22 December Sunday

പുതുചരിത്രം രചിച്ച്‌ സ്‌കൂൾ കായികമേള

വി ശിവൻകുട്ടിUpdated: Tuesday Nov 19, 2024


ഒളിമ്പിക്‌സ്‌  മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായികമേള കൊച്ചി ’24 ഇന്ത്യയിലും ആഗോളതലത്തിലും കൗമാര കായികരംഗത്ത് പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ്.  ഒളിമ്പിക്‌സിന്റെ മഹത്തായ മാതൃകയിൽ രൂപപ്പെടുത്തിയ മേള ആയിരക്കണക്കിന് അത്‌ലറ്റുകളെ ഒരുമിച്ചുകൊണ്ടുവരിക മാത്രമല്ല, സംഘാടനത്തിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കൗമാര കായികമേളയായി മാറി.

കായികമേളയുടെ നാഴികക്കല്ല്
കൊച്ചി കായികമേളയുടെ വ്യാപ്തിയും സ്വാധീനവും സമാനതകളില്ലാത്തതാണ്. അധ്യാപക സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പതിനഞ്ച് സമിതികളുടെ പങ്കാളിത്തത്തോടെ മേളയ്‌ക്ക്‌ മികച്ച ഏകോപനമാണുണ്ടായത്‌.  ഈ സഹകരണം തടസ്സങ്ങളില്ലാത്ത സംഘാടനം  ഉറപ്പാക്കി. ആതിഥ്യമര്യാദയുടെ കാര്യത്തിലും മേള ശ്രദ്ധേയമായി.  20,000 പേർക്ക് ദിവസവും ഭക്ഷണം നൽകി. 

ഈ മേളയിൽ കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ലുകളിലൊന്ന്, കായിക മത്സരത്തിന്റെ വിജയകരമായ സംയോജനമാണ്. ഇത് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു സംസ്ഥാനമായി കേരളത്തെ വീണ്ടും മാറ്റി.  1,587 ഭിന്നശേഷി കായിക താരങ്ങളുടെ ഇൻക്ലൂസീവ് സ്‌പോർട്‌സിലെ പങ്കാളിത്തം, കൂടുതൽ ഉൾക്കൊള്ളാനുള്ള സുപ്രധാനമായ നീക്കമായി. എല്ലാ കായിക താരങ്ങൾക്കും തുല്യ അവസരം നൽകാനായി.

നേട്ടങ്ങളും റെക്കോഡുകളും
കായികമേള  കേവലം പങ്കാളിത്തത്തിന്റെ പ്രദർശനം മാത്രമല്ല, റെക്കോഡ് പ്രകടനങ്ങളുടെ വേദി കൂടിയായിരുന്നു. കായിക താരങ്ങളുടെ   അർപ്പണബോധത്തിനും കഴിവിനും അടിവരയിടുന്ന 44 മീറ്റ് റെക്കോഡുകൾ പിറന്നു.  മൊത്തം 1,741 സ്വർണവും 1,741 വെള്ളിയും 2,047 വെങ്കലവും വിതരണം ചെയ്തു.  ഇതുകൂടാതെ 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റ്‌  നേടിയ ജില്ലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ പേരിൽ  നൽകുന്ന എവർ റോളിങ്‌ ട്രോഫി ആദ്യമായി അവതരിപ്പിച്ചു. 39 കായിക ഇനങ്ങളിൽനിന്നായി 12,737 ആൺകുട്ടികളും 11,076 പെൺകുട്ടികളും പങ്കെടുത്തു. 1,244 ഉദ്യോഗസ്ഥരും 400 മാധ്യമപ്രവർത്തകരും മേളയുടെ ഭാഗമായി. മേളയുടെ ബ്രാൻഡ് അംബാസഡറായ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് കായികതാരങ്ങൾക്ക് പ്രചോദനമാണ്. കിഴക്കമ്പലം എന്ന ഗ്രാമത്തിൽനിന്ന് ഒളിമ്പിക്സ്‌ വേദിയിലെത്തിയ  ശ്രീജേഷിന്റെ പാത പിന്തുടരാനും രാജ്യാന്തരതലത്തിൽ പ്രശസ്തി നേടാനും കഴിയുന്ന ഭാവി താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഭാവിപദ്ധതികൾ
കൊച്ചി മേളയുടെ മികച്ച വിജയവും പ്രതികരണവും മേളയുടെ ഭാവി സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടു. തുടക്കത്തിൽ നാലുവർഷത്തിലൊരിക്കൽ വിഭാവനം ചെയ്‌തത്, മുഖ്യമന്ത്രിയുടെ അനുമതിയോടെ, വർഷം തോറും സംഘടിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരമാണ് അടുത്ത വേദി. സമ്മാനത്തുക വർധിപ്പിക്കുന്നത് പരിഗണനയിലാണ് .  കൂടാതെ, ഗ്രേസ് മാർക്ക് സമ്പ്രദായത്തിന്റെ അവലോകനവും കായികാധ്യാപകരുടെ ആശങ്ക പരിഹരിക്കലും അജൻഡയിലുണ്ട്. സംഘാടക സമിതികളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും അശ്രാന്തപരിശ്രമം കൂടാതെ മേളയുടെ വിജയം സാധ്യമാകുമായിരുന്നില്ല.  എങ്കിലും കായിക താരങ്ങളുടെ സമർപ്പണവും പ്രകടനവുമാണ്‌ മേളയ്‌ക്ക്‌ ജീവനേകിയത്‌. സ്‌കൂൾ കായിക മേള വൻവിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നു. ഇതിനൊരു തുടർ വിജയം ഉണ്ടാകും എന്നുറപ്പാണ്. അത്‌ കേരളത്തിന്റെയും രാജ്യത്തിന്റെയും കായിക ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top