08 September Sunday

സാംസ്കാരിക കേരളം ശ്യാംകുമാറിനൊപ്പം

സാമജ കൃഷ്ണUpdated: Friday Jul 26, 2024

വേദോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും ആത്യന്തികമായി സാഹിത്യമാണ്. സാഹിത്യം പോലെ ഇവയും വ്യത്യസ്തമായ വായനകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്. സവർണകേന്ദ്രീകൃതമായ സമൂഹത്തിൽ എഴുതപ്പെട്ട ഇതിഹാസപാഠങ്ങൾ എന്നും സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. സംസ്കൃതപാഠങ്ങൾ ഇന്നും സാമാന്യജനങ്ങൾക്ക് നേരിട്ട് വായിച്ചു മനസ്സിലാക്കുക അസാധ്യമാണ്. ഈ അപ്രാപ്യത തന്നെയാണ് വേദോപനിഷത്തുകളെയും ഇതിഹാസപുരാണങ്ങളെയും തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാനും സവർണമേധാവിത്വം ഊട്ടിയുറപ്പിക്കാനും ഹിന്ദുത്വവാദികളെ സഹായിച്ചത്.

എന്നാൽ ഈ പുറന്തോടു പൊളിച്ചുകളഞ്ഞ് സംസ്കൃതപാഠങ്ങളുടെ നേർവായനയ്ക്ക് വിധേയമാക്കുന്ന ദൗത്യം കാലാകാലങ്ങളായി പലരും ഏറ്റെടുത്തിട്ടുണ്ട്. ഡോ. ടി എസ് ശ്യാംകുമാറിന്റെ രാമായണപരമ്പര ഇത്തരത്തിലൊന്നാണ്. കർക്കിടകമാസം ആരംഭിച്ചതോടെ പ്രമുഖ പത്രത്തിലെ "രാമായണസ്വരങ്ങൾ' എന്ന പരമ്പരയിൽ ശ്യാംകുമാ‍ർ രാമായണത്തെ രാഷ്ട്രീയവും, ചരിത്രപരവും, വസ്തുനിഷ്ഠവുമായി വിശകലനം ചെയ്യുന്നു. ഈ വിശകലനങ്ങൾ ആദ്യം മുതൽ ഹിന്ദുത്വവാദികളെ അസ്വസ്ഥരാക്കിയിരുന്നു. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹത്തെ വസ്തുതാപരമായി ചെറുക്കാൻ ഹിന്ദുത്വവാദികൾക്ക് സാധിക്കുന്നുമില്ല. ശ്യാംകുമാറിന്റെ ദളിത് വ്യക്തിത്വവും ഇക്കൂട്ടരെ ചൊടിപ്പിക്കുന്നുണ്ട്. വ്യാജ ദളിത് ചിന്തകനായി അദ്ദേഹത്തെ ഹിന്ദുവർ​ഗ്​ഗീയവാദികൾ  മുദ്രകുത്തുകയാണ്. ഇതരമതത്തിന്റെ ഭാ​ഗമായി നിൽക്കുന്ന പത്രത്തിലാണ് പരമ്പര പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടി വർ​ഗ്​ഗീയവിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുന്നു.

രാമായണ പരമ്പര തുടങ്ങിയപ്പോൾ മുതൽ നിരന്തരമായ സൈബർ ആക്രമണമാണ് ശ്യാംകുമാർ നേരിടുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ഉപാധ്യക്ഷൻ ആർ വി ബാബു, ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ എന്നിവർ ഫേസ് ബുക്കിലൂടെ പത്രത്തെയും ശ്യാംകുമാറിനെയും കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി.

"രാമായണം വിമർശനാതീതമല്ല. നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ ഭക്തർ ഭക്ത്യാദരപൂർവ്വം രാമായണം പാരായണം ചെയ്യുന്ന രാമായണമാസമായ കർക്കടകത്തിൽ തന്നെ അതു വേണോ? റംസാൻ മാസത്തിൽ ഖുറാൻ വിമർശിക്കാൻ എഴുത്തുകാരെ എല്ലാവർക്കും കിട്ടും. അപ്പോ കിടന്നു മോങ്ങരുത്." എന്നാണ് കെ പി ശശികല ഫേ‌സ്‌ബുക്കിൽ കുറിച്ചത്.

"ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കാൻ മുസ്ലീം തീവ്രവാദികൾ ബോധപൂർവ്വം നടത്തുന്ന ശ്രമമാണിത്. റംസാൻ മാസത്തിൽ ഖുറാനെയും മുഹമ്മദിനേയും അപഹസിച്ച്  (ഖുറാനിലുള്ള പോലെ) ആരെങ്കിലും പ്രസിദ്ധീകരിച്ചാൽ എന്തായിരിക്കും ഇവരുടെ പ്രതികരണം?"  എന്നാണ് ആർ വി ബാബുവിന്റെ ചോദ്യം. പത്രത്തിനെതിരെ നിയമനടപടിക്ക് പോകുമെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ അറിയിച്ചു.

ശ്രീരാമനേയും, വാല്മീകിയേയും, എഴുത്തച്ഛനേയും അധിക്ഷേപിച്ചു, പംക്തി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി പത്രസമ്മേളനം നടത്തുകയും വിവിധ ജില്ലകളിൽ പത്രസ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു.

വാല്മീകി രാമായണം എങ്ങനെയാണ് ചാതുർവർണ്യത്തെ സ്ഥാപിക്കുന്നതെന്ന് രാമായണപരമ്പരയിലൂടെ ശ്യാംകുമാർ തുറന്നുകാണിക്കുന്നു. മാ നിഷാദ എന്നു പറഞ്ഞ ആദികവി വാല്മീകി യഥാർത്ഥത്തിൽ കാട്ടാളന്റെ അന്നം മുടക്കുകയാണ് ചെയ്തത്. എഴുത്തച്ഛൻ താഴ്ന്ന ജാതിയിൽപ്പെടുന്നവർക്കുകൂടി രാമായണകഥ പ്രാപ്തമാക്കുന്നു. എന്നാൽ ആത്യന്തികമായി എഴുത്തച്ഛന്റെ രാമായണവും അസമത്വത്തെ നായീകരിക്കുകയാണ് ചെയ്യുന്നതെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം. രാമായണത്തിലെ ബുദ്ധനെക്കുറിച്ചും ഉമാമഹേശ്വരസംവാദത്തെക്കുറിച്ചും വിശദീകരിക്കുന്നു. പക്ഷി കുലചിഹ്നമായിട്ടുള്ള ഗോത്രവർഗത്തിലെ രാജാവാണ് ജടായു എന്ന നി​ഗമനത്തിലേക്ക് ശ്യാംകുമാർ എത്തിച്ചേരുന്നുണ്ട്. ഗംഗാദേവിക്ക് സീത മാംസച്ചോറ് വഴിപാടായി നേരുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ, കാട്ടിൽ തപസു ചെയ്തിരുന്നവരിൽ വർണാശ്രമ വ്യവസ്ഥ അനുസരിച്ച് സന്യസിക്കുന്നവരും വാനപ്രസ്ഥികളും ഋഷിമാരും മാത്രമല്ല ഉണ്ടായിരുന്നതെന്ന് തെളിയിക്കുമ്പോൾ ഹിന്ദു ഐക്യവേദിക്ക് എങ്ങനെയാണ് അടങ്ങിയിരിക്കാനാവുക? ഇതെല്ലാം സംസ്കൃതപാഠങ്ങൾ ഉദ്ധരിച്ചുകൊണ്ട് വസ്തുതകൾ നിരത്തിയാണ് ശ്യാംകുമാർ വിശദീകരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.  

എതിരഭിപ്രായമുള്ളവർ സംവാദങ്ങളിൽ സംയമനത്തോടെ ഇടപെടുകയാണ് ചെയ്യേണ്ടത്. രാമായണത്തിന് നിരവധി പാഠങ്ങളും പാഠഭേദങ്ങളും ലഭ്യമാണ്. എ കെ രാമാനുജന്റെ 300 രാമായണങ്ങൾ ഇതിന്റെ തെളിവാണ്. രാമായണത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിൽ അംബേദ്കറെ പിന്തുടരുക മാത്രമാണ് താൻ ചെയ്തത് എന്ന് പറയുന്നു ഡോ ടി എസ് ശ്യാം കുമാർ. 'റിഡിൽസ് ഓഫ് രാമ ആൻഡ് കൃഷണ' എന്ന അംബേദ്കറുടെ പുസ്തകം തന്റെ വഴിവിളക്കായി അദ്ദേഹം ഉയർത്തിക്കാണിക്കുന്നു.

ബ്രാഹ്മണിക് സവർണ്ണപക്ഷത്തിന്റെ കുത്തകയായിരുന്ന അറിവധികാരം തകർന്നുവീഴുമ്പോൾ, ഒരിക്കൽ അവർ മറ്റുള്ളവരെ പറഞ്ഞുപഠിപ്പിച്ചിരുന്ന കപടപാഠങ്ങളുടെ യാഥാർത്ഥ്യം മറനീക്കി പുറത്തുവരികയാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ജനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടി നൽകുമെന്ന് അവർക്കറിയാം. ശ്യാംകുമാറിന് നേരെ ഉയർന്നുവരുന്ന ആക്രമണങ്ങളുടെ കാരണവും മറ്റൊന്നല്ല.



മലയാളത്തിൽ ഇതിനുമുൻപും വ്യത്യസ്തമായ ഇതിഹാസവായനകളുണ്ടായിട്ടുണ്ട്. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും, കേസരി ബാലകൃഷ്ണപിള്ളയുടെ വിമർശനങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇതിന്റെ തുടർച്ചയിലാണ് ശ്യാംകുമാർ നിലകൊള്ളുന്നത്. ഇതിഹാസങ്ങളുടെ ബഹുസ്വരതയെ പിന്തള്ളി ഏകപാഠത്തിനു വേണ്ടി വാദിക്കുന്നവരാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. എന്നാൽ സാംസ്കാരിക കേരളം ഒന്നടങ്കം ശ്യാംകുമാറിന് ഐക്യ‍ദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തി. വർ​ഗ്​ഗീയതയെ ചെറുത്തുതോൽപ്പിക്കുന്ന മലയാളിയുടെ മതേതരമനസ്സ് ശ്യാംകുമാറിനെ സംരക്ഷിക്കുക തന്നെ ചെയ്യും.







 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top