുരുവിന്റെ  ആശയം. എന്നാൽ, ചാതുർവർണ്യത്തിന്റെ തകർച്ചയാണ് നമ്മുടെ നാടിനെ പിന്നോട്ടുകൊണ്ടുപോയതെന്നാണ് ആർഎസ്എസിന്റെ ചിന്ത. അവരുടെ താത്വിക ഗ്രന്ഥമായ വിചാരധാര ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷമേന്മ വർണവ്യവസ്ഥയാണ്. എന്നാൽ, അതിനെ ജാതീയത എന്ന് മുദ്രകുത്തി പുച്ഛിച്ചുതള്ളുകയാണ്. വർണവ്യവസ്ഥ എന്ന് പരാമർശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യവിവേചനമായി അവർ പലപ്പോഴും തെറ്റിദ്ധരിക്കുന്നു' (പേജ് 127). ചാതുർവർണ്യത്തെ എതിർത്ത ശ്രീനാരായണ ഗുരുവിനെതിരായ വിമർശമായാണ് ഈ വരികൾ മാറുന്നത്.

1924ൽ ആലുവയിൽ ചേർന്ന സർവമത സമ്മേളനത്തിൽ എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തിൽ നടന്ന പ്രസംഗത്തിൽ വെളിപ്പെട്ടതായും ശ്രീനാരായണഗുരു പ്രഖ്യാപിച്ചു. അതുകൊണ്ട് ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതവും പഠിപ്പിക്കുന്നതിനുവേണ്ട  സൗകര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവമതങ്ങളെയും പഠിക്കണമെന്നും അവയുടെ സാരം ഒന്നാണെന്നുമുള്ള ശ്രീനാരായണ ദർശനം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എസ്എൻഡിപി യോഗത്തിനുള്ളത്. അതിനാണ് ആ സംഘം ഉണ്ടാക്കിയത്. അതിനുപകരം മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയുമെല്ലാം ആന്തരിക ഭീഷണികളായി കാണുന്ന ആർഎസ്എസിന്റെ രാഷ്ട്രീയപ്രചാരകരായി അനുയായികളെ മാറ്റാനാണ് ഇപ്പോൾ എസ്എൻഡിപി യോഗനേതൃത്വം ശ്രമിക്കുന്നത്.

ഇന്ത്യൻ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമായി നിൽക്കുന്ന ഒന്നായാണ് ജാതിവ്യവസ്ഥയെ ശ്രീനാരായണ ഗുരു കണ്ടത്. കാൾ മാർക്സിനും ഇതേ കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ മാർക്സ് പറഞ്ഞ കാര്യങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. ‘‘ജാതി വ്യത്യാസങ്ങളും അടിമത്തവും കൊച്ചുകൊച്ച് സമുദായങ്ങളുടെ തീരാശാപമായിരുന്നുവെന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനു പകരം അവ അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്തതെന്നും സ്വയംവികസിതമായ ഒരു സാമൂഹ്യ അവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വാഭാവിക തലയിലെഴുത്താക്കി മാറ്റി.'' ഇന്ത്യൻ സമൂഹത്തിന്റെ ശാപമായി ജാതിവ്യവസ്ഥയെയും അടിമത്വത്തെയും കാണുന്ന മാർക്സിന്റെ സമീപനവും ഗുരുവിന്റെ ദർശനങ്ങളും യോജിച്ചുപോകുന്നവയാണ്.

കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അനുയോജ്യമായി രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നവരാണ് സംഘപരിവാർ ശക്തികൾ. ഇത്തരം നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളെയുൾപ്പെടെ സ്വകാര്യവൽക്കരിക്കുമ്പോൾ സംവരണതത്വവും മിടുക്കരായവർക്കുമുള്ള അവസരങ്ങളുമാണ് നഷ്ടപ്പെടുന്നത്. അത്തരം പ്രശ്നങ്ങളും ജീവിതപ്രശ്നങ്ങളും വലിയ പ്രക്ഷോഭം രാജ്യത്തുയർത്തിക്കൊണ്ടു വരുന്നതിനിടയാക്കും. ആ  മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്നതിന് ജാതീയമായി പിളർത്തി, വർഗീയമായി കൂട്ടിയോജിപ്പിക്കുകയെന്ന നയമാണ് സംഘപരിവാർ അവതരിപ്പിക്കുന്നത്‌. അതിനു കീഴ്പ്പെടാതെ ശ്രീനാരായണദർശനം മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട് സ്വീകരിച്ച്‌,  ജനങ്ങളെ വിഭജിക്കുന്ന ശക്തികൾക്കെതിരെ പൊരുതേണ്ടതുണ്ട്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്‌  ശ്രീനാരായണ ദർശനങ്ങളെ സ്നേഹിക്കുന്നവർക്ക് വർത്തമാനകാലത്ത് ഏറ്റെടുക്കാനുള്ള സുപ്രധാന കടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top