10 September Tuesday

മാർഗദർശനമായി വിദ്യാഭ്യാസ കോൺഗ്രസ്

വി ശിവൻകുട്ടിUpdated: Friday Apr 7, 2023


തിരുവനന്തപുരത്ത്‌ നടന്ന പ്രഥമ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ഏറെ സവിശേഷത നിറഞ്ഞതായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടുപോകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന് ഊർജം നൽകുന്നതാണ് കോൺഗ്രസിലെ വിഷയാവതരണങ്ങൾ. നമ്മുടെ വിദ്യാഭ്യാസമാതൃകയെ അനാവരണം ചെയ്യുന്നതായി ചർച്ചകൾ.

ഒമ്പത് ടെക്നിക്കൽ സെഷനും മൂന്ന് മുഖ്യപ്രഭാഷണവും വിവിധ ഏജൻസിയുടെ ഡയറക്ടർമാരുടെ അവതരണവുമടങ്ങിയ ഓപ്പൺ ഫോറവും ഉൾക്കൊള്ളുന്നതായിരുന്നു കോൺഗ്രസ്. 372 പ്രതിനിധികൾ പങ്കെടുത്തു.  38 പ്രതിനിധികൾ കേരളത്തിന് പുറത്തുനിന്നുള്ളവരായിരുന്നു. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ബുലാക്കി ദാസ് കല്ല, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത്‌ കെസർക്കർ, ഫിൻലൻഡിൽനിന്നുള്ള പ്രതിനിധി പ്രൊഫ. ജോനാ കങ്കാസ് തുടങ്ങിയവരുടെ സാന്നിധ്യം  പ്രത്യേകം പറയേണ്ടതുണ്ട്‌.

പ്രീ സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും, അധ്യാപക വിദ്യാഭ്യാസത്തിലെ കാഴ്ചപ്പാടുകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സ്കൂൾ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ബോധനരീതികളിലെ നൂതന ആശയങ്ങൾ, സ്കൂൾ വിദ്യാഭ്യാസത്തിലെ സാങ്കേതിക ബോധനരീതി, പാഠ്യപദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും, മൂല്യനിർണയത്തിലെ നവീകരണം തുടങ്ങി 132 സുപ്രധാന പേപ്പറുകൾ  കോൺഗ്രസിൽ അവതരിപ്പിച്ചു.
ഗവേഷക വിദ്യാർഥികളുടെ വലിയതോതിലുള്ള പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണ്. സ്കൂൾ വിദ്യാഭ്യാസരംഗത്തെ നമ്മുടെ നേട്ടങ്ങളെ കൂടുതൽ ഉന്നതിയിൽ എത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും  കോൺഗ്രസിലുണ്ടായ അക്കാദമിക കൂട്ടായ്മകൾ സഹായകമാകും. ഗവേഷണങ്ങൾ കുറെക്കൂടി സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന്‌ വിദ്യാഭ്യാസ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങളാണ് സ്കൂൾ വിദ്യാഭ്യാസമേഖലയിലെ അക്കാദമിക മുന്നേറ്റത്തിന്റെ ചൂണ്ടുപലകയാകേണ്ടത്. അങ്ങനെ മാറാൻ നമുക്കാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സെമിനാറുകളിലെ  വിലയിരുത്തലുകൾ നമ്മെ  സഹായിക്കുന്നുണ്ട്. അധ്യാപക പരിശീലനരംഗത്തെ കാലികമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെട്ടു.  സ്കൂൾ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നതും തമ്മിൽ കൂടുതൽ മെച്ചപ്പെട്ട ആശയവിനിമയം വേണമെന്ന്‌ ചർച്ചകൾ അടിവരയിട്ടു.

വിദ്യാഭ്യാസ കോൺഗ്രസിന്റെ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ നാം കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.   പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവിപ്രവർത്തനങ്ങൾക്ക് അവതരണങ്ങളും ചർച്ചകളും തീരുമാനങ്ങളും വഴികാട്ടിയാകുന്നുമുണ്ട്. ഒരുകാര്യം വ്യക്തമാക്കട്ടെ, കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന് തുടർച്ച ഉണ്ടാകുമെന്ന് തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top